2015, മാർച്ച് 7, ശനിയാഴ്‌ച

ഹിമാലയൻ വിശേഷങ്ങൾ..part 11

ഭാഗം 9

അതി രാവിലെ ഏതാണ്ട് നാല് മണിക്കാണ് ഞങൾ റിഷികേശിൽ  എത്തിയത്. നല്ല തണുപ്പും ഉറക്കച്ചടവും ഞങ്ങളെ  ഒരു പോലെ കഷ്ട്ടപ്പെടുത്തി എന്നെ പറയേണ്ടൂ.വണ്ടിയിൽ കയറിയിട്ട് സ്വയം പരിചയപ്പെടുത്താൻ  മിനക്കെടാതിരുന്ന ഒരു ഗൈഡ് ആയിരുന്നു  കൂടെ ഉണ്ടായിരുന്നത് .മലയാളിക്ക് സഹജമായ രീതിയിൽ ഞങ്ങളും പേരെന്താ സാറേ എന്നൊന്നും ചോദിക്കാനും പോയില്ല
അതി രാവിലെ ബസിൽ നിന്നും ഞങ്ങളെ ഓട്ടോ റിക്ഷാ യിലേക്ക് മാറ്റിയതോടു കൂടി ഞങ്ങൾക്ക് ആ ചെറുപ്പക്കാരനെ ഇഷ്ട്ടവും അല്ലാതെയായി
റിക്ഷക്ക് പടുതായും ഇല്ല..ചില്ലും ഇല്ല..നല്ല തണുപ്പുള്ള കാറ്റും . കുത്തുന്ന തണുത്ത കാറ്റ് ഞങ്ങളെ കൊല്ലാതെ കൊന്നു .ഒരു ആശ്രമത്തിലാണ് ഞങ്ങൾ എത്തിയത് .കുളിക്കാനും  മറ്റും സൗകര്യം ചെയ്തു തന്നു അവർ ..ഈ തണുപ്പത്ത് ആര് കുളിക്കുന്നു ,5.15 എ.എം ആയപ്പോൾ എല്ലാവരും വീണ്ടും വീണ്ടും ഓട്ടോയിൽ കയറി .ഒരമ്പലത്തിന്റെ മുന്നിൽ ഇറങ്ങി ..ഇരുട്ടിൽ ഞങ്ങൾ കുറെ നടന്നു ഒരു കാപ്പി ക്കടക്കാരന്റെ മുന്നിലെത്തി .ചായയൊക്കെ കുടിച്ചു വീണ്ടും തണുത്തു വിറച്ചു ഞങ്ങൾ മുന്നോട്ടു നീങ്ങി .
The  pied piper എന്നൊരു പഴയ സിനിമ നിങ്ങൾ കണ്ടിട്ടുണ്ടോ
ഹംലിൻ എന്ന നഗരത്തിൽ എലി ശല്യം കൂടിയപ്പോൾ അവിടുത്തെ മേയർ എലികളെ  ഓടിക്കുന്നവര്ക്ക് വലിയ സമ്മാനങ്ങൾ വാഗ്ദാനം ചെയ്തു .അത് കേട്ടു, ഒരു മായ ക്കുഴലൂത്തുകാരൻ എത്തി .തന്റെ മാന്ത്രിക ക്കുഴലൂതി കടലിലേക്ക്‌ നടന്നു .പിറകെ നഗരത്തിലെ മുഴുവൻ എലികളും ഇറങ്ങി ചെന്നു .അയാൾ  ചെന്ന് കടലിൽ ഇറങ്ങി മുന്നോട്ടു നടന്നു .എലികൾ എല്ലാം പിറകെ ചെന്ന് ..കടലിൽ വീണു മരിച്ചു .എന്നാൽ മേയർ വാക്ക് പാലിച്ചില്ല .വാക്ക് പറഞ്ഞ സമ്മാനം നല്കിയില്ല.അയാള് വീണ്ടും പൈപ്പ് ഊതി ..നഗരത്തിലെകുട്ടികൾ മുഴുവൻ അയാളുടെ പിറകെ പോയി
ആ സിനിമയിൽ  ഒരു കുഞ്ഞെലി ഉണ്ട് .കുഴലൂത്തുകാരൻ ഊതുമ്പോൾ ഈ കുഞ്ഞെലി  എപ്പോഴും പിറകിൽ ആയിരിക്കും ..ഓടിയും വലിഞ്ഞും എല്ലാവരുടെയും കൂടെ  എത്തും.ഈ ടൂറിൽ മുഴുവൻ ആ കുഞ്ഞെലിയെപ്പോലെ  ഞാൻ പിറകിൽ ആയിരുന്നു .തണുത്തു വിറച്ചു താടിയും കൂട്ടി ഇടിച്ചു പതുക്കെ പതുക്കെ ആണ് എന്റെ നടപ്പ് .പുഷ്പ്പ യും മറ്റുള്ളവരും നല്ല സ്മാർട്ട്‌ ആയി  മുൻപേ പോകുന്നു  ..ഗൈഡ് എന്നെ അന്വേഷിച്ചു വരും .അങ്ങേർക്കത്  തീരെ പിടിക്കുന്നില്ലന്നു മനസിലായി .നേരം വെളുത്തിട്ടില്ല  .മഞ്ഞിൽ കണ്ണടയിൽ  ഒരു മൂടൽ വീഴും .എനിക്കാണെങ്കിൽ സ്റ്റെപ് ഇറങ്ങുമ്പോൾ ഭയങ്കര ഭയമാണ് .ഇപ്പോൾ വീഴും എന്നൊരു  പേടി .
കുറെ ദൂരം നടന്നും സ്റ്റെപ്പു കയറിയും ഇറങ്ങിയും അമ്പലങ്ങളിൽ കയറിയും ഒക്കെ നേരം പുലരുന്നതിനു മുൻപ് ഞങ്ങൾ ഒരു തൂക്കു പാലത്തിനടുത്തെത്തി
ആ ഇരുമ്പു തൂക്കു പാലത്തിന്റെ പേരാണ്"" ലക്ഷ്മണ്‍ ത്ധൂല""1929 ഇൽ ആണ് ഈ പാലം നിർമ്മിച്ചത്
താഴെ ഭാഗീരഥി നദി ഒഴുകുന്നു .പണ്ട് ലക്ഷ്മണൻ ചണ നൂല് കൊണ്ട് നിർമ്മിച്ച താണ്  ഈ പാലം എന്നാണ് ഐതിഹ്യം. റിഷികേശിന്റെ മുഖമുദ്രയാണ്  ഈ പാലം
എനിക്കെന്നാൽ ഈ പാലത്തിൽ കയറിയപ്പോൾ ആ ഗൈഡിനെ  പ്പിടിച്ചു രണ്ടു കൊടുക്കാൻ ആണ് തോന്നിയത് .ആകാശ ത്തിലെ മഴവില്ല് പോലെ ചക്രവാളത്തിലെ സൂര്യനെ പ്പോലെ ഇത് മാഞ്ഞു പോവുകയോന്നുമില്ലല്ലോ .പകൽ  മുഴുവൻ ആ പാലം  ഇവിടെ തന്നെയുണ്ടല്ലോ .അങ്ങോട്ടും ഇങ്ങോട്ടും മുഖംകാണാൻ പറ്റാത്ത  ഈ  ഇരുട്ടിൽ തന്നെ വന്നു കാണണോ  ..


ആടുന്ന പാലം .ഭാഗീരധിയുടെ ചൂളം കുത്തുന്ന കാറ്റ് .ഹിമലയത്തിലെ  മഞ്ഞിന്റെ തണുപ്പ് ..
ഒരു ശിക്ഷപോലെ ആയിപ്പോയി ഇത്
കാറ്റിന്റെ ശക്തികൊണ്ട് ഞാനൊക്കെ പതുക്കെ അങ്ങോട്ടും ഇങ്ങോട്ടും ഉലയുന്നുമുണ്ട് .ഏതാണ്ട് 450 അടിയാണ് ഇതിന്റെ നീളം .ഞങ്ങൾ നടന്നു മറുവശത്തെത്തി .അപ്പഴും ഇരുട്ട് മാറിയിരുന്നില്ല
അവിടെ ചില  അമ്പലങ്ങൾ സന്ദർശിച്ചു .ഒരു ക്ഷേത്രത്തിലെ  ആരതി കണ്ടു .ഒന്ന് പറയാം..ഈ ആരതി മനോഹരമായ ഒരു അനുഭവമാണ്‌
നല്ല ആരോഗ്യ മുള്ള ഒരു സ്വാമി ഒരു വലിയ വിളക്കുമായി വിഗ്രഹങ്ങളിൽ ഉഴിയുകയാണ് .വിളക്ക് എന്നാൽ അനേകം കൊച്ചു കൊച്ച്‌  വിളക്കുകൾ ചേര്ന്ന ഒരു വലിയ സഞ്ചയമാണ്




ഒരു സർക്കസ്കാരന്റെ കര വിരുതോടെ  നല്ല മെയ് വ ഴക്കത്തോടെ പൂജാരിആരതി ഉഴിഞ്ഞു .    ഞങ്ങൾക്ക് ആയി പുറത്തേക്ക് കൊണ്ട് വന്നു .ഇടക്കൊക്കെ  ഗൈഡ് ഹിന്ദിയിൽഓരോ മുദ്രാവാക്യം വിളിക്കും .അതിന്റെ  വരികൾ ശരിക്കും ഓർക്കുന്നില്ല .എങ്കിലും ദൈവത്തെ വിളിക്കുന്നതാണ് ..ജയ് ശ്രീരാം പോലെ എന്തോ ഒന്ന് .ഞങ്ങൾ മലയാളികള് ആരും അത് ഏറ്റു വിളിച്ചില്ല .കാരണം നമ്മൾ മലയാളികൾ ആണല്ലോ
ആരതി കഴിഞു പ്രസാദം കിട്ടി .നമ്മുടെ കൂട്ടുപയാസം പോലെ..അത്ര മധുരം  ഇല്ലന്നേ ഉള്ളൂ .അപ്പോഴേക്കും നേരം നന്നായി വെളുത്തു .പ്രഭാത ഭക്ഷണം കഴിഞ്ഞു ഷോപ്പിങ്ങിനിറങ്ങി .
രുദ്രാക്ഷങ്ങളെ ക്കുറിച്ച് ഒരു ക്ലാസിൽ  പങ്കെടുത്തു .
 നമ്മൾ കരുതുന്നത് പോലെ ഇതൊരു നിസാര കുരുവല്ല
രുദ്ര..രുദ്രൻ ..ശിവൻ ..  അക്ഷം ..കണ്ണു
ശിവന്റെ കണ്ണുകൾ ആണ് രുദ്രാക്ഷം എന്നാണു  വിശ്വാസം
ക്രിസ്ത്യാനികൾ കൊന്ത എത്തിക്കുന്നത് പോലെ ഹിന്ദുക്കൾ പ്രാർധിക്കുന്നതു ഈ രുദ്രാക്ഷ മാലയിലെ മുത്തുകൾ എണ്ണിയാണ് .ഒത്തിരി ദൈവീകവും അല്ലാത്തതുമായ ധാരാളം ഗുണ വൈശിഷ്ട്യങ്ങൾ ഇവക്കു  ഉണ്ട് എന്ന് പറയപ്പെടുന്നു .അപൂർവ്വമായ ഒരിനം രുദ്രാക്ഷം ആണ് ഏകമുഖ രുദ്രാക്ഷം
അതിന്റെ ചിത്രങ്ങൾ ആണ് താഴെ ..ഒരു ഗ്രൂവ് ..ഒരു വര മാത്രം ഉള്ളവയാണ് അവ



ദ്വിമുഖ രുദ്രാക്ഷം താഴെ കാണുന്നത് പോലെ ആണ്



അങ്ങിനെ പലമുഖ രുദ്രക്ഷങ്ങൾ ഉണ്ട് ,പഞ്ച മുഖ രുദ്രക്ഷങ്ങൾ ആണ് കൂടുതലും കാണപ്പെടുന്നത് ..ധാരാളം രുദ്രാക്ഷ മരങ്ങൾ  നമുക്ക് റിഷികേശിൽ കാണാം
ആ ഷോപ്പിൽ നിന്നും ഞങ്ങൾ അതും ഇതുമൊക്കെ വാങ്ങിച്ചു
ഒരു ചെറിയ പ്ലാസ്റ്റിക് ജാറിൽ കുറച്ചു ഗംഗാ ജലവും എടുത്തു .
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ഗൈഡിനോടുള്ള വൈരാഗ്യം ഒന്ന് കുറഞ്ഞു .തണുപ്പും കുറഞ്ഞിരുന്നു .
2014ലെ കേദാർനാധ്   വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും വന്നപ്പോൾ പുള്ളിയും 26 പേർ അടങ്ങുന്ന ഒരു  സംഘം ഭക്തരുമായി മല മുകളിൽ അകപ്പെട്ടുപോയി  .ഭക്ഷണമോ വൈദ്യുതിയോ ഇല്ലാതെ 72 മണിക്കൂർ കഴിയേണ്ടി വന്നു .താഴേക്കു പോന്നവർ എല്ലാം മരിച്ചു . 5700 ടൂറിസ്റ്റുകളും 934 തദ്ദേശ വാസികളും ഈ വെള്ളപ്പൊക്കത്തിൽ മരിച്ചു എന്നോർക്കണം .ചുമ്മാതല്ല ആ പയ്യൻ  ഇടയ്ക്കിടയ്ക്ക് ദൈവത്തെ വിളിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസിലായി .


പിന്നെ ഞങ്ങൾ ഹരിദ്വാറിലേക്ക് പോയി

അവിടെയാണ് ഗംഗ ...സാക്ഷാൽ ഗംഗ ആകുന്നത്

ഭാഗം 10
റിഷികേശിൽ നിന്നും ഏതാണ്ട് 30 കിലോ മീറ്റർ അകലെയാണ് ഹരിദ്വാർ


ഗംഗയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ഒരു പുണ്യ നഗരം .ഗംഗയിൽ മുങ്ങിയാൽ തീരാത്ത പാപം ഏതു ?
ഏതു ഗംഗയിൽ കുളിച്ചാൽ ആണ് ഈ പാപമൊക്കെ തീരുക എന്ന് സിനിമയിലെ വില്ലന്മാരോട് നായികമാർ ചോദിക്കുന്നത് ഓർമ്മയില്ലേ
അതെ..പാപ നാശിനി ഗംഗ ..
 നദീ തീരത്ത്‌ അനേകം ഘട്ടുകൾ ..കുളിക്കടവുകൾ ..അതിലിറങ്ങി  മുങ്ങിയാൽ മുജ്ജന്മ പാപം വരെ നീങ്ങി പ്പൊകും  എന്നാണു വൈപ്പ്


അഗ്നിഹോത്രികൾ കാശിക്കു പോവുകയായിരുന്നു
പാക്കനാർ ചോദിച്ചു എന്തിനാണ് ചേട്ടൻ കാശിക്കു പോകുന്നത്
എല്ലാ പുണ്യ തീർഥങ്ങളിലും മുങ്ങണം..ഇത് വരെ ചെയ്ത പാപം എല്ലാം ഗംഗ മാതാവിൽ അർപ്പിക്കണം
പാക്കാനാർ സമ്മതിച്ചു
ചേട്ടാ ഈ ചുരക്ക കൂടി എല്ലാ തീർധങ്ങളിലും മുക്കി കൊണ്ട് വരുമോ
ദൈവീകാംശമുള്ളവനാണ് പാക്കനാർ .ചുമ്മാ ഒരു ചുരക്ക മുക്കി കൊണ്ട് വരാൻ പറയില്ല .അഗ്നിഹോത്രി യാധവിധി ഗംഗാ സ്നാനം കഴിഞ്ഞു ചുരക്കയേയും മുക്കി . തിരികെ എത്തി  .പാക്കാനാരെ വിളിച്ചു ചുരക്ക ഏൽപ്പിച്ചു .
ഭയഭക്തി ബഹുമാനങ്ങളോടെ  ചുരക്ക കയ്യിൽ  വാങ്ങി പാക്കനാർ ഒന്ന് കടിച്ചു
മുഖം ചുളിച്ചു
ച്ചുരക്കക്ക് കൈപ്പു തന്നെ
എല്ലാ പുണ്യ തീര്ധങ്ങളിലും മുക്കിയിട്ടും ഈ ച്ചുരക്കയുടെ കൈപ്പു  മാറിയില്ലല്ലോ ചേട്ടാ .എങ്കിൽ അങ്ങയുടെ തീർഥ സ്നാനവും വ്യര്ധം തന്നെ .എന്ന് മൊഴിഞ്ഞു
ഗംഗയുടെ തീരത്ത്‌ വൃദ്ധരും സ്ത്രീകളും കുട്ടികളും എല്ലാം മുങ്ങി നിവരുന്ന കാഴ്ച കണ്ടപ്പോൾ ഈ കഥ ഓര്മ്മ വന്നു
നല്ല ഒഴുക്കും നല്ല തണുപ്പും ..എന്റെ പാപങ്ങൾ  ചുരക്കയുടെ കൈപ്പു പോലെ ഈ സ്നാനം കൊണ്ടുണ്ടോ മാഞ്ഞു പോകുന്നു



അവിടെ ഉള്ള ചില പുരാതന ക്ഷേത്ര സമുച്ചയങ്ങൾ കണ്ടു
അടുത്തതായി  മാനസാ  ദേവിയുടെ ക്ഷേത്ര സന്ദര്ശനം ആയിരുന്നു
നമ്മൾ മലയാളികള്ക്ക് ശിവന്റെ രണ്ടു പുത്രന്മാരെയാണ് പരിചയം
സുബ്ര മ്മണ്യനും ഗണപതിയും . ഒരു പുത്രി കൂടിയുണ്ട് .മാനസ ദേവി
ആ ദേവിയുടെ പ്രതിഷ്ട്ട ഉള്ള ഒരു അമ്പലം കണ്ടു
നമ്മുടെ പഴനി പോലെ ഒരു വലിയ കുന്നിൻ  മുകളിൽ  ആണ് ഈ അമ്പലം പണിതിരിക്കുന്നത്




ശിവരാത്രിക്ക്  രണ്ടു ദിവസം മുന്പായിരുന്നു ഞങ്ങൾ അവിടെ എത്തിയത് അമ്പലത്തിനടുത്തുള്ള ഒരു മൈതാനത്ത് നമ്മുടെ കാവടി പോലെ ഒരു വളഞ്ഞ വില്ലിൽ പ്ലാസ്റ്റിക് പൂക്കൾ ഒക്കെ  പിടിപ്പിച്ചു അലങ്കരിച്ചു തോളിൽ ഏന്തി  ആളുകൾ  മല കയറാൻ തയ്യാറെടുക്കുന കാഴ്ച കണ്ടു .ഉത്സവം 9  ദിവസമാണ്.ആ ദിവസങ്ങള് മുഴുവൻ ഗ്രാമീണർ താഴെ ഗംഗയുടെ തീരത്തുള്ള മൈതാനിയിൽ തമ്പടിക്കും.താത്ക്കാലിക   മരുന്നുകൾ ,ടോയിലെറ്റുകൾ എല്ലാം സര്ക്കാർ  ഒരുക്കും .ആ ഗ്രാമീണ ഉത്സവ ലഹരിയിൽ ഞങ്ങളും അങ്ങ് മുഴുകി
നല്ല കുങ്കുമം രണ്ടു നിറത്തിൽ വാങ്ങി.പിന്നെ ലോട്ടും ലോടുക്കും ഒക്കെ.അവരുടെ ഭക്ഷങ്ങൾ ഒന്നും വാങ്ങി ക്കഴിക്കരുത് എന്നൊരു മുന്നറിയിപ്പ്  ഗൈഡ് തന്നിരുന്നു .അത് കൊണ്ട് അതിനു തുനിഞ്ഞില്ല
ഗംഗയിൽ ആളുകൾ  കുളിക്കുന്നത് കണ്ടു.വെള്ളത്തിനു അതി ഭയങ്കര ഒഴുക്കാണ്.നല്ല തണുപ്പും .
അവിടെ നിന്നും കയറി പാലം   കടന്നു ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു .കുന്നിനു മുകളിലെ ഈ ക്ഷേത്രം 11 ആം നൂറ്റാണ്ടിൽ ആണ് നിർമ്മിച്ചത്
ഞങ്ങൾ റോപ് വേ യിൽ കയറി ആണ് പോയത് .



ഹരിദ്വാർ മാത്രമല്ല കാണാൻ സാധിച്ചത്.അത്ര ഉയരത്തിൽ ആണ് നമ്മൾ സഞ്ചരിക്കുന്നത്
അമ്പലത്തിൽ രണ്ടു വിഗ്രഹങ്ങൾ  ആണ്.ഒന്നിൽ  ദേവിക്ക് മൂന്നു വായും അഞ്ചു കൈകളും ആണുള്ളത് .മറ്റേതിൽ എട്ടു കയ്യുകൾ .

ഭാരതത്തിലെ മൂന്നു സിദ്ധ  പീഠങ്ങളിൽ ഒന്നാണ് ഇത്.മറ്റേതു രണ്ടും മായ ദേവിയുടെയും ചാണ്ടി ടെവിയുടെതും ആണ്.ഇത് മൊന്നും സന്ദര്ഷിക്കുന്നത് ഉത്തമം ആണെന്ന് കരുതപ്പെടുന്നു .ഭക്തർ മുത്തുകൾ കോർത്ത മാലയും വള കളും എല്ലാം അഭീഷ്ട്ട സിദ്ധിക്കായി ഇവിടെ ഒരു മരത്തിൽ കൊണ്ട് കെട്ടുന്നു.ഞാത്തി ഇടുന്നു എന്നെ ഉള്ളൂ
 അമ്പലം മുഴുവൻ ഇവ കാണാം .ഫല പ്രാപ്തി ഉണ്ടായാൽ ഇവ വന്നു അഴിച്ചു മാറ്റണം എന്നാണ് നിയമം .അത് നടക്കുന്നുണ്ട് എന്ന് തോന്നുന്നില്ല
.
കുന്നു കയറി കാവടികളുമായി ധാരാളം ഭക്തർ  വരുന്നുണ്ടായിരുന്നു .അര മണിക്കൂർ  ക്യൂ നിന്ന് തൊഴുതിറങ്ങി.അമ്പലത്തിനകത്ത് പൂജാരിമാർ ഇവിടെ ഉരുവായൂരോക്കെ ഉള്ള പോലെ കുങ്കുമ ചാറുമായി ഇരിപ്പുണ്ട്.നമ്മൾ പണം കൊടുത്താൽ നമുക്ക് പ്രസാദം തരും .അതിൽ ഒരാള് എന്റെ ഒഴിഞ്ഞ നെറ്റി കണ്ടു സഹിയാഞ്ഞു അതിൽ ഒരു വലിയ കുങ്കുമ ക്കുറി..അതും ചാലിച്ചത് തൊടുവിച്ചു തന്നു  .പുഷ്പ ഉടനെ അതിന്റെ ഫോട്ടോ എടുത്തു .ഞാൻ ഉമ ദേവിയല്ല .ഉമ ഭാരതിയാണ് എന്നൊരു പ്രസ്താവനയും നടത്തി .
അവിടെ നിന്നും കഴിക്കാവുന്ന പ്രസാദം  ഒക്കെ വാങ്ങി .അതെല്ലാം അപ്പോൾ തന്നെ തിന്നു തീര്ക്കുകയും ചെയ്തു .നല്ല വിശപ്പുണ്ടായിരുന്നു .പച്ചരി ചോറും നമുക്ക് പിടിക്കാത്ത ചില കറികളും ഒക്കെ കൂട്ടി ഊണ് കഴിച്ചു ഞങ്ങൾ തിരികെ ബസിൽ കയറി

ജയ്പ്പൂർ ..നഗരങ്ങളുടെ റാണി
അവളെ ക്കുറിച്ച് അടുത്തത്‌

ഭാഗം 11

ജയ്പ്പൂർ
എന്റെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ജയ്പ്പൂർ ഒന്ന് കാണണം എന്നത്.
ഡൽഹിയിൽ നിന്നും  ഏതാണ്ട് 270 കിലൊമീറ്റർ ദൂരം ദേശീയ പാതഎട്ടിൽ കൂടി സഞ്ചരിച്ചാൽ നമ്മൾ ഈ പിങ്ക് സിറ്റിയിൽ എത്തും


മഹാരാജ മാൻ സിംഗ് 1857 ഇൽ ശിപായി ലഹളയിൽ ബ്രിട്ടീഷുകാരുടെ ഭാഗം ചേർന്നു സഹായിച്ചു .തുടർന്ന് അന്നത്തെ
,പ്രിൻസ് ഓഫ് വെയിൽസ്(എഡ്വാർഡ്   ഏഴാമൻ രാജാവ്‌)  ജയ്പ്പൂർ സന്ദർശിച്ചു .രാജകുമാരന്റെ ബഹുമാനാർഥം മഹാരാജ മാൻ സിംഗ്  ആണ് അന്നത്തെ  നഗരത്തിലെ കെട്ടിടങ്ങൾ ചുവപ്പ് നിറം ആക്കി മാറ്റിയത് .
പിന്നീട് വന്ന രാജാക്കന്മാർ എല്ലാവരും ആ നിറം തന്നെ പിന്നീട് സ്വീകരിച്ചു.അങ്ങിനെ ആണ് ആ നഗരം പിങ്ക് സിറ്റി ആയതു

ആ ചുവന്ന നഗരം കണ്ടു കഴിഞ്ഞപ്പോൾ വലിയ സന്തോഷവും തോന്നി



രാജ നഗരം തന്നെ ..അവിടെ കണ്ട കാഴ്ചകൾ അനേകമാണ് ...ചിലയിടത്ത് നൂറ്റാണ്ടുകൾ മരവിച്ചു നിൽക്കുന്നത് പോലെ തോന്നും
21 ആം നൂറ്റാണ്ടിൽ അല്ല നമ്മൾ ഇപ്പോഴും ആ പതിനഞ്ചാം നൂറ്റാണ്ടിൽ തന്നെ ആണോ എന്ന് സംശയിച്ചു പോകും
ഒരു പ്രധാന സന്ദർശന കേന്ദ്രം സിറ്റി മഹൽ ആണ്


സിറ്റി മഹൽ



ചന്ദ്ര മഹൽ ,മുബാറക് മഹൽ എന്നിങ്ങനെ രണ്ടു കൊട്ടാര സമുച്ചയങ്ങൾ ചേർന്നതാണിത്
ജയ്പ്പൂരിന്റെ ..രാജസ്ഥാന്റെ തന്നെ ചരിത്രം ആണ് ഈ കൊട്ടാരത്തിന്റെയും ചരിത്രം
കച്ച്വത രജപുത്ര എന്ന രാജ  വംശത്തിന്റെ ഭരണ കേന്ദ്രം ആയിരുന്നു ഈ കൊട്ടാരം.കൊട്ടാരത്തിന്റെ ഒരു ഭാഗംമ്യൂസിയം  ആണ് .മറു ഭാഗം ഇപ്പോഴും രാജ കുടുമ്പം  താമസിക്കുന്നു .ഞങ്ങൾ ചുറ്റി നടന്നു കാണുമ്പോൾ കൊട്ടാരത്തിലെ റാണി കാറിൽ പുറത്തേക്ക് പോകുന്നത് കണ്ടു.അവർ ഇപ്പോൾ ജെയ്പ്പൂർ  എം എൽ എ ആണ്   സവായ് മധോപുർ രാജ  കുമാരി ദിയ കുമാരി 




ഞങ്ങളുടെ ഗൈഡ് വളരെ വാചാലൻ ആയതു അതി സുന്ദരിയായ അവിടുത്തെ ഭരണാധികാരിയായ  റാണി യെക്കുറിച്ചായിരുന്നു.അവർ സ്നേഹിച്ചു വിവാഹം കഴിച്ചതാണ്.ഒരു അക്കൗൻറ്റന്റ് ആണ്   വരൻ . .നരേന്ദ്ര സിംഗ് രജാവത്  . ടോങ്ക് എന്ന സ്ഥലത്തെ കൊട്ട്ട താക്കൂറിന്റെ മകൻ .പിന്നീട് ആ മരുമകൻ അറിയപ്പെട്ടത് മഹാരാജ് ശ്രീ നരേന്ദ്ര സിംഗ് എന്നാണു .എങ്കിലും ആൾ താക്കൂർ ആണല്ലോ  കുലമഹിമ അത്ര പോരാഞ്ഞു അച്ഛൻ മഹാരാജാവ് തന്റെ അനന്തരാവകാശിയായി  ഇവരുടെ മൂത്ത മകൻ ആയ മഹാരാജ് കുമാർ പത്മനാഭ സിംഗ് നെ ദത്തെടുക്കുകയാണ് ഉണ്ടായത് .കുമാരൻ  ജനിച്ചത്‌ 1998 ഇൽ ആണ് .ഇപ്പോൾ 16 വയസുള്ള  ഇദ്ദേഹമാണ് ഈ രാജാ വംശത്തിലെ രാജാവ് .പയ്യൻസ് സ്ഥലത്തുണ്ടെങ്കിൽ കൊട്ടാരത്തിൽ ഒരു പതാക ഉയർത്തിയിട്ടുണ്ടാവും  




 മുത്തശ്ശൻ മരിച്ചപ്പോൾ അഞ്ചാം വയസിൽ ജയ്പ്പൂർ രാജാവായ പത്മനാഭ  സിംഗ്.ഓരോരുത്തരുടെ യോഗം എന്നെ പറയേണ്ടൂ





കൊട്ടാരം ചുവരുകളിൽ അതി പ്രഗല്ഭരും സുന്ദരന്മാരുമായ കച്ച്വ രാജവംശത്തിലെ രാജാക്കന്മാരുടെ ച്ചിത്രങ്ങൾ ഉണ്ട് .ഇവരിൽ ഒരാൾ വലിയ വിദ്വാൻ ആയിരുന്നു വത്രേ .അങ്ങിനെയാണ് പിന്തുടർച്ചക്കാർ എല്ലാം പേരിന്റെ കൂടെ സവായ് വൈക്കാൻ തുടങ്ങിയത് .മഹാ തടിയൻ ആയ ഒരു രാജാവും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു 247 കിലോ ആയിരുന്നത്രെ കക്ഷിയുടെ തൂക്കം .40 വയസായപ്പോൾ മരിച്ചു



കൊട്ടാരം ചുവരുകൾ ചില ഗംഭീര കാഴ്ചകൾ തരുന്നുണ്ട്
ജലം കൊണ്ട് സൂക്ഷിക്കാൻ ഉള്ള സ്വർണ്ണം പൂശിയ സ്പടിക ജാറുകൾ ഇവിടെ ഉണ്ട് .അത്ര വലിയ സ്പടിക ഭരണികൾ നമ്മൾ എങ്ങും കാണുകയില്ല
ഭിത്തിയിലും മറ്റും ഉള്ള കൊത്തു പണികൾ അതി ഗംഭീരം എന്നെ പറയാൻ ഉള്ളൂ




പിന്നെയും അനേകം അനേകം കൊട്ടാരക്കെട്ടുകൾ ..അനേകം അനേകം റാണിമാർ ..പാട് കൂറ്റൻ അണ്ടാവുകൾ ..അവയൊന്നും അത്ര ആകർഷകമല്ല
എന്നാൽ അംബർ കൊട്ടാരം അങ്ങിനെ അല്ല
ചൈനയുടെ വന്മതിലിനേക്കാൾ മനോഹരമായ ഒരു മതിൽക്കെട്ട്   സമുച്ചയം നമ്മുടെ ഭാരതത്തിൽ ഉണ്ട് എന്ന് നിങ്ങൾ വിശ്വസിക്കുമോ

അതാണ്‌ അടുത്ത ഭാഗം



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