2015, നവംബർ 16, തിങ്കളാഴ്‌ച

പ്രശാന്ത്‌ കിഷോർ



പ്രശാന്ത്‌ കിഷോർ
കേട്ടിട്ടുണ്ടോ
ബീഹാർ തിരഞ്ഞെടുപ്പിന്റെ വിജയത്തിന് പിന്നിൽ സുമുഖനായ ഈ പഴയ യു എൻ ,കാർഷിക വിദഗ്ദ്ധൻ ആയിരുന്നു
2012 ഗുജറാത്ത്‌ തിരഞ്ഞെടുപ്പും ..പിന്നീട് 2014 ലോക് സഭ തിരഞ്ഞെടു.പ്പും മോഡി ജയിച്ചത് പ്രശാന്ത്‌ കിഷോറിന്റെ സഹായത്താൽ ആയിരുന്നു
സി എ ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്നു ഒരു ഗ്രൂപ്പ് ആണ് പ്രശാന്ത കിഷോറിന്റെ നേതൃത്വത്തിൽ അതിനായി അഹോരാത്രം യത്നിച്ചത് .
.അമിത് ഷാ പഴയ മട്ടിൽ ഉള്ള തന്ത്രങ്ങളും , പ്രശാന്ത്‌ ആധുനിക തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ആണ് ഉപയോഗിച്ചിരുന്നത് ..രണ്ടും തമ്മിൽ പലപ്പോഴം അഭിപ്രായ ഭിന്നതകളും ഉണ്ടായിരുന്നു,
രാവും പകലും മോഡിയുടെ കൂടെ തന്നെ ആയിരുന്നു പ്രശാന്ത്‌.അദ്ദേഹം പാർട്ടി ബാഹ്യമായ ഒരു അധികാര കേന്ദ്രം ആയിരുന്നു .അത് ബിജെപിക്ക് അകത്തു പല അലോസരങ്ങളും ഉണ്ടാക്കി .അധികാരം ഏറ്റ ശേഷം പ്രശാന്ത്‌ ബിജെപിയിൽ ചേർന്നതുമില്ല .അത് കൊണ്ട് തന്നെ ഉചിതമായ സ്ഥാനങ്ങൾ ഒന്നും പ്രധാന മന്ത്രിയുടെ ഓഫീസിൽ അദേഹത്തിനു ലഭിച്ചില്ല .സ്ട്രാട്ടെജിക് പോസ്റ്റുകൾ ഒന്നും കിട്ടിയുമില്ല
സി എ ജി പിരിച്ചു വിടപ്പെട്ടു ..ആ ഗ്രൂപ്പ് പല രാഷ്ട്രീയ പാർട്ടികളിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി
പിന്നെ നമ്മൾ അദ്ദേഹത്തെ കാണുന്നത് ബീഹാർ തിരഞ്ഞെടുപ്പിൽ
നിതിഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് മാനേജർ ആയിട്ടാണ്
മോഡിയുടെ കൂടെ അദ്ദേഹത്തിന്റെ വീട്ടിൽ ഒരുമിച്ചു കഴിഞ്ഞിരുന്ന പ്രശാന്ത്‌ എങ്ങിനെ മോഡിയുടെ നിതാന്ത വൈരിയുടെ തിരഞ്ഞെടുപ്പ് മാനേജർ ആയി ?അതാണ്‌ ആധുനിക മനെജുമെന്റ് രീതികൾ ..
വോട്ടർമാരുടെ വീടുകളിൽ പോയി അവരെ നേരിൽ കാണുക എന്നതായിരുന്നു നിതിഷിനു കിട്ടിയ ഒരുപദേശം .
അത് വലിയ വിജയമായിരുന്നു .
അമേരിക്കൻ മോഡൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആണ് പ്രശാന്തിന്റെത് ..ഒബാമയുടെ പ്രസി ഡേൻഷ്യൽ തിരഞ്ഞെടുപ്പിന്റെ മോഡലിൽ നടത്തിയ ഈ രണ്ടും പ്രോജെക്റ്റുകളും നല്ല വിജയമായിരുന്നു
ആരാവും ഈ ആധൂനിക ചാണക്യന്റെ അടുത്ത ക്ലൈന്റ് ?
കാത്തിരുന്നു കാണാം

തിരഞ്ഞെടുപ്പ് ഫലങ്ങൾ

പിറവം ,നെയ്യാറ്റിങ്കര, പ്രേമ ചന്ദ്രൻ, അരുവിക്കര തിരഞ്ഞെടുപ്പ് ഫലങ്ങൾ കണ്ടപ്പോൾ രാഷ്ട്രീയം ഇനി വേണ്ട .എന്ന് തോന്നിയിരുന്നു .ഒന്നും കാണാനും കേൾ ക്കാനും വയ്യ എന്ന ഒരു ഫീൽ സാധാരണക്കാരന്റെ മനസ്സിൽ രൂപം കൊല്ലുകയും ചെയ്തു 
..നമ്മുടേത്‌ ജനാധിപത്യമാണോ..പണാധിപത്യമാണോ..
അതോ മതാധിപത്യമാണോ എന്ന് സംശയം തോന്നിയ നാളുകൾ .
ജേക്കബിന്റെ,കാർത്തികേയന്റെ മകൻ എന്ന പരിഗണന മാത്രം 
ഒത്തിരി വർ ഷം കൂടെ നിന്ന പ്രസ്ഥാനത്തെ തള്ളി പ്പറഞ്ഞു ഒരു സീറ്റിനു വേണ്ടി കോണ്‍ഗ്രെസ് പാളയ ത്തിൽ ചെന്ന് ദാസനായ പ്രേമ ചന്ദ്രൻ
അഞ്ചു കോടി രൂപയ്ക്കു വളർ ത്തി വലുതാക്കിയെ പ്രസ്ഥാനത്തെ വിറ്റ മറ്റൊരു മാന്യ ദേഹം
ഇവരെ ഒക്കെ നമ്മൾ കേരളീയർ ജയിപ്പിച്ചു വിട്ടു
കേരളീയ പ്രബുദ്ധത , ജഡ്ജ്മെന്റ് ഇവരെയെല്ലാം സ്വീകരിക്കുന്നതാണോ ..
രാഷ്ട്രീയ ജീവിതത്തിൽ പ്രധാനമായ ഒരു ഗുണം വേണ്ടത് ആദർ ശ ധീരതയും ആശയ സ്ഥിരതയും ആണ് .
അത് കേരളീയ സമൂഹത്തിനും രാഷ്ട്രീയത്തിനും നഷ്ട്ടമാകുന്നു എന്നോർത്ത് സങ്കടപ്പെട്ടിരു ന്നപ്പോൾ ശുഭ വാർത്ത‍ ആണ് ബീഹാറും കേരളവും ഈ തിരഞ്ഞെടുപ്പോടെ നൽകിയത്
ഇങ്ങിനെ തന്നെ ഇനിയും മുന്നോട്ടു പോകട്ടെ എന്ന ശുഭ ചിന്തയോടെ

അതല്ലേ ജനാധിപത്യം

ഇന്നലെ മാണി രാജി വച്ച് പോകുന്നത് കണ്ടപ്പോൾ തോന്നിയത് കഷ്ട്ടം ആണ് 
ബാർ കോഴ കേസിൽ നിയമ മന്ത്രി ആയിരുന്നു മാണി വാങ്ങിയത് നിയമോപദേശം നൽകാൻ ഒന്നര ക്കോടി രൂപ ആണ്.
അത് ബാറുകാർ നൽകുകയും ചെയ്തു..
എന്നാൽ അപ്പോൾ എക്സൈസ് മന്ത്രി ബാബു അടക്കം ഉള്ളവർ എത്ര വാങ്ങിയിരിക്കും..
ചുമ്മാതെ ഒന്നാലോചിച്ചു നോക്കിക്കേ 
ബിജു രമേശിനോട് ചോദിച്ചാലും മതി .
കൃത്യം കണക്കു പറഞ്ഞു തരും
അവരുടെ ഒക്കെ ഭാര്യമാരും സീസറിന്റെ കാര്യത്തിലെ പോലെ തന്നെ ആയിരിക്കെണ്ടതല്ലേ
അതല്ലേ ജനാധിപത്യം
അവരൊക്കെ മന്ത്രി ആയി കസേരയിൽ ഇരിക്കുന്നു..
അങ്ങിനെ ..
ഞെളിഞ്ഞു..ഇളിഞ്ഞ്
മാധ്യമ പുങ്കന്മാരും വങ്കന്മാരും ഒക്കെ എവിടെ പോയി

നല്ലത് പറയുന്നത് നല്ലതല്ല



നിങ്ങൾ പറഞ്ഞാൽ വിശ്വസിച്ചു എന്ന് വരില്ല
മറ്റു
ചേച്ചിയുടെ എഴുപതാം പിറന്നാളിന് എല്ലാവരും ചേച്ചിയെ സ്തുതിച്ചു ധാരാളം കാര്യങ്ങൾ പറയുകയാണ്
അപ്പോൾ ഒരു മകൾ അല്പ്പം കടത്തി പറഞ്ഞു
ഞാൻ ഇത്തിരി സോപ്പാണ് എന്ന്
കാര്യം എന്താ
നല്ലത് പറയുന്നത് കൊണ്ട് തന്നെ
അവൾ ഒരു സുന്ദരി ആണെന്ന് പറയുന്നത് കൊണ്ടാണ് അവൾക്കെന്നെ അത്ര സ്നേഹം എന്നും എനിക്കറിയാം
അപ്പോൾ തുടങ്ങി എഴുതാൻ കരുതിയ ഒരു കാര്യമുണ്ട്
പല തിരക്ക് മൂലം മാറ്റി വച്ച് ..ഇത്രയും ആയി

കുഞ്ഞായിരുന്നപ്പോൾ ..
ഒരേ ഒരു പ്രാവശ്യം
നീ മിടുക്കിയാണ്
എന്ന് വീട്ടിൽ ഒരാളെങ്കിലും
ഒരിക്കലെങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ വളരെ വളരെ കൊതിച്ചിട്ടുണ്ട്
എന്നെ ക്കുറിച്ച് ഓർത്തെടുക്കാൻ എനിക്ക് ഒരു നല്ല കാര്യം പോലും ഇല്ലായിരുന്നു
കറുത്തവൾ
വളരെ വളരെ മെലിഞ്ഞവൾ
മത്തക്കണ്ണുകൾ,വലിയ വായ ..തടിച്ച ചുണ്ടുകൾ ,പലക പ്പല്ലുകൾ ,അച്ചിങ്ങ പോലത്തെ മെലിഞ്ഞ കൈകാലുകൾ
നാക്കാണെങ്കിൽ കരിനാക്കും ,
മരം കേറിയും ,കാട്ടിൽ കളിച്ചും ,കുളത്തിൽ കുളിച്ചും വെയിലും കൊണ്ടും പരുക്കൻ ആയ തൊലി .
.തട്ടി വീണും ,മുൾ ചെടിയിൽ ഉരഞ്ഞും ഉണ്ടായ മുറിവുകൾ
അത് പഴുത്തു ഉണ്ടായ ചിരങ്ങുകൾ ..
ഉണങ്ങിയവ പഴുത്തവ, പൊല്ല കെട്ടിയവ
അങ്ങിനെ ചൊറികൾ പലതരം കാലിൽ ..മുട്ട് വരെ ..ധാരാളം
..കശുമാങ്ങയുടെ കറ വീണ് കറുത്ത പെറ്റി ക്കോട്ടു ,
കശുവണ്ടി ചുട്ടു തല്ലുമ്പോൾ ,പച്ച അണ്ടി കത്തി കൊണ്ട് പൊളിക്കുമ്പോൾ
ഒക്കെ ഉള്ള അസിഡിക് ആയ ചുന വീണു തൊലി അടർന്ന കയ്യു വിരലുകൾ
ഒരു കൂന പോലെ ചിക്കി പറഞ്ഞ മുടി
 മൂക്കിൽ നിന്നും മൂക്കട്ട ഒലിച്ചു രണ്ടു കൊമ്പു തൂങ്ങി കിടക്കും
നിന്റെ കൊമ്പു തുടക്കെടീ
മുടി കെട്ടി വൈക്കെടീ
പെറ്റിക്കോട്ടു ഇടെടീ
നിക്കർ ഊറി കളയരുത് നീ  ശവമേ
കുളത്തിൽ നിന്നും കേറടീ
മാവേൽ ക്കേറരുത്‌  എന്ന് പറഞ്ഞിട്ടില്ലേ
കുളിക്കാതെ വന്നാൽ  ചായ തരില്ല
എന്നിങ്ങനെ പല ഭാഗങ്ങളിൽ നിന്നും കൽപ്പനകൾ വന്നു കൊണ്ടേ ഇരിക്കും



