2019, ഫെബ്രുവരി 25, തിങ്കളാഴ്‌ച

അമളി അമളി അമളി

അമളി അമളി അമളി
സത്യത്തിൽ എഴുതാൻ വലിയ മടിയും നാണക്കേടും ഉണ്ട്
എങ്കിലും വേറെ ആർക്കും പറ്റരുതല്ലോ എന്ന് കരുതി എഴുതുന്നതാണ്
വിനയത്തോടെ തല കുമ്പിട്ട് എനിക്ക് പറ്റിയ മണ്ടത്തരം പറയട്ടെ
വാലൻന്റൈൻ ദിവസം മോന് അവന്റെ  മണവാട്ടിക്ക് ഒരു പട്ടി കുഞ്ഞിനെ വാങ്ങി കൊടുക്കാൻ മോഹം .അവൾക്ക് പട്ടികളെയും പൂച്ചകളെയും ഒക്കെ വലിയ സ്നേഹമാണ്
മര്യാദക്ക് ഞാൻ ചെക്കനോട് പറഞ്ഞു
എടാ നമുക്ക് വല്ല ഡ്രെസും വാങ്ങി കൊടുക്കാം .നിങ്ങൾ ഉടനെ അങ്ങ് പോകും.പിന്നെ ഞങ്ങൾ വേണം നോക്കാൻ .ആറാറു മാസം കൂടുമ്പോൾ ഞങൾ അമേരിക്കക്കു പോകും.അതിന്റെ കാര്യം മഹാ കഷ്ട്ടമാകും . .എയ് ചെക്കൻ സമ്മതിക്കുന്നില്ല .സർപ്രൈസ് ആണല്ലോ .അവൾ അറിയാതെ വേണമല്ലോ .ഞാനും അവനും കൂടി ചേരാനെല്ലൂർ ഉള്ള ഒരു പെറ്റ്  ഷോപ്പിൽ ചെന്നു .സാമാന്യം വലിയ കെട്ടിടം ..പട്ടികൾ  ,പൂച്ച കൾ .അക്വേറിയം ,കോഴികൾ ,കിളികൾ ,അക്‌സെസറീസ് ..അങ്ങിനെ അങ്ങിനെ ..എല്ലാമുണ്ടവിടെ
പതിനായിരം രൂപയാണ് ഞങ്ങളുടെ ബജറ്റ് .അതിലൊതുങ്ങുന്ന ഒരു പട്ടി കുഞ്ഞിനെ കണ്ടു .ലാബ്രഡോർ ആണ് .ഒരു മാസം പ്രായം .പെൺ പട്ടിയാണ് .ആ ഇനത്തിൽ    ആൺ പട്ടികൾ ഇപ്പോൾ കടയിൽ സ്റ്റോക്കില്ല.എണ്ണായിരം രൂപ വില .പഗ്ഗുണ്ട് പക്ഷെ 15000 ആണ് വില .എന്തായാലും ലാബിനെ വാങ്ങി .
എന്താണ് ഭക്ഷണം കൊടുക്കുന്നത് എന്നന്വേഷിച്ചു .ഒരു ചെറു പയ്യനാണ് ഞങ്ങളെ എല്ലാം കാണിച്ചു തന്നത് .അവൻ പറഞ്ഞു ..പെഡിഗ്രിയും ചോറും കീമ വേവിച്ചതും നന്നായി ചേർത്തു കയ്യുകൊണ്ട് ഞെരടി കൊടുക്കണം .ദിവസം മൂന്നു പ്രാവശ്യം കൊടുക്കണം ..ആഴ്ചയിൽ ഒരു പ്രാവശ്യം കുളിപ്പിക്കണം
ഇവൻ ചെറിയ കുട്ടി ആയതു കൊണ്ട് ,ഫോണിൽ നിർത്താതെ സംസാരിക്കുക ആയിരുന്ന ഉടമസ്ഥനോട് ഈക്കാര്യമെല്ലാം വീണ്ടും ചോദിച്ചു ഉറപ്പാക്കി .അദ്ദേഹം ഒരു മുന്നറിയിപ്പും തന്നു .പട്ടിക്കുഞ്ഞിന് ഒരു കാരണവശാലും ഉപ്പു ചേർത്ത ഭക്ഷണം കൊടുക്കരുത് .നാല് മാസം കഴിഞ്ഞാൽ പച്ച ഇറച്ചി കൊടുക്കാം .പെഡിഗ്രി ചൂട് വെള്ളത്തിൽ നന്നായി കുതിർക്കണം ..വാക്സിനേഷൻ എടുക്കണം.അയാൾ തന്നെ അതും എടുത്തു തന്നു .കീമയും പെഡിഗ്രിയും ഷാമ്പൂവും പട്ടിയെ കൊതുക് കടിക്കാതിരിക്കാനുള്ള സ്പ്രേയും എല്ലാം കൂടി പതിനായിരത്തിനു മേലായി .അങ്ങേരു വേറെ ഒരു കാര്യം പറഞ്ഞു
ഈ പട്ടിക്ക് സർട്ടിഫിക്കറ്റ് കിട്ടില്ല .കാരണം ഈ പട്ടിയുടെ അച്ചന് സർട്ടിഫിക്കറ്റ് ഇല്ല.അത് കൊണ്ട് പാസ്പോർട്ട് എടുക്കാൻ സാധിക്കില്ല .
എന്ത് സർട്ടിഫിക്കറ്റാണ് എന്ന് മനസിലായില്ല .കെന്നൽ സൊസൈറ്റി യുടെ സർട്ടിഫിക്കറ്റ് ആണ് കിട്ടില്ലാത്തത് .അതുള്ള പട്ടിയാണെങ്കിൽ വില 25000  ആകും .സെര്ടിഫിക്കറ്റ് കിട്ടാത്തതിൽ  നന്നായി മനസ് നൊന്തു ..ഞങ്ങൾ തിരികെ പോന്നു
വീട്ടിൽ വന്നു ഞങ്ങൾ പട്ടി കുഞ്ഞിനെ ശുശ്രൂഷിക്കാൻ തുടങ്ങി .കീമ വേവിക്കുന്നു..പെഡിഗ്രി കുതിർക്കുന്നു ,ചോറ് മിക്സ് ചെയ്യുന്നു .പട്ടിക്കുഞ്ഞു ..ബ്രൗണി ..നല്ല അന്തസായി ഫുഡ് കഴിക്കുന്നു
ദിവസങ്ങൾ കടന്നു പോയി ..ബ്രൗണിക്കു വയറ്റിളക്കം .അതാകെ അവശയായി ..കിടപ്പു തന്നെ .സർക്കാർ വെറ്റിനറി ആശുപത്രിയിൽ കൊണ്ട് പോയി
അങ്ങേരിനി പറയാത്ത ചീത്തയില്ല .നാല് മാസം എങ്കിലും ആകാതെ പട്ടിക്കുഞ്ഞിന് മാംസം കൊടുക്കരുത് ..പെഡിഗ്രി മാത്രമേ കൊടുക്കാവൂ ..പെറ്റ് ഷോപ്പുകാരനോ ..വെറ്റിനറി ഡോക്ടറോ കേമൻ .ഞങ്ങൾക്കൊരു സംശയം
ഡോകരോട് ചോദിക്കാതെ പട്ടിയെ  വാങ്ങിയതിനു വേറെ ചീത്ത .കെന്നൽ  സർട്ടിഫിക്കറ്റ് പട്ടിക്കുഞ്ഞിന് കിട്ടുമെന്നും അങ്ങേരു പറഞ്ഞു
പിന്നീടാണ് കഥയിലെ ഏറ്റവും വലിയ ട്വിസ്റ്റ് ..
ഞങ്ങളുടെ ബ്രൗണി ആൺ പട്ടിയാണ്
കടക്കാരൻ ഇപ്പോൾ ഞങ്ങൾ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല
അയാൾക്ക് കെന്നൽ സൊസൈറ്റി യുടെ സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് തിരക്കേണ്ടിയിരിക്കുന്നു
വിശ്വാസ വഞ്ചനക്കും ,തെറ്റിദ്ധരിപ്പിച്ചതിനും ,തെറ്റായ ഉപദേശം നൽകി കുഞ്ഞു പട്ടിയെ കൊല്ലാറാക്കിയതിനും അങ്ങേർക്കെതിരെ കേസ് കൊടുത്താലോ എന്നാണിപ്പോൾ ഞങ്ങൾ ചിന്തിക്കുന്നത്










2019, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

LOAD POEMS LIKE GUNS-Felisa Hervey (pen name Farzana Marie)


കവിതകൾ ഉണ്ട നിറച്ച തോക്കുകൾ പോലെ ആവട്ടെ

പെൺ കവിതകൾ 

  


ഓരോ നിമിഷവും 
ചുറ്റും ,എവിടെയും എപ്പോഴും 
ബോംബുകൾ,പൊട്ടാറായി നിലക്കുകയാണ് 
നിറ ഉണ്ടകൾ 
പൊട്ടിത്തെറികൾ 
മരണത്തിന്റെ
 നിർത്താത്ത നിലവിളികൾ 
എങ്ങും 
യുദ്ധവും മരണവും ഭയവും മാത്രം 

കവികളെ 
നിയമം ഒന്നും നോക്കേണ്ട 
നിങ്ങളുടെ താളുകളിൽ 
ആയിരമായിരം 
സമാധാനത്തിന്റെ വെള്ള കൊടിക്കൂറകൾ കൊണ്ട് നിറക്കൂ 

പക്ഷെ 
നിങ്ങൾ ആ വാക്കുകൾ തൊണ്ടയിൽ ഒതുക്കിക്കോളൂ 

ഒന്നും പറയേണ്ട ,ഒന്നും എഴുതേണ്ട 

നാദിയ അഞ്ചുമാൻ 
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
 അഫ്‌ഗാനിസ്ഥാനിലെ കുറച്ചു സ്ത്രീ കവികൾ ,എട്ടു പേർ  ചേർന്ന് ,തങ്ങളുടെ കവിതകൾ 
LOAD POEMS LIKE GUNS,എന്നപേരിൽ 
ഒരു   ബുക്ക് ആക്കി പ്രസിദ്ധീകരിച്ചു .അതിലെ LOAD POEMS LIKE GUNS-എന്ന കവിതായാണ് നമ്മളിവിടെ എടുത്തിരിക്കുന്നത് 


ഈ കവിത എഴുതിയത് നാദിയ അഞ്ചുമാൻ എന്ന കവിയാണ് 
കവിതയുടെ പശ്ചാത്തലം അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകാലമാണ് 
2002 ഇൽ താലിബാൻ സേനകൾ അഫ്‌ഗാൻ കീഴടക്കി.രാജ്യത്തിന്റെ 90 ശതമാനവും അവരുടെ കീഴിലായി .അത് വരെ റഷ്യൻ സപ്പോർട്ടായിരുന്നു അഫ്‌ഗാന്ഉ ണ്ടായിരുന്നത് റഷ്യയുടെ പതനത്തോടെ അഫ്ഗാൻ സൈന്യം ദുർബ്ബലമായി .അങ്ങിനെയാണ് അഫാഗാൻ  ടാലിബാന്റെ പിടിയിൽ ആകുന്നത് 

സ്ത്രീകളുടെ സ്വാതന്ത്ര്യം ടാലിബാൻ അതി കഠിനമായി വെട്ടി കുറച്ചു .
സ്ത്രീകൾ ജോലിക്കു പൊയ്ക്കൂടാ.എന്നതായിരുന്നു അതിൽ പ്രധാനം .ഏതാണ്ട് 35000 സാധാരണക്കാരും   20000 ത്തോളം സൈനികരും ,ആ യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു .അത് കൊണ്ട് മിക്ക വീടുകളിലും പുരുഷന്മാർ ഇല്ലാതായി.സ്ത്രീകൾ വീടിനു പുറത്തു ഇറങ്ങാൻ ജോലിക്കു പോകാൻ കഴിയാതെ കുടുമ്പങ്ങൾ പട്ടിണി ആയി.മിക്ക സ്ത്രീകളും തങ്ങളുടെ കുട്ടികളെ അകലെയുള്ള അനാഥാലയങ്ങളിൽ ആക്കി .ഇരുളിൽ വെള്ളമെടുക്കാൻ ഒളിച്ചു പോകേണ്ട സ്ഥിതിയിൽ ആയി സ്ത്രീകൾ.വയ്യാത്ത കുട്ടികൾക്ക് മരുന്ന് വാങ്ങാൻ പോലും അവർക്ക് പുറത്തു ഇറാങ്ങാൻ സാധ്യമല്ലാത്ത സ്ഥിതി ആയി.അച്ഛനോ,അമ്മാവനോ സഹോദരനോ ഭർത്താവോ കൂടെ ഉണ്ടായാലേ സ്ത്രീകൾക്ക് പുറത്തു സഞ്ചരിക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ 
അഫ്ഗാൻ ആശുപത്രികളിൽ ജോലി ചെയ്തിരുന്നത് ബഹു ഭൂരിപക്ഷവും സ്ത്രീകൾ ആയ നേഴ്സുമാരും ഡോക്ടർ മാരുമായിരുന്നു .അവരെ ജോലിക്കു വരുന്നത് താലിബാൻ തടഞ്ഞു .ആശുപത്രികൾ അടച്ചു പൂട്ടി .ഇതറിയാതെ പൂർണ്ണ ഗർഭിണികൾ ആശുപത്രീയിലെത്തി അവിടെ റോഡിൽ ,തനിയെ പ്രസവിച്ചു രക്തം വാർന്നു മരിച്ചു വീണു 
പുറത്തു തനിയെ കാണുന്ന സ്ത്രീകളെ പട്ടാളക്കാർ അടിച്ചോടിച്ചു ..സ്ത്രീകൾക്ക് 
സഞ്ചാര സ്വാതന്ത്ര്യം തീരെയും  ഇല്ലാതെ ആയി .ബസുകളിൽ സ്ത്രീകൾക്ക് ടിക്കറ്റ് കൊടുക്കാൻ കണ്ടക്ടർമാർക്ക് അനുവാദമില്ലായിരുന്നു .അവർ ബസിൽ കയറി അടുത്തിരിക്കുന്ന പുരുഷന്മാരോട് ഒരു ടിക്കറ്റ് എടുത്തു കൊടുക്കാൻ യാചിക്കും .പട്ടിണിയും ദുരിതവും കടുത്ത മഞ്ഞിൽ ,ഒരു കമ്പിളി പോലും വാങ്ങാൻ പണമില്ലാതെയും,പുറത്തു പോയി ആരോടെങ്കിലും യാചിച്ചു വാങ്ങാൻ പോലും പോവാൻ  ആവാതെ സ്ത്രീകൾ കടുത്ത നിസ്സഹായതയിൽ ആത്മഹത്യ ചെയ്യുന്നത് അവിടെ പതിവായി .ഇരുളിൽ അവർ കിലോമീറ്ററുകൾ താണ്ടി അഫ്ഗാൻ അതിർത്തി കടന്നു പാകിസ്ഥാനിലേക്ക് ഒളിച്ചു കടന്നു .അഫ്ഗാൻ ,അങ്ങിനെ സ്ത്രീകളുടെ മരണ ക്കെണിയായി 
അവരുടെ രണ്ടാമത്തെ നിയമം സ്ത്രീകൾ പഠിച്ചു  കൂടാ എന്നതായിരുന്നു .പെൺ പള്ളിക്കൂടങ്ങൾ എല്ലാം അടച്ചു പൂട്ടി .തുറന്ന സ്‌കൂളുകൾ കണ്ടാൽ അധ്യാപകരെയും കുഞ്ഞുങ്ങളെയും വെടി വച്ച് കൊന്നു .
ഈ സമയത്ത് നാദിയ പത്തിൽ പഠിക്കുകയാണ് .ആ സ്‌കൂളും പൂട്ടി അവളുടെ ഭാവി ഇരുളിൽ ആയി 
ഹൂറത് യൂണിവേഴ്‌സിറ്റി ..{ഹൂറത് അഫ്‌ഗാനിലെ ഒരു നഗരമാണ് }യിലെ കുറച്ചു അധ്യാപകർ ചേർന്ന് 
ഒരു തയ്യൽ സ്‌കൂൾ തുടങ്ങി.Golden Needle School എന്ന പേരിൽ .അത് സത്യത്തിൽ ഒരു പഠന കേന്ദ്രമായിരുന്നു .പെൺകുട്ടികളെ അവർ ശാസ്ത്രവും കണക്കും സാഹിത്യവും ഒക്കെ  പഠിപ്പിച്ചു.പട്ടാളക്കാർ വരുമ്പോൾ സൂചിയും നൂലുമായി അവർ തയ്‌ക്കാൻ തുടങ്ങും .കുട്ടികളെ അവർ കളിക്കാനായി പുറത്തു വിടും .അവർ കാവൽക്കാരാണ് .പട്ടാളക്കാർ വരുന്നു എങ്കിൽ അവർ വന്നു പറയും പിടിച്ചാൽ കൂട്ട ബലാത്സംഗവും ഭയങ്കര ശാരീരിക പീഡനവും മരണവുമാണ് ശിക്ഷ .എങ്കിലും ഈ പഠന കേന്ദ്രം ഇരുളിലെ ഒരു ചെറു കിരണമായി പ്രകാശിച്ചു പോന്നു .ആ സ്‌കൂളിൽ പഠിച്ചിരുന്നു എട്ടു പെൺ കുട്ടികൾ ,അവർ എഴുതിയ കവിതകൾ അതീവ രഹസ്യമായി പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം ..കാനഡക്കാരിയായ ഫെലിസ് ഹെർവി ആണ് ഈ കവിതകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത് .
ഹൃദയം  പൊട്ടിയുള്ള ഈ അടിമകളുടെ വേദന നിങ്ങളിലേക്ക് പകർത്താൻ എനിക്കായിട്ടില്ല എന്നത് ദുഖത്തോടെ സമ്മതിക്കുന്നു 
ഇനി കവിതയിലേക്ക് വരാം 
യുദ്ധവും അടിച്ചമർത്തലും  പൊട്ടിത്തെറികളും ,മരണത്തിന്റെ ദയനീയ നിലവിളികളും നിറ  തോക്കിനു മുന്നിൽ നിസ്സഹായരായി തീർന്ന ഒരു ജനത .
അവരുടെ നിസ്സഹായമായ നിലവിളിയാണ് ഇ കവിത 

ഇനി ഈ കവിയെ കുറിച്ച് പറയാം .അമേരിക്കൻ പട്ടാളക്കാർ താലിബാനെ തുരത്തി അവിടെ ജീവിതം സാധാരണ നിലയിൽ ആക്കിയപ്പോൾ ഇവർ വീണ്ടും ഹൂറത് യൂണിവേഴ്സിറ്റിയിൽ ചേർന്ന് പഠനം പൂർത്തിയാക്കി .വിവാഹിതയായി .റംസാൻ നൊയമ്പിന്റെ അവസാനം ബന്ധു ഗൃഹങ്ങളിൽ വിരുന്നു പോകുന്ന ഒരു പതിവ് അഫ്ഗാൻ മുസ്ലിമുകൾക്ക് ഉണ്ട് .അങ്ങിനെ ഒരു റംസാന് തന്റെ സഹോദരിയുടെ അടുത്തു പോകണം എന്ന് ആവശ്യപ്പെട്ട നാദിയയെ ഭർത്താവ് അതി ക്രൂരമായി മർദിച്ചു .തലയ്ക്കു അടിയേറ്റു അവർ ബോധരഹിതയായി വീണു രക്തം വാർന്നു നിലത്തു വീണ അവരെ പിറ്റേ ദിവസം രാവിലെ ആണ് അയാൾ ശ്രദ്ധിക്കുന്നത് ,അപ്പോഴേക്കും അവൾ മരിച്ചു കഴിഞ്ഞിരുന്നു .അയാളെ കോടതി ഏഴു വർഷത്തേക്ക് ശിക്ഷിച്ചു .എന്നാൽ മുസ്ലിം ശരിയത്തിൽ കൊല്ലപ്പെട്ടവരുടെ കുടുമ്പം മാപ്പു കൊടുത്താൽ ,ശിക്ഷ ഒഴിവാക്കുന്ന വ്യവസ്ഥ ഉണ്ട് .വലിയ സമ്മർദ്ദം ചെലുത്തി അയാൾ അവളുടെ പിതാവിന്റെ കയ്യിൽ നിന്നും മാപ്പു വാങ്ങി ജയിൽ ശിക്ഷ ഒഴിവാക്കി പുറത്തു വന്നു .അങ്ങിനെ വെറും 25 വയസുള്ളപ്പോൾ ഇ യുവകവി മരണത്തിനു കീഴടങ്ങി 


ശുഭ ദിനം പ്രിയരേ 

Load poems like guns –

each moment is loaded
with bombs
bullets
blasts
death-sounds –
death and war
don’t follow the rules
you can make your pages into
white flags
a thousand times
but swallow your words,
 say no more.
......................




2019, ഫെബ്രുവരി 15, വെള്ളിയാഴ്‌ച

9 prthviraj movie


9 കണ്ടു 
ഹൊറർ ത്രില്ലെർ എന്ന് പറയാം 
ഞങ്ങൾ സ്ത്രീകൾക്ക് കണ്ടിരിക്കാൻ കുറച്ചു  ബുദ്ധിമുട്ടുള്ള മൂവിയാണ് 
ഈ ചിത്രത്തിൻറെ നല്ല വശങ്ങൾ പറയാം ആദ്യം 
നല്ല തിരക്കഥ 
നല്ല കഥ 
പിരിമുറുക്കം അവസാനം വരെ സൂക്ഷിക്കാൻ കഴിഞ്ഞ ചിത്രീകരണ രീതി 
ആദ്യ ചിത്രം ആയിട്ട് കൂടി അവധാനതയോടെ സിനിമയെ മുന്നോട്ടു കൊണ്ട് പോയ നല്ല സംവിധായകൻ  
രാജുവിന്റെ കലക്കൻ അഭിനയം 
എഡിറ്റിങ്ങിലെ മിഴിവ് ഗാനം എന്ന് പറയാൻ ഒന്നും അങ്ങിനെ കേട്ടില്ല..ഒരു ഹിന്ദി ഈരടികൾ അല്ലാതെ .അത് നന്നായി തോന്നി
ഇതെല്ലാമാണ്‌ നല്ല വശങ്ങൾ 
 നമ്മേ ബുദ്ധിമുട്ടിലാക്കുന്ന ചിലതുമുണ്ട് ഇതിൽ അതിൽ പ്രധാനം
രാജു..സ്വയം ആവർത്തിക്കുകയാണ് എന്നതാണ് 
he is repeating himselfഎന്ന് ഇംഗ്ലീഷിൽ പറയാം
മെമ്മറീസ് എന്ന മൂവിയിൽ പൊലീസുകാരനായി മറവിയിൽ ആയിപ്പോയ കൊലപതാക്കി ആയി നമ്മൾ രാജുവിനെ കണ്ടു .
പോട്ടെ എന്ന് വച്ചു
പിന്നീട് എസ്രാ വന്നു
അതിൽ ഏറ്റവും വലിയ ട്വിസ്റ്റ് വില്ലൻ പെണ്ണല്ല ,,രാജുവാണ് എന്നതായിരുന്നു
അതും നമ്മൾ സഹിച്ചു
മൂന്നാമത് ഇതാ 9
വീണ്ടും ചങ്കരൻ തെങ്ങിൽ  തന്നെ
get down my boy
സയൻസ് ഫിക്ഷൻ ,ആസ്ട്രോ ഫിസിസ്റ് ..കോമെറ്റ് ,ലോകം അവസാനിക്കുന്നു .ഒൻപതു ദിവസം മകനെ രക്ഷിക്കാൻ ..അന്യ ഗൃഹ ജീവി ...അങ്ങിനെ എന്തെല്ലാം എന്തെല്ലാം ആയിരുന്നു പരസ്യത്തിൽ
അമ്പും വില്ലും മലപ്പുറം കത്തിയും ..
വന്നു വന്നു പാവനാഴി ശവമായി
എന്ന മട്ടിലാണ് കാര്യങ്ങളുടെ കിടപ്പ്
നായിക നടി ..അത്ര പോരാ എന്നാണ് എന്റെ ഒരിത്
ഭാവാഭിനയം പഠിക്കാൻ കൊച്ചു പോളിടെക്നിക്കിൽ പോയിട്ടില്ല എന്ന് തോന്നുന്നു
മമ്ത കുറച്ചേയുള്ളൂ .ഉള്ളത് ഗംഭീരമാക്കി .
ഒരു ചെറു പയ്യനാണ് കഥ മുന്നോട്ടു കൊണ്ട് പോകുന്നത് ..അവനത്ര ഗുണമായില്ല എന്ന് തന്നെ പറയേണ്ടി വരുന്നു
ഹിമാലയത്തിന്റെ അന്യാദൃശ്യമായ സൗന്ദര്യം ഒപ്പിയെടുക്കാൻ കാമറ ശ്രദ്ധിച്ചു എന്ന് തോന്നിയില്ല
ഇംഗ്ലീഷ് സിനിമയുടെ കഥയിൽ നിന്നും ആശയം സ്വീകരിക്കാൻ ശീലിച്ചാൽ മാത്രം പോരാ .അവരുടെ ടെക്നിക്കൽ പെർഫെക്ഷൻ ..അത് കൂടി ചിത്രത്തിൽ സന്നിവേശിപ്പിക്കാൻ കഴിയണം .ഹിമാലയത്തിൽ പോയിട്ട് ..ഒരു നല്ല ക്ലിപ് പോലും ആ മഹാ പർവ്വതത്തിന്റേതായി നമ്മുടെ മനസിൽ തങ്ങി നിൽക്കുന്നില്ല എന്നതാണ് ദുഖകരം
ലോജിക്കില്ലാതെ ആരും കഥ പറയരുത്
കാണുന്നവർ എന്ത് മണ്ടത്തരവും വിശ്വസിക്കും എന്നും കരുതരുത് .
പത്തിൽ ആറു കൊടുക്കാം


Produced by‎: ‎Supriya Menon; ‎





2019, ഫെബ്രുവരി 14, വ്യാഴാഴ്‌ച

Binalakshmi Nepram | Imagine there’s no gun

ബിനാ ലക്ഷ്മി -നേപ്രം 
തോക്കുകൾ ഇല്ലാതിരുന്നെങ്കിൽ 
പെൺ കവിതകൾ 

കലാപം 
ഭീകരവാദം ജനിക്കുന്നത് 
ഭരണകൂടങ്ങളുടെ 
വൃത്തികെട്ട നയങ്ങളും 
അഴുകിയ രാഷ്ട്രീയവും 
അഴുകിയ ഭരണ രീതികളും  കൊണ്ടാണ് 
നിരപരാധികൾ കോല ചെയ്യപ്പെടുമ്പോൾ 
കുറ്റമൊന്നും ചെയ്യാത്തവർ തുറുങ്കിൽ അടക്കപെടുമ്പോൾ 
അവർ ഹീനമായി പീഡിപ്പിക്കപ്പെടുമ്പോൾ 
ഒക്കെയാണ് കലാപം ജനിക്കുന്നത്
ഒഴിഞ്ഞ വയറും 
ശൂന്യമായ ഭാവിയും 
എല്ലാമാണ് 
ഒരു ജനതയെ വിപ്ലവത്തിലേക്ക് എത്തിക്കുന്നുത് 
എന്നതാണ് വാസ്തവം 
........................................
Binalakshmi Nepram
The birth of insurgency is in —
Damaging “governmentality",
Dirty policies and politics.
The birth of insurgency is in —
Witnessing innocent deaths,
Wronged arrests and torture.
The birth of insurgency is in —
Hungry bodies
Haunted futures.

Whitney Houston, My Love Is Your Love

പെൺ കവിതകൾ 
....................
വിറ്റ്നി ഹൂസ്റ്റൺ 
...................................
എന്റെ സ്നേഹം നിന്നിലാണ് 
......................................................
നാളെ അവസാനത്തെ വിധിയുടെ  
ദിനമാണെങ്കിൽ  കൂടി   
വിധിക്കപ്പെട്ടവരുടെ മുൻ നിരയിൽ തന്നെ 
ഞാനുണ്ടെങ്കിൽ പ്പോലും   
നീയീ  ജീവിതം കൊണ്ട് എന്തു നേടി 
എന്ന് തമ്പുരാൻ   ചോദിച്ചാൽ 
അത് ഞാൻ നിന്റെ  ഒപ്പം ജീവിച്ചു എന്നതാണ് 
എന്ന ഒറ്റ   മറുപടിയേ എനിക്കുള്ളൂ 
.....................................
................................
പ്രണയ ദിനത്തിൽ ഒരു പ്രണയ കവിത നൽകൂ എന്ന കൂട്ടുകാരായ വായനക്കാരിൽ ചിലർ ആവശ്യപ്പെട്ടത് കൊണ്ടാണ് 
വിറ്റ്നി ഹൂസ്റ്റന്റെ പ്രസിദ്ധമായ ഈ പ്രണയ ഗീതം പോസ്റ്റ് ചെയ്തത് 
........................................
If tomorrow is judgment day
And I’m standing on the front line
And the Lord asks me what I did with my life
I will say I spent it with you.
Whitney HoustonMy Love Is Your Love
..................................
https://www.youtube.com/watch?v=kxZD0VQvfqU
..............................................................
ആഫ്രിക്കൻ അമേരിക്കക്കാരിയായ ഈ പ്രഗത്ഭ സംഗീതജ്ഞ 2011 ഇൽ  അന്തരിച്ചു .അവർ അവസാനമായി സ്റ്റേജിൽ പാടിയ പാട്ടായിരുന്നു ഇത് .1998 ഇൽ ആണ് ഈ പാട്ട് പുറത്തു വരുന്നത് .അവരെ അമേരിക്കക്കാരുടെ പ്രീയപ്പെട്ട ഗായിക ആക്കിയതും ഈ ഗാനമാണ് 

ഇണക്കു മാത്രമല്ല ..ലോകത്തിനും, സമൂഹത്തിനും ,പ്രകൃതിക്കും ,നിങ്ങൾ നിങ്ങളുടെ പ്രണയം നൽകൂ 
എല്ലാവര്ക്കും പ്രണയ ദിനാശംസകൾ




2019, ഫെബ്രുവരി 13, ബുധനാഴ്‌ച

സംഘ പരിവാർ --മോഡി--ബിജെപി --സംഖ്യം

തിരഞ്ഞെടുപ്പ് അടുത്തു വന്നതോടെ ഭാരത  രാഷ്ട്രീയം വളരെ സങ്കീർണമായിത്തീരുകയാണ്  .ഗുരുതരമായ ആരോപണങ്ങൾ ഭരണ, പ്രതിപക്ഷ നേതാക്കൾക്കെതിരെ ഉയർന്നു വന്നു .അത് സാധാരണമാണല്ലോ
അതിലെന്ന വളരെ അത്ഭുതപ്പെടുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ..അതി ശക്തമായ പ്രചാരണം ആണ്.ഇപ്പോഴും മുലകുടി മാറാത്ത രാഹുൽ ഗാന്ധിയാണ് അതിന്റെ പിന്നിൽ എന്ന് കരുതാൻ വയ്യ .
റഫേൽ ഇടപാടിൽ പ്രധാന മന്ത്രിയുടെ ഓഫീസിനെ ബുദ്ധിപൂർവ്വം ബന്ധിപ്പെടുത്തിയിരിക്കുന്നു  .അതും തെളിവോടെ ആണെന്നോർക്കണം .
അനിൽ അംബാനിയെ സഹായിക്കാനായി വഴിവിട്ടു പ്രവർത്തിച്ചു  എന്ന് മറ്റൊരു ആരോപണം .
നമ്മൾ സാധാരണക്കാർക്കോ പത്രക്കാർക്കോ അറിയാത്ത മോഡി സർക്കാരിന്റെ അഴിമതികളെ കുറിച്ച് ഒരു വെബ് സൈറ്റ് തന്നെ ഉണ്ടാക്കിയിരിക്കുന്നു .
പുറത്തു നിന്നുള്ള ആരുമല്ല ഇതിനു പിന്നിൽ എന്ന് പകൽ പോലെ വ്യക്തമാണ്
അകത്തുള്ളവർ ആണെങ്കിൽ ആരായിരിക്കും
വാജ്‌പേയ്  സർക്കാർ രണ്ടാമത് അധികാരത്തിൽ വരാതിരുന്നത് അദ്ദേഹത്തിന്റെ മത നിരപേക്ഷ നിലപാടുകൾ ആർ എസ് എസ് നെ ദേഷ്യം പിടിപ്പിച്ചത് കൊണ്ടാണ് എന്ന് കേട്ടിരുന്നു.സംഘ പരിവാർ , വാജ്‌പേയ് സർക്കാരിനെ കയ്യൊഴിയുകയാണ് ഉണ്ടായത് .രാമ ജന്മ ഭൂമി വിഷയത്തിൽ സംഘ പരിവാറിന്റെ താല്പര്യങ്ങൾ വാജ്‌പേയ് കണക്കിലെടുത്തില്ല എന്നതായിരുന്നു അവരുടെ ദേഷ്യത്തിന് പ്രധാന കാരണം .
ഇപ്പോൾ മോദിയും അതെ കുരുക്കിലാണ്
ബാബറി  മസ്‌ജിദ്‌ വിഷയത്തിൽ മോഡി വലിയ ധർമ്മ സങ്കടത്തിൽ ആണ് .ക്ഷേത്ര നിർമ്മാണം തുടങ്ങിയാൽ സർക്കാരിന്റെ മത നിരപേക്ഷ നിലപാടുകൾ പൊള്ളത്തരമാണെന്നു തെളിയും.ലോക മാധ്യമങ്ങളുടെ മുന്നിൽ ഇപ്പോഴുള്ള അന്തസ് പോകും .ചെയ്തില്ലെങ്കിൽ അധികാരം പോകും

"   മിണ്ടിയാൽ 'അമ്മ തല്ലു കൊള്ളും .മിണ്ടിയില്ലെങ്കിൽ അപ്പൻ പട്ടി ഇറച്ചിതിന്നും"എന്നതാണ് അവസ്ഥ
.മോഡി എന്തായാലും സർക്കാരിന്റെ പേര് കളയേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത് .എന്നാൽ സംഘ പരിവാറിന്റെ തീരുമാനങ്ങൾ ,സംഘടനാ ബലം ..ഇതെല്ലാം വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാരിന്റെ ഭാവി നിർണ്ണയിക്കുന്ന അതി പ്രധാന ഘടകങ്ങളിൽ പ്രധാനമാണ്
നമുക്ക് നോക്കാം എന്താണ് ഭാവിയിൽ സംഭവിക്കുക എന്ന്     

2019, ഫെബ്രുവരി 2, ശനിയാഴ്‌ച

ചില ബജറ്റിയൻ ചിന്തകൾ


 ചില ബജറ്റിയൻ ചിന്തകൾ

ബിജെപിയുടെ ബജറ്റ് കലക്കൻ തന്നെ
ഏഷ്യാനെറ്റും മനോരമയും ഒക്കെ അതിനെ വലിച്ചു  കീറാൻ ശ്രമിക്കുമ്പോഴും..തിരഞ്ഞെടുപ്പ്  ജയിക്കാനായുള്ള ഒരു സർക്കാരിന്റെ രണ്ടും കല്പിച്ചുള്ള ശ്രമങ്ങൾ ആയിട്ട് കണ്ടാൽ മതി എന്നും നമുക്കറിയാം
ഒന്നാം യു പി എ സർക്കാർ അധികാരത്തിൽ വന്നപ്പോൾ എനിക്ക് വലിയ പ്രതീക്ഷ ആയിരുന്നു .മൻമോഹൻ സിങ് ആണ് പ്രധാന മന്ത്രി
അദ്ദേഹത്തിന്റെ ഭാര്യ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരിയാണ് .അന്നും ഇന്നും സ്വന്തം വരുമാനം കൊണ്ട് വളരെ ശ്രദ്ധിച്ചു എളിമയോടെ ജീവിക്കുന്നവരാണ് അവർ ഭാര്യയും ഭർത്താവും .അത് കൊണ്ട് തന്നെ മാസ ശമ്പളക്കാരുടെ കയ്യിൽ നിന്നും കേന്ദ്ര സർക്കാർ ആദായ നികുതി എന്ന പേരിൽ ഈടാക്കുന്ന വലിയ തുക എത്രയാണെന്നും അവർക്കറിയാം.ഫെബ്രുവരി മാസത്തിൽ മിക്കവർക്കും ടാക്സ് കിഴിവ് കഴിഞ്ഞാൽ വീട്ടിൽ കൊണ്ട് പോകാൻ ഒന്നും കാണുകയില്ല എന്നതാണ് വാസ്തവം .ഫെബ്രുവരിയെ ഞങ്ങൾക്കൊക്കെ ഭയമാണ്.അന്നും ഇന്നും.മിക്കപ്പോഴും മാലയോ വളയോ ഒക്കെ പണയം വച്ചാണ് കുടിശിക ആദായ നികുതി അടച്ചു സാലറി വാങ്ങുന്നത്

ഈ ബുദ്ധിമുട്ടൊക്കെ അറിഞ്ഞിട്ടും   മൻമോഹൻ സിങ് ഒരു ചുക്കും ചെയ്തില്ല.അങ്ങേര് സമ്പദ് വ്യവസ്ഥയെ അങ്ങ് ബലപ്പെടുത്തി ബലപ്പെടുത്തി 200 കോടിയുടെ സ്വർണ്ണം വാങ്ങി റിസർവ് ബാങ്കിൽ നിക്ഷേപിച്ചു ..അത്കൊണ്ട്  നമു ക്കെന്ത് പ്രയോജനം ?
ബോംബെ ഹൈ യിൽ പെട്രോളിയം ഖനനത്തിന് യന്ത്ര സാമഗ്രികൾ വാങ്ങിയതിന് .അംബാനിക്ക്ആറായിരം കോടി രൂപ ഇൻകം ടാക്സ് കിഴിവ് കൊടുത്തിട്ടാണ് ,ഞങ്ങളുടെ കഴുത്തിനു ഇവർ കുത്തി പിടിച്ചിരുന്നത്
അത് കൊണ്ട് തന്നെ ഈ സർക്കാർ നികുതി അടയ്‌ക്കേണ്ട പരിധി  ഉയർത്തിയത് വളരെ നന്നായി
അതിനെ സ്വാഗതം ചെയ്യുന്നു.എന്നാലിത് വെറും വാഗ്ദാനമായി മാത്രം തീരുമോ എന്നും സംശയമുണ്ട്.
കർഷകന്റെ ബാങ്കിൽ ആറായിരം രൂപ..ഇട്ടു കൊടുക്കുന്നു.നല്ലത് .ഇന്നലെ ഏഷ്യാനെറ്റിന്റെ ചർച്ചയിൽ പങ്കെടുത്ത ഒരാൾ പറഞ്ഞത് ,തമിഴ് നാട്ടിലെ   ഒരു രാഷ്ട്രീയ കക്ഷി,വീടുകളിൽ തിരഞ്ഞെടുപ്പ് സ്ലിപ് കൊണ്ട് പോയി കൊടുക്കുമ്പോൾ കൂടെ ഒരു അയ്യായിരം രൂപ കൂടി കൊടുക്കുമായിരുന്നു . ഏതാണ്ട് അത് പോലെയാണ് ഈ ആറായിരം എന്ന്അദ്ദേഹം പറഞ്ഞു .
അതിൽ കാര്യമുണ്ട്.
എങ്കിലും എനിക്ക് ലജ്ജയായിപ്പോയി.കേരളത്തിൽ അത് വെറും അഞ്ഞൂറ് രൂപ മാത്രമാണ് .കൂടെ ഒരു പൈന്റും .കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ ഇത് പ്രത്യേകം നോട്ട്  ചെയ്യണം .
ഉള്ളിക്കു, തക്കാളിക്ക്,  മറ്റു വിളകൾക്കൊക്കെ തുച്ഛമായ വില  മാത്രം കിട്ടുന്ന കര്ഷകന്..ഈ ആറായിരം രൂപകൊണ്ട് കാര്യമില്ല . തങ്ങളുടെ വിളകൾക്ക് താങ്ങു വില ആണ് അവർക്ക് വേണ്ടത് .
പൊതു വിതരണ സമ്പ്രദായം ശക്തി പെട്ടാൽ മാത്രമേ..ഈ വിളകൾ സർക്കാറിന്‌  ,താങ്ങു വില കൊടുത്ത് വാങ്ങി സംഭരിച്ചു ,ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ കഴിയൂ.ബജറ്റിൽ പൊതു വിതരണ സമ്പ്രദായം ശക്തിപ്പെടുത്താൻ ഒന്നും വക ഇരുത്തിയിട്ടില്ല.കേന്ദ്ര സർക്കാർ ,നമ്മുടെ റേഷൻ  കടകൾ ,സിവിൽ സപ്പ്ളൈസ്  കോർപൊറേഷൻ , മാവേലി സ്റ്റോറുകൾ പോലെയുള്ളവ  ധാരാളമായി  സ്ഥാപിക്കാൻ നടപടി എടുത്തിരുന്നു എങ്കിൽ താങ്ങു വില  നൽകുക എന്ന വാഗ്ദാനം സർക്കാരിന് കാര്യ ക്ഷമമായി ചെയ്യാൻ കഴിയുമായിരുന്നു .എന്നാൽ താങ്ങു വില കൊടുത്ത് വാങ്ങുന്ന ചരക്കുകൾ കേടാവാതെ സംഭരിക്കാൻ കേന്ദ്രത്തിനോ സർക്കാരുകൾക്കോ കഴിയുന്നില്ല എന്നതാണ് വാസ്തവം.കേന്ദ്ര സർക്കാരിന് കീഴിലുള്ള എല്ലാ ഗോഡൗണുകളും സ്വകാര്യ വ്യാപാര സ്ഥാപനങ്ങൾക്ക്‌  തങ്ങളുടെ ചരക്കുകൾ സൂക്ഷിക്കാനായി ദീർഘ കാല  കരാറിനു  വാടകക്ക് കൊടുത്തിരിക്കുകയാണ്.കേന്ദ്രത്തിനു മാത്രം ചെയ്യാൻ കഴിയുന്ന ചിലകാര്യങ്ങൾ ഉണ്ട്.ഉള്ളി വിളയുന്ന സംസ്ഥാനങ്ങളും വിളയാത്ത സംസ്ഥാനങ്ങളും ഉണ്ട്.അവയെ തിരിച്ചറിഞ്ഞ വിളവെടുപ്പിനു മുൻപേ ഉള്ളി ആവശ്യമുള്ള സംസ്ഥാന ങ്ങളെ സമീപിച്ചു ഈ ഉള്ളിക്ക് മാർക്കറ്റ് ഉണ്ടാക്കണം.ഈ കാര്യങ്ങൾ എല്ലാം ഒന്നോ രണ്ടോ ഐ എ എസ്‌ കാരും ഒരു ഓഫീസാറും വിചാരിച്ചാൽ  ചെയ്യാവുന്ന കാര്യം മാത്രമാണ്
കേരളത്തിലെ സിവിൽ സപ്ലൈസ് വകുപ്പിന് മധ്യപ്രദേശിൽ എന്നാണ് ഗോതമ്പ് വിളവെടുക്കുന്നത് എന്ന് എങ്ങിനെ അറിയാനാണ് .  പൊതു വിതരണ ശൃംഖല ..സ്റ്റേറ്റുകൾക്ക് മാത്രം എന്ന് ചിന്തിക്കാതെ ..ഭാരതത്തിനു എന്ന മുഴുവൻ ചിന്ത ഉണ്ടായാൽ കർഷകരുടെ ആവലാതികൾ ഒരു പരിധി വരെ എങ്കിലും പരിഹരിക്കാൻ കഴിയും
 മൂന്നാമന്മാർക്കും  തരകന്മാർക്കും  പണം സമ്പാദിക്കാൻ അനുവദിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ  നയം ദീർഘ കാലാടിസ്ഥാനത്തിൽ  സാധാരണ കര്ഷകന് ഗുണകരമല്ല തന്നെ .
പൗരൻ നൂറു രൂപ  അടച്ചും  സർക്കാർ  നൂറു രൂപാ കൂടി ഇട്ടുള്ള ക്ഷേമ പദ്ധതി
വളരെ നല്ല ഒരു പ്രൊജക്റ്റാണ് .എന്നാൽ നടപ്പാക്കാൻ അസാധ്യവും .വിദൂരങ്ങളും ഒറ്റപ്പെട്ടതും ആയ ഗ്രാമങ്ങളിൽ ആര് ചെന്ന് ഈ നൂറു രൂപ വാങ്ങും ..അനേകം വർഷങ്ങൾ ഈ തുക എല്ലാ മാസവും അടയ്ക്കണം .അസംഘടിത മേഖല എന്ന് പറഞ്ഞാൽ വയലിലും ചേറിലും ഉഴറുന്ന വിദ്യാഭ്യാസമില്ലാത്ത പട്ടിണി പ്പാവങ്ങൾ ആണെന്നോർക്കണം .
നാലോ അഞ്ചോ മണിക്കൂർ യാത്ര ചെയ്‌താൽ ആവും അവർക്ക് അടുത്തുള്ള  ഒരു ബാങ്കിൽ എത്താൻ ആവുക .
എങ്കിലും പത്തു പേർക്ക് ഗുണം കിട്ടിയാൽ അത്രയും നല്ലത് .
ഇതൊരു ബജറ്റല്ല എന്നതാണ് മറ്റൊരു വസ്തുത.അടുത്ത സർക്കാർ വരുന്നത് വരെയുള്ള.ധന വിനിയോഗ ബില്ലു മാത്രമാണിപ്പോൾ അവതരിപ്പിച്ചത് .
പീയുഷ് ഗോയൽ പറഞ്ഞത്
ഇതിൽ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ആവുമോ എന്ന് പറയാൻ കഴിയില്ല.അത് തീരുമാനിക്കേണ്ടത് ഇനി വരുന്ന സർക്കാർ ആണെന്നാണ് .വരുന്നത് മോഡി സർക്കാർ അല്ലെങ്കിൽ പിന്നെ സ്വപനം കണ്ടിട്ട് ഒരു കാര്യവുമില്ല
എടുത്താൽ പൊങ്ങാത്ത ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച ഈ ബജറ്റ് ,സത്യത്തിൽ ,രാഹുൽ ഗാന്ധിക്ക് കിട്ടിയ ഇരുട്ടടി ആണ് .ഇനി അദ്ദേഹം അധികാരത്തിൽ വന്നാൽ മുൻ സർക്കാരിന്റെ ഇത്ര മഹത്തായ ആനുകൂല്യങ്ങൾ റദ്ദാക്കി മുൻപോട്ടു പോയാൽ മോശക്കാരൻ ആവും .രാഹുൽ മുന്നോട്ടു വച്ച  വാഗ്ദാനങ്ങൾ തന്നെ നടപ്പിലാക്കാൻ പറ്റാത്തതും അസാധ്യവും ആണെന്നിരിക്കെ ..അതിലും അസാധ്യവും അതി ഭയങ്കരമായ ഋണ ബാധ്യത ഉണ്ടാക്കുന്നതും ആണ് മോദിയുടെ വാഗ്ദാനങ്ങൾ
ഈ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ..ഈ രണ്ടു വ്യക്തികൾക്കും ആവുകയില്ല
ആയാൽ ത്തന്നെ അത് നമ്മൾ സാധാരണക്കാരന്റെ നികുതി പണം എടുത്ത് തോന്ന്യവാസം കളിക്കുന്നതാവും എന്നും നമുക്കറിയാം.

എന്തായാലും കേരള ബജറ്റ് അതിന്റെ സൂക്ഷ്മത കൊണ്ടും,വിശദമായ പ്ലാനിങ് കൊണ്ടും  നമ്മെ അമ്പരിപ്പിച്ചു
 കേന്ദ്ര ബജറ്റ് അതിന്റെ ധാരാളിത്തം കൊണ്ടും,നൽകിയ വാഗ്‌ദങ്ങൾക്കുള്ള ധന സ്രോതസ് എവിടെ നിന്നും ഉണ്ടാക്കും എന്ന് കാണിക്കാതെയും  നമ്മെ ആശങ്കയിൽ ആഴ്ത്തി     ,രാഹുലിന്റെ വാഗ്ദാനങ്ങൾ വളരെ അധികപ്പറ്റായി തോന്നി  ..
തിരഞ്ഞെടുപ്പല്ലേ വരുന്നത് .ഇപ്പോൾ എന്തെങ്കിലും കിട്ടിയാൽ കിട്ടി എന്നാണ് സാധാരണക്കാരന്റെ നിലപാട്
അപ്പോൾ ഇനി ഗോദയിൽ കാണാം