2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ബി ജി എന്‍ വര്‍ക്കല

വായനകളെ ഉപകാരപ്രദമാക്കുന്ന തലം തുറന്നിടുന്നത് പലപ്പോഴും ചരിത്രപഠനങ്ങള്‍ , യാത്രാ വിവരങ്ങള്‍ എന്നിവയാണ് എന്ന് പറയാന്‍ കഴിയും . ഇന്ന് വ്യവസ്ഥാപിതമായ ഒരു താല്പര്യം ചരിത്രപഠനങ്ങളില്‍ കടന്നു കൂടിയിട്ടുണ്ട് എന്നത് മറച്ചു വയ്ക്കാന്‍ കഴിയില്ല എങ്കിലും പൊതുവേ ചരിത്ര പഠനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് കാലത്തിന്റെ ദിനാന്ത്യക്കുറിപ്പുകള്‍ എന്ന തലം തന്നെയാണ് . അതുപോലെ നാം കാണാത്ത ദേശങ്ങളെയും ഭാഷയെയും ചരിതങ്ങളെയും നമുക്ക് വേണ്ടി ഒരാള്‍ പോയി നടന്നു കാണുകയും നമുക്കത് വര്‍ണ്ണിച്ചു തരികയും ചെയ്യുക എന്നത് വളരെ സന്തോഷപ്രദവും , പലപ്പോഴും ഉപകാരപ്രദവും ആണ് . നമ്മുടെ ഭാവി യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അവ നമുക്ക് ഉപകാരമാകുന്നു എന്നത് ആ കുറിപ്പുകളുടെ ഒരു ഗുണമേന്മയാണ് . കെ എ ബീനയില്‍ തുടങ്ങി മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരികള്‍ ആ ഒരു നന്മ വായനക്കാര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ തങ്ങളുടേതായ പങ്കു വഹിച്ചിരിക്കുന്നു . അവസാനം വായിച്ചു നിര്‍ത്തിയ സര്‍ഗ്ഗ റോയുടെ യാത്രാവിവരണക്കുറിപ്പായ "താഴ്വാരങ്ങളുടെ നാട്ടില്‍" കെനിയയുടെ ചിത്രം വരച്ചുതന്ന ഭംഗി ഓരോരുത്തരും അറിഞ്ഞു കഴിഞ്ഞതാണല്ലോ . ആ ശ്രേണിയിലേക്ക് ആണ് മറ്റൊരു യാത്രാവിവരണക്കുറിപ്പും ആയി ഉമാദേവി എന്ന എഴുത്തുകാരി കടന്നു വരുന്നത് . "മഞ്ഞിന്റെ നാട്ടിലൂടെ " എന്ന യാത്രാ വിവരണ ഗ്രന്ഥത്തിലൂടെ ഉമാദേവി തന്റെ ഉത്തരേന്ത്യന്‍ യാത്രയെ വായനക്കാരന് മുന്നില്‍ സമര്‍പ്പിക്കുന്നു . ഇന്ത്യയുടെ ഹൃദയത്തിലൂടെ ഒരു തണുത്ത യാത്ര . ഹിമാലയത്തിലേക്കുള്ള ആ യാത്രയുടെ സാഹസികതയും , മനോ സംഘര്‍ഷങ്ങളും ബുദ്ധിമുട്ടുകളും യാത്രക്കാരി നമ്മോടു വിശദീകരിക്കുന്നു . ഒപ്പം ഓരോ സ്ഥലത്തെയും കുറിച്ചുള്ള വിശേഷങ്ങളും പ്രത്യേകതകളും അവര്‍ പങ്കു വയ്ക്കുന്നുണ്ട്‌ വായനക്കാര്‍ക്ക് . തത്വമസി പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ പുറംചട്ടയും അച്ചടിയും നല്ല നിലവാരം പുലര്‍ത്തി . ഫോട്ടോകള്‍ നല്ല രീതിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു . 120 രൂപ മുഖവിലയുള്ള ഈ പുസ്തകം യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും , ദേശങ്ങളെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു നല്ല വിരുന്നാകും . കണ്ട കാഴ്ചകളെ വളരെ ലഘുവായി പറഞ്ഞു എന്നതും , കണ്ട കാഴ്ചകളിലെ പ്രത്യേകതകള്‍ പറഞ്ഞു പിടിപ്പിക്കാനും , പരിചയപ്പെടുത്താനും എഴുത്തുകാരിക്ക് കഴിഞ്ഞില്ല പൂര്‍ണ്ണമായും എന്നതൊരു പോരായ്മ ആണെങ്കിലും ഒരു പൊതുവായനയ്ക്കും കൌതുകകാഴ്ചകള്‍ക്കും ഈ യാത്രക്കുറിപ്പു ഉപയോഗപ്പെടും എന്ന് പ്രത്യാശിക്കുന്നു . ആശംസകളോടെ ബി ജി എന്‍ വര്‍ക്കല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