2011, ഡിസംബർ 20, ചൊവ്വാഴ്ച

ഓഫീസിലെ തമാശകള്‍

ഓഫീസിലെ തമാശകള്‍  
പല തരമാണ് 
ഒരിക്കല്‍ തെക്കന്‍ പ്രദേശത്തു നിന്നും ഒരു ചെറുപ്പക്കാരന്‍ ഓഫീസില്‍ ജോലിക്കെത്തി 
വേറെ വകുപ്പില്‍ നിന്നും മാറി വന്നതാണ് 
ജോലി അത് കൊണ്ട് തീരെ അറിയില്ല
ചോദിച്ചും  പഠിച്ചും  ഒക്കെ പുള്ളി അങ്ങിനെ മുന്നേറുകയാണ് 
ആയിടെ മേലാപ്പീസില്‍ നിന്നും ഒരു തീട്ടൂരം വന്നു 
ഒരു എന്ക്വയറി  ഓഫീസര്‍ വേണം എല്ലാ ഓഫീസിലും എന്ന് 
നിരന്തരം സംശയങ്ങളുമായി പൊതു ജനങ്ങള്‍ വന്നു കയറുന്ന ഞങളുടെ ഓഫീസില്‍ അത് വളരെ പ്രധാനപെട്ട ഒരു ജോലിയും ആണ് 
സര്‍ക്കാരിനു പാവങ്ങള്‍ക്കായി പല വിധ പരിപാടികളും കാണുമല്ലോ..
അതെല്ലാം വിശദീകരിച്ചു കൊടുക്കണമല്ലോ 
ഉച്ചക്ക് ഊണിനിരുന്നപ്പോള്‍ ആരാവും ആ ജോലിക്ക് നിയമിക്കപെടുക എന്നായി..
മേശപ്പുറത്തു ആളുടെ പേരും എന്ക്വയറി  ഓഫീസര്‍ എന്ന ബോര്‍ഡും ഉണ്ടാവും..
അതൊരു ഗമ യാണല്ലോ
എന്നാല്‍ സ്വന്തം ജോലി ചെയ്യാന്‍ നേരം ഉണ്ടാവില്ല എന്നത് കൊണ്ട് ആരും അത്ര താല്‍പ്പര്യം എടുത്തില്ല 
തെക്കന്ജി അങ്ങിനെ വിടുമോ
നമ്മുടെ  നുണക്കുഴി ചേട്ടനെ  കൂട്ട് പിടിച്ചു 
ഇഞ്ചി സാര്‍  (നുണക്കുഴിയെ ഞങ്ങള്‍ അങ്ങിനെയാണ്  വിളിക്കുന്നത്‌ ) ഓഫിസറെ  ചെന്ന് കണ്ടു പറഞ്ഞു..
ഇവിടെ സ്റ്റാഫ്  ഒന്നും എന്നോട് സഹകരിക്കുന്നില്ല 
എന്നെ ഒറ്റപെടുത്തുന്നു
അത് കൊണ്ട് ഇവനെ ഒരു ജോലി സ്നേഹം  ഉള്ളൂ .അത് കൊണ്ട്  ഈ ജോലി അവനു കൊടുക്കണം 

ഓഫിസര്‍ പ്രായമായ ഒരു മനുഷ്യന്‍ ആണ് ..തെക്കനെ വിളിപ്പിച്ചു ..
തെക്കാ (വിളിച്ചത്  പേര് പറഞ്ഞാണ് ..ദോഷം പറയരുതല്ലോ ).. നിനക്ക് വകുപ്പും നിയമവും ഒക്കെ അറിയാമോ ..ആള്‍ക്കാര്‍ വന്നു ചോദിച്ചാല്‍  സമാധാനം  പറയേണ്ടേ ..നമുക്ക് സീനിയര്‍ ആയ ആരെയെങ്കിലും  വയ്ക്കാം 
ആ സൂപ്രണ്ട് ചെയ്തോളും ഇതൊക്കെ ..അത് പോരെ ..