പുസ്തകം നിവർത്തി നോക്കാൻ പോലും മറക്കുന്ന വൈകുന്നേരങ്ങൾ ..
കണക്കു ചെയ്യാൻ മറന്നു ,
കോമ്പോസിഷൻ ബുക്കും മാപ്പും എടുക്കേണ്ട ദിവസങ്ങളിൽ അതെടുക്കാതെ
എഴുനേറ്റു കുറ്റ ബോധത്തോടെ തല കുനിച്ചു നിൽക്കുന്ന കൌമാരക്കാരി ..
വഴിയിൽ ഒരു ചിത്ര ശലഭ ത്തിനെ കണ്ടാൽ അത് ഏതു വര്ഗം ആണെന്ന് ചിന്തിച്ചു..
അതിനു ഭർത്താവുണ്ടോ എന്നൊക്കെ നോക്കി പിറകെ പോയി ,,ക്ലാസിൽ വൈകി എത്തുന്ന കുട്ടി
അവളോട്‌ ആരെങ്കിലും ഒരിക്കലെങ്കിലും നീ ഒരു മിടുക്കി ആണെന്ന് പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ ആ ജന്മം തന്നെ മാറുമായിരുന്നു
അടുത്ത തലമുറയിലെ കുഞ്ഞുങ്ങളെ സ്നേഹിക്കുമ്പോൾ എനിക്കറിയാം അവർക്കു അംഗീകാരം വേണം, സ്നേഹം വേണം ,പ്രോത്സാഹനം വേണം ..എന്നൊക്കെ
ജോലി സ്ഥലത്തും എന്നെക്കാൾ മിടുക്കരും സമർഥരും കഴിവുള്ളവരും ആത്മാർധത ഉള്ളവരും ആയിരുന്നു ഭൂരി ഭാഗം പേരും
വീട്ടിലെ ചെറുമക്കൾ ആരെങ്കിലും ഒന്ന് പതറുന്നത് കണ്ടാൽ ഈറ്റ പ്പുലിയെ പ്പോലെ പാഞ്ഞു ചെന്ന് അവരെ സംരക്ഷിക്കാൻ ഞാൻ ശ്രമിച്ചു
പല കാരണങ്ങൾ കൊണ്ട് പിറകിൽ ആയിപ്പോയ ഒരോ സഹപ്രവർത്തകനും സഹ പ്രവർത്തകയും ..അവരുടെ സ്ഥാന ഭേദമെന്യേ ..എനിക്ക് ഞാൻ തന്നെ ആയിരുന്നു
ചെറു പ്രായത്തിൽ കിട്ടാത്ത അംഗീ കാരം ,പ്രോത്സാഹനം ,ഒക്കെ
പിന്നീടുനേടിയ ഏതു വിജയങ്ങളെയും സ്വയം അംഗീകരിക്കാനുള്ള ,ആസ്വദിക്കാനുള്ള എന്റെ കഴിവ് നഷ്ട്ടപ്പെടുത്തി ..
ഒരു വിജയവും ആരെയും ബോധിപ്പിക്കാനില്ലാത്ത ,ഒരു സ്ത്രീയായി ഞാൻ മാറി
എന്റെ ചുറ്റിലും ഉള്ള എല്ലാവരുടെയും ചെറിയ ഗുണങ്ങൾ പോലും ഉരച്ചെടുത്തു തിളക്കാൻ കഴിയുമ്പോഴും
എന്നെ കുറിച്ച് എനിക്ക് ഒന്നും സന്തോഷിക്കാൻ ഉണ്ടായിട്ടില്ല
ഈ അനുഭവം വച്ച് ഞാൻ ഒന്ന് നിങ്ങളോട് പറയട്ടെ
നിങ്ങളുടെ മക്കൾ പഠിക്കാൻ മിടുക്കർ ആയിരിക്കില്ല
പല്ല് പൊങ്ങിയവർ ആയിരിക്കും ..കറുത്തവർ ആയിരിക്കും..കണക്കിന് പൂ ജ്യം മാര്ക്ക് വാങ്ങുന്നവർ ആയിരിക്കും ..
ഇത്രയും വിഷമം ചോദ്യങ്ങൾ ആയിരുന്നിട്ടും നീ അഞ്ചു മാർക്ക് വാങ്ങിയല്ലോ
അമ്മക്ക് സന്തോഷമായി
അമ്മായാണെങ്കിൽ പൂജ്യം വാങ്ങിയേനെ എന്ന് അവരോടു പറയാൻ കഴിയണം
മാർക്ക് പൂജ്യം ആണെങ്കിലും നീ എനിക്ക് പോന്നു പോലെ പ്രീയപ്പെട്ടവൻ ആണെന്ന് പറയാൻ കഴിയണം
തോറ്റ ഉത്തര ക്കടലാസുമായി ലജ്ജയില്ലാതെ അവനു നിങ്ങളുടെ അടുത്തു വരാൻ കഴിയണം
എങ്കിൽ മാത്രമേ ഭാവിയിൽ.. ജീവിതത്തിലെ പലതരം പരാജയങ്ങളെ അവനു തല ഉയർ ത്തി പ്പിടിച്ചു നെഞ്ചു വിരിച്ചു നേരിടാൻ കഴിയൂ
മാതാപിതാക്കൾ ആവുക
എന്നാൽ മക്കളെ ആക്ഷേപിക്കുക , അടിക്കുക, അസഭ്യം പറയുക ,ശകാരിക്കുക ,പരിഹസിക്കുക ..ഇവയൊന്നും ചെയ്യാൻ നമുക്ക് അധികാരം തരുന്നില്ല
വേണ്ടത്ര തലച്ചോർ വളരാത്ത പിഞ്ചു കുഞ്ഞുങ്ങളെ ശിക്ഷിക്കുന്ന നരാധമന്മാർ ആണ് നമ്മളിൽ പലരും
നിന്റെ കണ്ണുകൾ നക്ഷത്രം പോലെ ആണെന്ന് ഒരിക്കലെങ്കിലും അവരോടു പറയൂ
നീ അനേകം സവിശേഷതകൾ ഉള്ള ഒരു സ്പെഷ്യൽ കുഞ്ഞാണ് എന്നവരോട് പറയൂ
തിളങ്ങുന്ന കണ്ണുകൾ ഉള്ള ,സവിശേഷ സിദ്ധിയുള്ള മകളെ അല്ലെങ്കിൽ മകനെ നിങ്ങൾക്കു കിട്ടും
നീ കഴുതയാണ്‌ എന്നവനോട് പലവട്ടം പറയൂ
ഒരു പക്ഷെ കഴുതയുടെ കരച്ചിൽ ,അലച്ചിൽ ,അധമ ബോധം ഒക്കെ അവന്റെ ജീവിതത്തിൽ നിങ്ങൾ കാണും ..അനുഭവിക്കും
അവൻ കഴുത ആയെങ്കിൽ സംശയം വേണ്ട ..അത് നിങ്ങൾ അവനെ അങ്ങിനെ ആക്കിയെടുത്തതാണ്
അല്പ്പം ദയ ,കരുതൽ, സ്നേഹം, അംഗീകാരം ,ഒക്കെ അവനു നൽകൂ

2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

ദളിതർ പട്ടികളോ


കേന്ദ്ര മന്ത്രി ദളിതരെ പട്ടികളോടുപമിച്ചത്‌ കേരളീയർക്ക് വലിയ വിഷമം ഉണ്ടാക്കി
വിദേശ മാദ്ധ്യമങ്ങളും ദേശീയ മാദ്ധ്യമങ്ങളും അത് വലിയ ചര്ച്ച ആക്കി.
സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം എന്നാണു രാജ് നാഥ സിംഗ് നമ്മുടെ മുൻ പട്ടാള മേധാവിയോടു ആവശ്യപ്പെട്ടത്

ശശി തരൂർ ..റെയിൽവേയിലെ ദളിതരുടെ സാന്നിധ്യം കൊണ്ട് പൊറുതി മുട്ടി അവരെ കന്നാലികൾ എന്നാണു
വിശേഷിപ്പിച്ചത്‌
ഈ രണ്ടു വാചകങ്ങളും കൂട്ടി വായിച്ചു നോക്കൂ
അത് കോണ്‍ഗ്രെസ് കാരന്റെ വാചകം അല്ല
ബിജേപ്പി കാരന്റെ വാചകം അല്ല
മരിച്ചു ധനിക ഉദ്ധത വർഗ മുന്നോക്ക ജാതിക്കാരന്റെ സഹജ ചിന്ത യാണ്
സ്കൂളിൽ പോയിട്ട് വന്നാൽ കുളിച്ചിട്ടു മാത്രം അവർ മക്കളെ അകത്തു കയറ്റൂ
കാരണം എങ്കണ്ട ജാതിക്കാരുടെ കൂടെ ഇരുന്നിട്ട് വരുന്നതാണ് പിള്ളേർ
ഉത്തര ഭാരതീയന്റെ ജാതി ചിന്ത അത്ര ചെറു പ്രായത്തിലെ അവനിൽ വേരൂന്നി യതാണ്
വെളുത്തവന്റെ, ജമീന്ദാറുടെ ,ഭൂമി ഉടയോന്റെ ,ബ്രാഹ്മണന്റെ ഔധ്യത്യം ആണത്
അത് പിഴുതു മാറ്റാൻ കൊണ്ഗ്രെസിന്റെ കപട സെക്കുലാറിസത്തിനോ,ബിജെപ്പിയുടെ ഹൈന്ദവ അജെണ്ടക്കോ ,ഭരണ ഘടനയിൽ സ്വയം ദളിതനായ അംബെദ്ക്കർ എഴുതി വച്ച സംവരണ നിയമങ്ങൾക്കോ കഴിയില്ല
 എന്നാൽ നിയമ പരിരക്ഷയോ സംവരണമോ ..
ഒന്നും ..ഒന്നും തന്നെ

ഈ അഗണ്യ ജന കോടികളുടെ സംരക്ഷണയ്ക്ക് ഉതകുന്നില്ല

 .ക്രിസ്ത്യൻ മിഷ നറിമാർ ആണ് അവിടെ എന്തെങ്കിലും ഈ ദളിതർക്ക്‌ വേണ്ടി ചെയുന്നുള്ളൂ
അവര്ക്ക് തൊട്ടു കൂടായ്മ്മയും അയിത്തവും ഇല്ല..
ബാക്കി എല്ലാവര്ക്കും..സര്ക്കാരിനും സർക്കാർ നിയമിച്ച ഉദ്യോഗസ്ഥർക്കും ഒക്കെ ഇവരെ കണ്ണെടുത്താൽ കണ്ടു കൂടാ..അയിത്തം ഭയന്ന് തന്നെ 




 ഭാരതം ഭരിചിരുന്നവർ നമ്മൾ എല്ലായ്പ്പോഴും കേൾക്കുന്നത് പോലെ വലിയ അഴിമതിക്കാർ മാത്രമായിരുന്നില്ല..ആ അഗണ്യ കോടികളെ രക്ഷിക്കണം എന്ന് യഥാർഥത്തിൽ ആഗ്രഹിച്ചിരുന്നവർ കൂടിയാണ്.എന്നാൽ സർക്കാരുകൾ കാലാ കാലങ്ങൾ ആയി കൊണ്ട് വരുന്ന എല്ലാ ക്ഷേമ പദ്ധതികളും എല്ലാ ക്ഷേമ പ്രവർത്തനങ്ങളും എത്തുന്നത് ശക്തരും സമ്പന്നരും ആയ ദല്ലാള ന്മാരിലും ഭൂവുടമകളിലും ആണ് എന്നതാണ് സത്യം..ഇവരിലേക്ക് എഴുത്തും വായനയും എത്തിക്കാൻ കഴിഞ്ഞാൽ അതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പുണ്യം ..അത് പോലും സാധ്യമല്ല...കേരളത്തിലെ ഒരു ജില്ലയുടെ അത്ര വരും ഒരു ശരാശരി ജമീന്ദാറുടെ ഭൂമിയുടെ വിസ്തീർണ്ണം .ജോലിക്ക് പോകാൻ ഉള്ള ഗ്രാമീണന്റെ എളുപ്പം നോക്കിയാണ്.ഗ്രാമങ്ങൾ സൃഷ്ട്ടിക്കപ്പെടുന്നത് തന്നെ .അവർക്കായി സ്കൂളുകൾ ഇല്ല..അവർ പഠിക്കുന്നതും തന്നെ ചോദ്യം ചെയ്യുന്നതും ഇവര്ക്ക് ചിന്തിക്കാനേ കഴിയില്ല .
സ്വ ഗ്രാമം അവരെ അത്രയേറെ പീഡിപ്പിക്കുകയാണ് .പൊതുക്കിണറ്റിലെ ജലം എടുക്കുന്നതിനാണ് ഇവർ ഏറ്റവും അധികം മർദിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും .പാവങ്ങൾ മുന്നോക്ക ജാതിക്കാര് എല്ലാം ഉറങ്ങുന്നത് വരെ കാത്തിരിക്കും .എന്നിട്ട് വന്നു ജലം എടുക്കും ..മിക്കപ്പോഴും അർദ്ധ രാത്രിക്ക് ശേഷം മാത്രമേ അവർ അതിനു മുതിരാറുള്ളൂ .പിടിക്കപ്പെട്ടാൽ കൊന്നു കളയും .അവർക്കതറിയാം .എന്നാൽ എവിടെ നിന്നെങ്കിലും വെള്ളം കുറച്ചെങ്കിലും കൂടാതെ കഴിയില്ലല്ലോ
ജാതീയ ഉച്ച നീചത്വങ്ങൾ നീതിയുടെ എല്ലാ സീമകളും ഉല്ലംഘിച്ചു ഇവിടെ അഴിഞ്ഞാടുകയാണ്
പത്തു ഗ്രാമങ്ങൾക്കു ഒരു സ്കൂൾ എന്നൊക്കെയാണ് ഇപ്പോഴുള്ള കണക്കു
ഒരു കുട്ടി 10 മണിക്കൂർ നടന്നാലേ സ്കൂളിൽ എത്തൂ
എത്ര കുട്ടികൾക്ക് അങ്ങിനെ പഠിക്കാൻ കഴിയും
അതെ അവൻ പഠിക്കുന്നില്ല..അവനു ഒരു സ്വത്തും ഇല്ല
ആരോഗ്യം ഇല്ല
നല്ല ഭക്ഷണം ഇല്ല
എന്നല്ല ഭക്ഷണമേ മിക്കപ്പോഴും ഉണ്ടാകാറില്ല
അങ്ങിനെ നൂറു ദിവസം ജോലി മുന് സര്ക്കാര് ഗ്രാമീണ സ്ത്രീകൾക്ക് നല്കാൻ ശ്രമിച്ചു
അത് ഈ ജമീന്ദാർ മാരുടെ കയ്യിൽ പെടാതിരിക്കാൻ കൂലി ബാങ്കിൽ ഇട്ടു കൊടുത്തു
എന്നാൽ ആ ബാങ്ക് അക്കൗണ്ട്‌ ..ചെക്കുകൾ അടക്കം മദ്ധ്യ വർത്തികളുടെ കയ്യിൽ തന്നെ എത്തിചെരുകയാണ്
ഭൂവുടമകളും ,ഹുണ്ടിക ക്കാരനും ആണ് ഇവരുടെ വരുമാനം കൂടുതലും വാങ്ങി കൂട്ടുന്നത്‌
അച്ഛൻ ഭൂവടമോയോടു 5000 രൂപ കടം വാങ്ങി ..കൂലി മുഴുവനും പലിശയിൽ ജന്മിക്കു തന്നെ പോയി
മകൻ,പിന്നെ അവന്റെ മകൻ ,പിന്നെ  അവന്റെ മകനും ഈ  ഭൂവടമകളുടെ വെറും അടിമകൾ ആയി തീരുകയാണ് .(bonded ലേബർ ) വെറും അടിമകൾ
 .എവിടെയും ഇടതു പക്ഷം മാത്രമണ്‌ ഇവരുടെ സംരക്ഷകർ
എന്നാൽ ഇടതു പ്രസ്ഥാനങ്ങളെ ...സവർണ്ണ മേധാവിത്വങ്ങൾ ..അവരുടെ പാർട്ടികൾ... കോണ്‍ഗ്രെസ് ആയാലും ബി ജെ പിയായാലും ഭയക്കുകയാണ്..ഈ ദളിതരെ പ്പോലെ തന്നെ അവർ നമ്മളെ ഒഴിവാക്കുകയാണ്



ഭാരതത്തിന്റെ മുഖത്തെ കറുത്ത വൃണങ്ങൾ ആണിവർ ..കൂട്ടത്തോടെ  സ്വ ഗ്രാമങ്ങളിൽ നിന്നും പലായനം ചെയ്യുകയാണ് ഈ നിസ്സാരന്മാർ .വീട്ടിലെ കുറച്ചു  സാധനങ്ങളും തുണികളും കയ്യിലെടുത്തു അവർ അടുത്ത തീവണ്ടി ഓഫീസിലേക്ക് നടക്കുന്നു  .മൂന്നോ നാലോ ദിവസം നടന്നാലേ എത്തൂ ഒരു തീവണ്ടിയാപ്പീസിൽ ..എങ്കിലും ഇവർ ഗ്രാമം ഉപേക്ഷിക്കുകയാണ്
കേരളത്തിലെ ഗ്രാമങ്ങളിൽ ,ഭാരതത്തിലെ വലിയ പട്ടണങ്ങളിലെ ചേരികളിൽ വന്നടിയുന്നു ഈ ഉത്തര ഭാരത ദളിതർ .....
ഒരു തീവണ്ടിയിലെ ബോഗിയിൽ അടുക്കി ക്കൊണ്ട് വന്ന ചെറു കുരുന്നുകളെ ഓർമ്മയില്ലേ
അച്ഛനമ്മമാർ തങ്ങൾക്കുള്ള അവസാനത്തെ തുട്ടു പോലും കൊടുത്ത് മക്കളെ ഈ ദല്ലാൾമാരുടെ കൂടെ അയക്കുകയാണ്
ആ നിസാഹയത നമ്മൾ കാണുകയല്ലാതെ വേറെ ഒരു നിവൃത്തിയും ഇല്ല
നമുക്കതിൽ ഒന്നും ചെയ്യാനില്ല
ഇരുളിന്റെ ഗുഹയിലേക്ക് നടക്കുന്ന ഈ ഉന്നത വംശജർ ഒരിക്കലും ഈ കറുത്തവരെ നട്ടെല്ല് നിവൃത്തി ജീവിക്കാൻ അനുവദിക്കില്ല
കേന്ദ്ര മന്ത്രി പറഞ്ഞത് ഒരു വലിയ നേരാണ്
പട്ടിയുടെ വില പോലും ഈ ദളിത ജനങൾക്ക് ആ വരേണ്യ വർഗം നൽകിയിട്ടില്ല
ഇരുണ്ട യുഗം തീരും ..പ്രകാശം പരക്കും നമ്മുടെ ഗ്രാമങ്ങൾക്ക് മേൽ എന്ന് നമുക്ക് പ്രത്യാശിക്കാം

2015, ഒക്‌ടോബർ 21, ബുധനാഴ്‌ച

ചില താത്രിക്കുട്ടിമാരും ഒരു ചെറിയാൻ ഫിലിപ്പും

ചെറിയാൻ ഫിലിപ്പിന് ഭാരതീയ സ്ത്രീകളെ കുറിച്ച് എന്തും എഴുതാം .അത് മറ്റുള്ളവർ വെള്ളം തൊടാതെ വിഴുങ്ങണം എന്ന് വാശി പിടിക്കരുത് ... കൊച്ചിയിൽ പണ്ടൊരിക്കൽ ഒരു കൌണ്‍സിലറെ ,ജയിച്ച സന്തോഷത്തിൽ തോളിലെടുത്തു കൊണ്ട് പോയി സ്വന്തം അനുയായികൾ... ഇരുട്ടിൽ അവരെ കയ്യേറ്റത്തിന് ശ്രമിച്ചു ..തോറ്റു മടങ്ങിയ രാഷ്ട്രീയ പ്രവർത്തകർ കരച്ചിൽ കേട്ട് ചെന്ന് അവരെ രക്ഷിച്ചു ..ഇന്ന് ചെറിയാൻ ഫിലിപ്പ് ചെയ്തത് പോലെ ഒരു പത്ര പ്രസ്താവന തോറ്റ നേതാക്കന്മാര്ക്കും പ്രസിധീകരണത്തിനു കൊടുക്കാമായിരുന്നു ..അത് ചെയ്യാതെ ഇരുന്നത് രാഷ്ട്രീയമായ ചില സാന്മാര്ഗിക ബോധം ആ നേതാക്കന്മാര്ക്ക് ഉള്ളത് കൊണ്ടാണ്.

