2016, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

കപ്പക്കും ഒരു കഥ പറയാനുണ്ട്

കപ്പക്കും ഒരു കഥ പറയാനുണ്ട്
കപ്പയെ ക്കുറിച്ചുള്ള ദീപ്ത സ്മരണകൾ പലതാണ്
പട്ടിണിയെ ഞങ്ങൾ ഗ്രാമങ്ങളിലെ കർഷകർ ചെറുത്തിരുന്നത് ഒരു കാലത്തു ഈ കപ്പ കൊണ്ടാണ്

അതിൽ  ഏറ്റവും പ്രധാനം
നല്ല വേനലിൽ ഇത് മലയിൽ കമ്പ് മുറിച്ചു നടുന്നതാണ്
മുറിച്ചു നട്ടാൽ പോരല്ലോ
 പിന്നെ നനയ്ക്കെണ്ടേ
കുളത്തിൽ നിന്നും വെള്ളം മുക്കി മൂന്നോ നാലോ തൂക്കായി മലയിൽ എത്തിക്കും
നമ്മുടെ റിലെ ടീം പോലെയാണ്
ഒരാൾ ചെപ്പു കുടത്തിൽ വെള്ളം മുക്കി കുളത്തിനു മുകളിലേക്ക് വൈ ക്കും
അടുത്ത ആൾ അതെടുത്തും കൊണ്ട് മുകളിലേക്ക്‌ ഓടും
റെയിൽ പാതയുടെ ഒരു വശത്ത്‌ വച്ച് അവിടെ ഇരിക്കുന്ന രണ്ടു കുടങ്ങൾ എടുത്തു തിരിഞ്ഞു ഓടും
ലൈൻ ക്രോസ് ചെയ്തു കപ്പ ത്തോട്ടത്തിന്റെ അടുത്തു എത്തിക്കാൻ മൂന്നാമത്
ഒരാൾ വെള്ളം മുക്കാനും കപ്പക്ക്‌ ഒഴിക്കാനും ഞങ്ങൾ സ്ത്രീകൾ

അങ്ങിനെ ഒന്നരാടം വച്ച് ഒരു മാസം ഒക്കെ നനച്ചാൽ അപ്പോഴേക്കും രണ്ടു ഇലയൊക്കെ വന്നു പതുക്കെ വേര് പിടിച്ചു തുടങ്ങും .
പിന്നെ മഴ വീണോളും
അപ്പോൾ ചാണകവും ചാരവും ഒക്കെ ചേര്ത്തു വെട്ടി മൂടും
വേറെ ശുശ്രൂഷ ഒന്നും വേണ്ട
പിന്നെ പറിക്കുമ്പോൾ ചെന്നാൽ മതി

ഇന്നത്തെ പോലെ വാൻ സെയിൽസ് ഒന്നുമില്ല അന്ന് കപ്പക്ക്‌
പറിച്ചാൽ ..ഉടനെ വേവിചില്ലെങ്കിൽ കപ്പ മോശമാകും
കുറച്ചു മണലിൽ പൂഴ്ത്തിയിടും ..ഒരാഴ്ച്ചവരെ കിടന്നോളും ചീത്തയാവാതെ

ബാക്കി കപ്പ സൂക്ഷിച്ചു പറിച്ചു കൊണ്ട് വന്നു കൂട്ടിയിടും
മുറ്റത്തു അടുപ്പ് കൂൂട്ടി നെല്ല് പുഴുങ്ങുന്ന വട്ട ചെമ്പിൽ വെള്ളം നിറച്ചു അത് തിളക്കുമ്പോൾ
ചുറ്റും ഇരുന്നു ഞങ്ങൾ എല്ലാവരും കൂടി കപ്പ പൂളി അരിഞ്ഞു അതിലേക്കു വീശി എ റിയും
അല്പ്പം ഉപ്പു ചേര്ത്താണ് ഈ തിളപ്പിക്കൽ
ഒരു പത്തു മിനിട്ട് വെള്ളത്തിൽ കിടന്നാൽ മതി
വലിയ ചിക്കു പായിൽ കോരി വിടര്ത്തി ഇടും
അങ്ങിനെ ഒരു മൂന്നോ നാലോ ചെമ്പു കപ്പ കാണും
നാല് ദിവസം നല്ല വെയിലത്ത് ഉണക്കിയാൽ ഉണക്ക കപ്പ റെഡി