പിന്നെ സംഭവിച്ചത് അത്ഭുതമാണ് 
തെക്കന്‍ജിയെ തന്നെ പുതിയ പോസ്റ്റില്‍ വച്ചു ഓഫീസ് ഓര്‍ഡര്‍ ഇറങ്ങി .
പേരിന്റെ പിന്നില്‍ വാലുള്ള (നായര്‍) നെയിം ബോര്‍ഡും വച്ച് പുള്ളി  ഗമയില്‍ ഇരിപ്പായി 

പിന്നെ സാറിന്റെ കാബിനില്‍ ചെന്നപ്പോള്‍ ഞാന്‍ ചോദിച്ചു
" ഈ ചുക്കും ചുണ്ണാമ്പും അറിയാത്ത ഇങ്ങേരെ ഇതിലിട്ടാല്‍ എന്താ ചെയ്യുക.."

"അത് ഉമേ  മുനിസിപ്പല്‍ ചെയര്‍മാന്‍ വിളിച്ചു പറഞ്ഞു ഇന്നലെ..
ഇങ്ങേര്‍ക്കു  ഇതില്‍ തന്നെ കൊടുക്കണം എന്ന് 
പിന്നെ എന്താ ചെയ്യുക.."

നമ്മുടെ തെക്കന്‍ ഇടതു സഹയാത്രികന്‍ ആണ് ..
അങ്ങ് തെക്കത്തെ,..ഒരു ജില്ലയിലെ 
അവിടുത്തെ പാര്‍ടി ഓഫീസില്‍ പോയി അവിടുന്ന് വിളിപ്പി ച്ചു ..ഇവിടെ പറയിച്ചു ..അങ്ങിനെ അങ്ങിനെ അങ്ങിനെ ..ഞങ്ങളുടെ ഓഫിസറും  ഇടതന്‍  തന്നെ ..വേണ്ടപ്പെട്ട  അച്ചായന്‍  വന്നു  കൈക്ക്  പിടിച്ചാല്‍  പറ്റില്ല  എന്ന് പറയാന്‍  കഴിയുമോ 

ഞങ്ങളുടെ സൂപ്രണ്ട് നല്ല വിവരം ഉള്ള മനുഷ്യന്‍ ആണ് .അതും തെക്കന്‍ ദേശത്തു  നിന്നും  വന്ന  ആള്‍  തന്നെ 
അങ്ങേരെ മാറ്റി ഈ തേങ്ങത്തലയനെ ആക്കിയല്ലോ എന്നോര്‍ക്കുമ്പോള്‍ എല്ലാവര്ക്കു ദേഷ്യം വന്നു .എങ്കിലും ആറു ഒന്നും പറഞ്ഞില്ല ..സ്വന്തം ജോലി കൂടാതെ ചെയ്യേണ്ടുന്ന അഡീഷണല്‍  വര്‍ക്ക് ആണല്ലോ ..ആരെങ്കിലും സഹകരിച്ചു ചെയ്യുന്നെങ്കില്‍  ചെയ്യട്ടെ ..എന്നായിരുന്നു എല്ലാവര്‍ക്കും

അങ്ങിനെ പിറ്റേ ദിവസം വന്നു 

ഞങള്‍ ഒക്കെ ഈ പത്തു മണി എന്ന് പറഞ്ഞാല്‍ പത്തെ കാലിനു ഓഫീസില്‍  എത്തുന്ന കൃത്യ നിഷ്ട്ടക്കാര്‍ ആണ് 
എന്ന് വച്ചാല്‍ ബസിന്റെ ടയര്‍ പഞ്ചര്‍ ആയാല്‍ ഞങള്‍ ലേറ്റ് ആവും 
വഴിയില്‍  റെയില്‍വെ  ഗെറ്റ്  അടച്ചാല്‍  അന്നത്തെ ദിവസം പോക്കാണ് ..അന്ന് കഷ്ട്ടകാലത്തിനു ഗേറ്റില്‍  വണ്ടി കുറച്ചു കൂടുതല്‍ നേരം  ബ്ലോക്കായി .വൈകി 
അങ്ങിനെ നാല് കാലും പറിച്ചു ഓഫിസിലേക്കു പറന്നു വരികയാണ്‌ ഞാന്‍ 

വൈകിയാല്‍ ആരും ഒന്നും പറയില്ല..
എന്നാല്‍ പൊതു ജനങ്ങള്‍ വരുന്ന ഓഫീസില്‍ വൈകിയാല്‍ ഉണ്ടാവുന്ന മാനക്കേട്‌ പ്രധാനമാണ് 