രാഷ്ട്രീയ പ്രവർത്തകർ.. സ്ത്രീകളും പുരുഷന്മാരും അസാന്മാർഗിക പ്രവർത്തികളിൽ ഏർപ്പെടുന്നുണ്ടാവും ..അതിൽ ഏർപ്പെടാത്തവർ ആണ് ഭൂരി ഭാഗവും എന്നും ശ്രീമാൻ ചെറിയാൻ ഫിലിപ്പ് മനസിലാക്കണം
കടൽ മീനുമായി കേന്ദ്ര  നേതാക്കളെ കാണാൻ പോകുന്ന നേതാക്കന്മാരും കോണ്‍ഗ്രെസിൽ ഉണ്ട്
അതെല്ലാം നമ്മൾ പ്രതി പക്ഷക്കർക്കു തമ്മിൽ തമ്മിൽ പറഞ്ഞു ചിരിക്കാൻ ഉള്ള വകയാണ് .. .

.
,,,ഒരു യൂത്ത് കോണ്‍ഗ്രെസ് സ്ത്രീ നേതാവിന്റെ പേരെടുത്തു പറഞ്ഞു..
തന്നെ വിമർശിച്ചാൽ ....അവരുടെ ശരീരത്തിലെ കാണാ മറുകുകൾ താൻ വെളിവാക്കും എന്ന് ഉണ്ണിത്താൻ പറഞ്ഞതായി കേട്ടിട്ടുണ്ട് ...അത് പോലെ ഒരു തറ പ്രസ്താവന ആയിപ്പോയി ഈ നടത്തിയത് ....
പിന്നെ ഉണ്ണിത്താനും ചെറിയാൻ ഫിലിപും തമ്മിൽ എന്താണ് വ്യത്യാസം
കോണ്‍ഗ്രെസിലെ വനിതകളുടെ അന്തസ് കെടുത്തുന്ന ഒരു പ്രസ്താവന ആണിത് എന്ന് നിസംശയം പറയാം .



നല്ല അന്തസുള്ള മാന്യതയുള്ള ..ലക്ഷക്കണക്കിന്‌ കോണ്‍ഗ്രെസുകാരികൾ നമുക്ക് ചുറ്റിലും ഉണ്ട് ..അവരുടെ കൂട്ടത്തിൽ മോശമായ കഥകൾ പ്രചരിക്കുന്നത് ..ചുരുക്കം ചിലരെ ക്കുറിച്ച് മാത്രമാണ് ..കേരളത്തിലെ വേശ്യകൾ ..മൊത്തം സ്ത്രീകളുടെ എണ്ണം എടുത്താൽ എത്ര വരും ..അത് പോലെ വളരെ വളരെ കുറച്ചു മാത്രം ..സ്ത്രീകൾ അങ്ങിനെ ചെയ്യുന്നുണ്ടാവാം ..സരിത പറഞ്ഞത് ചേർത്തു വച്ച് വായിച്ചു നോക്കൂ ..വലതു സംഖ്യം നേതാക്കൾ സ്ത്രീകളെ വച്ച് മാറുന്നു എന്നാണു അവർ അനുഭവ സാക്ഷ്യം പറഞ്ഞത് .സരിത കോണ്‍ഗ്രെസ് കാരി ആയിരുന്നോ 


എഴുതുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും മുൻപ് അങ്ങിനെ ചെയ്യുന്നത് തനിക്കു ശോഭയാണോ എന്ന് ശ്രീമാൻ ചെറിയാൻ ഫിലിപ്പ് ആലോചിക്കുന്നത് നല്ലതാണ്
ഒരു നാലാകിട നേതാവ് മൈക്ക് കിട്ടിയാൽ ചെയ്യുന്നത് പോലെ നിങ്ങളും ചെയ്യല്ലേ
അന്തസ്സായി ഖേദം പ്രകടിപ്പിച്ചു പുറത്തു കടക്കൂ 


കോണ്‍ഗ്രെസുകാരികളുടെ പതിവൃത്യം ..അത് അവർ സംരക്ഷിചോളും 



പി എസ്
ഒരു താത്രിക്കുട്ടി ..മുദ്രയുള്ള ഒരു മോതിരം പുറത്തു വച്ച് "ചെറിയാൻ ഫിലിപ്പ് "എന്ന് പറഞ്ഞാൽ തീരുന്നതാണ് താങ്കളുടെ മാനവും ..

അത് മറക്കേണ്ട

ഹാക്കറെ വിട

പറയാതിരിക്കാൻ നിർവാഹമില്ല
എന്റെ ഫേസ് ബുക്ക്‌ ഹാക്ക് ചെയ്തിട്ട് എന്താണ് ഗുണം നിങ്ങൾക്ക്
എന്റെ ഫോണ്‍ നമ്പറിലേക്ക് ഇപ്പോൾ പല പ്രാവശ്യം ആയി മെസേജ് വരുന്നു
പാസ് വേര്ഡ് റീ സെറ്റ് ചെയ്യാൻ
എഴുത്തിനും വായനക്കും ..ചിന്തകൾ പങ്കു വൈക്കാനും അല്ലാതെ വേറെ ഒരുപയോഗവും എനിക്കീ അക്കൌണ്ട് കൊണ്ടില്ല
സമയ ക്കുറവ് മൂലം അടുത്ത കൂട്ടുകാരോട് പോലും ഇൻബോക്സിൽ സംസാരിക്കുകയും പതിവില്ല
എന്തെങ്കിലും പരദൂഷണം എന്റെ ഇൻബോക്സിൽ കാണും എന്ന് കരുതി അതിൽ കയറി നോക്കേണ്ട
എനിക്ക് നിങ്ങൾ ആരെക്കുറിച്ചും ഒരു മോശമായ അഭിപ്രായവും ഇല്ല
ആരോടും വലിയ അടുപ്പമോ..കാമുകന്മാരോ ഇല്ല .പ്രണയ ക്കുറി പ്പുകളോ ഇല്ല
ഒരു മാസം ഞാൻ ഫേസ് ബുക്കിൽ കയറി ഇല്ലെങ്കിലും ,ആരും ശ്രദ്ധിക്കുക പോലും ഇല്ല
അത്ര കുറവ് വായനക്കാർ മാത്രമേ എനിക്കുള്ളൂ
മക്കളുമായി ചാറ്റ് ചെയ്യുന്നത് കൊണ്ട് ഒത്തിരി വീട്ടുകാര്യങ്ങൾ അതിൽ ഉണ്ട്
അല്ലെങ്കിൽ എന്റെ ഫേസ് ബുക്കിന്റെ പിന്നാമ്പുറം ഞാൻ നിങ്ങൾക്കായി തുറന്നു തന്നേനെ


ലൈക്കുകളുടെ ഈ മത്സര ലോകത്ത് ഞാനില്ല തന്നെ
എന്നെ അങ്ങ് വെറുതെ വിട് മക്കളെ
ശുഭ ദിനം പ്രിയരേ

ഗോമാംസ നിരോധനം ആവശ്യമോ

ഗോമാംസ നിരോധനം ആവശ്യമോ എന്തിനാണ് സർക്കാരുകൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത്
മതസൂക്തങ്ങൾ ,വേദങ്ങൾ ,അഷ്ട്ടാഗ ഹൃദയം
പുരാണങ്ങൾ ,ഇതിഹാസങ്ങൾ ..ഇവയിൽ ഏതെങ്കിലും ഒന്നിൽ
അങ്ങിനെ അനുശാസിക്കുന്നുണ്ടോ ?
ഒന്ന് പറയാം
മതങ്ങൾ തെറ്റായ സന്ദേശങ്ങൾ നൽകുന്നില്ല
അവ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്
കൃഷ്ണൻ കര്മം ചെയുമ്പോൾ മുഖം നോക്കേണ്ടാ എന്നേ പറയുന്നുള്ളൂ
സ്വ സഹോദരനെ കൊന്നോളൂ എന്ന് പറയുന്നില്ല
സ്ത്രീ സഹോദരനോ ഭർത്താവോ അച്ഛനോ മാതുലനൊ ഒത്തേ സഞ്ചരിക്കാവൂ എന്ന് പറഞ്ഞത്
യുദ്ധ കാലഘട്ടത്തിൽ ശത്രുക്കൾ അവരെ തട്ടി ക്കൊണ്ട് പോകാതെ ഇരിക്കാൻ
അവരെ സംരക്ഷിക്കാൻ വേണ്ടി ആയിരുന്നു
മരുഭൂമിയിലെ അതിജീവന വസ്ത്രമാണ് പർദാ.സൂക്ഷിച്ചു നോക്കിയാൽ അറിയാം അറബ് പുരുഷനും അതെ വേഷം തന്നെയാണ് ധരിക്കുന്നത്.മണൽ ക്കാറ്റിനെ ചെറുക്കാൻ ഇതിൽ പരം സഹായിക്കുന്ന മറ്റൊരു വസ്ത്ര ധാരണ രീതിയില്ല
ബഹു ഭാര്യാത്വം ,യുദ്ധ വിധവകളുടെ പുനരധിവാസ പദ്ധതി ആയിരുന്നു ..
ഈ സദുദ്ദേശ നിയമങ്ങൾ തെറ്റായി അനാവശ്യമായി പുനര് വ്യാഖ്യാനം ചെയ്തു തലിബനൊക്കെ സ്ത്രീകളെ ചൂഷണം ചെയ്യുകയാണ്
ജൂതർ മിക്ക തരം ഭക്ഷനങ്ങളും ത്യജിക്കുന്നവർ ആണ്
ചൈനാക്കാർ എല്ലാത്തരം ജൈവ ജാലങ്ങളെയും ഭക്ഷിക്കുന്നവരും
ഭാരതം ഒരു മത നിരപേക്ഷ രാഷ്ട്രം പദവി ഉപേക്ഷിച്ചു ഒരു ഹിന്ദു രാഷ്ട്രം ആകുന്നതിന്റെ ആദ്യത്തെ ചുവടു വൈപ്പാണ് ഗോമാംസ നിരോധനം
പാക്കിസ്ഥാനിൽ പന്നി ഇറച്ചി നിരോധനം നില നിൽക്കുന്നു
ഭാരതത്തിൽ ഗോമാംസ നിരോധനം നില നിൽക്കുന്നു
എന്നാൽ ജൈനർക്ക് മുൻ തൂക്കം ഉള്ള ഒരു ഭരണ സംവിധാനം നിലവിൽ വന്നാൽ നമ്മൾ കുടുങ്ങി പ്പൊകും
പ്രീയപ്പെട്ടവരുടെ ശവം വെറും നിലത്തു കഴുകുകൾ കൊത്തി പ്പറിക്കുന്നത് കാണേണ്ടി വരും
ഇനി ഇസ്രായേൽ എങ്ങാൻ നമ്മെ ഭരിക്കാൻ വന്നാൽ കുടുങ്ങിയത് തന്നെ
കക്കാ ഇറച്ചി ,ചെമ്മീൻ, ഞണ്ട്,പോർക്ക്‌ ,മുയൽ ,തവള ,കുതിര ഇവയുടെ മാംസം അവർക്കു നിഷിദ്ധമാണ്
നമ്മൾ ഭാരതീയർ ഇനി മതങ്ങളെ ..അവയെ വ്യാഖ്യാനിക്കുന്നവരെ ഒക്കെ ഭയക്കണം
നമ്മൾ പാക്കിസ്ഥാന്റെ മറു വാക്കാവുകയാണ്


നമ്മുടെ വൈദ്യുത ബോർഡിനിതെന്തു പറ്റി ?

ഈ വൈദ്യുത ബോർഡിനു ഇതെന്തു പറ്റി ?
ചോദിക്കാതെ ഇരിക്കാൻ കഴിയുന്നില്ല
അടച്ചിട്ട ഗേറ്റുകൾ ,
വീട്ടിലെ പട്ടികൾ ..
മഴ
വെയിൽ
ഇതൊക്കെ റീഡിംഗ് എടുക്കാൻ വരുന്നവരുടെ ശത്രുക്കൾ ആണ്
അതിനൊക്കെ പിഴ ചുമത്താൻ തുടങ്ങിയാൽ സാധാരണ ജനങ്ങൾ എന്ത് ചെയ്യും
കയ്യിൽ അധികാരം ഉള്ളവന് എന്തും ആകാമെന്നൊ
എന്തിനാണ് ഈ പ്രഹസനം ?..
മീറ്ററിൽ ഒരു മൈക്രോ ചിപ്പ് പിടിപ്പിച്ചാൽ വൈദ്യുതി ഉപയോഗം എത്രയെന്നു ഓഫിസിലിരുന്നാൽ അറിയാമല്ലോ
ലോകമെങ്ങും ഉള്ള വൈദ്യുത കമ്പനികൾ ഇതേ സംവിധാനം ഉപയോഗിക്കുമ്പോൾ
നമ്മുടെ ബോർഡിനിതെന്തു പറ്റി എന്ന് ചിന്തിക്കാതെ ഇരിക്കാൻ കഴിയുന്നില്ല
ലീഗുകാർ ഭരിക്കുന്ന വകുപ്പുകളിലെ തുഗ്ലക്കിയൻ ഭരണ മാറ്റങ്ങളും സംവിധാനങ്ങളും നമുക്ക് ചില്ലറ തല വേദന അല്ല തരുന്നത്
ഇതിപ്പോ ഭരിച്ചു പതം വന്ന ആര്യാടൻ സായ് വും ഇങ്ങനെ തുടങ്ങിയാൽ
കഷ്ട്ടമെന്നെ പറയേണ്ടൂ

പരാതി പിന്‍ വലിക്കണം..

സന്തോഷ മാത്രം തരുന്ന തമാശകൾക്കും ഇടയിൽ
വല്ലാതെ മഥിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്
എനിക്ക് വേണ്ടപെട്ട ഒരു കുട്ടി..
അവള്‍ ഒരു വീട്ടില്‍ ഹോം നേഴ്സ് ആയി ജോലിക്ക് ചെന്നു
പട്ടണത്തിനു നടുവിലെ ഒരു ഹൌസിംഗ് കോളനി ..
നഗരത്തിലെ സമ്പന്നര്‍ താമസിക്കുന്ന പ്രദേശം..
ഒരു മകന്‍ മാത്രം അമ്മക്ക്.
അയാള്‍ പൊതു മേഖല സ്ഥാപനത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍..
ഭാര്യക്ക് ജോലി ഇല്ല..
മൂത്ത മകള്‍ വക്കീല്‍
രണ്ടാമത്തെ മകള്‍ പ്ലസ് ടൂ വിനു
എന്റെ കൂട്ടുകാരിയെ നമുക്ക് ചന്ദ്രിക എന്ന് വിളിക്കാം..
അവള്‍ ചെന്നപ്പോള്‍ വീട്ടമ്മ അവളെ വീടിനു പിറകിലേക്ക് കൊണ്ട് പോയി
അവിടെ അടുക്കള തിണ്ണയില്‍ ബോധമില്ലാതെ ഒരു സ്ത്രീ കിടക്കുന്നുണ്ടായിരുന്നു
വീടിനു വെളിയില്‍ ആണ് ആ വരാന്ത . കൊച്ചിയിലെ കൊതുകു കടിയും കൊണ്ട് മൂന്നു ദിവസമായി അവര്‍ കിടക്കുകയാണ് അവിടെ
ആദ്യമായി അവരെ അകത്തെ മുറിയില്‍ ആക്കണം ..
ഒരു ചാക്കില്‍ ആണ് ഇവര്‍ കിടക്കുന്നത്
അതില്‍ മലവും മൂത്രവും എല്ലാം ഉണ്ട് ..
ചന്ദ്രിക വേഷം പോലും മാറാതെ അവരെ അവിടെ കിടന്ന വേറെ ഒരു ചാക്കിലേക്കു മാറ്റി കിടത്തി
മലവും മൂത്രവും ഈച്ചയും ആർക്കുന്ന ചാക്കെടുത്തു മുറ്റത്തേക്കു ഇട്ടു
കത്തിച്ചു കളയാം എന്ന് കരുതി
അപ്പോഴേക്കും വീട്ടമ്മ വന്നു ..
അമ്മയെ നല്ല ചാക്കിലേക്കു കിടത്തിയത്‌ അവര്‍ക്ക് ഇഷ്ട്ടമായില്ല
""എന്തിനാണ് ആ നല്ല ചാക്ക് കൂടി ചീത്ത ആക്കിയത് ?
അതിട്ടാണ് രാത്രിയിൽ ഇവരെ പുതപ്പിച്ചിരുന്നത്
ഇനി ഇതിനെ നമുക്ക് മുകളിലേക്ക് കൊണ്ട് പോകാം ?""
അമ്മയുടെ മകൻ ഒരു ശസ്ത്രക്രിയ കഴിഞ്ഞു ഇരിക്കുകയാണ്..സഹായിക്കാന്‍ സാധിക്കില്ല..
ചന്ദ്രിയും മരു മകളും വേണം അവരെ മുകളില്‍ കൊണ്ട് പോകാന്‍
വീടിനകത്തു കൂടി ഗോവണി ഉണ്ട്
അതിലെ കൊണ്ട് പോകാന്‍ സാധിക്കില്ല എന്നവര്‍ തീര്‍ത്തു പറഞ്ഞു
പുറത്തു ഒരു പിരിയന്‍ ഗോവണിയുണ്ട് ..
അത് വഴി രണ്ടു പേരും കൂടി സ്ത്രീയെ മുകളിലേക്ക് വലിച്ചു കയറ്റുകയാണ്
ചന്ദ്രി മുകളിലും വീട്ടമ്മ താഴെയും ..
ബോധമില്ലാത്ത സ്ത്രീയെ രണ്ടു പേരും കൂടി ചാക്കിൽ വലിച്ചു ഗോവണിക്ക് അടുത്തു എത്തിച്ചു ..പിന്നെ മുകളിലേക്ക് കയറ്റണം.കുറച്ചു വലിച്ചു കയറ്റി കഴിഞ്ഞപ്പോൾ
മരുമകൾ അമ്മയെ അങ്ങ് വിട്ടു കളഞ്ഞു ..
അവര്‍ ചുരുണ്ട് കൂടി താഴേക്ക്‌ വീണു
ചന്ദ്രി ഞെട്ടി പ്പോയി ..
""നിങ്ങള്‍ എന്താ ഈ ചെയ്തത് ""??
""ഇവര്‍ പണ്ട് എന്നോട് എന്തെല്ലാം ചെയ്തിട്ടുണ്ട് എന്നറിയാമോ..
അവരെ ഇതൊന്നും ചെയ്‌താല്‍ പോര """അവരുടെ കൂസലില്ലാത്ത മറുപടി
വീണ്ടും അവരെ വലിച്ചു പൊക്കി മുറിയില്‍ എത്തിച്ചു
അഞ്ചു കൊല്ലമെങ്കിലും ആയിട്ട് ഉണ്ടാവും ആ മുറി അടിച്ചിട്ട് ..കഴുകിയിട്ടോ..തുടച്ചിട്ടോ
തറയും ഭിത്തിയും എല്ലാം കറുത്തു വൃത്തി കേടായി ..കരിപോലെ ചെളി പിടിച്ചു ..അടച്ചിട്ട ജനാലകൾ ..അതിലും നിറയെ പൊടിയും അഴുക്കും
കട്ടിലില്‍ ഒരു വിരിപ്പുണ്ട്..അതൊരു കീറ ത്തുണി മാത്രം..
ഇത് പോലെ അഞ്ചു കൊല്ലം ആയിട്ടുണ്ടാവും കഴുകിയിട്ട്
രാവിലെ പതിനൊന്നു മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ ജോലി ചെയ്തപ്പോള്‍ അമ്മയെ തുടപ്പിച്ചു .കഴുകിച്ചു
അവർ ഒരു കറുത്ത അമ്മയല്ല
ചന്ദന നിറമുള്ള ഒരു വൃദ്ധ ..പതുക്കെ മിടിക്കുന്ന ഹൃദയം..ഇപ്പൾ നിന്ന് പോയേക്കും എന്നാ മട്ടിൽ പതുക്കെ പതുക്കെ മിടിക്കുന്നുണ്ട്‌
ജീവന്റെ ഏക ലക്ഷണം അത് മാത്രമാണ്
.നല്ല വിരിപ്പൊക്കെ ഇട്ടു..കട്ടിലിൽ അവരെ കിടത്തി
മുറി അടിച്ചു വാരി തുടച്ചു
എല്ലാം കഴിഞ്ഞു താഴെ വന്നു ചന്ദ്രി അല്‍പ്പം ഭക്ഷണം ചോദിച്ചു ..അമ്മക്ക് കൊടുക്കാന്‍
അല്‍പ്പം കഞ്ഞി വെള്ളം കൊടുക്കാന്‍ ചോദിച്ചപ്പോള്‍ വീട്ടമ്മ ഇടഞ്ഞു
"""""തരാന്‍ പറ്റില്ല """.
രണ്ടാമത്തെ മകള്‍ വന്നപ്പോള്‍ അമ്മയോട് താണു കേണു പറഞ്ഞു..
""അല്‍പ്പം കഞ്ഞി വെള്ളം കൊടുക്കമ്മേ മുത്തശിക്ക് ""
നെറ്റിയില്‍ ആഴമുള്ള ഒരു മുറിവുണ്ട്
അതില്‍ മരുന്ന് പുരട്ടണം ..
ഇവരുടെ ആരോഗ്യ സ്ഥിതി മോശമാണ് ..
ഡോക്റ്ററെ വിളിക്കണം
രണ്ടിനും വീട്ടമ്മ തയ്യാറല്ല
ചന്ദ്രിക അവള്‍ക്കു കൊടുത്ത ചായ കുടിക്കാതെ അമ്മക്ക് വായില്‍ ഇറ്റിച്ചു കൊടുത്തിട്ട് പോന്നു
പിന്നെ പുറത്തു വന്നു എന്നെ വിളിച്ചു..
എന്താ ചെയ്യേണ്ടത്
ഈ അമ്മയെ കൊല്ലാനാണ് അവരുടെ ഉദ്ദേശം..
നമുക്ക് എന്ത് ചെയ്യാന്‍ ആവും
പോലീസില്‍ ജോലി ഉള്ള ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഉണ്ട് ബന്ധുവായി
അവനെ വിളിച്ചു വിവരം പറഞ്ഞു
അവന്‍ ഒരു നമ്പര്‍ തന്നു..
ഇങ്ങനെ എന്തെങ്കിലും കണ്ടാല്‍ വിളിച്ചു പറയേണ്ട ഒരു നമ്പര്‍ ആണ്
ഞാൻ അത് ചന്ദ്രികക്ക് കൊടുത്തു
പോലീസ് ചെന്നു വേണ്ടത് ചെയ്തോളും എന്ന് സമാധാനിപ്പിച്ചു
അവൾ വിളിച്ചു കാര്യങ്ങള്‍ എല്ലാം പോലീസിൽ പറഞ്ഞു
വേറെ ഒന്നും ചെയ്യേണ്ട..
മകന്‍ ജോലി ചെയ്യുന്ന പൊതു മേഖല സ്ഥാപനത്തില്‍
ഒന്നാന്തരം ആശുപത്രി ഉണ്ട്..ചികിത്സ ഫ്രീ ആണ്
അവിടെ അവരെ ആക്കിയാല്‍ മതി
കേട്ട പോലീസുകാരന്‍ എല്ലാം സമ്മതിച്ചു
ഇനിയിപ്പോള്‍ എന്തിനു വിഷമിക്കണം..
വിവരം പോലിസിനെ അറിയിച്ചല്ലോ
നമ്മുടെ ചുമതലകള്‍ കഴിഞ്ഞല്ലോ
ഒരാഴ്ച കഴിഞ്ഞു പോലീസില്‍ നിന്നും വിളി ..
വീട്ടമ്മയുടെ വിളി
പരാതി പിന്‍ വലിക്കണം..
ചന്ദ്രിയുടെ വിലാസം ഒന്നും അവര്‍ക്കറിയില്ല..
സ്റെഷനില്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കിയപ്പോൾ
മൂന്നാം ദിവസം ആണ് പോലീസുകാര്‍ അവിടെ ചെല്ലുന്നത്
അപ്പോഴേക്കും സ്ത്രീയ അവര്‍ ദഹിപ്പിച്ചു കഴിഞ്ഞിരുന്നു
അവര്‍ക്ക് കാര്യത്തിന്റെ ഗൌരവം മനസിലാവുന്നത് കുറച്ചു വൈകിയാണ്
പരാതിയില്‍ നെറ്റിയിലെ മുറിവ് വീണു ഉണ്ടായതാണോ എന്ന് സംശയം ഉണ്ട് എന്നും പറഞ്ഞിരുന്നല്ലോ ..ആ കേസ് എങ്ങിനെ ആയോ എന്നറിയില്ല
വലിയ വീഴ്ച പറ്റി എന്ന്മാത്രമേ എനിക്ക് പറയാനുള്ളൂ
വളരെ വളരെ അവശ ആയ ഒരു വൃദ്ധയെ,
ഒരും കൊടും ദുഷ്ട്ട സ്ത്രീയുടെ ദയവിനായി വിട്ടു കൊടുത്തു ,
കൊല്ലാൻ കൂട്ടുനിന്ന മഹാപാപിആണ് ഞാൻ
ആ ചിന്ത ഇന്നും എന്നെ നോവിക്കുന്നു

ഹൂക്ക് ചേട്ടൻ







ബസിലെ തിക്കിലും തിരക്കിലുംദീര്‍ഘ  ദൂരം യാത്ര ചെയ്യേണ്ടി  വരുന്ന സ്ത്രീകളുടെ കഥകള്‍ നിങ്ങള്‍ക്കെല്ലാം അറിയാം
ചില ബസ് കാല അനുഭവങ്ങള്‍

പലതും സഭ്യതയുടെ അതിരു  ലംഘിക്കുന്നവയാണ്,..
സ്ത്രീയുടെ ബസ് യാത്ര ദുരിതങ്ങള്‍ 
എങ്കിലും ക്ഷെമിക്കുക

ചേച്ചി കോളേജില്‍  നിന്നും ഇറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷം ആണ് ഞാന്‍ കോളേജില്‍
എത്തുന്നത്.
ഗ്രാമത്തിലെ അടുത്ത സ്കൂളില്‍ നിന്നും പട്ടണത്തിലേക്ക് ബസില്‍ പോകുന്നത് ഓര്‍ക്കുമ്പോള്‍ വലിയ ഭയമാണ് തോന്നിയത്
ഒന്നാമത് ഓടുന്ന ബസില്‍ വീഴില്ലേ എന ഭയം..രണ്ടാമത് ബസില്‍ കയറുന്നതിനു മുന്‍പ് ബസു വിടുമോ എന്നാ ഭയം..

ഇറങ്ങുമ്പോള്‍ അതിനു മുന്നേ വണ്ടി മുന്നോട്ടു   എടുക്കുമോ എന്നാ ഭയം..
ബസിനകത്തു പോക്കറ്റടിക്കുമോ എന്ന ഭയം..
ആണുങ്ങള്‍ തോണ്ടുമോ അപമാനിക്കുമോ എന്ന ഭയം..
അങ്ങിനെ പല തരം   ഭയങ്ങളുടെ ഒരു കൂടാണ് ഞങ്ങള്‍ സ്ത്രീകളുടെ മനസ്

ഒരു ദിവസം  അമ്പലത്തില്‍ പോകാന്‍ ബസില്‍ കയറിയപ്പോള്‍ ,
ചേച്ചി ,ഒരു മധ്യ  വയസ്കനെ കാണിച്ചു തന്നു
"അയാളെ ഓര്‍ത്ത്‌ വച്ചോ.,.
മഹാ നീചന്‍ ആണ് പെണ്ണുങ്ങളുടെ ബാക്ക് ഓപ്പണ്‍ ബ്ലൌസിന്റെ ഹൂക് ഊരും"
 ഞാന്‍ ഭയത്തോടെ അയാളെ നോക്കി.

അധികം ഉയരമില്ലാത്ത തടിച്ച വെളുത്ത ഒരു മദ്ധ്യവയസ്കന്‍
അയാളെ   നോക്കുമ്പോള്‍ ഡ്രാക്കുള സിനമ കാണുന്ന പോലെ ശരീരത്തില്‍ ഒരു പെരുപ്പ്‌ കയറി ഇറങ്ങി  പോയി
കോളേജില്‍ പോയപ്പോള്‍  അയാളെ പിന്നെ കണ്ടതേയില്ല.

ഞങള്‍ ആദ്യത്തെ ഷിഫ്റ്റില്‍ ആണ്.അത് കൊണ്ട് ഏഴേ കാലിന്റെ ബസിനു പോകും.
.നഗരത്തിലേക്കുള്ള വാര്‍ക്ക പണിക്കാരും വീട്ടു ജോലിക്കാരും
 പിന്നെ ചില കമ്പനി   ജോലിക്കാരും ആണ് അത്ര രാവിലെ ഉണ്ടാവുക,,
ഞങള്‍ ഒരു സ്റ്റോപ്പില്‍ നിന്ന് കയറാന്‍ ഒരേ കോളെജിലേക്ക് അഞ്ചു കുട്ടികള്‍ ഉണ്ടായിരുന്നു താനും.






ഒരു ദിവസം കഷ്ട്ട കാലത്തിനു എനിക്ക് ആദ്യത്തെ ബസ് കിട്ടിയില്ല.
രണ്ടാമത്തെ ബസ് അര മണിക്കൂറ് കഴിയും..
പരിചയമില്ലാത്ത  ബസ്   ..
ജോലിക്കാര്‍..
പിന്നെ യാത്രക്കാരെയും പരിചയമില്ല.
കൂട്ടുകാരികള്‍ ആരുമില്ല
അത് കൊണ്ട് നല്ല ഭയം ഉണ്ടായിരുന്നു


വണ്ടി വന്നു കയറി ..
മുന്നിലേക്ക്‌ മാത്രമേ ഞാന്‍ പോകൂ.
പുറകിലേക്ക് നീങ്ങരുത്  എന്ന് കര്‍ശനമായി പറഞ്ഞിടുണ്ട് ചേച്ചി
ബസിലെ എല്ലാ സാമൂഹ്യ  വിരുദ്ധ കാര്യങ്ങളും സംഭവിക്കുന്നത്‌ ഈ മധ്യ ഭാഗത്താണ്

ഇ ബസില്‍ മുന്നോട്ട് നീങ്ങാന്‍ ഒരു രേക്ഷയുമില്ല..
നഗരത്തിലേക്ക് പോകുന്ന ജോലിക്കാരികള്‍ ആണ് മുന്‍ വശം നിറയെ..
എല്ലാവരും ഒരു വിധം നല്ല ശരീര ഭാരമുള്ളവര്‍..
അവരുടെ മതില് പോലത്തെ കനത്ത ശരീരം ഭേദിച്ച് വെറും 35 കിലോ ക്കാരിയായ എനിക്ക് ഒരിഞ്ചു മുന്നോട്ടു നീങ്ങാന്‍ ആവുന്നില്ല
അങ്ങിനെ ഞാന്‍ പുറകോട്ടു നീങ്ങുകയാണ്.

പിന്നെയുള്ള സ്റൊപ്പുകളില്‍ നിന്ന് കയറുന്നവരുടെ തിരക്ക് അനുസരിച്ച്
ഞാന്‍ വീണ്ടും പിറകോട്ടു നീങ്ങി കൊണ്ടിരുന്നു
പ്രഗല്‍ഭര്‍ ആയ എന്റെ ചേച്ചിമാര്‍ തോളും ശരീരവും വിദഘ്ദമായി  വെട്ടിച്ചു  എന്നെ പിറകോട്ടു അയക്കാന്‍ ശ്രേമിക്കുന്നതും കണ്ടു
ആവുന്നത്ര  ശ്രേമിച്ചിട്ടും എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
.വരുന്നത് വരട്ടെ എന്നാ മട്ടില്‍ ഞാന്‍ അവിടെ ഒതുങ്ങി നിന്നു

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു അലര്‍ച്ച..
"എടാ പട്ടീ നിന്നെ ഞാന്‍ കൊല്ലുമെടാ"
അതി സുന്ദരിയായ ഒരു മധ്യ വസ്ക്ക ആകെ വിറക്കുകയാണ്..
പിറകില്‍ ഒരാള്‍ മുഖം വിളറി പിറകിലേക്ക് പോകാന്‍ ശ്രേമിക്കുന്നു
നമ്മുടെ ഹൂക്ക് ചേട്ടന്‍

സുന്ദരിയായ ചേച്ചിയുടെ മൂന്നു ഹൂക് വിടര്‍ത്തി കഴിഞ്ഞു അതിനിടയില്‍
മോളെ ഇതൊന്നിട്ടു താ..
ചേച്ചി എന്നോട് ആവശ്യപെട്ടു.

അവരുടെ കണ്ണില്‍ നിന്നും കണ്ണീര്‍ ഒഴുകി ചാടുന്നുണ്ടായിരുന്നു
ഞാന്‍ ഉടനെ ഹൂക്ക് ഇട്ടു കൊടുത്തു
പിന്നെ ഹൂക് ചേട്ടന്റെ
അച്ഛന്‍ അമ്മ മുത്തച്ചന്‍ മുതു മുത്തച്ചന്‍ എല്ലാവരെയും ചേര്‍ത്ത് അവര്‍ പലതു പറഞ്ഞു..
നെഞ്ചില്‍ പൂ മാല ഇടുന്നത് പോലെ അയാള്‍ അതെല്ലാം കേട്ട് നില്‍ക്കുന്നും ഉണ്ടായിരുന്നു

ഞാന്‍ എന്തായാലും സാരി എടുത്തു പുതച്ചു എന്തിനും തയ്യാറായി ഇരുന്നു
ഒരു കുഴപ്പവും ഉണ്ടായില്ല
പിന്നെ മൂന്നു ദിവസം ഇതിന്റെ വിശദാംശങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു ചിരി തന്നെയായിരുന്നു ഞങളുടെ ജോലി
അയാളെ കാട്ടി കൊടുക്കാം എന്ന് എല്ലാവര്‍ക്കും ഞാന്‍ വാക്ക് കൊടുക്കുകയും ചെയ്തു

കുറെ കഴിഞ്ഞു ഒരു ദിവസം അയാള്‍ ഞങ്ങളുടെ വണ്ടിയില്‍ കയറി
എന്നും അയാള്‍ കയറിയിട്ടുണ്ടോ എന്ന് ഒരു നോട്ടം എനിക്ക് പതിവുണ്ട്
അന്ന് അതാ അയാള്‍ സുന്ദരന്‍ ആയി അങ്ങിനെ വിരാജിക്കുന്നു
ഞാന്‍ കൂട്ടുകാരികളെ ഓരോരുത്തരെ ആയി വിളിച്ചു..
ആ വെളുപ്പില്‍ നീല വരയുള്ള ഷര്‍ട്ടിട്ട കഷണ്ടി ..
അയാളാണ്
 അയാളാണ്

പിരി പിറുക്കലുകള്‍ തുടര്‍ന്നു
അടക്കിയ ചിരിയും തിരിഞ്ഞു നോട്ടവും..
ബഹളം തന്നെ
അയാള്‍ വിളറി വെളുക്കുന്നത്‌  കണ്ടു .


പെട്ടന്നാണ് കൂട്ടുകാരികളില്‍ ഒരാള്‍ കരയുന്നത് കണ്ടത്
ബസ് ഇറങ്ങിയിട്ടും അവള്‍ കരച്ചിലോടു കരച്ചില്‍
ആര് ആശ്വസിപ്പിച്ചിട്ടും കരച്ചില്‍ നില്‍ക്കുന്നില്ല.
പിന്നെ ഞങള്‍ നാല് പേരും കൂടി ഇവളെ അടിച്ചു എന്ന മട്ടില്‍   കാര്യം പറയിപ്പിച്ചു

നമ്മുടെ ഹൂക് ചേട്ടന്‍ വേറെ ആരുമല്ല ഇവളുടെ സ്വന്തം തന്തപ്പടി  തന്നെ


അയ്യോ അയ്യോ അയ്യോ
പിന്നെ എന്താണ് ആ വീട്ടില്‍ നടന്നിരിക്കാവുന്ന ഭൂകമ്പം  എന്ന് ഓര്‍ക്കാമല്ലോ..
ആ കുടുമ്പം നാട്ടില്‍ നിന്നും കമ്പനി താമസ സ്ഥലത്തേക്ക് താമസം മാറ്റി നാണകേടില്‍  നിന്നും രെക്ഷപെട്ടു..
കൂട്ടുകാരി പിന്നെ കോളേജില്‍ വന്നിട്ടില്ല.
അവളെ വേറെ കോളേജില്‍ ആകേണ്ടി വന്നു
.പിന്നെ അങ്ങേര്‍ക്കു ബസില്‍ കയറാന്‍ ഉള്ള സാഹചര്യം അവര്‍ ഇല്ലാതാക്കി.മാനം രേക്ഷിച്ചു 






2015, സെപ്റ്റംബർ 5, ശനിയാഴ്‌ച

ഹേമയും രാജനും പിന്നെ നമ്മളും

ഭാഗം  1
ജീവിത യാത്രയില്‍ കണ്ടു മുട്ടിയ ചില സ്ത്രീ പുരുഷന്മാരെ ക്കുറിച്ച് എഴുതണം എന്ന് കരുതുന്നു
അവര്‍ എല്ലാവരും തന്നെ ഒരു കാല ഘട്ടത്തില്‍ കടന്നു വന്നു കുറച്ചു കാലം നിന്ന് കടന്നു പോയവര്‍ ആണ്
അവരെ ജഡ്ജ് ചെയ്യാന്‍ ഉള്ള യോഗ്യത എനിക്കില്ല ...അവരുടെ ശരി തെറ്റുകള്‍ വില ഇരുത്താനും എനിക്കാവില്ല ....എന്നാല്‍ നല്ല നര്‍മ മധുരമായ ചില ഓര്‍മ്മകള്‍ അവരുടേതായി ഉണ്ടു..
..അവ നിങ്ങളോട് പങ്കു വയ്ക്കാം
നിങ്ങള്‍ ഒന്നും കരുതരുത് ..എല്ലാ സ്ത്രീകളുടെയും പേര് ഹേമയെന്നും..പുരുഷന്മാരുടെ പേര് രാജനെന്നും ആണ്
ആദ്യത്തെ ഹേമ ..
ഹേമയെ കണ്ടുമുട്ടുമ്പോള്‍ മൂത്ത മകള്‍ക്ക് 18 വയസു ..രണ്ടാമത്തെ മകള്‍ക്ക് പന്ത്രണ്ടും .ഹേമയെപ്പോലെ തന്നെ അതി സുന്ദരികള്‍ ആണ് മക്കളും ..രണ്ടു മക്കളും രണ്ടു ഭര്‍ത്താക്കന്മാരുടെ ആണ് ..രണ്ടു വിവാഹമോചനങ്ങളും കഴിഞ്ഞിരുന്നു ..വലിയ ഭക്തയും സത്ഗുണ സമ്പന്നയും ആണ് ഹേമ ..മൂന്നാമത് ഒരാളുമായി സ്നേഹത്തില്‍ ആയി ..
അയാളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു ..
ഉറ്റ സ്നേഹിത എന്നാ നിലയില്‍ എന്നോട് അഭിപ്രായം ചോദിച്ചു ..
നിയമ പരമായി വിവാഹം ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല ..
വിവാഹ മോചിത ആണ് ..ഇനി വിവാഹം കഴിക്കാന്‍ തടസമൊന്നുമില്ല ..
എങ്കിലും പയ്യന് 25 വയസേ ഉള്ളൂ ..ഹേമയുടെ ഗര്‍ഭ പാത്രം നീക്കം ചെയ്തതും ആണ് ..
അത് കൊണ്ട് കാര്യങ്ങള്‍ ഒത്തിരി ലീഗല്‍ ആക്കണോ ...
പയ്യന്‍ ഒരു ഒറ്റ മകന്‍ ആണ് ..അവരുടെ കുടുമ്പം അന്യം നിന്ന് പോകില്ലേ
എന്ന് ഒരു സംശയം പ്രകടിപ്പിച്ചു
അപ്പോഴാണ്‌ ആ വാചകം ഞാന്‍ കേട്ടത്
ഉമേ ..ഞാന്‍ രണ്ടു പ്രസവിച്ചു എന്നെ ഉള്ളൂ
ഞാന്‍ ഇപ്പോഴും കന്യക തന്നെയാണ്
ഞാന്‍ പ്രസവിക്കുമ്പോള്‍ ഡോക്ട്ടര്‍ എന്നോട് പറഞ്ഞു
ഹേമ
ഞാന്‍ എന്തത്ഭു തമാണീ കാണുന്നത് ..നിങ്ങള്‍ ഇപ്പോഴും കന്യക ആണ്
നിങ്ങളുടെ കന്യാ ചര്‍മം പൊട്ടിയിട്ടില്ല ഇതേവരെ
കണ്ണുകളില്‍ ആവുന്നത്ര നിഷ്ക്കളങ്കത നിറച്ചു ഞാന്‍ ചോദിച്ചു
ആണല്ലേ
ബാക്കി
ഞാന്‍ എഴുതുന്നില്ല.


ഭാഗം 2

ഒരുരാജന്‍ കഥ 2
ഒരു ഓഫീസില്‍ ജോലിക്ക് ചെന്നപ്പോള്‍
അവിടെ സുമുഖനായ
ഒരു കഷണ്ടിക്കാരന്‍..
പേര് വേണ്ട പറയുന്നില്ല
നല്ല വട്ട മുഖം.
.ഭംഗിയുള്ള ചിരി..
നുണക്കുഴിയും
എന്നാല്‍ അങ്ങേരെ കൊണ്ടുള്ള ശല്ല്യം പറയാന്‍ സാധിക്കില്ല
ഞങ്ങള്‍ മൂന്നു നാല് ഗുമസ്ഥന്മാര്‍ ആണ്
പുള്ളിയുടെ ഇരകള്‍..
മേലാപ്പീസിലേക്ക് അയക്കേണ്ടുന്ന സ്ഥിതി വിവര കണക്കുകള്‍..
പുള്ളി ഞങ്ങളോട് ചോദിക്കുന്ന രീതി കണ്ടാല്‍..
ഇങ്ങേരെ നമുക്ക് പിച്ചി ചീന്തി കൊല്ലാന്‍ തോന്നും..
ശല്യം എന്നാല്‍ ഇതാണ് എന്ന് അറിഞ്ഞു..
ഞങ്ങള്‍ കൊടുക്കേണ്ടതാണ്..അത് എടുത്തു കൂട്ടി എഴുതി കൊടുക്കേണ്ടേ..
പല ഫയലുകളില്‍ കിടക്കുന്ന വിവരങ്ങള്‍..
ചുരുങ്ങിയത് മുന്നൂറു ഫയലുകള്‍ തപ്പിയാല്‍ ആണ്
ആവശ്യമുള്ള വിവരങ്ങള്‍ കിട്ടൂ..
ചുരുങ്ങിയത് മൂന്നു ദിവസം എടുക്കും അത് ശേഖരിക്കാന്‍..
ഇങ്ങേര്‍ക്ക് അതറിയാം..
എന്നാല്‍ കടലാസ് വന്നാല്‍ അപ്പോള്‍ മുതല്‍
സ്വന്തം കസേരയില്‍ ഇരിക്കാതെ
ഞങള്‍ ഓരോരുത്തരെ സമീപിച്ചു
ബഹളമാണ്
ആ ഡേറ്റ ഇന്ന് കൊടുത്തില്ലെങ്കില്‍ കുഴപ്പമാണ്..
പിന്നെ എന്നെയവും എല്ലാവരും കുറ്റം പറയുക..
നിങ്ങളുടെ പേര് ഞാന്‍ റിപ്പോര്‍ട്ടു ചെയ്യും
പിന്നെ എന്നെ പറയരുത്..
ഓഫീസര്‍
മെമ്മോ തരും അങ്ങിനെ ഭീഷണി
കൂടാതെ അകത്ത് ചെന്ന് കുറ്റം പറച്ചിലും.
.
നേരില്‍ കാണുമ്പോള്‍ നുണക്കുഴി കാട്ടി ചിരിയും
മത്തക്കണ്ണ്‍ ഉരുട്ടി വിരട്ടും.
.
പോരാത്തതിന് അനുനയം, വഴക്ക്..
അയാളെ കൊണ്ട് എല്ലാവരും പൊറുതി മുട്ടി
ഒരു ദിവസം ഊണ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞു
"ഇങ്ങേരു നമ്മളോട് ഇതാണ് കാണിക്കുന്ന സ്വഭാവം..
അപ്പോള്‍ വീട്ടില്‍ എന്താവും രീതി എന്ന് ഊഹിച്ചു നോക്കിക്കേ..
അവരെങ്ങിനെ ഇങ്ങേരെ
സഹിക്കുന്നു ആവോ.
ഇ.ങ്ങേ.രുടെ ഭാര്യക്ക്‌ ഒന്നുകില്‍ ചെന്നി കുത്ത് കാണും
അല്ലേല്‍ അള്‍സര്‍ ..
ഉറപ്പാ"
എല്ലാവരും ചിരിച്ചു
ആരും അത് കാര്യമായി എടുത്തില്ല
ആ സമയത്ത് തന്നെ അങ്ങേരു ചോറ് പത്രവുമായി ഞങ്ങളുടെ അടുത്തേക്ക് ഊണ് കഴിക്കാന്‍ വ ന്നു
"വൈഫിന്റെ അസുഖം എങ്ങിനെ ഉണ്ട് ..."
ഞാന്‍ സ്വാഭാവിക മട്ടില്‍ ചോദിച്ചു
ചോദ്യം കേട്ടാല്‍ അങ്ങേരുടെ ഭാര്യയുടെ അസുഖം
ഞങ്ങള്‍ ഇന്നലെ കൂടി പറഞ്ഞു വച്ചതാണ് എന്ന് തോന്നുമായിരുന്നു
ചുമ്മാ ഒരു തട്ട് തട്ടിയതാണ്
പുള്ളിക്ക് അത് മനസിലായില്ല
ഉമേ ഒന്നും പറയേണ്ട
ഇന്നലെ അവളെ ആശുപത്രിയില്‍ കൊണ്ട് പോയിട്ട് വരികയാണ് കേട്ടോ
അവള്‍ സ്കൂളില്‍ തല കറങ്ങി വീണു..
ഇടയ്ക്കു അവള്‍ക്കു ഒരു തല വേദന വരും..
പിന്നെ കണ്ണ് തുറക്കാന്‍ ഒക്കില്ല..
എഴുനേല്‍ക്കാനും സാധിക്കില്ല
എഴുനെറ്റാല്‍ താഴെ വീഴും
ഭയങ്കര വോമിറ്റിംഗ് ആണ്
മോളുണ്ടായപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ ഈ തലവേദന
ഇനി ചെയ്യാത്ത ചികിത്സയില്ല "
വല്ലാത്ത ഒരു നിശബ്ദത എല്ലാവരിലും പടര്‍ന്നു
ആയുര്‍വേദം നോക്കാമായിരുന്നില്ലേ
കോട്ടക്കല്‍ ഒന്ന് കാണിച്ചു നോക്കിക്കേ
കണ്ണ് ഒന്ന്ചെക്ക്ചെയ്യൂ
ഫലം. .കിട്ടാതിരിക്കില്ല
എന്റെഉമ്മാക്ക്
ഇങിനെവന്നപ്പോള്‍ ........................
ഹെഡോഫിസിലെ സിന്ധുവിനും ഇങ്ങിനെ തന്നെയാണ്
അങ്ങിനെ അങ്ങിനെസംഭാഷണം നീണ്ടു
ഭാര്യമാരുടെ ചെന്നി കുത്തിന്റെ കാര്യം മനസിലായല്ലോ
അള്‍സര്‍ ഉണ്ടോ ടീച്ചര്‍ക്ക്
എന്ന് കൂടി ചോദിയ്ക്കാന്‍
എനിക്ക് മനസ് വന്നില്ല
എങ്ങാനും നേരായാലോ

ഭാഗം 3.

ഒരു രാജന്‍ കഥ
ഓർകുട്ടും ഫേസ് ബുക്കും വരുന്നതിനു മുന്പ് ഒരു കാലമുണ്ട്
എഴുതുന്നവനെ ... വായിക്കുന്നവനെ ..ഒക്കെ കാണണം എങ്കില്‍ നമ്മള്‍ തപസ്സിരിക്കണം .
അങ്ങിനെ ഒരാളെ കണ്ടാലോ ബഹു സന്തോഷവും .
ആയിടക്കു ഒരു ഒരു വലിയ സ്ഥാപനത്തിന്റെ കണക്കുകളുമായി ഒരാള്‍ കാണാന്‍ വന്നു ..
വലിയ ഒരു ശുപാർശയും ,വിളിച്ചു പറയിക്കലും ഒക്കെ കഴിഞ്ഞാണ് പുള്ളി വന്നത് തന്നെ .
സുന്ദരന്‍ ,സുമുഖന്‍.,.നെറ്റിയില്‍ ക്കുറി .സംസാരത്തില്‍ ഇത്തിരി ഒടിവും വളവും ഒക്കെ ഉണ്ട് ..എങ്കിലും സംസാരിക്കുന്നത് ശുദ്ധ മലയാളം .
നല്ല അറിവ് ..ഞങ്ങള്‍ പെട്ടന്ന് കൂട്ടായി ..
സമാന മനസ്കര്‍ തമ്മിലുള്ള സ്നേഹം ..എന്ന് പറയാം
.കാളിദാസനും കഥകളി പ്പദവും അക്ഷര ശ്ലോകവും .എല്ലാമായി ആളൊരു സരസൻ .കാണുന്നതും സംസാരിക്കുന്നതും അപൂർവ്വമാണെങ്കിലും ഇയാള്‍ എന്റെ പ്രിയ മിത്രമായിരിക്കും എന്ന് ഞാന്‍ കണക്കു കൂട്ടിയിരുന്നു .
ശാസ്ത്ര സാഹിത്യ പരിഷത്തില്‍ പ്രവർത്തനം ആയിടക്കു തീരെ കുറഞ്ഞിരുന്നു . എ ങ്കിലും അവരുടെ പുസ്തകങ്ങള്‍ വാങ്ങുന്ന ശീലം അന്നേ എനിക്കുണ്ട് ..അവര്‍ വരുമ്പോള്‍ നല്ല ബുക്കുകള്‍ മൂന്നു നാല് കോപ്പി വീതം വേറെ തന്നിട്ട് പോകും ..പരിചയക്കാർക്ക് വിൽക്കാൻ ആയി ..പൂര്ണ്ണ മനസോടെ ഞാന്‍ ചെയ്യുമായിരുന്ന ഒരു ജോലി ആണിത്.പരിഷത്തിന്റെ പല പുസ്തകങ്ങളും ലോകോത്തര നിലവാരം പുലര്തുന്നവയും ആണ് .അടുത്ത കൂട്ടുകാർക്കായി ഞാൻ കുറച്ചു ബുക്കുകൾ എടുത്തു വൈക്കും
""എന്ത് കൊണ്ട് എന്ത് കൊണ്ട്" ..""ടോട്ടോ ചാന്‍"" ഒക്കെ പരിഷത്ത് ഇറക്കിയ നല്ല ബാലപുസ്തകങ്ങള്‍ ആണ് ..പരിഷത്തിന് പണ പ്പിരിവില്ല .ഒന്നുകില്‍ പുസ്തകം വിറ്റു കമ്മീഷന്‍ കൊണ്ട് ചെലവ് നടക്കണം..അല്ലെങ്കില്‍ ഒരു ക്യാമ്പ് ഒക്കെ വരികയാണെങ്കില്‍ സംഭാവന ആയി ചേമ്പു ,ചേന, അരി, തേങ്ങ ഒക്കെ സംഭരിക്കും ..
ഞാന്‍ നമ്മുടെ പ്രിയ മിത്രത്തിനായി ഒരു സെറ്റ് ബുക്കുകള്‍ എടുത്തു വച്ച് ..പിന്നെയും ഒരു മാസം ഒക്കെ കഴിഞ്ഞാണ് ചങ്ങാതി ഓഫീസില്‍ എത്തിയത് .
ബുക്ക്‌ അങ്ങിനെ വിൽക്കാൻ ഒന്നും സാധിക്കില്ല നമുക്ക് ..ഇന്നയിന്ന ബുക്കുകള്‍ ഉണ്ട് ..പരിഷത്ത് ഇങ്ങിനെ നെയുള്ള സംഘടനയാണ് ..പുസ്തകം ഇതാണ് ..പൈസ തന്നാല്‍ ഞാന്‍ കൊടുക്കും..ഇല്ലെങ്കിലും പുസ്തകം എടുത്തോളൂ ..ഇത് വായിക്കേണ്ട പുസ്തകമാണ് ..മക്കൾക്കും അമ്മയ്ക്കും അച്ഛനും ഉപയോഗ പ്രദമാണ് ..എന്നൊക്കെയുള്ള അയഞ്ഞ ചില സൂചനകളെ പതിവുള്ളൂ ..
ആ ചീട്ടൊക്കെ തന്നെ ഇവിടെയും ഇറക്കി ..പുള്ളി കുറച്ചു നേരം മൌനം ആയിട്ടിരുന്നു
പിന്നെ പ്പറഞ്ഞു
""ഞാന്‍ മലയാളം പഠിച്ചിട്ടില്ല"" ..
ഞെട്ടുക എന്ന് പറഞ്ഞാല്‍ അത് നിസ്സാരം ആയിരിക്കും ..കിടുങ്ങി പ്പോയി എന്നതാണ് വാസ്തവം .
ഞങ്ങള്‍ അന്താക്ഷരി കളിക്കുന്ന വ്യക്തിയാണ് ..ഞങ്ങള്‍ കുടുമ്പം മുഴുവന്‍ ഫോണില്‍ പുള്ളിക്കാരനോട് മ ത്സരിക്കും..ഒരു പാട്ടങ്ങു മെസേജ് ഇട്ടാല്‍ ..മിനിട്ട് വച്ച് മറു പാട്ട് വരും ..നിർത്താതെ ..പിള്ളേരുടെ ഒരു ഹോബി തന്നെ എന്റെ ഫോണെടുത്തു കക്ഷിയോടു അന്താക്ഷരി കളിക്കുന്നതാണ് ..ആ മനുഷ്യനാണ് ഈ പറയുന്നത് ,മലയാളം പഠിച്ചിട്ടില്ല എന്ന്
""പിന്നെ ?""
""സ്പെഷ്യല്‍ സ്കൂള്‍ സിലബസ് ആണ് ..അതെടുത്താല്‍ മലയാളം പഠിക്കേണ്ടതില്ല
പകരം എനിക്ക് സംസ്കൃതം അറിയാം.മലയാളത്തിനു പകരം അതാണ് രണ്ടാം ഭാഷ ആയി എടുത്തിരുന്നത്""
കൂടുതല്‍ ചോദിച്ചപ്പോള്‍ ...
ഭാര്യയും മലയാളം അറിയില്ലാത്ത വ്യക്തിയാണ് ..പിന്നെ നമ്മള്‍ മക്കളെ ക്കുറിച്ച് ചോദിക്കേണ്ടല്ലോ
കുട്ടികൾക്കും മലയാളം അറിയില്ല
എനിക്കന്നു നമ്മുടെ കവി കുരീപ്പുഴയും മനസാണ്
മലയാളം എന്റെ അമ്മ ..ഞാന്‍ ഒരാളേയുള്ളൂ ഭാഷയെ സ്നേഹിക്കാന്‍ ..
ഞാന്‍ വേണം ഭാഷയെ സരംക്ഷിക്കാന്‍ ..
ഭാഷ സ്നേഹികള്‍ അല്ലാത്തവരോടുള്ള സംസർഗം പോലും എനിക്ക് ഇഷ്ട്ടമില്ല
മക്കളോട് മലയാളമേ സംസാരിക്കൂ ..
എന്റെ മുഖം അങ്ങ് മുറുകി ..
ദേഷ്യം അങ്ങിനെ മനസില്‍ വന്നു നിറയുകയാണ് ..
ഒരു കാര്യവുമില്ല
അത് മനസിലാക്കി പുള്ളി പറഞ്ഞു
""പത്രം ഒക്കെ ഞാന്‍ വായിക്കും .കുറച്ചു സമയം എടുക്കും എന്നെ ഉള്ളൂ
ബുക്ക്‌ തന്നേക്കൂ ..ഞാന്‍ നാട്ടിലെ ലൈബ്രറിയില്‍ കൊടുത്തോളാം""
""പ്രിയ അനുജന് സ്നേഹപൂർവ്വം "" എന്നെഴുതിയ ബുക്കുകള്‍ .
.ഞാന്‍ തിരികെ എടുത്തു
""അത് വേണ്ട മാഷെ
നല്ല ബുക്കുകള്‍ ആണ് . സ്നേഹിതർക്കു തന്നെ നൽകണം എന്നാണു ആഗ്രഹം""
എന്ന് പറഞ്ഞു ആളെ മടക്കി
ആ സംബോധനക്ക് ചേർന്ന വേറെ ഒരാള്‍ ആര് എന്നായി പിന്നെ ചിന്ത

2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

ഡോക്ടര്‍ തോമസ്‌ ഐസക്..വ്യത്യസ്തനായ ഒരു ജനകീയ നേതാവ്

ചില  വലിയ നേതാക്കന്മാര്‍  ഉദയം ചെയ്യുന്നത്  നമ്മള്‍ കണ്ടിട്ടുണ്ട് ..നെല്‍സന്‍ മണ്ടേല ..മഹാത്മാ  ഗാന്ധി ..മാര്‍ട്ടിന്‍  ലൂതര്‍  കിംഗ്‌ ..എബ്രഹാം ലിങ്കണ്‍..അങ്ങിനെ പലരും ..നമ്മള്‍ അവരെ വളരെ ബഹുമാനത്തോടെ  കാണുന്നത്  അവര്‍ നല്ല രാഷ്ട്രീയ പ്രാസംഗികര്‍  ആയതു കൊണ്ടല്ല ..നേര്‍മ്മയുള്ള  നേതാക്കന്മാര്‍ ആയതു കൊണ്ടുമല്ല
അസാധ്യമെന്നു  സാധാരണക്കാരന്  തോന്നാവുന്ന  പ്രതികൂല  സാഹചര്യങ്ങളില്‍ കൂടി സഞ്ചരിച്ചു കൊണ്ട് ..മനുഷ്യന് അതീതം  എന്ന് കരുതുന്ന കാര്യങ്ങള്‍ ചെയ്യാന്‍  ധൈര്യം  കാണിച്ചു എന്നത് കൊണ്ടാണ് .

അടിമ പ്പണി  നിര്‍ത്തലാക്കിയപ്പോള്‍  ലിങ്കന്‍  വലിയ ഒരു ധനിക ശക്ത വിഭാഗത്തെ ശത്രു ആക്കുകയാണ് ഉണ്ടായതു ..എങ്കിലും സുധീരം  അദ്ദേഹം  ആ വിളംബരം  പുറപ്പെടുവിച്ചു ..ശത്രുക്കള്‍ അദ്ദേഹത്തെ   വെടി വച്ച് കൊന്നാണ് പകരം വീട്ടിയത് ..ഇപ്പോഴും ഹിന്ദു മുസല്‍മാന്‍  സ്പര്‍ദ്ധയുംവൈരാഗ്യവം  ശക്തമായി ത്തന്നെ  ഭാരതത്തില്‍ നിലവിലുണ്ട് ..അപ്പോഴാണ്‌ വിഭജന  കാലത്ത്  ഗാന്ധി  അതിര്‍ത്തിയില്‍  പോയത് ..

