2019, മേയ് 8, ബുധനാഴ്‌ച

പെൺനോട്ടങ്ങൾ


പെൺ കവിതകൾ
..................
പെൺനോട്ടങ്ങൾ
.............................
മൈന ഉമൈബാൻ
......................................
ഞങ്ങളുടെ ബാങ്കിൽ മാനേജര് മാറി..
'പുതിയ മാനേജറും ഞാനും കണ്ണിൽ കണ്ണിൽ നോക്കിയിരിക്കും' എന്ന്‌ അവനോട്‌ പറഞ്ഞപ്പോൾ
'പിന്നെ ഈ കെളവിയേ നോക്കാന് പോകുവല്ലേ? ' എന്നായിരുന്നു വഷളന് ചിരിയോടെ അവന് തിരിച്ചു പറഞ്ഞത്‌.
നിര്ദോഷമായൊരു തമാശയാണെങ്കിലും 'കെളവി' എന്ന പ്രയോഗം എന്നെ അസ്വസ്ഥയാക്കി.
യൗവ്വനം കടന്ന്‌ വാര്ദ്ധക്യത്തിലെത്താന് പെണ്ണിന്‌ നാൽപതൊന്നും ആവണ്ട..മുപ്പതുപോലും ആവണ്ട എന്നല്ലേ അതിന്റെ ധ്വനി.
'ഓ, ഒരു തമാശപറയാനും പാടില്ലേ?' എന്ന അവന്റെ വാക്കുകൾ ക്കപ്പുറത്ത്‌ എനിക്ക്‌ പലതും പറയാമായിരുന്നു.
അകാലനര പടര്ന്നു തുടങ്ങിയ അവന്റെ മുടിയെ നോക്കി 'ശരിക്കും നീയല്ലേ കെളവന്' എന്നാണു പറഞ്ഞിരുന്നെങ്കിൽ അവന് എന്നേക്കാള് അസ്വസ്ഥപ്പെട്ടേനേ...
പുരുഷന് അങ്ങനെയൊക്കെയാണ്‌. അവരുടെ സൗന്ദര്യം ഒരിക്കലും അസ്‌തമിക്കില്ലെന്നും പെണ്ണുങ്ങൾ ഒരു പ്രായം കഴിഞ്ഞാൽ ഒന്നിനും കൊള്ളാത്തവരാണെന്നും കരുതിപ്പോകും ചിലപ്പോൾ .

ഒന്പതാംക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌ അയൽ വക്കത്ത്‌ അകാലവാര്ദ്ധക്യം ബാധിച്ച ആലീസുചേച്ചിയും കുടുംബവും താമസിക്കാനെത്തിയത്‌.
ഒട്ടിയകവിളും ഉന്തിയ കണ്ണുകളും മുടിമുക്കാലും നരച്ച്‌ ശരിക്കും വൃദ്ധരൂപം തന്നെയായിരുന്നു അവര്. എന്നാലും ആ മുടിയിൽ സ്ലൈഡുകുത്തി തിളങ്ങുന്ന ലേസുകൊണ്ട്‌ മുടി കെട്ടിയിരുന്നു അവര്.
ആലീസുചേച്ചിയും അവരുടെ സുന്ദരനായ ഭര്ത്താവും ഞങ്ങൾ നാട്ടുകാര്ക്ക്‌ കൗതുകമായിരുന്നു. മക്കൾ അവരുടെ മക്കളാണെന്നുപോലും തോന്നുമായിരുന്നില്ല.
പരിചയമായി കുറച്ചു കഴിഞ്ഞപ്പോൾ അവര് തുണിപ്പെട്ടിയിൽ നിന്ന്‌ പഴയ ചില ഫോട്ടോകളൾ എടുത്തുകാണിച്ചു. പത്തുവര്ഷം മുമ്പ്‌ തന്റെ ഇരുപതാമത്തെ വയസ്സിൽ അതിസുന്ദരിയായിരുന്നു എന്നു കാണിക്കാനായിരുന്നു അത്‌.