വന്നപ്പോഴേ ഒരു പന്തികേട്‌ ഫീല്‍ ചെയ്തു 
തെക്കന്‍ കുഞ്ഞിന്റെ മേശക്കു ചുറ്റും ഒരു ആള്‍ കൂട്ടം 
ഓഫീസില്‍ ആരും എന്നെ കണ്ട മട്ടു നടിക്കുന്നില്ല 
എല്ലാവരും കുനിഞ്ഞിരുന്നു  ജോലിയോട് ജോലി 

വല്ല ചീത്ത വര്‍ത്തമാനവും ഉണ്ടോ ആവോ..
ആര്‍ക്കെങ്കിലും ട്രാന്‍സ്ഫര്‍ ആയോ
എന്നെ ക്കണ്ടാല്‍ അങ്ങിനെ ആരും  മുഖം കുനിച്ചു ഇരിക്കുക പതിവില്ല ..ഒരു കുടുമ്പം പോലെയാണ് എല്ലാവരും കഴിയുന്നത്‌ 
വേഗം കൂജയുടെ അടുത്തു പോയി ഒരു ഗ്ലാസ് വെള്ളം വിഴുങ്ങി സീറ്റില്‍ എത്തി ബാഗ്‌ വച്ച് കസേരയില്‍ ഇരുന്നു

ആരോ വന്നു മുന്നില്‍..
മുഖം ഉയര്‍ത്താന്‍ നേരം കിട്ടുന്നതിനു മുന്‍പ് തന്നെ ഇരിക്കാന്‍ പറഞ്ഞു
ആള്‍ ഇരിക്കുന്നില്ല
മേശവലിപ്പില്‍ നിന്നും പേനയെടുത്ത് തല ഉയര്‍ത്തിയപ്പോള്‍ തെക്കന്‍സ് 

മുന്നില്‍ 
മുഖം വല്ലാതെ വിളറി ഇരിക്കുന്നു 

എന്ത് പറ്റി..
ഇങ്ങേരു ചോദിക്കുന്നത് എന്താണ് എന്ന് മനസിലാവുന്നില്ല 
ഒരു അപേക്ഷയുമായി വന്നിരിക്കുകയാണ് ഒരു ചേട്ടന്‍ ..

മൂന്നാമത്തെ കാബിനില്‍ സൂപ്രണ്ട് ഉണ്ട്..അങ്ങേരെ കണ്ടാല്‍ മതി 
ശരിയാക്കി തരും 

അയാള്‍ പോയി..
ഉടനെ അടുത്ത അപേക്ഷ 
അത്  ഒരു ഉത്തരവിന്റെ ട്രൂ  കോപി കിട്ടാന്‍ ആണ്

അതിന്റെ രീതി പറഞ്ഞു കൊടുത്തു അതിന്റെ വകുപ്പിലേക്ക് വിട്ടു 
അങ്ങിനെ അങ്ങിനെ പല അപേക്ഷകള്‍ 
ഒരു അപേക്ഷയും  അതിന്റെ ആളുമായി തെക്കന്‍ വരും..
ഞാന്‍ തെക്കനെയും അയാളെയും കാര്യം പറഞ്ഞു മനസിലാക്കും..
കടലാസിന്റെ  മറു ഭാഗത്ത്‌ ചെയ്യേണ്ടത് വിശദമായി എഴുതി കൊടുക്കും 

തെക്കന്‍ എല്ലാം കേട്ട് ശ്രേധയോടെ പഠിക്കും ..കുറിപ്പ് എടുക്കും 
 ആളുകള്‍ പിരിഞ്ഞു കഴിഞ്ഞപ്പോഴേക്കും   ഉച്ചയാവാറായി 
വീണ്ടും ഞാനും എന്റെ വകുപ്പും ആയി 

ഉടനെ തെക്കന്‍ ഒരു പ്രഖ്യാപനം 
"ഹോ എന്തൊരു തിരക്കായി പോയി 
ഇനി ഒരു ചായ കുടിച്ചിട്ട് വരട്ടെ "
പല്ലിറുമ്മി  കൊണ്ട് ഞാന്‍ സമ്മതിച്ചു 

പിന്നെ എനിക്കും അനങ്ങാന്‍  കഴിയാത്തെ തിരക്കായി.
.ഉച്ചക്ക് ഉണ്ണാന്‍ ഇരുന്നപ്പോള്‍ ആണ് പിന്നെ ഒന്ന് ഫ്രീ ആയതു 
അപ്പോള്‍ കേള്‍ക്കാത്ത ചീത്ത ബാക്കി ഇല്ല 

ആര് വന്നു എന്ത് സംശയം ചോദിച്ചാലും ആരും ഒന്നും മിണ്ടില്ല..
നേരെ തെക്കനെ ചൂണ്ടി കാണിക്കും
""അവിടെ  എന്‍ക്വയറിയില്‍  ചോദിക്കൂ  ""
തെക്കന് വകുപ്പിന്റെ  ചുക്കും  ചുണ്ണാമ്പും  അറിയില്ല താനും 
തെക്കനും ബാക്കി മിക്കവരും ഒന്‍പതരക്കേ ഓഫീസില്‍ വരും..
ഞാന്‍ ആണ് പത്തിന് ഓടി എത്തുന്ന ഏക വ്യക്തി 
ഇവര്‍ എല്ലാവരും സംഘടിതമായി തെക്കന് പണി കൊടുത്ത കാരണം
 തെക്കന്‍ അങ്ങിനെ വിയര്‍ത്തു കുളിക്കുകയായിരുന്നു 

അപ്പോഴാണ്‌ എന്റെ അവതാരം 
ഞാന്‍ നാട്ടുകാരി ..
മിക്കവര്‍ക്കും എന്നെ അറിയാം..
 ആരെങ്കിലും മുന്നില്‍ വന്നാല്‍ മറ്റുള്ളവര്‍ കാണിക്കുന്ന പോലെ ,അങ്ങോട്ട്‌ കയ്യ് ചൂണ്ടാന്‍ എനിക്ക് സാധിക്കുകയും ഇല്ല .കാരണം എന്റെ വീടിനടുത്തുള്ള  ഓഫീസാണ് ..
ഇതിനുള്ളില്‍  മൂന്നു പ്രാവശ്യം ഞാന്‍ വരുന്ന ബസു എത്തിയോ എന്ന്  പുള്ളി ടെറസില്‍ പോയി നോക്കിയിട്ട് വന്നു കഴിഞ്ഞിരുന്നു.അതെല്ലാം പിന്നീടാണ്  ഞാന്‍ അറിഞ്ഞത്  

ഒരു ദിവസം ചുരുങ്ങിയത് നാല്‍പ്പതു അന്വേഷണങ്ങള്‍ വരുന്ന ഓഫീസില്‍ ഇങ്ങേരു എന്ത് ചെയ്യാന്‍
പത്തു കൊല്ലം അതെ ജോലി ചെയ്യുന്ന  ഞങ്ങള്‍ക്ക് പോലും ഇവരെ ഓരോരുത്തരെയും മര്യാദക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കാറില്ല
എന്നാല്‍ പരസ്പരം ഉള്ള സഹകരണം  മൂലം എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും താങ്ങുന്നതാണ് പതിവ് 

വൈകുന്നേരം ആണുങ്ങള്‍ എല്ലാവരും ചായ കുടിച്ചു വരുമ്പോള്‍ ഞങള്‍ പെണ്ണുങ്ങള്‍ക്ക്‌ എന്തെങ്കിലും മേടിച്ചു കൊണ്ട്  വരും 
ഞങള്‍ രണ്ടു പേരെ ഉള്ളൂ ..രണ്ടു പരിപ്പ് വട ..കുറച്ചു കപ്പലണ്ടി അങ്ങിനെ എന്തെങ്കിലും 

