2019, ജനുവരി 12, ശനിയാഴ്‌ച

മൃഗ ശിക്ഷകൻ

മൃഗ ശിക്ഷകൻ

വിജയലക്ഷ്‍മി

പെൺ കവിതകൾ


''ഭയമാണെനിക്കങ്ങയെ "
പുളയുന്ന ചാട്ട മിഴികളിൽ ,വിരൽ
 മുനകളിൽ ,ശിക്ഷാമുറകൾ ,ആർദ്രമോ 
ഹൃദയ? മെങ്കിലുമിതേറ്റു   ചൊല്ലുന്നു 
ഭയമാണെനിക്കങ്ങയെ 

വനത്തിലേക്കെന്റെ  വപുഃസ്സു പായുവാൻ 
 വിറയ്ക്കുന്നു ,പക്ഷേ നിറ  കൺ മുന്നിലീ 
ച്ചുവന്ന തീച്ചക്രം ,വലയത്തിന്നക -
ത്തിടം  വലം നോക്കാതെടുത്തു ചാടണം 
ഇതെത്ര കാലമായ് , പഠിച്ചു  ഞാൻ ,പക്ഷെ 
ഇടക്കെൻ തൃഷ്ണകൾ ,കുതറി ചാടുന്നു 

തണുത്ത ചന്ദ്രിക യുറഞ്ഞ  പച്ചില-
പ്പടര്പ്പിൻ ,കൂടാരം  ,പതുക്കെ  യോമലാൾ 
ക്ഷണിക്കുന്നു ,നേർത്ത മുരൾച്ച ,സാന്ദ്ര -
നിമിഷങ്ങൾ ,താന്ത ശയനങ്ങൾ ,ഇളം 
കുരുന്നുകൾ ,ചാടി ക്കളിക്കും മർമ്മരം 
പൊടുന്നനെ ചാട്ട ഉയർന്നു താഴുന്നു 
ഇടിമിന്നൽ കോർത്തു പിടയും വേദന 
അരുതു ,തീക്ഷ്ണമാം മിഴികൾ ശാസന 
പൊളിയുന്നൂ ,ദേഹമെരിയുന്നൂ ,തോളി- 
ലിടിഞ്ഞു താഴ്‌ന്നെന്റെ  അഭിമാനം ,ശബ്ദ -
മുയരാതുള്ളിൽ മുരളുന്നു ഞാനിങ്ങനെ 

ശിലാ മനുഷ്യന്റെ കഠിന നേത്രത്താ
ലുഴിയാതെന്നേ ,ഞാൻ മൃഗമാണെങ്കിലും 
മരുതിനി  ക്കാട്ടിൽ ക്കുടുങ്ങി ക്കൂടുവാൻ 
ഇരയെ കാൽച്ചോട്ടിലമർത്തി, പ്പല്ലുകൾ 
ത്തുടയ്ക്കുമ്പോഴകം നിറയും സംതൃപ്തി 
തെറിക്കും ചോരയാൽ മുഖം നനക്കുവാൻ 
തരിക്കയാണെന്റെ ,നഖവും ,ദംഷ്ട്രവും  
നിരന്നിരിക്കുവർ ,പലരാണെന്റെ,
 അവരെ കൊല്ലുവാൻ യുടൽ  ത്രസിക്കുന്നു 

പറയൂ ,പാവയോ മൃഗം ?മെരുങ്ങിയ -
ലടിമയെ ക്കണക്കൊതുങ്ങു മെങ്കിലും 
ഇടക്കിടക്കെന്റെ വന ചേതസ്സിലാ -
മൃഗ പൗരാണികൻ ,കുടഞ്ഞെണീക്കുന്നു 
അതി പുരാതന,ഇല ചാർത്തിൻ മേലെ 
കുത്തിപ്പൊൻ,സൂര്യനെ പിടിക്കാൻ ചാടുവോൻ 

കുനിയുന്നു കണ്ണുകളവന്റെ നോട്ടത്തിൽ 
തളരുന്നു ദേഹമവന്റെ ഹാസത്തിൽ  
തൊഴുതു പോകയാണവനെത്താണു ഞാൻ 
അരുത്  നോക്കുവാനീ,യതി തേജസ്സിനെ 
തൊഴുതു പോകയാണവനെ ത്താണു  ഞാൻ  
ച്ചുഴിഞ്ഞു നോക്കിയാലുടയും കണ്ണുകൾ ത്തെ
അതിനു മുൻപീ ,നഖ മുനകളാൽ ത്തന്നെ  ,
ഇനിയു മീ കൺകൾ ഞാൻ   പിഴുതു മാറ്റട്ടെ


അതിനും വയ്യല്ലോ..ഭയം ഭയം മാത്ര-
മടിമ ഞാൻ തോറ്റു ,കുനിഞ്ഞിരിക്കുന്നു 
മുതുകിൽ നിൻ ചാട്ട ഉലച്ചു കൊള്ളുക 
വലയത്തിൽ ചാടാനുണർന്നിരിപ്പൂ ഞാൻ "




വിജയലക്ഷ്‍മി ,tഅത്ര പ്രസിദ്ധയില്ലാത്ത ഒരു കവിയാണ്.നന്ദിതയയേയോ  റോസ് മേരിയെ യേയോ  മാധവിക്കു ട്ടിയെപ്പോലെയോ ഒത്തിരി സംസാരിക്കപ്പെട്ട കവിതകൾ അല്ല അവരുടേത്.എന്നാൽ നല്ലൊരു ആക്റ്റിവിസ്റ്റും ഫെമിനിസ്റ്റും എല്ലാം ആണവർ എന്ത് കൊണ്ട് അവർ അത്രമാത്രം അറിയപ്പെട്ടില്ല എന്നു ചോദിച്ചാൽ..  അതി പ്രഗത്ഭനായ ഭർത്താവിന്റെ നിഴലിൽ അവർ ഒതുങ്ങി പോയി എന്ന് പറയേണ്ടി വരും.അവരുടെ സമകാലീനരാണ് ഞങ്ങളിൽ പലരും {.ഞങ്ങൾ കവിതാസ്വാദകർ  }പലരും വിശ്വസിക്കുന്നത്  രണ്ടു പേരിലും വച്ച് നല്ല കവി വിജയലക്ഷ്‌മി ആണ് എന്നാണ് .എന്നാൽ ബാലചന്ദ്രൻ ചുള്ളിക്കാട് തന്റെ മുഴങ്ങുന്ന സ്വരവും കവിയരങ്ങുകളും കൊണ്ട് പ്രശസ്തനായി 
എന്ത് കൊണ്ട് അവർ പിന്നിലേയ്ക്ക് ഒതുങ്ങി പോയി എന്നതിനുള്ള മറുപടി കൂടിയാണ് ഈ കവിത എന്നാണ് തോന്നുന്നത് 


''ഭയമാണെനിക്കങ്ങയെ "
പുളയുന്ന ചാട്ട മിഴികളിൽ ,വിരൽ
 മുനകളിൽ ,ശിക്ഷാമുറകൾ ,ആർദ്രമോ 
ഹൃദയ? മെങ്കിലുമിതേറ്റു   ചൊല്ലുന്നു 
''ഭയമാണെനിക്കങ്ങയെ "

എന്നാണു കവിത തുടങ്ങുന്നത് 

മൃഗ ശിക്ഷകനെ ഭയപ്പെടുന്ന ഒരു സിംഹം.
അത്രയേറെ പരിശീലിപ്പിക്കപ്പെട്ടിട്ടും, തീ ചക്രം കാണുമ്പോൾ അതിനുള്ളിൽ കൂടി ചാടുവാൻ പിന്നെയുംആ മൃഗത്തിന്  ഭയമാവുമാകയാണ്  .ചാടിയില്ലെങ്കിൽ അവന്റെ കയ്യിലെ ചാട്ട.മുതുകിൽ പതിക്കും .അത് നൽകുന്ന വേദന ..അത്ര മാത്രം  അസഹനീയമാണ് .
എങ്കിലും അതിനു രക്ഷപ്പെടാൻ യാതൊരു മാർഗ്ഗവുമില്ല  
സുഖമുള്ള ഒരു സാധാരണ കുടുമ്പ ജീവിതം ആ മൃഗം ആഗ്രഹിക്കുന്നുണ്ട് .ആ ചിന്ത മനസ്സിൽ വരുമ്പോൾ തന്നെ ചാട്ട ,തൊലിയിൽ  ആഞ്ഞു പതിക്കും

ഈ വരികൾ നോക്കൂ 

"കുനിയുന്നു കണ്ണുകളവന്റെ ഹാസത്തിൽ 
തളരുന്നു ദേഹമവന്റെ ഹാസത്തിൽ  
തൊഴുതു പോകയാണവനെത്താണു ഞാൻ 
അരുത്  നോക്കുവാനീയതി തേജസ്സിനെ 
ച്ചുഴിഞ്ഞു നോക്കിയാലുടയും കണ്ണുകൾ "

അടിമയുടെ നൊമ്പരം 
അടിച്ചമർത്തപ്പെട്ടവളുടെ നിസ്സഹായത 
ഇതെല്ലാം  ഈ കവിതയിൽ പ്രതിധ്വനിക്കുന്നുണ്ട്  

കവിത അവസാനിക്കുന്നത് ഇങ്ങിനെയാണ്‌ .

"അതിനും വയ്യല്ലോ..ഭയം ഭയം മാത്ര-
മടിമ ഞാൻ തോറ്റു ,കുനിഞ്ഞിരിക്കുന്നു 
മുതുകിൽ നിൻ ചാട്ട ഉലച്ചു കൊള്ളുക 
വലയത്തിൽ ചാടാനുണർന്നിരിപ്പൂ ഞാൻ "

പ്രണയം, മഴ, പ്രവാസം തുടങ്ങി അവരുടെ പല കവിതകളേക്കാൾ നമ്മെ അലട്ടുക ഈ മൃഗത്തിന്റെ വേദനയാണ് 
മൃഗ ശിക്ഷകനോ ക്രൗര്യം ആണവന്റെ സ്ഥായിയായ ഭാവം 
അവന്റെ ഹൃദയം ആർദ്രമാണോ എന്നതിന് സംശയമാണ് 

ഈ കവിത നമ്മൾ സ്ത്രീകളോട് നേരിട്ട് സംവദിക്കുന്നതാണ് 
നമ്മിൽ ഓരോരുത്തരും വിവിധ രൂപങ്ങളിൽ  ഈ ചാട്ടവാറടിയേറ്റവർ ആണ് 
അത്  സമൂഹത്തിൽ നിന്നാവാം..
പുരുഷനിൽ നിന്നാവാം..
പ്രിയനിൽ നിന്നാവാം  
അധികാര സ്ഥാനങ്ങളിൽ നിന്നാവാം
 നമ്മെ നിലയ്ക്ക് നിർത്തുന്നു അവർ 
 സിന്ദൂരം ഇടാതെ ..താലി ഇല്ലാതെ..
ഭംഗിയായി വേഷം ധരിക്കാതെ..
സമൂഹം ആവശ്യപ്പെടുന്നത്കൊണ്ട് പർദ്ദ  ധരിച്ചല്ലാതെ 
 ഇരുളിൽ പുറത്തിറങ്ങാതെ..
അവനെ ധിക്കരിക്കാതെ 
മറുവാക്ക്  പറയാതെ  
തല താഴ്ത്തി നടക്കാൻ ശീലിച്ചു  
രണ്ടാംതരം  പൗരന്മാരായി ജീവിക്കാൻ നമ്മൾ നിർബന്ധിക്കപ്പെടുന്നു
അനുസരിച്ചില്ലെങ്കിൽ 
ഇല്ല --അതിനു നമുക്ക് ധൈര്യം ഇല്ല ---- 

കാരണം 
ഈ ചാട്ടയുടെ മുരളൽ തന്നെ 
ചാട്ട ,ആ പദത്തെ ,അതിന്റെ അക്ഷരർഥത്തിൽ എടുക്കേണ്ട 
ചാട്ട ..അത് വാക്കുകളും വെറുപ്പും നിന്ദയും പരിഹാസവും ശകാരവും ,ശിക്ഷയും ,ചിലപ്പോൾ ശാരീരികമായ അക്രമവും,അപവാദ പ്രചാരണവും എല്ലാം കൂടിച്ചേർന്നതാണ് 
നമ്മെ മുഖം കുനിപ്പിക്കുന്ന ആജ്ഞയാണത് 
എന്നെയും നിങ്ങളെയും ശിരസു കുനിപ്പിക്കുന്ന അനേകം ശിക്ഷകൾ തന്നെയാണവ 
ഈ കവിത നൽകുന്ന സന്ദേശവും അതാണ് 

നാളെക്കാണാം 
ശുഭ ദിനം പ്രിയരേ



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