ഞങ്ങൾ സ്ത്രീകള് കുറച്ചു വേറെ അരിഞ്ഞു മര്യാദക്ക് വേവിച്ചു കൊണ്ടാട്ടം ഉണങ്ങും
അത് വെളിച്ചെണ്ണയിൽ വറുത്തു തിന്നാൻ ഉള്ളതാണ്

മുട്ടും മുരടും എല്ലാം തൊണ്ട് കളഞ്ഞു ഉണക്കി വൈക്കും
അത് വേവിച്ചു കന്നുകാലികൾക്ക് കൊടുക്കും
കപ്പയുടെ കരിന്തൊലി കളഞ്ഞു രണ്ടാന്തൊലി ഈ പുഴുക്ക് വെള്ളത്തിൽ ഒന്ന് ചൂടാക്കിയാൽ അതിന്റെ കട്ടിറങ്ങി പോകും
കട്ട് പോയാൽ പിന്നെ ഈ തൊലി കന്നു കാലികൾക്ക് തിന്നാം..
പുഴുങ്ങിയ വെള്ളം നല്ല പോഷക സമ്പന്നമാണ്
അതും പശുക്കൾക്കും പോത്തിനും പഥ്യമാണ്
ഇത്തിരി ഉപ്പു രസം ഉള്ളത് കൊണ്ട് അവര്ക്ക് കുടിക്കാൻ ബഹു സന്തോഷവും

ഈ പുഴുങ്ങി ഉണങ്ങിയ കപ്പചാക്കിൽ കെട്ടി  അകത്തു പത്തായത്തിൽ കയറ്റും
..ഉച്ചൻ കയറാതെ ഇരിക്കാൻ അത് ഇടയ്ക്കിടയ്ക്ക് എടുത്തു ഉണക്കിഎടുക്കും
അത് പിന്നെ പുറം ലോകം കാണുന്നത് മിഥുനം കർക്കിടകത്തിൽ ആണ്
പത്തായത്തിലെ നെല്ല് ഏതാണ്ട് തീർന്നിരിക്കും

പിന്നെ ഈ ഉണക്ക കപ്പ കൊണ്ടൊരു കളിയാണ്
തലേന്നേ വെള്ളത്തിൽ ഇട്ടു കുതിർക്കാൻ വൈക്കും
രാവിലെ ഉപ്പും മുളകും മഞ്ഞളും ചേർത്തു വേവിക്കും
കപ്പ പുഴുക്ക് ..
കപ്പയും പയറും പുഴുക്ക് ..
കപ്പയും കടലയും പുഴുക്ക് ..
കപ്പ ചുമ്മാ വേവിച്ചു തേങ്ങ അരച്ചത്‌
കപ്പയും കടലയും ഇറച്ചിയും ഉലർത്ത്‌
അങ്ങിനെ അങ്ങിനെ
ഒരറ്റത്ത് ഇത്തിരി ചോറും കൂടുതൽ കപ്പയും എന്നരീതിയിൽ ആവും കർക്കിടകത്തിൽ കാര്യങ്ങളുടെ പോക്ക്

മകര വിളവു തീരെ മോശമാവുമ്പോൾ അമ്മ പറയുന്നത് കേൾക്കാം
ഈക്കുറി കപ്പ കൊണ്ടും അങ്ങ് തീർന്നു പോവില്ല കള്ള കർക്കിടകം എന്നാണു തോന്നുന്നത്

കപ്പേ
നീ അന്നം
അന്നും ഇന്നും
നമിക്കുന്നു നിന്നെ 

1 അഭിപ്രായം: