2018, സെപ്റ്റംബർ 29, ശനിയാഴ്‌ച

ആർത്തവത്തിന്റെ അശുദ്ധി

സ്ത്രീയുടെ ആർത്തവം അശുദ്ധിയാണെന്ന് ഒരു വിഭാഗവും ..അത് അയിത്തവും അത് കൊണ്ട് തന്നെ വിവേചന പരമാണെന്നു കോടതിയും പറയുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത് 
എങ്ങിനെ സമൂഹം ആർത്തവത്തെ ഇത്ര വെറുക്കാനും അയിത്തം കല്പിക്കാനും തുടങ്ങി എന്നത് നമ്മൾ അറിയേണ്ടതുണ്ട് 
എന്റെ മുത്തശ്ശി ..അമ്മയുടെ 'അമ്മ ..ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഏതാണ്ട് 150 വയസിനടുത്തു പ്രായം കണ്ടേനെ .മരിക്കുന്നതു വരെ ബ്ലൗസ് ഇട്ടിട്ടില്ല .അമ്ബലത്തിൽ പോകുമ്പോൾ ഒരു മേൽമുണ്ട് ചുറ്റി കെട്ടും .
മുത്തശ്ശിയുടെ കാലമായപ്പോഴുക്കും മുണ്ടുകൾ ഒക്കെ ഒരു വിധം മാർക്കെറ്റിൽ കിട്ടാൻ തുടങ്ങിയിരുന്നു.നെയ്ത്തു കാരനോട് പറഞ്ഞു ഒരു വീടിനാവശ്യമുള്ള മുണ്ടുകൾ നെയ്യിച്ചു വാങ്ങുക ആയിരുന്നു അന്നൊക്കെ പതിവ് .മുകളിൽ ഉടുക്കാനും അടിയിൽ ഉടുക്കാൻഎം രണ്ടു മുണ്ടുകൾ ആണ് അന്നൊക്കെ  ഉണ്ടാവുകയുള്ളൂ .ഒരു നെയ്ത്തുകാരനും ഒരു തെറിയും മാത്രമേ ഉള്ളൂ എന്നും ഓർക്കണം 
മുത്തശ്ശിയുടെ അമ്മയുടെ കാലത്തൊക്കെ മുണ്ടുകൾ അതിലും കുറവാണ്.മാസമുറ വരുന്ന സ്ത്രീകൾക്കായി പറമ്പിൽ തീണ്ടാരി പുറകിൽ കെട്ടും.അതിന്റെ തറ അത്ര അടിച്ചു ഉറപ്പാക്കിയിട്ടുണ്ടാവില്ല 
ഒരു പായ കിട്ടും കിടക്കാൻ .
കമുകിന്റെ കുലയുടെ പാള  കണ്ടിട്ടില്ലേ .അത് താഴെ വീണാൽ എടുത്തു കഴുകി തിളച്ച വെള്ളത്തിൽ ഇട്ടു ഒന്ന് മയപ്പെടുത്തി എടുത്ത് ,അത് കോണകം പോലെ ഉടുത്താണ്  സ്ത്രീകൾ ആണ് തീണ്ടാരി പുരയിൽ കഴിഞ്ഞിരുന്നത് .ശരീരം അനങ്ങാതെ ..രക്തം തുളുമ്പാതെ സ്ത്രീകൾ ആവുന്നത്ര നോക്കും .എങ്കിലും അത് അത്ര എളുപ്പമല്ല .കുറച്ചൊക്കെ നിലത്തു വീഴും.ആ മുറിയിൽ അഴുകിയ രക്തത്തിന്റെ മണം  നിറഞ്ഞു നിൽക്കും.നാലു ദിവസം കഴിഞ്ഞേ  സ്ത്രീകൾ പുറത്തു കുളിക്കാൻ പോലും ഇറങ്ങുക പതിവുള്ളൂ.കുളിച്ചു കഴിഞ്ഞു വന്നാൽ തറ ചാണകം കൊണ്ട് നന്നായി മെഴുകിയിടും  
എന്ത് കൊണ്ടാണ് മാസ മുറ കാലത്ത് സ്ത്രീകൾ പുറത്തു ഇറങ്ങി കൂടാ ..അമ്പലത്തിൽ  പോയി കൂടാ എന്നൊക്കെ നിയമ ഉണ്ടായത് എന്ന് ഈ സാഹചര്യത്തിൽ വേണം മനസിലാക്കാൻ .
ഏക വസ്ത്ര ആയി രജസ്വലയായ പാഞ്ചാലി കൗരവ സഭയിൽ അനുഭവിച്ച അപമാനം..അത് കൊണ്ട് തന്നെ രക്തം തിളയ്ക്കുന്ന ഒരു ഓർമ്മയും ആണ് 
ആധൂനിക യുവതിക്ക് ആർത്തവം  സ്വ ശരീരത്തിലെ വെറും ജൈവ ശാസ്ത്രപരമായ ഒരു സവിശേഷത മാത്രമാണ് .അതവളെ അധമ ആകുന്നില്ല.സമൂഹം അവളെ അത് മൂലം പതിത ആക്കുന്നില്ല .
ടാമ്പൂണുകളും ..സാനിറ്ററി പാഡുകളും ആണ് ഇപ്പോൾ സ്ത്രീകൾ ഉപയോഗിക്കുന്നത് .
വിവാഹ ദിനം പോലും അവൾ ഗുളിക കഴിച്  ആർത്തവം  ക്രമീകരിക്കുന്നു  .ഒളിമ്പിക്സിൽ പോലും ആർത്തവ ദിനങ്ങളിൽ പങ്കെടുക്കുന്നു 
രണ്ടു നൂറ്റാണ്ടിനു മുൻപ് നില നിന്ന  ജീവിത സാഹചര്യങ്ങൾ   ഇപ്പോൾ പാടെ മാറിയിരിക്കുന്നു 
ആ സാഹചര്യത്തിൽ സുപ്രീം കോടതി വിധിയെ 
നമ്മൾ മാറ്റി ചിന്തിക്കാൻ 
സ്വാഗതം ചെയ്യാൻ മനസിനെ പാകപ്പെടുത്തുക തന്നെ വേണം 
ദളിതന്റെ ക്ഷേത്ര പ്രവേശനവും ..മാറു മറയ്ക്കൽ സമരവും..നടത്തിയ കേരളം ..ആത്തേന്മാരെ അരങ്ങത്തേക്ക് കൊണ്ട് വന്ന പ്രബുദ്ധ കേരളം 
ഈ വിധിയെ സ്വാഗതം ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം 








2018, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

kerala flood

അഞ്ചു ദിവസത്തെ ദുരിതാശ്വാസ പ്രവർത്തനം കഴിഞ്  ചേച്ചിയുടെ മകൻ വീട്ടിലെത്തി ..അവൻ ഫയർ ഫോഴ്സിൽ ആണ്.ആലുവ മണപ്പുറത്തായിരുന്നു ഡ്യൂട്ടി .
അവന്റെ ഇപ്പോഴത്ത സ്ഥിതി ഇങ്ങിനെ ഒക്കെയാണ്.
അഞ്ചു ദിവസവും ഒരു നേരം ഒക്കെ ആയിരുന്നു ഭക്ഷണം ..
അത് സാരമില്ല.എല്ലാവരും അങ്ങിനെ ഒക്കെ തന്നെ.
അഞ്ചു ദിവസവും വെള്ളത്തിൽ തന്നെ ആയിരുന്നു.ഏതാണ്ട് അര വരെ വെള്ളത്തിൽ തന്നെ കഴിഞ്ഞു .കാലിലെ വിരലെല്ലാം അഴുകിയിട്ടുണ്ട്.ചൂട് വെള്ളത്തിൽ കഴുകി മരുന്നൊക്കെ പുരട്ടിയിട്ടുണ്ട്.
വല്ലാതെ കറുത്തും മെലിഞ്ഞും പോയി..സാരമില്ല.ശരിയായിക്കൊള്ളും.
എങ്കിലും ഇത്ര വലിയ ഒരു റെസ്‌ക്യു ഓപ്പറേഷന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അവനു അഭിമാനമേയുള്ളൂ .
എന്നാൽ സമൂഹത്തെ കുറിച്ചുള്ള നമ്മുടെ  ഒത്തിരി തെറ്റിദ്ധാരണകൾ മാറി കിട്ടിയ അഞ്ചു ദിവസങ്ങൾ ആയിരുന്നു.
മുടി കൊട്ട് വടി  പോലെ..മുള്ളൻ പന്നി  പോലെ..കോഴിപ്പൂവനെ പ്പോലെ ഒക്കെ വെട്ടിയ ഫ്രീക്കന്മാർ .നമ്മൾ പ്രായമായവരും വിവിധ  ഫോഴ്‌സുകളിൽ ഉള്ളവരും പലപ്പോഴും സാമൂഹ്യ വിരുദ്ധരും എന്നൊക്കെ കരുതുന്ന ഫ്രീക്കന്മാർ ..അവർ രക്ഷാ  പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രീതി ..എല്ലാവരെയും അത്ഭുതപ്പെടുത്തി കളഞ്ഞു.നിർത്താതെ അഹോരാത്രം ഒരേ മനസോടെ കേരളത്തിലെ ചെറുപ്പക്കാർ ദുരിതാശ്വാസ  പ്രവർത്തനങ്ങളിൽ ആണ്ട്  മുങ്ങി.എന്നല്ല..നടക്കാൻ ആവതുള്ള വൃദ്ധർ വരെ ഇവരെ കൈ മെയ് മറന്നു സഹായിച്ചു.എല്ലാവരും തങ്ങൾക്കാവും വിധം വന്നു സഹായിക്കുകയാണ്.കൈ പിടിക്കുകയാണ് .ഈ പ്രവർത്തനം ഇത്ര വിജയം  ആയത് പൊതു ജനങളുടെ ഈ സഹായം കൊണ്ടും  സഹകരണം  കൊണ്ടും ആണ്  .
മത്സ്യ തൊഴിലാളികൾ ആണ് വേറെ ഒരു വിഭാഗം ..സ്വന്തം കൊച്ചു വള്ളങ്ങളിൽ ..മീൻ പിടിത്ത   ബോട്ടുകളിൽ കൂട്ടുകാരുമായി ചേർന്ന് വന്നു ഇവർ ചെയ്ത സഹായത്തിനു പകരം വയ്ക്കാൻ ഒന്നുമില്ല തന്നെ

ആദ്യമൊക്കെ ചെന്ന് വിളിക്കുമ്പോൾ തങ്ങൾ വരുന്നില്ല..തനിയെ മാനേജ് ചെയ്തതോളം  എന്ന് പറഞ്ഞ മധ്യ വർഗ ധനിക കുടുമ്പങ്ങൾ ..പിന്നീട് മൂന്നു നാല് ദിവസം ആയപ്പോഴേക്കും ലജ്ജയില്ലാതെ കരഞ്ഞു സഹായത്തിനു വിളിക്കുന്നതും കണ്ടു
താഴ്ന്ന വരുമാനകാർ.തങ്ങളുടെ തുച്ഛമായ ആർജിത സമ്പാദ്യം ഒരു ചെറു കിഴിയിലാക്കി തങ്ങളോടപ്പം ക്യാമ്പുകളിൽ വന്നു താമസിക്കാൻ മടി കാട്ടിയതുമില്ല
ക്യാമ്പുകൾ പക്ഷെ പല തരത്തിൽ  അന്തേ വാസികളെ ബുദ്ധിമുട്ടിച്ചു.ചിലതിൽ ഭക്ഷണം  ഇല്ല
ചിലതിൽ വെള്ളം ഇല്ല .മിക്കതിലും കക്കൂസുകൾ ഇല്ല ..സ്ത്രീകൾ നന്നായി ബുദ്ധിമുട്ടി എന്നതാണ് വസ്തുത .
എന്നാൽ ജീവനാണല്ലോ വലുത്

വലിയ ജീവനാശമുണ്ടാകുമായിരുന്ന ഈ പ്രളയം  ഇത്ര കുറച്ചു മരണങ്ങളോടെ  അവസാനിപ്പിക്കാൻ കഴിഞ്ഞത് ..രക്ഷാപ്രവർത്തനത്തിന് കൃത്യത കൊണ്ടും ആത്മാർഥത  കൊണ്ടും കൂടിയാണ് .

വലിയൊരു  പ്രദേശം കവർ ചെയ്യണം ..നല്ല മഴയാണ് ..വെള്ളം കെട്ടി കിടക്കുകയല്ല ..നല്ല ഒഴുക്കുണ്ട് ..പലയിടത്തേക്കും എത്താനുള്ള വഴികൾ മനസിലാക്കാൻ കഴിയുന്നില്ല..കറണ്ടില്ല ..വൃദ്ധരും ഗർഭിണികളും..രോഗികളും ..അവർക്ക് പ്രത്യേക പരിഗണന കൊടുക്കണം ..
രക്ഷ ദൗത്യത്തിൽ കുറച്ചു പേർ  മാത്രം..എന്നാൽ രക്ഷ വേണ്ടവർ ആയിരക്കണക്കിനും .
ദുരിതാശ്വാസ പ്രവർത്തകർ  നേരിട്ട പ്രതിസന്ധികൾ പലതായിരുന്നു .എങ്കിലും അവർ എല്ലാം തരണം ചെയ്തു
വിജയിക്കുകയും ചെയ്തു \

ഇനിയൊരു പ്രളയം
അത് നമ്മുടെ ജീവിത കാലത്ത് ഉണ്ടാവല്ലേ എന്നെ ഇപ്പോൾ നമുക്ക് പ്രത്യാശിക്കാൻ കഴിയൂ

ഈ രക്ഷ ദൗത്യത്തിൽ പങ്കെടുത്ത ..
അത്  വിജയിപ്പിച്ച ..
മുഴുവൻ സൈനികർക്കും..പോലീസുകാർക്കും..ഫയർ ഫോഴ്‌സിനും ..നാട്ടുകാർക്കും..മത്സ്യ  തൊഴിലാളി സുഹൃത്തുക്കൾക്കും ,രക്ഷ പ്രവർത്തനം ഏകോപിപ്പിച്ച സർക്കാരിനും , കേന്ദ്ര സർക്കാരിനും ...ഫണ്ട് നൽകി സഹായിച്ച ഉദാരമതികൾക്കും..
ആയിരം ആയിരം
നന്ദി
അഭിനന്ദനങ്ങൾ