അന്ന് നമ്മുടെ തെക്കന്‍സ് ചായ കുടിച്ചു വന്നപ്പോള്‍ ഒരു പാക്കറ്റ് കപ്പലണ്ടി മിട്ടായി കൊണ്ട് തന്നിട്ട് ഒരു ചിരി 
""ഉമ ..എനിക്കൊരു ഉപകാരം ചെയ്തു തരണം"" 
""എന്താണാവോ ""
ശബ്ദം താഴ്ത്തി തെക്കന്‍ പറഞ്ഞു 
"ആരും അറിയരുത് ""
സാറിനോട് പറഞ്ഞു ഈ സാധനം എന്റെ തലയില്‍ നിന്നും ഒന്ന് എടുത്തു മാറ്റി ത്തരണം 

ഞാന്‍ കപ്പലണ്ടി മിട്ടായി ഒന്ന് നോക്കി 
എന്നിട്ട് എന്റെ മറുപടിക്കായി ആകംക്ഷയോടെ നോക്കി നില്‍ക്കുന്ന തെക്കന്‍സിനെ നോക്കി 

ഒളികണ്ണാല്‍ എന്നെ നോക്കി ഇരിക്കുന്ന സ്റ്റാഫിനെ നോക്കി 
നാളെ ബസ്സിറങ്ങി ഓടുമ്പോള്‍ ഇവര്‍ എന്നെ കൊഴുവെറിഞ്ഞു വീഴിക്കാന്‍ സാധ്യത ഉണ്ട് എന്നറിയാമെങ്കിലും 

ഞാന്‍ പറഞ്ഞത് ഇങ്ങിനെയാണ് 
""ഞാന്‍ സംസാരിച്ചു നോക്കാം ""

""ഉമ പറഞ്ഞാല്‍ സാറ് കേള്‍ക്കാതിരിക്കില്ലല്ലോ"" 
തെക്കന്സിന്റെ സ്വരം പൊങ്ങുന്നില്ല .അല്ലെങ്കില്‍  പുള്ളി പറയുന്നത്  താഴത്തെ നിലയിലെ  പല ചരക്ക് കച്ചവടക്കാരനു  പോലും കേള്‍ക്കാം 

ഒരു സഖാവ് പറഞ്ഞാല്‍ മറ്റൊരു സഖാവ് തള്ളി കളയുക പതിവില്ലല്ലോ .ഓഫീസറുടെ രണ്ടു സെക്ഷന്‍  ക്ലാര്‍ക്ക്മാരില്‍ ഒരാള്‍ ആണ്  ഞാന്‍ ..മറ്റേതു നമ്മുടെ തെക്കന്‍ ജിയും 
പിന്നെ ഒരു ഫയലുമായി  അകത്തു ചെന്നപ്പോള്‍  ഞാന്‍ പറഞ്ഞു 
""നമ്മുടെ തെക്കന്  എന്ക്വയറി  പണി പറ്റുന്നില്ല  ..മാറ്റി  സൂപ്രണ്ടിന്  തന്നെ  കൊടുക്കണം  എന്നാണു പറയുന്നത്"" ..
സാര്‍  തല ഉയര്‍ത്തുന്നില്ല ..
""സാറിനോട് വന്നു പറയാന്‍ ഉള്ള ഭയവും ചമ്മലും  കൊണ്ടാണ് ""..
ഉടനെ  റിട്ടയര്‍ ചെയ്യേണ്ടുന്ന ഒരു വൃദ്ധനാണ്  സര്‍ .മുഖമുയര്‍ത്തുമ്പോള്‍ ഒരു അമര്‍ത്തി  വച്ച ചിരിയുടെ  മിന്നലാട്ടം  കണ്ടു 
""ഇതല്ലേ ഉമേ  അയാളോട് ഞാന്‍ അന്ന്  പറഞ്ഞത് 
എന്തെങ്കിലും ആവട്ടെ 
ആ ബാലനെ ഇങ്ങു  വിളിക്കൂ ""
ബാലന്‍ ആണ് എസ്റ്റാബ്ലിഷ്മെന്റ്റ്  സീറ്റ് നോക്കുന്നത് ..ഈത്തരം കാര്യങ്ങള്‍ പുള്ളിയുടെ സീറ്റില്‍  വരും ..

അങ്ങിനെ സൂപ്രണ്ട് എന്ക്വയറി  ഓഫിസര്‍  ആയി 
തെക്കന്‍സിന്റെ വീര കഥകള്‍ വേറെയും ഉണ്ട് പലതും
പിന്നാലെ  വരും 






1 അഭിപ്രായം: