2019 ജനുവരി 19, ശനിയാഴ്‌ച

തണൽ മരം

തണൽ മരം
....................
നന്ദിത
...............
പെൺ  കവിതകൾ
.............................

പിഴുതെറിഞ്ഞു കളഞ്ഞെപ്പോഴും
നീയറിയാതെ, വേരൊട്ടി  നിന്നിരുന്നു
ഇത്തിരി നനഞ്ഞ ,ചുവന്ന മണ്ണ്
നനവിനപ്പുറ ,തായ് മണ്ണ്  തിരയുകയാണ്
തളരാതെ ,വേരുകളിപ്പോഴും
തിരഞ്ഞു തിരഞ്ഞു പടർപ്പുകളായി
 തിരഞ്ഞു തിരഞ്ഞു പടലങ്ങളായി ,,

നോക്കൂ
ഞാനറിയാതെ തന്നെ
ഞാനിന്നൊരു പൂമരമാണ്
വെയിലിലെരിയുമ്പോൾ നീയും തിരയുന്ന
വേര് പൂക്കുന്ന തണൽ മരം
........................
.............................
എന്റെ സ്വപ്നമേ 
....................
എന്നെ അറിയാത്ത ,
എന്നെ കാണാത്ത ,
ഉറക്കത്തിൽ ,
എന്നെ പേര് ചൊല്ലി വിളിച്ച ,
എന്റെ സ്വപ്നമേ ,
എന്റെ മുഖത്തു തറച്ച നിന്റെ കണ്ണുകൾ ,.
അവ ആണ്ടിറങ്ങിയത് 
എന്റെ ഹൃദയത്തിലാണ് .
ആഴമേറിയ രണ്ടു ഗർത്തങ്ങൾ സൃഷ്ടിച്ചു 
..............
......................
.......................
കവികൾ വികാര ജീവികളാണ് .സമൂഹത്തിനു മനസിലാവാത്ത ചില വികാരങ്ങളാണ് കവികളെ നയിക്കുന്നത് 
സ്നേഹം, പ്രണയം ,ഏകാന്തത ,വിരഹം,പ്രണയ നിരാസം,.പിണക്കം ,വഞ്ചന ,നിസ്സഹായത ,മനസ് തുറക്കാൻ അറിയായ്ക , 
അങ്ങിനെ അങ്ങിനെ പല പല മൃദുല വികാരങ്ങൾ 
കച്ചവടം എങ്ങിനെ ലാഭകരമാക്കാം  എന്ന് ചിന്തിക്കുന്ന കച്ചവടക്കാരനും,വീട്ടിലിരിക്കുന്ന അരി ഇന്നേക്ക് തികയുമോ എന്ന് ചിന്തിച്ചു വേവലാതി പ്പെടുന്ന വീട്ടമ്മക്കും ,പണത്തിന്റെയും സമ്പത്തിന്റെയും അദൃശ്യമായ കണക്കുകൾ രാപ്പകൽ മനസിലിട്ടുരുട്ടുന്ന ശരാശരി മനുഷ്യനും  അത് കൊണ്ട് തന്നെ കവി മനസ് വെറും ചപലമാണ് എന്നാണ് തോന്നുക പതിവ് 
രമണൻ എന്തിനാണ് മരിച്ചത് 
അവള് പോയെങ്കിൽ പോട്ടെ എന്ന് വച്ച് സ്വജാതിയിലുള്ള ആരെയെങ്കിലും കല്യാണം   കഴിച്ചു സുഖമായി ജീവിച്ചു കൂടായിരുന്നോ എന്ന് ചോദിച്ച ഒരാളെ എനിക്കറിയാം 
നന്ദിതയുടെ കവിതകൾ..നമ്മെ കൊണ്ടെത്തിക്കുന്നത്,കവിയുടെ പ്രണയം ,നിസ്സഹായത,ഏകാന്തത ഇതിലെല്ലാമാണ് .
രാത്രിയിൽ ഒരു ഫോൺ വരും.ഞാൻ എടുത്തു കൊള്ളാം 
എന്ന് പറഞ്ഞു ഉറങ്ങാൻ പോയ നന്ദിതയെ രാത്രിയിൽ വെള്ളം കുടിക്കാൻ ഇറങ്ങി വന്ന 'അമ്മ കാണുന്നത് തൂങ്ങി മരിച്ച നിലയിലാണ് 
ആ യുവ മനസിന്റെ നൊമ്പരങ്ങളും  ആകാംക്ഷകളും എന്തെല്ലാമായിരുന്നു എന്ന് ഇപ്പോഴും ആർക്കും അറിയില്ല. 
മരണ ശേഷം കണ്ടെത്തിയ ഡയറികളിൽ കുറിച്ചിട്ട വരികൾ ആണീ കവിത ശകലങ്ങൾ 
ആദ്യത്തെ കവിത നോക്കൂ 
പിഴുതു കളഞ്ഞു സ്നേഹം.എങ്കിലും വേരിനോട് ഒട്ടി തരി ചുവന്ന മണ്ണ് ബാക്കിയായി 
ആ തരി മണ്ണ് ,പടർന്ന് പന്തലിച്ചു ഒരു പൂമരമാവുകയാണ് അവനു കൂടി ഇഷ്ടമാകുന്ന പൂമരം 
എത്ര ചാരുതയാർന്ന ഇമേജറി ..സങ്കല്പം 
ഡയറിയിൽ കുറിച്ചിട്ട വരികൾ അയാൾ വായിച്ചിരുന്നു എങ്കിൽ എന്ത് മനസിലാകുമായിരുന്നു എന്നത് മറ്റൊരു കാര്യം 
എങ്കിലും അവൾക്ക് പ്രതീക്ഷയുണ്ട് ..തിരികെ അവൻ വരുമെന്ന് 
.........................
...........................
രണ്ടാമത്തെ കവിതയിലേക്ക് വരാം 
................................
ഒരു സ്വപ്നം..അതിലൊരു മുഖം..
സ്വപനം മഴവില്ലു പോലെയാണ്.
ക്ഷണികം..സുന്ദരം 
മിക്കപ്പോഴും നമ്മളത് മറന്നു പോവുകയും ചെയ്യും
 ആ ക്ഷണികതയാണ് ..ആ  ഭ്രമാത്മകതയാണ്മ മാണ്..ആ സങ്കൽപ്പമാണ് ,ഈ കവിതയുടെ കാതൽ 
അവനെന്നെ അറിയില്ല.
എന്റെ ഹൃദയം കണ്ടിട്ടില്ല.
അവൻ  ഒരു സ്വപ്നം മാത്രമാണ് ,യാഥാർഥ്യമല്ല എന്നെനിക്കറിയാം 
എങ്കിലും അവളിൽ തറച്ച അവന്റെ  കണ്ണുകൾ.
അവ ആഴത്തിലുള്ള വികാര വിസ്പോടനങ്ങൾ ആണ് അവളിൽ ഉണർത്തിയത് 
മാമ്പഴ പ്പൂളുകൾ പോലെയുള്ള കവിത ശകലങ്ങൾ 
ആദിയും അന്തവും..കവിതയുടെ നിയത നിയമങ്ങളും കവിയെ അലട്ടുന്നില്ല നെഞ്ചിന്റെ ഒരു കീറ് മുറിച്ചൊരു കൂവളത്തിലയിലാക്കി നമുക്ക് നേദിച്ചിരിക്കുന്നു 
തള്ളാം ..കൊള്ളാം 
ശുഭ ദിനം പ്രിയരേ 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