അദ്ദേഹവും  സ്വ ജീവന്‍  തന്നെ ശത്രുക്കള്‍ക്ക്  നല്‍കി ...കറുമ്പന്‍  ആവുക  എന്നാല്‍  പുഴുവിനക്കാള്‍  അറപ്പ് ഉണ്ടാക്കുന്ന സ്ഥിതി  ആയിരുന്നു  ഒരു കാലത്ത് ..
അവശന്മാര്‍..ആര്‍ത്തന്മാര്‍..ആലംബ ഹീനമാര്‍ ..ദൃഷ്ട്ടിയില്‍  പെട്ടാലും  ദോഷമുള്ളോര്‍
ആയിരുന്നു  കറുത്തവര്‍  അമെരിക്കയില്‍ ..ആ കറുത്ത വര്‍ഗക്കാരുടെ  ഇടയില്‍ നിന്നും  ഉയര്‍ന്നു വന്ന ഒരു നേതാവായിരുന്നു  മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ ..കറുത്തവന്റെ സംഘ ശക്തി കണ്ടു ഭയന്ന വെളുത്തവന്റെ  അഹങ്കാരം  അദ്ദേഹത്തെയും  വധിച്ചു  പകരം വീട്ടുകയാണ്  ഉണ്ടായതു

കേരളത്തില്‍  തോമസ്‌ ഐസക് ചെയ്യുന്ന ജനകീയ  മുന്നേറ്റങ്ങള്‍ അത്  പോലെ തന്നെ ശ്രദ്ധേയങ്ങള്‍  ആണ്
വൃദ്ധ ജനങ്ങളെ  എഴുതാനും വായിക്കാനും  പഠിപ്പിക്കാന്‍ ആയി  ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹായത്തോടെ വലിയ ഒരു വയോജന  വിദ്യാഭ്യാസ  പദ്ധതിയാണ് സഖാവ്ആദ്യം നടപ്പിലാക്കിയത് ..സാക്ഷരതായജ്ഞത്തിൽ ഐസക്കിന്റെ റോൾ വളരെ പ്രധാനമായിരുന്നു 

.എം.പി. പരമേശ്വരൻ, സി.ജി. ശാന്തകുമാർ തുടങ്ങി ചിലരും 

ഇ.എം.എസിന്റെ പിന്തുണയും ആയിരുന്നു മറ്റൊരു ശക്തി . പരിഷത്തിന്റെ

പരിപാടി ആയിരുന്നതിനാൽ, സി.പി. നാരായണനും ഐസക്കും മുന്‍ 

നിരയില്‍ .സജീവമായിത്തന്നെ ഉണ്ടായിരുന്നു

പിന്നീട്  ജനകീയാസൂത്രണം ..അധികാര വികേന്ദ്രീകരണം ..ഡി.പി.ഇ.പ്പി..എന്നിങ്ങനെ  വിദ്യാഭ്യാസ , ഭരണ  രംഗങ്ങളില്‍   പല പുതുമ  നിറഞ്ഞ  ജനകീയ പരിഷ്ക്കാരങ്ങളും സഖാവിന്റെ മുന്‍ കയ്യില്‍  നടപ്പാക്കുക ഉണ്ടായി .
സി പി എം പോലുള്ള ഒരു ബഹുജന  പ്രസ്ഥാനവും  സഖാവ്  പിണറായി  വിജയനും ,  എന്നും  കണ്ണും  പൂട്ടി നല്‍കിയ സപ്പോര്‍ട്ട് കൊണ്ട് തന്നെ കൈ വച്ച മേഖലയില്‍  എല്ലാം സഖാവ് വിജയം  കണ്ടു എന്നതാണ് വാസ്തവം  .അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഒരു ബഹുജന മുന്നേറ്റ പദ്ധതിയായിരുന്നു  ജൈവ കൃഷി .പദ്ധതി .ഗ്രാമങ്ങളില്‍  വെറുതെ കിടക്കുന്ന സ്ഥലങ്ങള്‍ പാര്‍ട്ടി  ഏറ്റെടുത്തു .അവിടെയെല്ലാം സ്ഥലം ചിതപ്പെടുത്തി, പച്ചക്കറി കൃഷി ചെയ്തു തുടങ്ങി .ഓണത്തിനു  വിളവെടുപ്പ് എന്നതായിരുന്നു  ലക്‌ഷ്യം . .പാര്‍ട്ടിയും അതിലെ ഗ്രാസ്സ റൂട്ട് സഖാക്കളും വരെ  ഈ ഒരു ലക്ഷ്യം  മാത്രം  മുന്നോട്ടു  വച്ച്  നന്നായി  അദ്ധ്വാനിച്ചു .  കേരളം എങ്ങും  ചിട്ടയായ  പ്രവര്‍ത്തനം  കഴിഞ്ഞ  ഒരു വര്‍ഷമായി  ഈക്കാര്യത്തില്‍  ശ്രദ്ധ  ഊന്നി  മുന്നോട്ടു നയിക്കുക ആയിരുന്നു .ലക്ഷക്കണക്കിന്‌  സഖാക്കളുടെ  വളരെ മാസങ്ങളിലെ  അദ്ധ്വാന ഫലം  ആയിരുന്നു  ഈ ഓണ  വിളവെടുപ്പ് ...വിപണനം  എന്നിവ ..കുടുമ്പ  ശ്രീകളുമായി ചേര്‍ന്ന്  ചെയ്ത  ഈ പദ്ധതി  വന്‍ വിജയം ആയിത്തീര്‍ന്നു .

കഞ്ഞിക്കുഴി എന്ന ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമ പ്രദേശത്തെ  ജനങളുടെ കുറെ ക്കൊല്ലങ്ങളായുള്ള ഒരു ഉദ്യമം  ആയിരുന്നു  ഈ ജൈവ പച്ചക്കറി  കൃഷിയും വിപണനവും .
നാഷണല്‍  ഹൈവേയില്‍ കഞ്ഞി ക്കുഴിയില്‍  എത്തുമ്പോള്‍  അവിടെ ഉള്ള ഒരു വിഷരഹിത പച്ചക്കറി  സ്റ്റാളില്‍  നിന്നും പച്ചക്കറി  വാങ്ങി പ്പോരുന്നത്  ഞങ്ങളുടെ ഒക്കെ ഒരു പതിവാണ്  ..
ആ ചെറു മുന്നേറ്റത്തെ  കേരളം മുഴുവന്‍ വേരുകള്‍ ഉള്ള ഒരു മഹത്തായ പ്രസ്ഥാനം ആക്കാന്‍  മാര്‍ക്സിറ്റ്  പാര്‍ട്ടിക്ക്  കഴിഞ്ഞു  എന്നത്  ഒരു ചെറിയ കാര്യമല്ല .കേരളത്തിലെ എല്ലാ പ്രധാന വീഥികളിലും കവലകളിലും  നല്ല പച്ചക്കറികള്‍  ലഭ്യമാക്കാന്‍  പാര്‍ട്ടിക്കായി .
അതി ബ്രഹുത്തായ ഈ പദ്ധതി വിജയ  പൂര്‍വ്വം  നടപ്പിലാക്കിയതിന്റെ  മുഖ്യ  സൂത്രധാരകന്‍  ഡോക്ടര്‍  തോമസ്‌  ഐസക്കായിരുന്നു ...

ആദ്യം വിത്തുകള്‍  നല്‍കി .അത് മുളപ്പിക്കാന്‍  സമയം ഇല്ലാത്തവരില്‍  നിന്നും ആ വിത്തുകള്‍  തിരികെ വാങ്ങി ..താല്‍പര്യം ഉള്ളവര്‍ക്ക്  നല്‍കി ..ഗ്രാമങ്ങളില്‍  നമുക്കതിന്റെ  ഒരു പള്‍സ് കിട്ടുന്നുണ്ടായിരുന്നു ..കുടുമ്പ ശ്രീകള്‍ പച്ചക്കറി ചെടികള്‍ക്ക്  തങ്ങളുടെ  ഹ്രസ്വ   ജീവിത കാലം  മുഴുവന്‍ വളര്‍ത്താവുന്ന തരം  ചാക്കുകളില്‍  ആക്കി വീടുകളില്‍  വിതരണം  ചെയ്തു .വിട്ടു വീഴ്ച ഇല്ലാത്ത ഒരു പ്രവര്‍തതനം ഈ ക്കര്യത്തില്‍ നടക്കുന്നുണ്ടായിരുന്നു ..കേന്ദ്ര സഖാക്കള്‍ വന്നു ഉത്ഘാടനം  ചെയ്യുകയോ ,ദേശീയ ലോക്കല്‍ മാധ്യമങ്ങള്‍ അറിയുകയോ  ശ്രദ്ധിക്കുകയോ ചെയ്യാത്ത  ഒരു നിശബ്ദ  വിപവം..ഒരു ഹരിത വിപ്ലവം നമ്മുടെ ഗ്രാമങ്ങളില്‍  നടക്കുക ആയിരുന്നു .

വലിയ ആള്‍ക്കൂട്ടങ്ങളെ  പ്രസംഗം കൊണ്ട്  കൈപ്പിടിയില്‍ ഒതുക്കുന്ന  മാന്ത്രിക  നേതാക്കള്‍ നമുക്കുണ്ട് ..എന്നാല്‍ ഐസക്കിന്റെ രീതി അതല്ല ..വലിയ ബഹുജന മുന്നേറ്റങ്ങള്‍  ആണ് അയത്ന ലളിതമായി അദ്ദേഹം ചെയ്തു തീര്‍ക്കുന്നത് .പൊങ്ങച്ചമോ അസഹിഷ്ണുതയോ  ഇല്ല താനും .കഴിഞ്ഞ അര നൂറ്റാണ്ടായി ഈ സഖാവ് പാര്‍ട്ടിക്കായി ചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍  ഒന്ന് മനസിലാവും ..അത് പാര്‍ട്ടിയുടെ  ദൈനന്ദിന പരിപാടികളില്‍  നിന്നും പൂര്‍ണ്ണമായും  വ്യത്യസ്ഥമാണ്.തീര്‍ത്തും ഗ്രാമങ്ങളിലെ  അരക്ഷിത ലക്ഷങ്ങളെ മുന്നില്‍  കണ്ടു  കൊണ്ടാണ് ..
പാര്‍ട്ടി ഒരുജഡ സ്ഥിതിയില്‍ ആണ് കുറച്ചു  കാലമായി .ഒരു പഞ്ചായത്ത്‌ റാലി ..ഒരു ജില്ല റാലി ..ഒരു സ്റേറ്റ് മാര്‍ച്ച്..പിന്നെ ഭരിക്കുന്നത്‌  ഇടതു പക്ഷം  അല്ലെങ്കില്‍  രണ്ടു മാസം  കൂടുമ്പോള്‍ ഒരു  കളക്ക്ട്രെറ്റ്  ധര്‍ണ,താലൂക് ഓഫിസ്  ഉപരോധം ..അറ്റ കൈക്ക് സെക്രെട്ടെറിയേറ്റ് ഉപരോധം ..പ്രകടനം  പൊതു സമ്മേളനം ..ബ്രാഞ്ച് , ജില്ല, സ്റേറ്റ് ,സമ്മേളനങ്ങള്‍ ,പാര്‍ട്ടി  തിരഞ്ഞെടുപ്പ് ..അങ്ങിനെ കെട്ടു കാഴ്ചകള്‍  ആയി പാര്‍ട്ടി പ്രവര്‍ത്തനം  ജഡിലവും ജീര്‍ണ്ണ വും സാധാരണക്കാരനെ  മറന്നും ആയിത്തീരുന്നത്  നമ്മള്‍ നിസ്സഹായര്‍  ആയി നോക്കി  കാണുക ആയിരുന്നു .പാര്‍ട്ടിക്കാര്‍ക്കും ,പാര്‍ട്ടി  അണികള്‍ക്കും  അപ്പുറം  വേറെ ആരിലെക്കും പാര്‍ട്ടിയുടെ  പ്രവര്‍ത്തനം  ഇറങ്ങി  ചെല്ലുന്നുണ്ടായിരുന്നില്ല .
ആ സാഹചര്യത്തില്‍ ആണ് ജനകീയ  കാര്‍ഷിക പദ്ധതിയെ  നമ്മള്‍  വില ഇരുത്തെണ്ടതും ..വിജയിപ്പിക്കേണ്ടതും.ഈ പദ്ധതിയുടെ  ഗുണ ഫലം  ലഭിക്കാത്ത  ഒരു ഗ്രാമീണനും ഇല്ല..ഒരു കുടുമ്പവും  ഇല്ല
ഇപ്പോഴാണ് കുറെക്കാലങ്ങള്‍ക്ക് ശേഷം  പാര്‍ട്ടി  ഇങ്ങനെ സാധാരണ ക്കാര്‍ ക്കായി ഒരു പദ്ധതി  കൊണ്ട് വരുന്നത്.
തങ്ങള്‍ ഭരിക്കുമ്പോള്‍ ജന പക്ഷം ആകാന്‍ കാണിക്കുന്ന ശ്രദ്ധയും  കരുതലും  പ്രതിപക്ഷമാകുമ്പോള്‍ പാര്‍ട്ടി  കളഞ്ഞു  കുളിക്കുക ആയിരുന്നു ..
നഗരത്തിലെ ഒരു പാര്‍ടി യോഗത്തില്‍  വന്ന ഒരു യുവ നേതാവ് പറഞ്ഞു  ..വൈറ്റിലയില്‍ ജൈവ പച്ചക്കറിയുടെ  വിപണന ഉദ്ഘാടനം  കഴിഞ്ഞു ഡോക്ടര്‍ തോമസ് ഐസക് ആയിരുന്നു ഉദ്ഘാടകന്‍..ഇവരൊക്കെ  ഉത്ഘാടനം  കഴിഞ്ഞു  സ്ഥലം വിട്ടു . ..പുള്ളി പോന്നിട്ടില്ല .സഖാവ്  വൈകീട്ട് വരെ  അവിടെ സ്റ്റാളില്‍  നിന്ന് പച്ചക്കറി  വില്‍പ്പന  നടത്തി ..ഒരു തിരക്കുമില്ല ..ജനങ്ങളുമായി സംസാരിച്ചു  അദ്ദേഹം  വൈകീട്ട് വരെ അവിടെ സമയം  ചിലവഴിച്ചു   ..ഒരു നേതാവിന്  ഒരു ദിവസം ഒരു മണിക്കൂര്‍ ഒഴിവുണ്ടെങ്കില്‍ ആ ഒരു മണിക്കൂര്‍ ഒരു സ്റ്റഡി  ക്ലാസിനു വിളിക്കുന്ന യുവ ജന  സംഘടനകള്‍  ഉള്ള ഈ സമയത്തും തന്റെ മനസിനു പ്രിയമായ  പദ്ധതിക്കായി  വേണ്ടത്ര  സമയവും സാവകാശവും ക്ഷേമയും  അവധാനതയും അദ്ദേഹം  കണ്ടെത്തി  എന്നതാണ് സത്യം  .
ഈ പദ്ധതി ഇത്ര വലിയ വിജയം  ആകാന്‍  കാര്യവും  ഈ അനിതര സാധാരണ ക്ഷമ   തന്നെ ആകാം.
നൂറു വര്ഷം കഴിഞ്ഞും  നമ്മള്‍ ഓര്‍ക്കുന്ന ഒരു  നേതാവ്  എകെജി കഴിഞ്ഞാല്‍  പിന്നെ ഡോക്ടര്‍  തോമസ്‌  ഐസക് ആയിരിക്കും  എന്ന് നമുക്ക്  നിസംശയം  പറയാം
ഒരു അസാധാരണ നേതാവിന്റെ  ഉദയം  ആകാം
     അഭിനന്ദനങ്ങള്‍ ..പാര്‍ട്ടിക്കും നേതാവിനും

