Wednesday, November 9, 2011

മരണം ..

കുട്ടികള്‍ മരണത്തെ കാണുന്നത് വളരെ വിഭിന്നമായ രീതിയില്‍ ആണ് 
എനിക്ക് നാല് വയസുള്ളപ്പോള്‍ ആണ് അച്ഛന്‍ മരിക്കുന്നത് 
ഒരു വലിയ വഴ ഇലയില്‍ നിലത്തു..കിടത്തിയിരിക്കുന്നു 
അമ്മയുടെ കണ്ണിലെ ചുവപ്പും..
വേട്ട ആടപെട്ട മൃഗത്തിന്റെ പോലെയു ള്ള നിസ്സഹായതയും
 ഭയവും 
എനിക്കന്നു മനസിലായില്ല 
എല്ലായ്പോഴും ജോലി എടുത്തു മാത്രം  നടക്കുന്ന അമ്മ ഒരു മൂലയില്‍ ഇരിക്കുന്നതും ആദ്യമായാണ്  കാണുന്നത്   
അലമുറകളോ  കരച്ചിലോ..ഒന്നുമില്ല..
എല്ലാവരും ദുഃഖം തന്നിലേക്ക് കടിച്ചിറക്കുന്ന അവസ്ഥ 
എന്നെ വീടിന്നു പിറകില്‍ കൊണ്ട് പോയി മൂത്ത ചേട്ടന്‍ ചെവിയില്‍ പറഞ്ഞു..
"അച്ഛന്‍ മരിച്ചു പോയി..
ഇനി അച്ഛനെ കത്തിക്കും..
നീ ഭയക്കരുത്.. 
അച്ഛന് നോവില്ല 
അച്ഛന്‍ പോയാലും നിനക്ക് ഞാനുണ്ടാവും"
എപ്പോഴും എന്നെ കൊണ്ട് നടക്കുന്ന തങ്കച്ചിയുടെ  അടുത്തേക്കാണ്  കുതറി ഓടിയത്  
കത്തിച്ചാല്‍ നോവില്ലേ എന്നതായിരുന്നു ഭയം 
കുളത്തില്‍ ഒരു സ്വര്‍ണ മത്സ്യം വന്നിട്ടുണ്ട്..
കൊച്ചു കണ്ടോ എന്ന് ചോദിച്ചു തങ്കച്ചി എന്നെ കുളത്തിനരികില്‍ കൊണ്ട് പോയി..
പിന്നെ അവിടുന്നു പാടത്തും 
ആമ്പല്‍ പറിക്കാനും ..മലയിലും പാടത്തും 
ഒത്തിരി നേരം ചുറ്റി തിരിഞ്ഞു 
..ഞാന്‍ ആ കാര്യം മറന്നു പോയി..
തിരികെ വരുമ്പോള്‍ വല്ലാത്ത  ഒരു മണം..ഉണ്ടായിരുന്നു.അന്തരീക്ഷത്തില്‍   
പുളിയുടെ അരികില്‍ നിന്നും പുകയും ഉയരുന്നു ,,
അച്ഛന്‍ മരിച്ചു..
കത്തിച്ചു എന്ന് മനസിലായി..
നോവില്ല എന്ന് ചേട്ടന്‍ പറഞ്ഞല്ലോ..
നൊന്തു കാണില്ല എന്ന് സമാധാനിച്ചു..
എന്നാല്‍ അപ്പോഴും മനസ് സംശയിച്ചു..
നൊന്തു കാണില്ലേ 
നൊന്തു കാണില്ലേ 
വര്‍ഷങ്ങളോളം മനസിനെ കാര്‍ന്നു തിന്ന ഒരു ഭയമായിരുന്നു അത് ..
ആദ്യത്തെ മരണം ..


  

4 comments:

 1. അവാസന ഭാഗങ്ങളില്‍ വന്ന
  ഒരു ഫീല്‍ ആദ്യാവസാനം
  കൊണ്ട് വരാന്‍ കഴിഞ്ഞില്ലെന്നു തോന്നി

  ReplyDelete
 2. ജീവിതതതിന്റെ സങ്കീര്‍ണ്ണതകളറിയാത്ത പ്രായത്തില്‍ സംഭവിക്കുന്ന ചില നഷ്ടങ്ങള്‍! ആഴം അറിയാതെ പോയതുകൊണ്ട് അനുഭവം മുതിര്‍ന്നവില്‍നിന്നേറെ വ്യത്യസ്തം. രണ്ടാമതൊരു പരിശോധനയില്ലാതെയാണ് ഇന്ദു എഴുതുന്നത്, തോന്നുംപടി! അത് രചനയുടെ ഭംഗി കൂട്ടുന്നതേയുള്ളൂ.

  ReplyDelete
 3. പറക്കമുറ്റാത്ത പ്രായത്തില്‍ നമ്മളില്‍ നിന്നും
  അകന്നു പൊവുന്നതിന്റേ ആഴവും , മൂല്യവും
  നാം അറിയാതേ പോകുന്നു .. ചിലപ്പൊള്‍ ഒരു മഴയൂടേ
  സ്പര്‍ശം തൊട്ടറിയുമ്പൊള്‍ നമ്മുക്ക് കുളിര്‍ക്കും
  അതേതു പ്രായവും , അതിനേ വിവിധ ഭാവങ്ങളില്‍
  മനസ്സേറ്റും .. എന്നാലൊരു ബന്ധമെന്ന നേരിനേ
  നാം അറിയാതേ പൊകുന്നുണ്ട് , ബാല്യമെന്ന കാലവും
  വാര്‍ദ്ധക്യമെന്ന കാലവും അതില്‍ സമാനതകള്‍ സൃഷ്ടിക്കുന്നു ..
  വരികളില്‍ അടഞ്ഞിരിക്കുന്ന അല്ലെങ്കില്‍ തുറന്നു കാട്ടിയിട്ടും
  ഉള്ളില്‍ വിതുമ്പുന്നോരു നഷ്ടം പ്രതിഫലിക്കുന്നുണ്ട് ..
  ചിലര്‍ പൊട്ടി കരയും , ചിലര്‍ അലമുറയിടും ..
  ചിലര്‍ ഭയാനകമായ മൗനം പൂകും . അതു മനസ്സിനേ
  വേവിക്കുന്നതിന്റേ ആഴം വരികള്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയില്ല തന്നെ ..
  വല്ലാതേ നോവിച്ചു ഈ വരികള്‍ ...

  ReplyDelete
 4. thank you all..post cheythittu..ithinte ulladakkam kondu ithilekku thirike varaan thonniyilla ennathanu sathyam

  ReplyDelete