ദൈവത്തോട്‌ ഒരുപാട്‌ അടുത്തുനിൽക്കുകയും എപ്പോഴും പ്രാര്ത്ഥിച്ചുമാണ്‌ ആലീസുചേച്ചി സുന്ദരനായ ഭര്ത്താവിനും മക്കൾ ക്കുമിടയിൽ ജീവിച്ചത്‌.

ഞാന് നിലക്കണ്ണാടിക്കു മുന്നിൽ പോയി നിന്നു. കണ്ണും നെറ്റിയും മുഖവും സസൂക്ഷ്മം പരിശോധിച്ചു. മുടി മുന്നോട്ടിട്ട്‌ പരതി. വെളുത്ത നാരുകൾ എവിടെയെങ്കിലും.....ഇല്ല...
സമാധാനം. അപ്പോൾ ആലീസുചേച്ചി എങ്ങനെയൊക്കെ ചിന്തിച്ചിരിക്കാം.... അന്ന്‌ മുപ്പതിലെത്തിയ അവരേയും ഇന്നത്തെ എന്നേയും താരതമ്യപ്പെടുത്തി നോക്കി.

പിന്നെയും കിഴവി ഓടിയെത്തി.
ഉണ്ണി. ആര് എഴുതിയ ആനന്ദമാര്ഗ്ഗം വായിച്ച അമ്പത്തിമൂന്നുകാരി ആ കഥയിലെ ഒരു കാര്യമാണ്‌ എടുത്തു പറഞ്ഞത്‌. ഞങ്ങൾ പെണ്ണുങ്ങൾ ടൂര് പോകുന്നു എന്നു പറയുമ്പോൾ പെണ്ണുങ്ങളോ കെളവികൾ എന്നു പറയുന്ന ഒരു കഥാപാത്രം അതിലുണ്ട്‌. എല്ലാ പുരുഷന്മാരും ആ കഥാപാത്രത്തെപ്പോലെയാണെന്ന്‌ ദേഷ്യത്തോടെയും സങ്കടത്തോടെയും അവര് പറഞ്ഞു.

ചിലപ്പോൾ പെണ്ണുങ്ങൾ ചെറുപ്പത്തിൽ തന്നെ കിളവികളാകും ആണിന്‌. എന്നാൽ മറ്റു ചിലപ്പോൾ പെണ്ണിന്റെ നടപ്പും എടുപ്പും നോക്കി നില്‌ക്കും. വികാരപരവശനാകും. നാലുപേരോട്‌ പറഞ്ഞു രസിക്കും. അതുകൊണ്ടൊക്കെ ചിലര് തന്റെ ഭാര്യയേയും പെങ്ങളേയും കള്ള നോട്ടങ്ങളിൽ നിന്നു രക്ഷിക്കാന് കവചങ്ങൾക്കുള്ളിലാക്കും. അന്നുവരെ രക്ഷാകവചങ്ങൾക്കുള്ളിൽ പെടാതിരുന്നവരും അതിനുള്ളിലെ സ്വാതന്ത്യത്തെക്കുറിച്ച്‌ വാചാലയാകും. നോട്ടങ്ങളിൽ നിന്ന്‌ രക്ഷപ്പെടുന്നതിനെക്കുറിച്ച്‌ പ്രസംഗിക്കും.

നമ്മുടെ സാമൂഹ്യക്രമം ആണിനേ കണ്ണുള്ളു എന്നാക്കി തീര്ത്തിട്ടുണ്ട്‌. നിങ്ങളുടെ തോന്നലും അങ്ങനെയൊക്കെ തന്നെയാണ്‌.

ഞങ്ങൾ പെണ്ണുങ്ങൾ ക്കും കണ്ണുണ്ണുണ്ടെന്ന്‌, നോട്ടങ്ങളുണ്ടെന്ന്‌ നിങ്ങൾ ക്കറിയുമോ?
ആണിനെ കാണുമ്പോൾ നോക്കിപ്പോകും.
സുന്ദരനാണല്ലോ എന്നോ തരക്കേടില്ല എന്നോ എന്തിനുകൊള്ളാം എന്നോ മനസ്സിൽ പറയും. ചിലപ്പോൾ സഹപ്രവര്ത്തകരോട്‌, കൂട്ടുകാരിയോട്‌ പറയും.
ബാങ്കിൽ വന്ന ചെറുപ്പക്കാരനായ ഇടപാടുകാരനെ നോക്കി കൂട്ടുകാരി പറഞ്ഞു.
'ലാലുന്റെ ചുണ്ടുനോക്ക്‌ പെങ്കുട്ട്യോൾ ടെ ചുണ്ടുപോലെ'....
അതുകേട്ട്‌ ഞങ്ങൾ ആര്ത്തു ചിരിച്ചു.
ഇത്‌ ഇന്നലെ തുടങ്ങിയ ഏര്പ്പാടൊന്നുമല്ല. പത്തുപന്ത്രണ്ടുവയസ്സു മുതൽ തുടങ്ങിയതാണ്‌.
ചിലരുടെ നടപ്പ്‌, ഭാവങ്ങൾ , ചിരി, താടി, മീശ, നോട്ടങ്ങൾ എല്ലാം ഞങ്ങളുടേതായ സ്വകാര്യലോകത്തുവെച്ച്‌ കെട്ടഴിഞ്ഞു പുറത്തുവരും. ചിലരുടെ സംസാരമോ നടപ്പോ ഭാവങ്ങളോ കൂട്ടുകാരെ അനുകരിച്ചു കാണിച്ചെന്നിരിക്കും. നിങ്ങളില്ലാത്ത ഒരു സ്വകാര്യലോകം ഞങ്ങൾ ക്കിടയിലുണ്ട്‌. അവിടെ അത്ര മര്യാദക്കാരികളൊന്നുമല്ല ഞങ്ങൾ . അശ്ലീലം പറഞ്ഞെന്നും വരും. ഉറക്കെ ചിരിച്ചെന്നിരിക്കും. ഒന്നു കൂവിയെന്നിരിക്കും.

ശരീരത്തൊട്ടി കിടക്കുന്ന ചുരിദാറിനെക്കുറിച്ചോ, സാരിയുടെ ഇടയിലെ നഗ്നതയേക്കുറിച്ചോ മേലൊട്ടിക്കിടക്കുന്ന പര്ദ്ദയെക്കുറിച്ചോ നിങ്ങൾ അശ്ലീലത്തിലോ ശ്ലീലത്തിലോ നോട്ടമെറിയുകയും പറയുകയും ചെയ്യുമ്പോൾ ...ഓര്ക്കുക. ഞങ്ങളും നോക്കുന്നുണ്ടെന്ന് ..
മുണ്ടോ പാന്സോ ജീന്സോ നല്ലതെന്ന്‌.

മുണ്ടുമടക്കിക്കുത്തുമ്പോൾ മുട്ടിനു മുകളിലേക്ക്‌ അറിയാതെയെങ്കിലും നോക്കിപോകുന്നതിനെ കുറിച്ച്‌. അമ്മ, പെങ്ങൾ , മകൾ , ഭാര്യ ആരുടെ മുന്നിലും നിങ്ങള് ഷര്ട്ടിടാതെ ഉലാത്തും.

മുമ്പൊരിക്കൽ കൂട്ടുകാരി പറഞ്ഞു അടുത്ത വീട്ടിലെ ചേട്ടന് ഷര്ട്ടിടാതെ കുട്ടിയെ കൈമാറുമ്പോൾ അവൾക്കൊരു മിന്നലുണ്ടായത്രേ!

ജൈവപരമായി നമുക്കിടയിൽ ഒരുപാടു വ്യത്യാസങ്ങളുണ്ട്‌. പക്ഷേ, നിങ്ങൾ കുന്നിന് മുകളിലും ഞങ്ങൾ മലകയറാന് വയ്യാതെ താഴ്വാരത്താണ്‌ നില്‌ക്കുന്നതെന്നുമുള്ള തോന്നലുണ്ടെങ്കിൽ അത്‌ കുട്ടിത്തം നിറഞ്ഞതും യുക്തിരഹിതവുമാണ്‌.
ഞങ്ങളുടെ ചിന്തകളിൽ നിങ്ങളുണ്ട്‌. ഞങ്ങളുടെ നോട്ടങ്ങൾ നിങ്ങളെ പിന്തുടരുന്നുമുണ്ട്‌. നോട്ടങ്ങളെ അംഗീകരിക്കാന് വയ്യെങ്കില് ഒരു രക്ഷാകവചം നിങ്ങളുമണിയണം.

എന്തൊക്കെയായാലും ചെറുപ്പത്തിലെ കിളവികൾ എന്ന വിളി കേൾ ക്കേണ്ടിവരും.
ഈ വിളി കേൾ ക്കുമ്പോൾ ഞാനെന്റെ നഷ്‌ടപ്പെട്ട പത്തുപതിനാറു വര്ഷങ്ങളെയോര്ത്തു പരിതപിക്കുന്നു. തന്നത്താന് മുടിചീകികെട്ടാനും ഉടുപ്പിടാനും തുടങ്ങിയതിൽ പിന്നെ എത്രമാത്രം വികൃതമായാണ്‌ നടന്നത്‌. ഇളം നിറങ്ങൾ ക്കുപുറകേ പോയി ഞാനെന്റെ കൗമാരവും യൗവ്വനവും കളഞ്ഞോ?..വിവാഹത്തിനുപോലും ബ്യൂട്ടിപാര്ലറിൽ പോകാത്ത ഞാന് ചിക്കന്പോക്‌സിന്റെ കലകളെ പോലും വേഗം മാച്ചുകളയാന് മിനക്കെടാഞ്ഞത്‌ എന്തിനായിരുന്നു?

കിഴവി എന്ന വാക്കുകേൾ ക്കുമ്പോഴാണ്‌ ചില വിചാരങ്ങൾ എന്നെ കൂട്ടത്തോടെ ആക്രമിക്കുന്നത്‌.

അപ്പോൾ ഞാനെന്റെ കൊച്ചുസ്വര്ണ്ണക്കമ്മൽ അഴിച്ചുവെച്ച്‌ ലോലാക്ക്‌ തൂക്കുന്നതിനേക്കുറിച്ചോര്ക്കുന്നു.

- മൈന ഉമൈബാൻ
.......................

ഇതൊരു കവിതയല്ല.എന്നാൽ ഇതിലൊരു കവിതയുണ്ട് താനും
പ്രധാനമായും ഇതിലൊരു പെൺ ചിന്തയുണ്ട്
പെൺ തന്റേടം ഉണ്ട്
ഇതിലൊരു പെണ്ണുണ്ട്
പുരുഷനോട് കലമ്പി നിൽക്കാൻ ധൈര്യപ്പെടുന്ന ഒരു പെണ്ണ്

സൗന്ദര്യം പുരുഷന്റെയോ സ്ത്രീയുടെയോ കണ്ണുകളാൽ അളക്കപ്പെടാൻ ഉള്ള ഒന്നാണ് എന്ന് കവി വിശ്വസിക്കുന്നു .സത്യത്തിൽ ഏതു സുന്ദരിയും ,സുന്ദരനും അഞ്ചു കീമോ കഴിഞ്ഞാൽ ..ഈത്തരം അളവുകോലുകൾക്കുള്ളിൽ വെറും പാഴ് പിണ്ഡങ്ങൾ ആവുന്നു .എന്നാൽ വേണ്ടപ്പെട്ടവർക്കും സ്നേഹിതർക്കും അങ്ങിനെ ആവുന്നുണ്ടോ.ആ പഴയ ആൾ തന്നെയാണ് അവർക്കിപ്പോഴും ആ രോഗി . അളവുകോലുകളിൽ അഭിരമിക്കാനുള്ള നമ്മുടെ ഈ വാസന മിക്കപ്പോഴും മാനസിക സംഘർഷങ്ങളിൽ എത്തിക്കുന്നത് കാണാറുണ്ട് .നാൽപ്പതു കഴിഞ്ഞപ്പോഴേക്കും താൻ വയസി ആയി എന്ന് കരുതി പൊട്ടി കരഞ്ഞ ഒരു കൂട്ടുകാരിയെനിക്കുണ്ട്
എന്നെ അഞ്ചു വയസു മുതൽ ഇന്ന് വരെ അടുത്ത അറിയാവുന്ന ഒരു ബന്ധു ..ഒരിക്കൽ എന്റെ ഫോട്ടോയിൽ ഇട്ട ഒരു കമന്റ്, എന്നെ വല്ലാതെ നോവിച്ചു.ആശുപത്രിയിൽ, ഐ സിയിൽ കിടക്കുമ്പോൾ ഞാൻ ഒരു സെൽഫി എടുത്തു ഫേസ് ബുക്കിൽ ഇട്ടു .അമ്പലങ്ങളും ..ടൂറിസ്റ്റ് കേന്ദ്രങ്ങളും സന്ദർശിക്കുമ്പോൾ ഇടുന്നതു പോലെയേ ആ ഫോട്ടോക്കും ഞാൻ പ്രാധാന്യം കൊടുത്തുള്ളൂ .സമൂഹത്തിന്റെ അളവുകോലിലെ ,എന്റെ ഏറ്റവും മോശം ഒരു ചിത്രം .ഒരു ചങ്ങാതി വന്നതിൽ എഴുതി.ഇങ്ങിനെ കാണാൻ വയ്യ..എടുത്തു കളയൂ എന്ന് .
എന്നാൽ എന്റെ ബന്ധു എഴുതിയത് ഇങ്ങിനെയാണ്‌
ഇതാണ് യഥാർത്ഥ കോലം അല്ലെ
എന്ന് .മാങ്ങാക്കറ പുരണ്ട പെറ്റിക്കോട്ടിട്ട ,മുന്നിലെ പല്ലെല്ലാം പോയി നടക്കുന്ന ..മെലിഞ്ഞുണങ്ങി ഈർക്കിൽ പരുവമായ ,എടുത്താൽ പൊങ്ങാത്ത വയറുമായി ഏന്തി നടക്കുന്ന , എന്നെ കണ്ടിട്ടുള്ള അവനു ആശുപത്രിയിൽ കിടക്കുന്ന എന്റെ രൂപം കോലമായി ത്തോന്നി .
എന്നെ, എന്റെ വീട്ടുകാരും ,കൂട്ടുകാരും, ഫേസ് ബുക്കിലുള്ളവരും എങ്ങിനെ കണ്ടാലും, ആക്ഷേപം ഒന്നും തോന്നിയിട്ടില്ല.അത് കൊണ്ടാണല്ലോ ,അത്ര കാണാൻ കൊള്ളാഞ്ഞിട്ടും, ആ ഫോട്ടോ ഇട്ടതും .
ചില പുരുഷന്മാർ എന്തും വൃത്തികേടായെ കാണൂ എന്നതാണ് ആ കമന്റ് എന്നെ പഠിപ്പിച്ച പാഠം .
നല്ലതും തീയതും അവർക്ക് വൃത്തികേടാണ് .അവനെ ഞാൻ ബ്ളോക് ചെയ്തു. എങ്കിലും ഇതിലെ ബാങ്കുദ്യോഗസ്ഥ പറയുന്നത് പോലെ എന്റെ കലിപ്പ് തീർന്നിട്ടില്ല ഇന്ന് വരെ
പെണ്ണുങ്ങൾ ഏറ്റവും വെറുക്കുന്നത് പുരുഷന്മാരുടെ മീശയെയോ താടിയെയോ കാലിനേയോ കയ്യിനെയോ ഒന്നുമല്ല
അവന്റെ ഉന്തി നിൽക്കുന്ന കുടവയറിനെയാണ്
ഇപ്പോൾ പ്രസവിക്കും എന്ന മട്ടിലാണല്ലോ..എന്ന് ,നല്ല കടുപ്പം വയറു കാണുമ്പോൾ ചിന്തിക്കാത്ത പെണ്ണുങ്ങൾ ഉണ്ടാവില്ല
ഭംഗിയുള്ള ആണുങ്ങളെ കാണുമ്പോൾ..സുന്ദരനാണ് എന്നും മനസ്സിൽ തോന്നാറുണ്ട് ..ആണുങ്ങളും അങ്ങിനെ ഒക്കെ തന്നെ

അഭിനന്ദനങ്ങൾ മൈന


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