2015, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

നവ ഫെമിനിസം ..ചില മാറിയ ചിന്തകള്‍

നവ ഫെമിനിസം ..ചില മാറിയ  ചിന്തകള്‍ 

നവ  മാധ്യമങ്ങളില്‍  അറിയപ്പെടുന്ന   പല  സ്വതന്ത്ര  സ്ത്രീ  പ്രവര്‍ത്തകര്‍  ഉണ്ട് 
അതില്‍ ഒരാള്‍  ആണ്  പ്രീത..ഈയിടെ  പ്രീതയുടെ പേരില്‍  ചില വലിയ കോലാഹലങ്ങള്‍  ഫേസ്  ബുക്ക്‌  താളുകളില്‍  അരങ്ങേറുക  ഉണ്ടായി .
ആ ബഹളങ്ങളില്‍   ആവര്‍ത്തിച്ചു  ആവര്‍ത്തിച്ചു  ഉപയോഗിക്കപ്പെട്ട  ഒരു വാക്കാണ്‌ 
ഫെമിനിസ്റ്റ് 
ആരാണ്  ഫെമിനിസ്റ്റ് ..
ആരാവരുത്  ഫെമിനിസ്റ്റ് ..
ചര്‍ച്ചകള്‍  മുഴുവന്‍ ഈ രണ്ടു നിര്‍വചനങ്ങളെ ചുറ്റി പറ്റിയാണ് നടന്നത്  എന്ന് തന്നെ  പറയാം 
കൂടുതല്‍  കൂടുതല്‍  ആഴത്തിലേക്ക് ഇറങ്ങിനോക്കി യാല്‍ നമ്മള്‍ ചിന്തിക്കുന്നത്  ഇങ്ങനെ  ആണ് എന്നും കാണാം 
നീ ഫെമിനിസ്റ്റ്  ഒക്കെ ആയിക്കോളൂ
പക്ഷെ തെറി  പറഞ്ഞാല്‍  പിന്നെ നീ ഫെമിനിസ്റ്റ്ല്ല 
നീ വലതു പക്ഷ്ത്തെ  തെറി പറഞ്ഞോ
നീ ഫെമിനിസ്റ്റ്  തന്നെ
ആലപുഴ ജില്ലയിലെ എം എല്‍ എമാരെ  വിമര്‍ശിച്ചോ
എങ്കില്‍ നീ വേശ്യ ...കുലട ..
ഫേസ്  ബുക്കിലെ  സൊ കോള്‍ഡ് ബുദ്ധി ജീവികള്‍ പ്രീതയെ  തലങ്ങും വിലങ്ങും  എടുത്തിട്ടു അടിച്ചു  കളഞ്ഞു
ഹിന്ദുവിലും ഏഷ്യാനെറ്റിലും എല്ലാം  വലിയ ചര്‍ച്ചകളും  ആയി
പാര്‍ട്ടി  ഒരു കാര്യവും ഇല്ലാതെ  പ്രതിക്കൂട്ടിലും  ആയി
പ്രീതയെ കുറിച്ച് അസഭ്യമായ ഒരു പേജും പുറത്തിറങ്ങി
ഉടനെ പാര്‍ട്ടി  തിട്ടൂരം വന്നു
ഒരു മോശം ലിങ്ക് പ്രചരിക്കുന്നുണ്ട്
അത് നമ്മള്‍ സംഘടിതമായി റിപ്പോര്‍ട്ട് ചെയ്തു  എടുത്തു  കളയിക്കണം
ഞാനും ആ പേജില്‍ നോക്കി ..റിപ്പോര്‍ട്ട്‌ ചെയ്തു
ഫേസ് ബുക്ക്‌  ടീം നല്ല അന്തസുള്ളവര്‍ തന്നെ
നാലാം ദിവസം മറുപടി വന്നു
ഈ പോസ്റ്റില്‍ ഒരു കുഴപ്പവുമില്ല
അത് നില നിര്‍ത്തുന്നു  എന്ന്
അതിനു മുന്‍പ് പ്രീതയുടെ പ്രൊഫൈല്‍  ആരൊക്കെയോ ചേര്‍ന്ന്  ഇത് പോലെ തന്നെ  ബ്ലോക്ക്  ചെയിച്ചിരുന്നു
പുതിയ പ്രൊഫൈല്‍  ഉണ്ടാക്കുകയാണ്  പിന്നെ പ്രീത   ചെയ്തത്

ഇത്രയും  ഒക്കെ ആയപ്പോള്‍  ഈ വിഷയത്തില്‍  ഒരു വിചിന്തനം  വേണം  എന്ന് തോന്നി
പ്രീജിത് നെല്ലില്‍  എഴുതി അടിയാളരുടെ  ഭാഷ  ആണ്  തെറി
അതിനു നേരെ നെറ്റി  ചുളിക്കേണ്ട എന്ന്

സഖാവ്തോമസ്‌ ഐസക്‌  ,ഫേസ്  ബുക്ക്‌ പോലുള്ള പൊതു ഇടങ്ങളില്‍  തെറി  പറയരുത്  എന്നൊരു പത്രക്കുറിപ്പും ഇറക്കി

തെറി ക്കൊരു തന്തയുണ്ട് 
തെറിയച്ചന്‍
തെറിക്കൊരു അമ്മയുണ്ട്‌ 
തെറിയമ്മ
തെറിക്കു അപ്പൂപ്പന്‍ ഉണ്ടു 
തെറിയപ്പൂപ്പന്‍
തെറിക്കൊരു അമ്മൂമ്മയുണ്ട്‌
തെറിയമ്മൂമ്മ
എന്നാല്‍ തെറി പറയുന്നവന്
ഷാപ്പില്‍ പറയുന്നവനും
ഭാര്യയോട്‌ പറയുന്നവനും
കൂട്ടുകാരോട് പറയുന്നവനും
ഒരു തെറിത്തന്ത ഇല്ല
ഒരു തെറിത്തള്ളയുമില്ല അവനു
കാരണം
അവനൊരു മുട്ടന്‍ തന്തയില്ലാ ത്തെറിയാണ്






എന്നൊരു ഫേസ് ബുക്ക്‌  കവി തെറിയന്മാരെ തന്ത  ഇല്ലത്തവരെന്നും  വിളിച്ചു 
ഇത്രയും ആയ സ്ഥിതിക്ക്  എനിക്കറിയേണ്ടത് ആര്‍ക്കൊക്കെ  തെറി  വിളിക്കാം 
ആരെയൊക്കെ  തെറി  വിളിക്കാം 
എത്ര കഠിനമായി  തെറി  വിളിക്കാം  എന്നൊക്കെയാണ് 

സ്ത്രീ  എന്ന പരിഗണന പ്രീത ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല 
തെറി  ഇങ്ങോട്ട്  പറഞ്ഞാല്‍  അങ്ങോട്ടും  പറയും 
സ്ത്രീ  എന്ന സ്വതന്ത്ര വ്യക്ത്തി  ഒരു തെറി  കേട്ടാല്‍  അങ്ങ്  ചുളുങ്ങി ഒതുങ്ങി മൂക്കും  കുത്തി  താഴെ വീണു  കിടന്നു  പിടയുകയുമില്ല 


ഈയിടെ അമേരിക്കയില്‍  നടന്ന ഒരു വിവാദം ..ഇതുമായി നമ്മള്‍ ചേര്‍ത്തു  വായിക്കേണ്ടതുണ്ട് 
അമേരിക്കന്‍ റിപ്പബ്ലിക്കന്‍  പാര്‍ട്ടി നേതാവും  അവരുടെ പ്രസിഡന്റ്‌  സ്ഥാനാര്‍ഥിയും ആണ്  ഡോനാള്‍ട്‌ ട്രമ്പ്‌.

അടുത്തയിടെ  ഫോക്സ് ടി വി ചാനലിനു  നല്‍കിയ ഒരു അഭിമുഖത്തില്‍ ഒരു ടിവി  അവതാരകയെ  അസഭ്യമായ ഭാഷയില്‍ അധിക്ഷേ പിച്ചു  സംസാരിച്ചു .
സംഭവം  ഇങ്ങനെയായിരുന്നു 
മേഗേയ്ന്‍  കെല്ലി  ആണ് അവതാരക 


നിങ്ങള്‍ക്ക് ഇഷ്ട്ടമില്ലാത്ത  സ്ത്രീകളെ  നിങ്ങള്‍   തടിച്ച   പന്നികള്‍,പട്ടികള്‍ .മടിചികള്‍ വൃത്തികെട്ട മൃഗങ്ങള്‍ എന്നൊക്കെ വിശേഷിപ്പിച്ചതായി    കേട്ടിട്ടുണ്ട് ..നേരാണോ  ("You've called women you don't like 'fat pigs, dogs, slobs, and disgusting animals,'" she began.')

Trump, of course, interrupted. "Only Rosie O'Donnell," he said with a smile.
തീര്‍ച്ചയായും ..റോസീ  ഓ ഡോനോലിനെ മാത്രം 

Kelly wasn't having it. 
കെല്ലി  മതിയാക്കുന്നില്ല 
"For the record, it was well beyond Rosie O'Donnell," she replied. "You once told a contestant on Celebrity Apprentice it would be a pretty picture to see her on her knees. Does that sound to you like the temperament of a man we should elect as president
റോസി  മാത്രമല്ലല്ലോ .ഒരു ഷോ യില്‍ പങ്കെടുത്ത സ്ത്രീയോടെ അവരെ മുട്ട് കാലില്‍  നില്‍ക്കുന്നത് കാണാന്‍  ഇഷ്ട്ടമാണ് എന്ന് നിങ്ങള്‍ പറഞ്ഞു 
ആത്തരം ഒരാള്‍ അമേരിക്കന്‍ പ്രസിഡന്റ്‌  ആകാന്‍ യോഗ്യനാണോ 
അങ്ങിനെ  ഇന്റര്‍വ്യൂ  അങ്ങ് കൊഴുത്തു ..
 അമേരിക്കയിലെ പ്രശസ്തയായ ഒരു ടിവി  ആങ്കര്‍  ആണ് റോസീ  ഓ ഡോനോല്‍ ..നല്ല തടിയുള്ള  സമര്‍ഥയായ ഒരു സ്ത്രീ അവതാരക 

ഇത് വലിയ വിവാദമായി ..എന്നാല്‍ പറഞ്ഞത്  പിന്‍ വലിക്കാനോ ..മാപ്പ് ചോദിക്കാനോ ..ആ പ്രസ്താവന  മോശമായിപ്പോയി എന്ന് പറയാനോ  ഉള്ള മനസ്   ട്രമ്പ്‌ കാണിച്ചില്ല 
പിന്നീട്  സി എന്‍എനു മായി നടന്ന അഭിമുഖത്തില്‍  ട്രമ്പ്‌  കുറ്റം പറഞ്ഞത്  തന്നോട് ആ ചോദ്യം ചോദിച്ച  മേഗെന്‍ കെല്ലി യെയാണ്.കെല്ലി  തന്നോട് ചെയ്തത്  ശരിയായില്ല  എന്നാണു  ട്രമ്പ്‌  വാദിച്ചത് 
അങ്ങിനെ ഒരു ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു അത്രേ 
അവളുടെ കണ്ണില്‍  നിന്നും  പിന്നെ എവിടെ  നിന്നൊക്കെയോ ചോര  ഒലിക്കുന്നത്‌  പോലെ തോന്നി യത്രേ
അത് സ്ത്രീകള്‍ക്കെതിരെയുള്ള  വലിയൊരു  ആക്ഷേപം  ആണെന്ന് സംശയം ഇല്ല . അതിന്റെ പേരില്‍  അമേരിക്കയില്‍  വലിയ  വിവാദം  പൊട്ടി പ്പുറപ്പെട്ടിരിക്കുന്നു

റിപ്പബ്ലികന്‍സ് പൊതുവേ വലതു പക്ഷ  ചിന്താഗതിക്കാരും  പുരുഷ മേധാവിത്തം ശരി എന്ന്  വിശ്വസിക്കുന്നവരും   ആണ് ..സ്ത്രീകളെ  ക്കുറിച്ചുള്ള അവരുടെ പ്രതിലോമ  ചിന്തകള്‍  തന്നെ  ആണ് അവരെ അമേരിക്കന്‍ ഭരണത്തില്‍  നിന്നും തുടര്‍ച്ചായി  അകറ്റി നിര്‍ത്തപ്പെടാന്‍ ഉള്ള  ഒരു  പ്രധാന കാരണം .
അവര്‍   സ്ത്രീ വിരുദ്ധ  ചിന്താഗതിക്കാര്‍  ആണ്  എന്നൊരു ആരോപണം  പൊതുവേ ഉണ്ട് .
അത് മാറ്റാന്‍  ഉള്ള ഭഗീരഥ  യത്നത്തിനിടയില്‍ ആണ് ഈ വിവാദം  കത്തി പ്പടര്‍ന്നത് 
ട്രമ്പ്‌  അമേരിക്കന്‍  പ്രസിഡന്റ്‌  ആയാല്‍  തടിച്ച സ്ത്രീകളെ  പൊതു ഇടങ്ങളില്‍  വിലക്കുമായിരിക്കും.
വ്യക്തി സ്വാതന്ദ്ര്യത്തിന്റെ  ഈറ്റില്ലം  എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയില്‍  ഒരു സ്ത്രീയെ  അവരുടെ ഭാവി  പ്രസിഡന്റ്‌  സ്ഥാനാര്‍ഥി  തന്നെ  ആക്ഷേപിക്കുക ..അതില്‍ യാതൊരു ലജ്ജയും  ഇല്ലാതിരിക്കുക ..എന്നതാണ് സ്ഥിതി  എങ്കില്‍ .ഇങ്ങേ അറ്റത്തെ  കേരളത്തില്‍  .പ്രീതയുടെ  സ്ഥിതി  താരതമ്യേനെ മെച്ചമാണ്  എന്നെ പറയേണ്ടൂ 

പൊതു ഇടങ്ങളിലെ  സ്ത്രീകള്‍  ഇങ്ങനെ പരസ്യമായി  അധിക്ഷേ പിക്കപ്പെടുന്നത് പതിവായിരിക്കുന്നു  എന്നതാണ് ഈ രണ്ടു സംഭവങ്ങളും  കാണിക്കുന്നത് 
.എന്താണതിനു കാരണം 
ഫേസ് ബുക്കില്‍ തനിക്കു  ശരി എന്ന് തോന്നുന്ന  കാര്യങ്ങളെ കുറിച്ച് പോസ്റ്റ്‌ ഇടുന്ന ഒരു വനിതയാണ്‌ പ്രീത.അവരെ  വേശ്യ  എന്ന് വിളിക്കാന്‍  ഫേസ്  ബുക്കിലെ  ആരോ  തയ്യാറായിരിക്കുന്നു .അവരുടെ വീട്ടില്‍ കൊണ്ട് പോയി പണം കൊടുത്ത്  കാര്യം സാധിച്ചു  വന്നവരെ  പ്പോലെ  ആണ് പോസ്റ്റിലെ അധിക്ഷേ പം 
പ്രീത പാര്‍ട്ടി  നേതാവിനെ കുറിച്ച് എഴുതിയത്  അങ്ങ് മാറി  നില്‍ക്കട്ടെ 
തെറിക്കുത്തരം  മുറിപ്പത്തല്‍  എന്ന നിലയിലുള്ള പ്രീതയുടെ  മറുപടികള്‍  അങ്ങ് മാറി  നില്‍ക്കട്ടെ 
 ദിവസം  രണ്ടു  ലക്ഷം പേര്‍ കാണുന്ന  ഒരു ടി വി ഷോയുടെ  അവതാരകയെ ,തടിച്ച  പന്നി  എന്ന് വിളിക്കുക ..
അതാണ്‌ അമേരിക്കയില്‍  സംഭവിക്കുന്നത്‌  എങ്കില്‍ ..പ്രീതയുടെ  പിന്നെ എന്ത്  പറയാന്‍ 
സ്ത്രീയായാല്‍ തന്നെ  ജീവിതം  ബുദ്ധിമുട്ടാണ് ..പ്രീതയയാല്‍ അതിലും ബുദ്ധിമുട്ടാണ് 
റോസി ഓ ഡോനോള്‍ ആകുന്നതു  അതിലും  വിഷമം ആണ് 
ലോകം എങ്ങോട്ടാണ്  പോകുന്നത് 
മുട്ടില്‍ ഇഴയുന്ന സ്ത്രീകളെ  കാണാന്‍  കൊതിക്കുന്ന എം സി പ്പി മാരാണോ..ഈ ലോകം മുഴുവന്‍ 

ഈ  പോക്ക്  പോയാല്‍  അധികം താമസിയാതെ    ഭാരതീയ  നാരിമാര്‍  തലയില്‍ കുഷ്ട്ട  രോഗികള്‍  ആയ ഭര്‍ത്താക്കന്മാരെ  ചുമന്നു വേശ്യാലയത്തിലേക്ക്നടക്കേണ്ടി വരും .പൊതു  ഇടങ്ങളിലേക്ക്  സ്ത്രീകള്‍  കടന്നു  വരാതെ  ആകും ..അതാണോ നമ്മുടെ ബുദ്ധി ജീവികള്‍ക്ക്  വേണ്ടത്