2009 ജൂലൈ 25, ശനിയാഴ്‌ച

മകം തൊഴീല്‍

ചോറ്റാനിക്കര മകം ൽ വളരെ പ്രസിദ്ധമാണല്ലോ ...
ഒരു പെണ്‍കുട്ടികൾ  മാത്രം പഠിക്കുന്ന കോളേജിലെ അനിഷേധ്യ തലൈവി ആണ് ഞാനക്കാലത്ത്‌..
പെണ്‍ കുട്ടികൾക്ക്  പ്രേമ ലേഖനം എഴുതി കൊടുക്കുക..
ചില പ്രേമങ്ങൾ  പൊട്ടിച്ചു കൊടുക്കുക ..
അത് അത്ര പാടോന്നുമല്ല ..
ഒരു കൂട്ടുകാരിക്ക് പൊരിഞ്ഞ ലൈൻ ..
മരിച്ചാലും പിരിയില്ല എന്ന് ഗീർവാണം..
ബെറ്റു വച്ചു പൊട്ടിച്ചു കൊടുക്കും
ബസ്സ് ഇറങ്ങി നടകുമ്പോൾ ..
ചേട്ടന്‍ അങ്ങിനെ പഞ്ചാര കുഴംബനായി നോക്കി നിൽപ്പുണ്ടാവും ..
നമ്മൾ ഒന്നു തിരിഞ്ഞു നോക്കും ..
എന്ന് വച്ചാൽ  ഒരു പെങ്കൊച്ചിനോട്   പറഞ്ഞിട്ടുണ്ടാവും..
നീ ആ നീല കുപ്പായക്കാരനെ തിരിഞ്ഞു നോക്കണം കേട്ടോ..
അവൾ ഒന്ന് നോക്കും 
ഒന്നു കൂടി പിന്നെയും നോക്കും..
കുറച്ചു കഴിഞ്ഞു ഒന്നു കൂടി ..
ഒന്നു കൂടി..
മൊത്തം അഞ്ചു പ്രാവശ്യം നോക്കിയിരിക്കണം..
ഒന്നു ചെറിയതായി ചിരിക്കാം..
അത് മതി 
അങ്ങിനെ ഒരാഴ്ചയായാൽ 
ലൈൻ എല്ലാം പൊട്ടി..പ്പീസ് പ്പീസ് ആകും 
പുതിയ ലൈന്‍ ആവും..
അഞ്ചു ദിവസം ആണ് കണക്കു..
എത്ര ശാപങ്ങൾ ആണ് തലയിൽ 
വന്നു പതിചിട്ടുണ്ടാവുക എന്നാർക്കറിയാം 
അങ്ങിനെ മറ്റുള്ളവരെ പറ്റിച്ചും..
കേമിയായും എല്ലാം നടക്കുന്ന എനിക്ക്..
ദൈവം ഒരു പണി വച്ചിരുന്നു.....
അത് ഒരു ഇന്ന പണി ആയി പൊയി താനും ...
മകം തോഴീൽ .
അന്ന് ബസിൽ  ഒക്കെ ഭയങ്കര തിരക്കാവും..
വീട്ടി ലിരിക്കുന്ന സുന്ദരികളും..
കൊച്ചുങ്ങളും..
പറഞ്ഞാൽ   കേൾ ക്കുന്ന കെട്ടിയവന്മാർ  ആണെങ്കിൽ  അവരും..
കുഴിയിലേക്ക് കാലു നീട്ടി ഇരിക്കുന്ന വൃദ്ധ സുന്ദരികളും..
എല്ലാവരും ഒറ്റ വണ്ടിയിൽ  തന്നെ കയറും ..
എനിക്കാണെങ്കിൽ ല്‍ അന്ന് ഒരു കുഴപ്പം പറ്റി ..
ഒരുങ്ങി നടക്കാൻ ന്‍ എന്ത് അവസരം കിട്ടിയാലും ഞങ്ങൾ  പെണ്‍ കുട്ടികൾക്ക്  വലിയ സന്തോഷമാണല്ലോ 
അന്ന് കൂട്ടുകാരികൾ എല്ലാം സെറ്റ് മുണ്ടുടുക്കാം  എന്ന് തീരുമാനിച്ചു ..
എന്റെ തൂക്കം വെറും മുപ്പത്തഞ്ചു  കിലോയാണ് ..
ഒരു സഞ്ചരിക്കുന്ന അസ്ഥി പന്ജ്തരം ..
വാരിയെല്ലുകൾ  എണ്ണി എടുക്കാം..
പുറകിലെ നട്ടെല്ലിന് എത്ര കശേരുക്കളുണ്ട് എന്ന്
എന്റെ മുതുകു നോക്കി കൂട്ടുകാരികൾ  എണ്ണി പറയും ..
സാരി ഉടുത്തു ഒരു പുതയും പുതച്ചാണ് എന്റെ നടപ്പ്..
പൂരാട പ്പുത എന്നാണ് വീട്ടിൽ എല്ലാവരും കളിയാക്കുന്നത് .
അന്ന് കൂട്ടുകാരികള്‍ക്ക് എല്ലാം ഒരു ആഗ്രഹം..
മകമല്ലേ
നമുക്കു സെറ്റ് ഉടുക്കാം എന്ന്..
ആവുന്നത്ര എതിർത്തു  നോക്കി..
നടന്നില്ല..
പിന്നെ വരുന്നതു വരട്ടെ എന്ന് വച്ചു ..
അമ്മയുടെ ഒരു മുണ്ടും നേര്യതും തരപ്പെടുത്തി ..
അമ്മയുടെ പെട്ടിയിൽ നിന്നും എന്തെടുത്താലും
അതിന് കൈത പ്പൂ വിന്റെയും ചന്ദനത്തിന്റെയും ഒരു മനോഹര ഗന്ധമാണ്..
അതെല്ലാം ഉടുത്തു എന്നെ കണ്ടപ്പോൾ എനിക്ക് എന്നെ ഇഷ്ട്ടമായി..
ഇല്ല എന്ന് പറയാൻ  പറ്റില്ല
പിന്നെ സ്റ്റോപ്പിലേക്ക് ഒരു ഓട്ടമാണ് ..
രോഹിണി ബസ്‌ എത്തുന്നതിനു മുന്‍പ് എത്തണം

നിന്നെക്കാൾ പൊക്കം കുറഞ്ഞവരും..
പ്രായം ആയവരുംകയറി കഴിഞ്ഞേ നീ കേറാവൂ
എന്നാണു വീടിലെ ഓർഡർ  
ബസ്സ് വന്നപ്പോള്‍..
സ്റ്റോപ്പിൽ  ഒരു പൂരം കൂടാനുള്ള ആളുണ്ട്..
കേറേണ്ട എന്ന് വച്ചതാണ്..
രേമണിയും സുധയും എല്ലാ ഉണ്ട്..
ഇതേ പോലെ ചുവന്ന ബ്ലൌസും..
നേര്യത് ഒക്കെ ഉടുത്തു..
കൈ കാണിക്കൽ ..
കേറൂ എന്ന നിലവിളീ..
കിളിച്ചേട്ടൻ  എന്നെ എടുത്തു അകത്താക്കി തന്നു..
എന്ന് പറഞ്ഞാൽ  മതിയല്ലോ..
നാല് കിലോ മീറ്റർ  കഴിഞ്ഞാൽ ..
അമ്പലം ആയി..
അതുവരെ സഹിച്ചാൽ  മതിയല്ലോ..
എനിക്ക് സാധാരണ പെണ്‍ കുട്ടികളെക്കാൾ  കൈക്കും കാലിനും നീളം കൂടുതൽ  ആണ്..
അച്ചിങ്ങാ പരുവം ആണ്..
എന്നാലും..
ഉയരവും കൂടുതൽ തന്നെ..
തല പൊങ്ങി നില്ക്കും..
എനിക്കത് വലിയ നാണക്കേടാണ് താനും..
എന്റെ അരയിൽ  ഒരു ചെറിയ വല്ലിമ്മ ചുറ്റി പിടിച്ചിട്ടുണ്ട് ..
മുകളിൽ  കമ്പിയിൽ  പിടിച്ചാൽ  എത്താൻ  ബുദ്ധിമുട്ടുള്ള ഒരു ചേച്ചി എന്റെ കയ്യിൽ  തൂങ്ങി കിടക്കുകയാണ്..
അമ്പലം എത്തി..
എന്നെ ഇട്ടു വട്ടം ചുറ്റിച്ചു ആളുകൾ  ഇറങ്ങാന്‍ തുടങ്ങി...
എന്നെ ചുറ്റി പിടിച്ച വല്ലിമ്മ എന്നെ വിട്ടു മുമ്പോട്ട്‌ പൊയി..
ഒരു നാല് ബസിനുള്ള ആളുകൾ  ഇറങ്ങി..
വല്ലിമ്മ വാതിക്കൽ  എത്തി..
കയ്യിൽ  ചുറ്റിയ ഒരു മുണ്ടും ഉണ്ട്..
അമ്മയുടെ നേര്യത് പോലെ എന്ന് മനസ്സിൽ  വിചാരിച്ചു..
ഇടി മിന്നൽ  പോലെ എനിക്ക് മനസിലായി
അതെന്റെ അരയിലെ മുണ്ടാണ് ..
അപ്പോഴേക്കും മുണ്ട് റോഡിൽ  എത്തിക്കഴിഞ്ഞു ..
പിന്നെ ഒരു വലിയ ബഹളം..
എന്നെ എടുത്തു അകത്താക്കിയ കിളി..
ചാടി ഓടിച്ചെ ന്നു എന്റെ മുണ്ട് പിടിച്ചു വാങ്ങി ..
സാക്ഷാൽ  കൃഷ്ണൻ പാഞ്ചാലിയുടെ മാനം കാത്ത   പോലെ ജനാല വഴി  മുണ്ട് ഇങ്ങു ഇട്ടു തന്നു..
കൂട്ടു കാരികൾ എന്റെ മാനം രക്ഷിക്കാൻ  ചുറ്റും കൂടി നിന്നു..
ഒരു വിധം മുണ്ട് വാരി ചുറ്റി ,,ഭാഗ്യത്തിന് നേര്യതു ഒരു കുഴപ്പവും ഇല്ലാതെ സേഫ്റ്റി പിന്നിൽ കുടുങ്ങി മുകളില തന്നെ ഇരുന്നു 
അടുത്ത സ്റ്റോപ്പിൽ  ഇറങ്ങി ..
കോളെജും വേണ്ട ഒരു പിണ്ണാക്കും വേണ്ട..എന്ന് തീരുമാനിച്ചു ..എങ്ങിനെ ഇനി ആ ബസിൽ കയറും..ആളുകളുടെ മുഖത്തു നോക്കും 
..........
പിന്നെ ഇതാ ഇന്നു വരെ മുണ്ട് ഉടുത്തു എങ്ങോട്ടെങ്കിലും ഇറങ്ങിയാൽ  ..
എന്റെ ഹൃദയമിടിപ്പ്‌ എനിക്ക് തന്നെ അറിയാം ..
അടുത്ത് കൂടി വരുന്ന ഓരോരുത്തരും..
എന്റെ മുണ്ട്  പറിച്ചു കൊണ്ടു പോകും എന്ന ബാലിശമായ ഒരു ചിന്ത..
പിന്നെ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല
എങ്കിലും
വായിൽ  നോക്കികൾ ആയ ചില ആണ്‍പിള്ളേർ  എന്റെ ക്രൂര കൃത്യങ്ങളിൽ മനം നൊന്തു..
ഏതോ ദുർമന്ത്രവാദിയെക്കൊണ്ട് 
എന്തോ ആസുര കർമ്മം  ചെയ്യിച്ചതാണോ എന്ന സംശയം ഇന്നും എനിക്കുണ്ട്..
കൊടുത്താൽ കൊല്ലത്തും കിട്ടും
എന്ന
ഗുണ പാഠം
എത്ര ശരി

2009 ജൂലൈ 11, ശനിയാഴ്‌ച

അമ്മ


എന്റെ ജീവിതത്തിലെ ഏറ്റവും സ്വാധീനിച്ചവര്‍ ആര്..
എന്റെ മാര്‍ഗ ദര്‍ശി ,മാതൃക എല്ലാം
പഴയ ഈ നാലാം ക്ലാസ് കാരി തന്നെ ...
ആരെ കുറിച്ചും ദുഷിക്കില്ല
ആര്‍ക്കും ദാനം ചെയ്യും

കിഴകെതിലെ ഉമ്മയും അമ്മയും വലിയ കൂട്ടുകാര് ആണ് 
വളരെ കഷ്ട്ടം ആണ് അവിടെ സ്ഥിതി
അമ്മയ്ക്കും എട്ടു മക്കള്‍..
അവര്ക്കും അങ്ങിനെ തന്നെ
അവിടെ പോരാത്തത് അമ്മ ഇവിടെ തീര്ക്കും 
അമ്മയുടെ ദാന ശീലം പ്രസിദ്ധമാണ് 

അച്ഛന്‍ വലിയ ധനവാൻ  ആണ്..
അമ്മയുടെ ഈത്തരം അധിക പ്രസംഗവും എല്ലാം അച്ഛന്‍ വക വച്ചു കൊടുത്തിരുന്നു ..
അമ്മയെ നല്ല ശ്രേധ ആയിരുന്നു അച്ഛന്

മക്കള്‍ എല്ലാവരും പള്ളിക്കൂടത്തില്‍ പോയ ഒരു ദിവസം...
ഒരു മൂര്‍ഖന്‍ പാമ്പ് മുറ്റത്ത്‌ വന്നു
അമ്മ നോക്കുമ്പോള്‍ പാമ്പ് ആകെ ദുഖിതന്‍ ആണ് .
അതിന് ദാഹമുണ്ട് ..
മുറ്റത്ത്‌ വലിയ വെയിലും..
അമ്മ ആടിനെ കറന്നു ഒരു പാത്രത്തില്‍ പാല് എടുത്തു..
പാമ്പിനു വച്ചു കൊടുത്തു..
വെയിൽ  കൊള്ളാതിരിക്കാന്‍ ഒരു കുട്ട വച്ചു മൂടി.

ഇര വിഴുങ്ങിയ പാമ്പ് അനങ്ങി യില്ല ഭാഗ്യത്തിന്
വൈകിട്ട് കുഞ്ഞേട്ടന്‍ വന്നപ്പോള്‍ ..
അമ്മ സന്തോഷത്തോടെ കുട്ട പൊക്കി കാണിച്ചു കൊടുത്തു
ആ സമയം കൊണ്ടു പാമ്പ് പോയിരുന്നു ..

അച്ഛന്‍ ഈ വീര കഥ കേട്ടപ്പോള്‍ ഒരു ചേച്ചിയുടെ പഠിത്തം നിർത്തി വീട്ടില്‍ ആക്കി ..
ഇനിയും എന്തെല്ലാം കുഴപ്പം ഒപ്പിക്കും എന്നറിയില്ലല്ലോ..
അതാണ്‌ അമ്മ

നന്നായി വായിക്കും..നന്നായി പാടും..
ദേഷ്യം തീരെ കുറവാണ്..
ശക്തയും പ്രാപ്തയും ആയ ഒരു നായര്‍ സ്ത്രീ ...
ശെരി..
അത് ചെയ്യാന്‍..
പറയാന്‍ അമ്മക്ക് യാതൊരു ഭയവും ഇല്ല..
പെട്ടന്ന് വിധവ ആയി..
അതി പ്രഗല്ഭനും അമ്മയെ അതിര് കവിഞ്ഞു സ്നേഹിച്ചവനും ആയ ഭര്ത്താവ്
പെട്ടന്നങ്ങ് പോയപ്പോള്‍ അമ്മ തകര്‍ന്നില്ല..

കല്യാണം ചെയ്തു വിടാന്‍ അഞ്ചു പെണ്‍ മക്കള്‍ ..
ഇനിയും പറക്ക മുറ്റത്ത ആണ്‍ കുട്ടികള്‍...
അധാപകന്‍ ആയ മൂത്ത ചേട്ടനും 
രണ്ടാമത്തെ ഒപ്പയും എല്ലാവരും കൂടി ..
ഒരു പരാതിയും ഇല്ലാതെ നന്നായി അമ്മ  കുടുംബം മുമ്പോട്ട്‌ കൊണ്ടു പോയി ...

പ്രതിസന്ധികളില്‍ അമ്മ പതറി കണ്ടിട്ടില്ല..
സ്ത്രീ സ്വതന്ത്ര അല്ല
എന്നെല്ലാംപരാതി പറയുന്നവരെ കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്‌ ..
അവൾക്കു എന്തിൽ നീന്നു 
ആരിൽ നിന്ന് ആണ് സ്വാതന്ത്ര്യം വേണ്ടത് 

അതി പ്രഗല്‍ഭരും ..
ആധുനിക വിദ്യാഭ്യാസം നേടിയിടുള്ള..
അമ്മയുടെ മക്കളും..
മരു മക്കളും..
വൃദ്ധയായ ആ സ്ത്രീയുടെ അഭിപ്രായം എന്താണ്
എന്ന് മിക്ക കാര്യങ്ങളിലും ആന്വേഷിക്കും..

അത് ചിലപ്പോള്‍ നമുക്കു കൊണ്ടു നടക്കാന്‍ ആകാത്ത രീതിയില്‍ ഉള്ളതും ആവും..
എന്നാല്‍ അമ്മയുടെ കണ്ടെത്തലുകള്‍..
വിവേക പൂര്‍വ്വം ആയിരിക്കും ...
നല്ല അറിവും ഉണ്ട് അമ്മക്ക്
അതും മക്കളിൽ നിന്നും ആര്ജിച്ചത് 

ഓരോ വിഷയങ്ങളിലും..
തീവ്രമായ വാദ പ്രതി വാദങ്ങള്‍ വീട്ടിലെ ഒരു രീതിയാണ്..
ഗാന്ധിയനും കോണ്‍ഗ്രെസ്സുകാരനും ആയ വലിയേട്ടന്‍
പുള്ളിയുടെ അനുയായികള്‍..
യുക്തിവാദിയും കംമ്യൂനിസ്ട്ടുമായ കുഞ്ഞേട്ടന്‍
പുള്ളിയുടെ അനുയായികള്‍ വേറെ ..
കേൾവിക്കാർ ആയ അയൽവക്കക്കാർ ..
വൈകിട്ട് അങ്ങിനെ ഒരു സദസ്സ് ആണ്..

തര്ക്കം..
കുതര്‍ക്കം..വിതർക്കം..അങ്ങിനെ അങ്ങ് രവു പകുതി വരെ നീളും 

ലോക രാഷ്ട്രീയം അരച്ച് കലക്കി കുടിച്ചാണ് എനിക്ക് വളരാൻ  ഭാഗ്യം ഉണ്ടായത് ...
മാർക്സിസസ്തിൽ ഒന്നാംതരം ട്രേഡ് യൂണിയൻ  ക്ലാസുകൾ ..
ഗാന്ധിസത്തിന്റെ അന്ത സത്ത ഉൾക്കൊള്ളുന്ന 
ഒന്നാം തരം സൈദ്ധാന്തിക ചര്‍ച്ചകൾ  ...
ഏതെങ്കിലും നല്ല പുസ്തകം..
അതിലെ പ്രസക്ത ഭാഗങ്ങൾ ള്‍ ഉറക്കെ വായിക്കുക..
അതെ കുറിച്ച് ചര്ച്ച ചെയ്യുക 

പുതിയ കവിതകൾ .
ഉറക്കെ ചൊല്ലുക..
കോണ്ഗ്രസ് എത്ര മോശമയപ്പോഴും അതിനെ ബഹുമാനിക്കാൻ 
എന്നെ ശീലിപ്പിച്ചത് വീട്ടിലെ രാഷ്ട്രീയ അന്തരീക്ഷം ആണ്..
കോണ്ഗ്രസ് എന്ന് പറഞ്ഞാൽ ..
ഗാന്ധി..
അത് പോലെ നല്ലവനായ വലിയേട്ടൻ  ആണ്...
എന്നാണ് കൂട്ടി  ചിന്തിക്കുക..

ഞങ്ങൾ  പകുതി പേർ  സംശയം വേണ്ട..
തീപ്പൊരി കുഞ്ഞേട്ടന്റെ കൂടെ..
കുറെ പേർ  പാവം വലിയേട്ടന്റെ കൂടെയും ..
എല്ലാവരും കുഞ്ഞേട്ടന്റെ കൂടെയാണ്..
എന്നാൽ  പാവം വലിയേട്ടനെ ഒറ്റയ്ക്ക് ആക്കാൻ  പറ്റുമോ..

അമ്മ വലിയേട്ടന്റെ കൂടെ ആണ്..
അമ്മയുടെ പുന്നാര മകന്‍

iഇവര്‍ക്കെല്ലാം വച്ചു വിളമ്പുക..
എല്ലാവരുടെയും കാര്യം നോക്കി നടത്തുക എല്ലാം അമ്മയാണ്..
ഏറ്റവും വലിയ കലത്തിൽ ..
നിറയെ അരി ഇട്ടു വക്കും
കപ്പങ്ങയും പരിപ്പും കൊണ്ടു ഒരു സാമ്പാർ ..
അല്ലെങ്കില്‍
വെള്ളരിക്ക ,മാങ്ങ കൊണ്ടുള്ള ഒരു കൂട്ടാൻ ,,
കപ്പങ്ങ തോരൻ ..
കപ്പ പുഴുക്ക്..
ചേമ്പു പുഴുക്ക്..
ചേന മെഴുക്കു പുരട്ടി
വീടിലെ ചെറു കായ്‌ വരെ മെഴുക്കു പുരട്ടി ആവും ..
വിറകു വലിയ ക്ഷാമം ഉള്ള വസ്തു ആണ് 

ആൺ  പെൺ  അടക്കം എവിടെ ഒരു കഷണം വിറകു കണ്ടാലും പെറുക്കി കൊണ്ടു വരും..
കോളജിൽ  നിന്നും വരുമ്പോൾ  വഴിയിൽ എവിടെ വിറകു  കണ്ടാലും
വലിയ ഉണക്ക കമ്പു ആയാൽ പ്പോലും  വലിച്ചു കൊണ്ട്  ഞങ്ങൾ  പെണ്‍ പിള്ളേര്‍ക്ക് ഒരു മടിയും ഇല്ല തന്നെ
വിറകിനു അത്ര ക്ഷാമം ആണ്..

ഉഴുന്ന്..പയറു
എല്ലാ കൃഷി ചെയ്തു ഉണക്കി സൂക്ഷിച്ചിട്ടുണ്ടാവും..
വാളോരക്ക..അച്ചിങ്ങ..കാച്ചിൽ ,കപ്പലണ്ടി ,വെണ്ട ..
വെള്ളരി..വഴുതന..ചുണ്ട.കറിവേപ്പ് ..കപ്പ ,
എല്ലാം കൃഷിചെയ്തുണ്ടാക്കും ..
നെല്ല് ഉണ്ടല്ലോ..
പിന്നെ എത്ര പേര്‍ക്കും ഊണ് കൊടുക്കാനും  കഷ്ട്ടപാടില്ല ..
വെച്ചുണ്ടാക്കണം എന്നെ ഉള്ളൂ..
വന്ന പെണ്ണുങ്ങൾക്കും..
നിന്ന പെണ്ണുങ്ങൾ ക്കും അതെല്ലാം വലിയ ഇഷ്ട്ടമാണ് താനും...

വിവിധ പറമ്പുകളിൽ ..
പാടങ്ങളിൽ എന്നും പണി ഉണ്ടാവും..
ഒരു സംഘം പണിക്കാർ  ഉണ്ട് വീട്ടിൽ ...
അവർക്ക്  ആഹാരം ഉണ്ടാക്കൽ  ഇത്തിരി പണി തന്നെ ആണ്..
അമ്മയുടെ നീതി ബോധം പ്രസിദ്ധമാണ്..
പണിക്കാർക്ക്  കൊടുത്തു കഴിഞ്ഞേ വീട്ടിൽ  ആര്ക്കും ആഹാരം ഉള്ളൂ
അവർ പണി കഴിഞ്ഞു വരുന്നതാ .
നമുക്കു പിന്നെയും ഉണ്ടാക്കി കഴിക്കാം
അവർക്കോ എന്നാണ് ചോദ്യം..

പത്തു പേർക്കു  കഞ്ഞി എന്ന് പറഞ്ഞാലും
ചിലപ്പോൾ  പതിനഞ്ച് പേർ  കഞ്ഞി കുടിക്കാൻ  വന്നെന്നു വരും
എങ്കില്‍ വീട്ടിൽ  പെണ്ണുങ്ങള്‍ അന്ന് കുഴങ്ങിയത് തന്നെ
പിന്നെ പഴങ്കഞ്ഞി തന്നെ ശരണം
അതും ഒരു രുചി തന്നെ
തലേന്നത്തെ സാമ്പാർ ,പഴം കഞ്ഞിയിൽ  ചേർത്ത്  എല്ലാവരും കൂടി ഇരുന്നു കുടിക്കും
സാമ്പാർ ഇല്ലെങ്കിൽ  തൈരും  പച്ച മുളകും..
അതും ഭയങ്കര രുചി തന്നെ ആണ്
കഞ്ഞിക്ക് ഒരു പുഴുക്ക് നിര്‍ബന്ധം ആണ് ..
പച്ച കപ്പയുടെ സമയം..
അത് തന്നെ പുഴുക്ക്..
തേങ്ങയും പച്ചമുളകും ചേർത്ത് അരച്ച് കപ്പയിൽ  യോജിപ്പിച്ച് ഒരു പുഴുക്ക്..
പിന്നെ ഒരു ചമ്മന്തി..
നല്ല ചൂടുള്ള കഞ്ഞി ...
വയറു നിറയെ
അതാണ്‌ അമ്മയുടെ കണക്കു ..
വയറു നിറയെ ..
വലിയ വയർ  ഉള്ള പെണ്ണുങ്ങളും ആണുങ്ങളും ഉണ്ട്
അമ്മക്ക് ഒരു കൂസലും ഇല്ല..
അവർക്കു  വേറെ വലിയ പാത്രം തന്നെ കരുതിയിട്ടുണ്ട്
നല്ല വിശന്നു വരുന്നവർ റ  രുചിയോടെ ഭക്ഷണം കഴിക്കുന്നത്‌ കാണാൻ അമ്മക്ക് വലിയ ഇഷ്ട്ടമാണ്

ചില ഇനം ധര്മ്മക്കാർക്ക്  മുറ്റത്തു കയറാൻ  പാടില്ല..
അവര്ക്കു പറമ്പില്‍ ഒരു കുഴി കുഴിച്ചു..
അതില്‍ വാഴ ഇല ഇറക്കി വച്ചു അമ്മ കഞ്ഞി വിളമ്പി കൊടുക്കും..
ആരെങ്കിലും കഞ്ഞി വെള്ളം ചോദിച്ചാല്‍ അമ്മ പറയുന്നത്..
അത് കഞ്ഞി ചോദിക്കുന്നത് ആണ് എന്നാണു..
കാൽ ല്‍ പാത്രം ചോറും..മുക്കാൽ  പാത്രം വെള്ളവും..
മീതെ സാമ്പാറും..
എന്നാണു ചിട്ട
വെള്ളം ..വായു ..
ഇതിനെ കുറിച്ചെല്ലാം
അമ്മയുടെ സ്വന്തം തത്വ ശാസ്ത്രം ആണ് ഉള്ളത്..

ഒരു വലിയ കുന്നിന്റെ താഴ്വരയിലെ..
ഒരു തട്ടിൽ ല്‍ ആണ് വീട്..
മുമ്പില്‍ വിശാലമായ വയൽ //
വീടിലെ കിണറ്റിൽ  ധാരാളം വെള്ളം ഉണ്ട്..
അതിന് ധാരാളം ആളുകളും കന്നുകാലികളും പണിക്കാരും വീട്ടിൽ  തന്നെ ഉണ്ട് ..
മലയിൽ  നിന്നും വെള്ളം കോരാൻ  വീട്ടുകാർ  എത്തും..
ആരോടുംവ്‌ വെള്ളം  കൊരേണ്ട എന്ന് പറയില്ല..

നമ്മുടെ പറമ്പില്‍ ആണ് കിണർ  എന്നെ ഉള്ളൂ'
വെള്ളം എല്ലാവര്ക്കും അവകാശം ഉള്ളതാണ് എന്ന് അമ്മ വിശ്വസിച്ചു..
അമ്മയുടെ മക്കൾ ..
അതി രാവിലെ എഴുനേറ്റു വീട്ടിലെ പാത്രങ്ങളിൽ  വെള്ളം കോരി നിറയ്ക്കും..
മറ്റു വീട്ടുകാർ  വെള്ളം കോരാൻ  വന്നു കാത്തു നില്‍ക്കുന്നതും അമ്മക്ക് ഇഷ്ട്ടമല്ല
പിന്നെ അവരെല്ലാം കോരി തീരുന്നത് വരെ വീടിലുള്ളവർ  കാത്തു നില്‍കേണ്ടി വരും..
നാല്‍പതു കുടുംബങ്ങൾ  വരെ വെള്ളം കോരാൻ  ഉണ്ടാവും..
പെണ്ണുങ്ങൾ  ബക്കറ്റ്‌ കിണറ്റിൽ  കളയുകയും ചെയ്യും
വീട്ടില്‍ ആണുങ്ങൾ  ഇല്ലെങ്കിൽ  അമ്മ തന്നെ..
കിണറ്റിലി റങ്ങി തൊട്ടി എടുത്തു കൊടുക്കും

ഒരു കാര്യവും സാധിക്കില്ല എന്നൊരു ചിന്തയെ ഇല്ല
സിനിമ കാണാൻ  വലിയ ഇഷ്ട്ടമാണ്..
പിള്ളേരെ എല്ലാവരെയും കൂടി കൊണ്ടു പോകും..
അനുവാദം ഒന്നിനും ചോദിക്കുന്ന കണ്ടിട്ടില്ല..
അത് അച്ഛനോടും ഇല്ല എന്നാണ് കേട്ടിട്ടുള്ളത്
നാളെ ഒന്നു..ഗുരുവായൂർ ക്ക് പോകാൻ  വിചാരിക്കുന്നു..

കൂടെ ആരാ..

പുരുഷുവും ഭാനുവും ഉണ്ട്..പിന്നെ അംബുജവും  നായരും ഉണ്ടാവും
തീര്ന്നു

കൂടുതൽ  ചോദ്യവും മറുപടിയും ഒന്നും ഇല്ല.
മക്കളും അങ്ങിനെ തന്നെ വളർന്നു .
പറഞ്ഞിട്ട് പോകണം..
പറയുന്ന സമയത്തു വരണം ..
അത് രണ്ടും വലിയ നിര്‍ബന്ധമാണ്‌ ..
ആരും അതിന് എതിരു  നിൽക്കാൻ  ശ്രേമിച്ചിട്ടില്ല
മൂവി ക്ലബ്ബിൽ അംഗത്വം എടുത്തു..
എല്ലാ ലോക ക്ലാസിക്കും  കാണാൻ 
സീസണ്‍ ടിക്കറ്റ്‌ തന്നെ എടുത്തു തരും..ചേട്ടന്മാർ 


കണ്ടിട്ട് വരുമ്പോൾ  വൈകും..
ഏതെങ്കിലും സഖാവ് കൊണ്ടു വന്നാക്കിയാൽ ..
അയാൾ ക്കും ചായ കൊടുത്ത് വിടും..
അവരെ പ്രേമിചെക്കുമോ  
ആത്തരം ഭയം പോലും ഇല്ല..
മക്കളുടെ വിവേകത്തിൽ  അമ്മക്ക് നല്ല വിശ്വാസം ആയിരുന്നു ..
ആ വിശ്വാസം..ഒരിക്കലും ഞങ്ങൾ  
പെണ്മക്കള്‍..
ആൺ  മക്കളും തെറ്റിച്ചില്ല
ആൺ മക്കൾ അവരുടെ ഭാര്യമാർക്ക്  വേണ്ടത്ര സ്വാതന്ത്ര്യം കൊടുത്തു..
വിവാഹം കഴിച്ചു ചെന്ന വീടുകളിൽ 
ഞങ്ങള്‍ക്കും അതെ നില തന്നെ ആയിരുന്നു..
എന്തിനും ഏതിനും അനുവാദം അതൊന്നും
ഒന്നും ചിന്തിച്ചിട്ട് പോലും ഇല്ല
എല്ലാവരും ഒന്നിച്ചല്ലാതെ ആരും ഒന്നും കഴിക്കില്ല..
എവിടെ പോയാലും ഒരുമിച്ചു എന്ന് തന്നെ ശീലം..
എന്നാൽ  ഒരിക്കലും
ഒരു അനുവാദം
അതിനായി ആരും കാത്തു നില്കുന്നതായി കാണാറില്ല..
വേണ്ടി വന്നിട്ടും ഇല്ല ..
അങ്ങിനെ അനുവാദം മേടികേണ്ട മഹാന്മാര്‍ ആണ് ഭർത്താക്കന്മാർ 
ആത്തരം മൌധ്യം അമ്മയുടെ മക്കൾക്ക്  ഇല്ലായിരുന്നു താനും

ആൺമക്കൾ അങ്ങിനെ പെണ്ണുങ്ങളെ ഭരിക്കാൻ ന്‍ അമ്മ അനുവദിച്ചിരുന്നും ഇല്ല ..
ആൺ  മക്കളും ഭാര്യമാരും തമ്മിൽ  എന്ത് വഴക്കുണ്ടയാലും..
ഞങ്ങൾ ള്‍ കുടുംബം മുഴുവൻ  വന്ന പെണ്‍ കുട്ടികളോട് ചേര്ന്നു നില്കും ..
അല്ലാതെ വീടിലെ ചേട്ടന്മാരുടെ കൂടെനിൽക്കില്ല  നില്കില്ല..
വന്ന മരു മക്കളുടെ ഏറ്റവും വലിയ ബലം..
ഞങ്ങൾ ള്‍..അമ്മയും പെങ്ങന്മാരും ആയിരുന്ന..

അതിന്റെ മറു വശമോ 
കഷ്ട്ടം എന്ന് പറയട്ടെ..
സഹോദരന്മാർ  എന്ന് പറഞ്ഞിട്ടെന്തു.. കാര്യം
അമ്മ എന്ന് പറഞ്ഞിട്ടെന്തു.. കാര്യം
ഞങ്ങളുംപെണ് മക്കളും കേട്ടിയവന്മാരുമായി എന്ത് വിഷയം ഉണ്ടായാലും..
അവര്‍ കുടുംബം ഒറ്റ ക്കെട്ടായി..
ആ ആണുങ്ങളുടെ കൂടെ കൂടുകയും ചെയ്യും..
അമ്മയും അവരുടെ സൈഡ് തന്നെ ആയിരിക്കും..
വന്ന പെണ്ണുങ്ങൾ  മാത്രം ഉപ കാര സ്മരണ കൊണ്ടു ഞങ്ങളുടെ കൂടെ കൂടും


അങ്ങിനെ അങ്ങിനെ അമ്മയെ കുറിച്ച് എത്ര എത്ര ദീപ്ത സ്മരണകൾ 



2009 ജൂലൈ 3, വെള്ളിയാഴ്‌ച

കുഞ്ഞേട്ടന്‍


കുഞ്ഞോപ്പ
ഞങ്ങളുടെ  സഹോദരൻ ആണ് കക്ഷി
ഒരു സകല കലാ  വല്ലഭൻ
കൂർമ്മ ബുദ്ധി ,,നല്ല ഫലിത ബോധം ,സ്ഥിരോത്സാഹിയും ..
അച്ഛൻ ഇല്ലാത്ത ഞങ്ങളുടെ കുടുമ്പത്തിന്റെ നെടുംതൂണ്‍  കുഞ്ഞോപ്പ  ആയിരുന്നു
എഞ്ചിനീയറിംഗ് ബിരുദം അന്നത്തെ കാലത്ത് ഉണ്ട്..
കൂട്ട് പുരികം..
കരടിയുടെ  പോലെ ശരീരം  മുഴുവൻ രോമം ... ..
ഒരു കള്ള ച്ചിരി  എപ്പോഴും കണ്ണിൽ  ഉണ്ട്.
.അച്ഛന്റെ പൊന്നു മോൻ  ആണ് കക്ഷി ..
അച്ഛന്‍ ഒരു വിഷ ഹാരിയും,മന്ത്രവാദിയും ,വൈദ്യനും എല്ലാം ആയിരുന്നു..
കുഞ്ഞേട്ടൻ ആണ് പരികർമ്മി  ..എല്ലാ മന്ത്രങ്ങളും അച്ഛന്‍ കുഞ്ഞേട്ടനെ പഠിപ്പിച്ചിരുന്നു..
പാമ്പ് കടിക്കു അച്ഛൻ  ഒരു സമഗ്ര ച്ചികിത്സാ രീതി ആയിരുന്നു നോ ക്കിയിരുന്നതു..കുഞ്ഞേട്ടൻ  മുറി വായ് വലുതാക്കി രക്തം വലിച്ചു കളയും..നിരന്തരം ധാര കോരി..രക്തം ഒഴുക്കി കളയും..പച്ച മരുന്ന്
മുറിവായി ൽ  വച്ചു കെട്ടി വിഷം വലിച്ചു കളയിക്കും .
തല പൊക്കി വച്ചു കിടത്തും..പിന്നെ നിരന്തരം
മന്ത്രം ചൊല്ലി കഷായ വെള്ളം ധാര കോരും.
കൊണ്ട്  വരാൻ  ഒത്തിരി വൈകി ഇല്ലെങ്കിൽ  രോഗി മരിക്കില്ല..
പിശകാണ് എന്ന് കണ്ടാൽ  അച്ഛന്‍ പ്രാഥമിക ചികിത്സ എല്ലാം നല്കി വേഗം വലിയ ആശുപത്രിയിൽ  അയക്കും..
അച്ഛൻ  ഇല്ലെങ്കിൽ  ഇതെല്ലം വലിയ യുക്തിവാദിയും പുരോഗമന ചിന്ത ഗതിക്കാരനും ആയ കുഞ്ഞേട്ടൻ  ചെയ്യും..
നല്ല ഓർമ്മ  ശക്തി ആയതുകൊണ്ട്..
മന്ത്രം എല്ലാം തെറ്റാതെ കൃത്യമായി ചൊല്ലും ..
നല്ല സ്വരം ആണ് താനും..
കുഞ്ഞേട്ടൻ ഒരു ചെറിയ മന്ത്രവാദി ആണ് എന്ന് ഒരു ഭയം ഉണ്ട്..
നാട്ടിൽ  എല്ലാവർക്കും ...
മന്ത്രം കൊണ്ടല്ല വിഷം ഇറങ്ങുന്നത് എന്ന് വീട്ടിൽ എല്ലാവർക്കും അറിയാം ..എന്നാൽ മന്ത്രം ഒരു ആരാധന രീതിയാണ് ..അച്ഛൻ തുടരുന്ന പോലെ കുഞ്ഞോപ്പയും ചെയ്യുന്നു എന്നെ ഉള്ളൂ .ഇല്ലെങ്കിൽ രോഗിക്കും വീട്ടുകാർക്കും സമാധാനം ഉണ്ടാവില്ല
വീട്ടിൽ ല്‍ മുറ്റം അടിക്കുന്നത് അടുത്ത വീടിലെ ഒരു മുസ്ലിം സ്ത്രീയാണ്..
കനത്ത മുടിയും.അതങ്ങ്  നിലത്തു മുട്ടും
.വെളുത്തു കൊലുന്നനെ ശരീരവും..
ശുധാരിൽ ശുദ്ധ ഗതിക്കാരിയുമായ  ..ബിയ്യോമ്മ ..
അമ്മയുടെ ചെല്ല ക്കിളി ആണ് പുള്ളിക്കാരി;;
ഞങ്ങൾ ള്‍ എല്ലാം ബീയുംമക്ക്  ഇളയവർ  ആണ്..
അത് കൊണ്ടു ബീയുവിനു ഞങ്ങളെ ആരെയും ഒരു വക വൈപ്പില്ല ..
അമ്മ, അച്ഛൻ ,വലിയേട്ടൻ  വേറെ എല്ലാവരും പിള്ളേർ  എന്നൊരു ഭാവം ..
അതിന്റെ ഒരു മത്സരം ഞങ്ങളും അവരും തമ്മിൽ ഉണ്ട് താനും..
രാവിലെ മുറ്റം അടിച്ചു കഴിഞ്ഞു പാത്രം കഴുകാൻ വരും
 കിണറ്റും  കരയിൽ  ആണു ..പാത്രം കഴുകൽ 
വലിയ കുട്ടകത്തിൽ  വെള്ളം കോരി വച്ചിട്ടാണ് പത്രം കഴുകാൻ ഇരിക്കുന്നത് ..വേറെ ഒരു ചെറു പാത്രത്തിൽ കുറച്ചു വെള്ളം പകർന്നു  അടുത്തു വൈക്കും  ..അത് കൊണ്ട് ചാരം നനച്ചു പാത്രം ഉരച്ചു തേച്ചു കഴുകും
കുട്ടകത്തിലെ വെള്ളത്തിൽ നന്നായി കഴുകി ചാരം കളയും 
ആ വെള്ളമെടുത്ത് കുഞ്ഞേട്ടന്‍ മുഖം കഴുകി....
വായ് കഴുകി ..
എല്ലാം പോരാഞ്ഞു ..
കാലും കഴുകാൻ തുടങ്ങി ..
കുറച്ചു  വെള്ളം കുഞ്ഞോപ്പ ക്ക് സ്വയം കോരി എടുക്കാം  ..
ആഴം തീരെ ഇല്ലാത്ത കിണർ  ആണ്
അവരെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി മാത്രം  ചെയ്യുന്നതാണ്
കഴുകലോട് കഴുകൽ
സഹികെട്ട് ബീയുമ്മ പറഞ്ഞു
..വെള്ളം തീർക്കരുത്  ..
അത് കുഞ്ഞെട്ടന് തീരെ പിടിച്ചില്ല ..
വലിയ പരീക്ഷക്കു പഠിക്കുന്ന
അഛന്റെ ചെല്ലക്കിളിയായ,വിഷഹാരിയായ ,മന്ത്ര വാദിയായ എന്നൊടോ  കളി ..എന്ന മട്ട്..
ഇവരോക്കെക്കൂടി  ഞാന്‍ കോരി വച്ച വെള്ളം എടുക്കാൻ  തുടുങിയാൽ എന്റെ പണി എപ്പൊൾ  തീരും എന്ന് ബീയു ..
വഴക്കായി എന്ന് പറഞ്ഞാല മതിയല്ലോ
എന്ത് സംഭവിച്ചു എന്നറിയില്ല..
പെട്ടന്ന്..കുഞ്ഞേട്ടന്‍..
ഒരു കൈ വെള്ളം എടുത്തു..നെഞ്ചോട് ചേർത്തു  ‌ .
എന്തോ മന്ത്രം ചൊല്ലി..
ഛീ കുലടേ നീ ഒരു പെൺ  കഴുത ആയി പൊകട്ടെ
എന്ന് ഒറ്റ അലര്‍ച്ച ..പിന്നെ വെള്ളം ബീയുവിന്റെ നേരെ ആഞ്ഞു കുടഞ്ഞു എറിഞു ...ശൂ എന്നൊരു ശീൽക്കാരവും
അയ്യോ..പാറു അമ്മേ..
എന്നെ കൊന്നേ ,ഞാനിപ്പം ചത്തു പൊവുമെ...
ബീയു അലമുറ ഇട്ടു കരച്ചിൽ
എന്നിട്ട്  അടുക്കള  ഭാഗത്തെക്ക്  ഒരു പാച്ചിലാണ്
ചെന്നു ഒരൊറ്റ വീഴ്ച ..
പൊധൊം

 തലയിൽ  കൈ വച്ചു  ഉറക്കെ കരയുന്നുമുണ്ടു
നിലത്തു കിടന്നു ഉരുളുന്നു
എല്ലാവരും ഓടിക്കൂടി 
പിന്നെന്താ പുകിൽ  ???????? .
അമ്മ സമാധാനിപ്പിക്കുകയാണു
“.ഇല്ല ബീയോ  ..അവൻ  ശപിച്ചാൽ  ഒന്നും സംഭവിക്കില്ല
അവനു ഒരു കുന്തവും അറിയില്ലെടീ“
ഉവ്വ..ബീയുമ്മ വിശ്വസിക്കുമൊ
“ഇവിടുത്തെ അഛൻ  വരട്ടെ ..
..ചരടു ജപിച്ചു  തരാൻ  പറയാം  “ ..
എന്ന് പറഞ്ഞു  അമ്മ ബീയുവിനെ സമാധാനിപ്പിച്ചു
 കുഞ്ഞേട്ടൻ  വിയർത്തു പൊയി
ശുധത്മാവാണ് ബീയുമ്മ ..കളങ്കമില്ലാത്ത  മനസ്
ഒത്തിരി അന്ധ  വിശ്വാസങ്ങൾ  ഉണ്ട്  മനസിൽ

മന്ത്രം ചൊല്ലിയത് ഹിന്ദി സിനിമ  ഗാനമാണ്  എന്ന് പറയാൻ പറ്റുമോ  

അച്ഛൻ വരവായി
ചാണകം മെഴുകിയ ഇറയത്തു...
വീണിതല്ലൊ കിടക്കുന്നു..
ബീയുമ്മ
ചുറ്റും .. ..
വീട്ടുകാരും..
അയല്‍ക്കാരും..

അച്ഛന്‍ വന്നു കുഞ്ഞേട്ടനെ കുറെ വഴക്കു പറഞ്ഞു..
കുറച്ചു മന്ത്രം ചൊല്ലി ഒരു ചരടു ജെപിച്ചു  കെട്ടി കൊടുത്തു
പേടിക്കേണ്ട സാരമില്ല ഇനി സന്ദ്യക്ക് കുറച്ചു ദിവസം പുറത്തു ഇറങ്ങി നടക്കേണ്ട എന്നൊരു ഉപദേശവും കൊടുത്ത്
 പിന്നെയും കുറച്ചു  സമയം എടുത്തു പുള്ളിക്കാരി ഒന്ന് സാധാരണ  ഗതിയിൽ  ആകാൻ

2009 ജൂൺ 30, ചൊവ്വാഴ്ച

കുഞ്ഞമ്മാന്‍..നാടകം

കുഞ്ഞമ്മാവന്‍ നാടകം അഭിനയിച്ചത് വലിയ ചരിത്രമാണ് ..
ചുരുണ്ട്നിബിഡമായ മുടി വളര്‍ത്തി തോളറ്റം അഴിചിട്ടിരിക്കും
  മെലിഞ്ഞു നീണ്ട  ദേഹം ..ആള് മെക്കാനിക്കാണ് .ജോലി ചെയ്യുമ്പോൾ മുടി കെട്ടി ഒതുക്കി വൈക്കും .അമ്മാവനാണ് നാടകത്തിലെ സ്ത്രീ വേഷം.വലിയ കണ്ണുകൾ ,അതിൽ  നീണ്ട പീലികൾ ..ഒരു ചെറു പുഞ്ചിരി എപ്പോഴും മുഖത്തുണ്ടാവും.
അമ്മാവൻ ഒറ്റയാനാണ് .ഭാര്യയും മക്കളും ഒന്നുമില്ല.നാട്ടിൽ  ഒരു ചെറു സംബന്ധം ഉണ്ട്
പല ഗ്രാമ സമിതികളും അമ്മാവനെ വിളിക്കും..
ഇത്തിരി വെള്ളം എല്ലാ കിട്ടുന്ന ഏര്‍പ്പാടയതിനാല്‍ പുള്ളി പോവുകയും ചെയ്യും
പക്ഷെ സംഭാഷണം കാണാതെ പഠിക്കാനൊന്നും മടിയനായ അമ്മാവന് സമയമില്ല
നാട്ടു കാര്യം  അന്വേഷിച്ചും ചെണ്ടപ്പു റത്തു കോല്  വച്ചാല്‍ അതിന്റെ മുമ്പിൽ  പോയി നില്‍ക്കാനും ഒക്കെയാണ്  അമ്മാവന് ഇഷ്ട്ടം ..
കുഞ്ഞെട്ടനും വലിയെട്ടനും,മറ്റു കൂട്ടുകാരും കൂടി ഒരു നാടകം ലൈബ്രറി വാര്‍ഷികത്തിന് കളിക്കാൻ നിശ്ചയിച്ചു ..
അമ്മാവന്‍ ആണ് സ്ത്രീ വേഷം
അന്നും ഇന്നും നാടകം..നാടകീയതയുടെ കല ആണ്..
വികാര നിർഭരമായ രംഗങ്ങൾ ..പൊട്ടിക്കരയുന്ന നായിക..ഗദ്ഗദം പൂണ്ട സംഭാഷണങ്ങൾ
ചേരുവ എല്ലാം ഇന്നത്തേത് തന്നെ..
ഒന്നാം തരം ഒരു പ്രണയം..
കടിച്ചാൽ  പൊട്ടാത്ത ഇനം ഒരു വില്ലൻ ..
മിണ്ടിയാൽ പാടുന്ന നായകൻ  ..
നായിക ..
അങ്ങിനെ അങ്ങിനെ എല്ലാം ചേർന്ന ഒരു കലക്കൻ നാടകം
റിഹെഷ്സൽ  എല്ലാം പൊടി പൊടിച്ചു ..
എല്ലാം വീട്ടി ലെ പറമ്പിലും പാടത്തും ഒക്കെയാണ് ..

ഇവരുടെ കൂട്ടത്തിലെ ഒരു കുള്ളൻ  ഉണ്ട് ..
പുരുഷു..
പുള്ളിയാണ് പ്രൊമ്പ്റ്റെർ 
എന്ന് വച്ചാൽ  സംഭാഷണം പുറകിൽ  നിന്നും വിളിച്ചു പറഞ്ഞു കൊടുക്കും..
നടീ നടന്മാർ  അതേറ്റു പറയും ..
ഒരു തുടക്കം കിട്ടിയാൽ  പിന്നെ ബാക്കി  പറയുക എളുപ്പമാണ് ..
നാടകം തുടങ്ങി
നാട്ടിലെ നാടകമല്ലേ..
മോശമായാൽ  പേരു പോകും
എല്ലാവരും നന്നായി അഭിനയിച്ചു മുന്നേറുകയാണ്...
അടുത്ത രംഗം വന്നു..
നായിക നിലാവത്ത് കാമുകനെ കാത്തു ഒറ്റയ്ക്ക് ഇരിക്കുകയാണ്..
നായകൻ  ഇതുവരെയും എത്തിയില്ല..
അടുത്ത വരി ഇങ്ങനെ ആണ്
സ്വഗതം (ആത്മഗതം )
നായിക തന്നോടു തന്നെ പറയേണ്ട സംഭാഷണം ആണ്
പുരുഷു ചേട്ടൻ  ബുക്ക് നോക്കി
സ്വഗതം..
എന്താണ് നാഥ അങ്ങ് വൈകുന്നത്
എന്ന് പറഞ്ഞു കൊടുത്തു
അമ്മാവന്‍ വികാര നിർഭരമായ സ്വരത്തിൽ  ആകാശത്തെ അമ്പിളി നോക്കി
പറഞ്ഞു
സ്വഗതം..
എന്താണ് നാഥ അങ്ങ് വൈകുന്നത്
സ്വഗതം..
എന്ന് കേൾക്കയും ..ആളുകൾ ഒരു നിമിഷം നിശബ്ദരായി ..
പിന്നെ നിലക്കാത്ത കൂവൽ...
പെട്ടന്ന് കർട്ടൻ  ഇട്ടു ..
ശേഷം വെള്ളിത്തിരയിൽ

2009 ജൂൺ 29, തിങ്കളാഴ്‌ച

..അമ്മാവന്മാർ

അമ്മാവന്മാർ
ഏതാണ്ട് 50-60 കൊല്ലങ്ങൾ മുൻപ് കഥകൾ ആണ്
.ഇതിലെ നായകന്മാർ ആയ .അമ്മാവന്മാർ രണ്ടു പേരും മരിച്ചു പോയി
അമ്മക്ക് രണ്ടു ആങ്ങളമാരാണ് ..
വല്ലിമ്മവാൻ കല്യാണം കഴിച്ചു ഞങ്ങളുടെ വീടിന്റെ അടുത്തു തന്നെയാണ് താമസം
കുഞ്ഞമ്മാവാൻ വിവാഹം കഴിച്ചിട്ടില്ല
മൂത്ത ചേച്ചിയായ അമ്മയുടെ കൂടെയാണ് കക്ഷി താമസം..
അമ്മയ്ക്കും സ്വന്തം അനിയന്മാരെ വലിയ കാര്യമാണ്
മൂത്ത അമ്മാവന്‍ അതി സുന്ദരന്‍ ആണ്
വല്ലിമ്മാവന്‍ എന്നാണ് ഞങ്ങളും നാട്ടുകാരും വിളിക്കുന്നത്‌
വെളുത്തു അധികം പൊ ക്കമില്ലാതെ,ചുരുണ്ട മുടിയും ,വിടർന്ന കണ്ണുകളും ഒക്കെ ആയി ഒരു സുഭഗൻ ,സരസൻ
രാവിലെ പല്ല് തേച്ചു കൊണ്ട് അമ്മാവൻ ഞങ്ങളുടെ വീട്ടിലേക്കു പോരും
ആളും അർഥവും ചിരിയും കളിയും തമാശയും ഇവിടെ ഞങ്ങളുടെ വീട്ടില് ആണ് .ഇനി അമ്മാവൻ തിരികെ പോകുന്നത് മിക്കവാറും വൈകീട്ടാവും .
അമ്മാവന് സ്വയം അറിയാം താൻ ഒരു സുന്ദരന്‍ ആണെന്ന്
എന്നാല്‍ ബുദ്ധി അത്ര പോര
എന്ന് വച്ചാല്‍
ബാക്കി അതി ബുദ്ധിമാന്മാരുടെ കൂട്ടത്തില്‍
അമ്മാവന്‍ ഒരു ട്യൂബ് ലൈറ്റ് ആണ് എന്ന് സാരം
അതിന്റെ കുശുമ്പ് മുഴുവന്‍ ഉണ്ട് പുള്ളിക്ക്
ഇടക്കിടക്ക് സ്വന്തം ബുദ്ധിവൈഭവം ,പുള്ളി എല്ലാവരെയും ബോധ്യപ്പെടുത്താന്‍ ശ്രേമിക്കും
കുഞ്ഞമ്മാവന്‍
നേരെ മറിച്ചാണ്..
ഇരു നിറം
മെലിഞ്ഞു നീണ്ടു വലിയ കണ്ണുകളും
ചുരുണ്ട മുടി തോളറ്റം വെട്ടി
ആള്‍ ഒരു നാടക നടന്‍ ആണ്
അതില്‍ സ്ത്രീ വേഷം ആണ് പതിവു
അതാണ്‌ മുടി വളർത്തുന്നത്
ഒരു സകല കലാ വല്ലഭന്‍
എന്തും അഴിച്ചു നന്നാക്കും
ആരെയും സഹായിക്കും..
അമ്മയുടെ മറ്റു മക്കളുമായി എല്ലാ തോന്ന്യാസങ്ങൾക്കും കൂട്ട് നില്ക്കും
ചെത്തുകാരന്‍ രാമന്‍ വീട്ടിലെ അഞ്ചു തെങ്ങ് ചെത്തുന്നുണ്ട്
ഇവര്‍ സ്ഥിരം കള്ള് മോഷ്ട്ടിക്കും
അതും വളരെ ശാസ്ത്രീയം ആയിത്തന്നെ
ഒരാള്‍ തെങ്ങില്‍ കയറും..
കൂടെ ഒരു കലം കൊണ്ടു പോവും ..
മങ്കലത്തിന്റെ ക്കഴുത്തിൽ കയറു കെട്ടിയാണ്കയറ്റുന്നത്
കുറച്ചു കള്ള് അതിൽ പകര്‍ത്തി താഴേക്ക് എത്തിക്കും
അത് താഴെ വേറെ ഒരു കലത്തിലേക്ക് പകര്‍ത്തും
കൃത്യം അത്രയും വെള്ളം ഒഴിച്ച് കലം മുകളില്‍ എത്തിക്കും..
അങ്ങിനെ അഞ്ചു തെങ്ങാവുമ്പോള്‍ ഇവര്ക്ക് ഒന്നു മിനുങ്ങാൻ ഉള്ള കള്ള്
കിട്ടും
വീട്ടില്‍ ഇവര്‍ ചിലപ്പോൾ വാറ്റും..
അന്നൊന്നും എക്സൈസ് നിയമങ്ങൾ അത്ര ശക്തമല്ല .
ഉണ്ടോ എന്ന് തന്നെ സംശയം
കറുപ്പ് റേഷൻ കട വഴി വിതരണം ചെയ്തിരുന്ന സുവർണ്ണ കാലം ആയിരുന്നു അത്
ഒരു വലിയ മങ്കലം
അതില്‍ വേണ്ട സാധങ്ങള്‍ ഇട്ടു തിളപ്പിക്കും..
ശർക്കര ,പൂവന്‍ പഴം,മുന്തിരിങ്ങ
പച്ച കുരുമുളക്, തുടങ്ങിയ നാടൻ സാധനങ്ങൾ
തിളച്ചു വരുമ്പോള്‍ മുകളില്‍
അടിതുളയിട്ട വേറൊരു മങ്കലം വൈക്കും
ഏറ്റവും മുകളില്‍ ഈ നീരാവി ചെന്നു തണുത്തു ആവിയായി പുറത്തു വന്നു ശേഖരിക്കാന്‍ ഒരു കലം കൂടി
ആ കലം എപ്പോഴും വെള്ളം ഒഴിച്ച് തണുപ്പിച്ചു വൈക്കും
അന്ന് ഇതൊന്നും അത്ര പുതുമയുള്ള കാര്യമല്ല
അച്ഛൻ ഒരു വൈദ്യൻ ആയിരുന്നു
അരിഷ്ട്ടം ആസവം കഷായം ലേഹ്യം എണ്ണ ,ഭസ്മം ,തൈലം തുടങ്ങി എല്ലാം വീട്ടിൽ ഉണ്ടാക്കുമായിരുന്നു.
ചാരായ നിർമ്മാണവും അതിന്റെ ഭാഗം തന്നെയാണ്.ചില ഔഷധങ്ങൾ ഇതിലും ചെയ്യുന്നുണ്ട്
പക്ഷെ ആ ഉപകരണങ്ങൾ എല്ലാം ഇവന്മാർ ദുരുപയോഗം ചെയ്യുന്നതല്ലേ
ഇതെല്ലാം കുഞ്ഞമ്മാവന്റെ മേല്‍ നോട്ടത്തില്‍ ആണ്ചെയ്യുന്നത്
രണ്ടു സഹോദരന്മാരാണ് ഞങ്ങൾക്ക്
മൂത്ത ചേട്ടന്‍ എത്ര സ്വാത്തികനാണോ
അത്രയ്ക്ക് കാ‍ന്താരി ആണ് കുഞ്ഞേട്ടന്‍
തീക്ഷ്ണ ബുദ്ധി,,
നല്ല നര്‍മ ബോധം
ആരെയും കളിയാക്കി ഒരു വഴിക്കാക്കും
അമ്മാവന് ആശയങ്ങള്‍ കുഞ്ഞേട്ടന്‍ കൊടുക്കും
കുഞ്ഞമ്മാന്‍ അത് നടപ്പാക്കും അങ്ങിനെ
ഈനാംച്ചക്കിക്ക് മരപ്പട്ടി കൂട്ട് എന്നാണ് ഇവരെ രണ്ടു പേരെയും പറ്റി അച്ഛന്‍ പറയുക പതിവ്
ഇതു പോലെ തല തെറിച്ച കുറച്ചു കൂട്ടുകാരും ഉണ്ടിവര്‍ക്ക്
ഇവരുടെ വിക്രിയകള്‍ കൊണ്ടു വീട്ടുകാര്‍ പൊറുതി മുട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ
part 11
അമ്മാവന്‍ ക്ലോക്ക് നന്നാക്കിയ കഥ പ്രസിദ്ധമാണ്
കുഞ്ഞമ്മാന്‍ നാടിലെ അറിയപ്പെടുന്ന ക്ലോക്ക് നന്നാക്കല്‍ കാരന്‍ ആണ് .
ജന്മ വാസന കൊണ്ടു നേടിയതാണ് കഴിവ്
ഒരു ദിവസം ഒരാള്‍ ഒരു ക്ലോക്ക് നന്നാക്കാന്‍ കൊണ്ടു വന്നു.
ഒരു മധ്യ വയസ്കന്‍
അയാള്‍ ഭാര്യ വീട്ടില്‍ താമസത്തിന് വന്നതാണ്
അയാള്‍ക്ക്‌ അമ്മാവന്മാരെ അത്ര പരിചയം ഇല്ല
അമ്മാവന്‍ എന്തിയെ എന്ന് ആരോടോ ചോദിച്ചു,
അവിടെ മുറ്റത്തിന്റെ മൂലയില്‍ ഇരുന്നു പല്ലു തേക്കുന്ന വല്ലിമ്മനെ കാണിച്ചു കൊടുത്തു
അയ്യാള്‍ ചെന്നു വണങ്ങി
മകന്‍ സിംഗപ്പൂരില്‍ നിന്നും കൊണ്ടു വന്ന ജര്‍മന്‍ ടൈം പീസ്‌ ആണ്
ഇപ്പോള്‍ മിണ്ടുന്നില്ല
ഇടയ്ക്ക് നിന്നു പോകും
അലാം വച്ചാല്‍ അടിക്കില്ല
"പിള്ളേര് താഴെ ഇട്ടോട"?
അമ്മാവന്‍ ആധികാരികമായി ചോദിച്ചു
അയാൾ ഒന്നും മിണ്ടിയില്ല
എന്നിട്ട് പറഞ്ഞു
"അവിടെ വച്ചേക്കൂ "
കോലിറയത്ത് ക്ലോക്ക് വച്ചു അയാള്‍ ഒതുങ്ങി നിന്നു
അമ്മാവന്‍ വന്നു
ഒരു പുച്ച ഭാവത്തില്‍ ക്ലോക്കിനെ ഒന്നു നോക്കി
നിന്നെ പോലെ എത്ര ജര്‍മന്‍ ക്ലോക്കുകള്‍ ഞാന്‍ കണ്ടിരിക്കുന്നു എന്നൊരു ഭാവം സുന്ദര മുഖത്തു മറഞ്ഞു
കുഞ്ഞമ്മാന്റെ ടൂള്‍ ബോക്സ്‌ എടുത്തു
ക്ലോക്ക് അഴിച്ചു
വിശദമായി പരിശോധിച്ച്
ഓരോ ഭാഗങ്ങള്‍ അഴിച്ചു..
ചെവിയില്‍ വച്ചു നോക്കി..
ചില ഭാഗങ്ങള്‍ മണ്ണെണ്ണയില്‍ കഴുകി
ഒരു മണിക്കൂര്‍ പണിതു.
എല്ലാം തിരിയെ പിടിപ്പിച്ചു
ബാക്കി ഒരു വളോം പാര്‍ട്സ്‌
വാളോം എന്നാല്‍ കൈ നിറയെ
എന്നാണ് അര്ത്ഥം
അത് അയാളുടെ കയ്യില്‍ വച്ചു കൊടുത്തു
ഇതു നന്നാവില്ലെടോ
മേശപ്പുറത്തു വൈക്കാന്‍ കൊള്ളാം
അയാള് ഞെട്ടി പ്പോയി
അമ്മാവന്റെ പ്രശസ്തി ഗംഭീരമാണ്
അമ്മാവൻ നന്നാക്കിയാൽ ശരിയാവാത്ത ഒരു ഉപകരണവും ആക്കാലത്ത്‌ ഇല്ല . അകലെ നിന്ന് പോലും ആളുകൾ കേട്ടറിഞ്ഞു വരും .അത്ര പ്രശസ്തനാണ് .ആ അമ്മാവൻ നടക്കില്ല എന്ന് പറഞ്ഞാൽ കാര്യം പോക്ക് തന്നെ
രണ്ടു അമ്മാവന്മാരും തമ്മിലുള്ള വ്യത്യാസവും അത് തന്നെയാണ്
കുഞ്ഞമ്മവാൻ ആണെങ്കിൽ ഒരു ചലന്ജ് ..ആണിത് .. എത്രറ്റം കഷ്ട്ടപ്പെട്ടും കാര്യങ്ങൾ നന്നക്കിയെടുക്കുന്നതിൽ കുഞ്ഞമ്മാവന് വലിയ ത്രിൽ ആണ്
ബുദ്ധികൊണ്ടുള്ള ഒരു കളി ..അതിൽ വിജയിക്കാൻ ഉള്ള അശ്രാന്ത പരിശ്രമം
വല്ലിമ്മവാൻ ബുദ്ധി ഒക്കെ ഉള്ള ആൾ തന്നെ
എന്നാൽ സാഹസികമായ മുന്നേറ്റങ്ങൾ ഇല്ല. പെട്ടന്ന് മടുത്തു പിന്നോട്ട് പോരും
അപ്പോഴാണ്‌ വലിയേട്ടന്‍ പാടത്തു നിന്നു വരുന്നത്
"എന്താ രാഘവ"?
ഒരു കുശലം
അയാള്‍ ദയനീയമായി മാഷേ ഒന്നു നോക്കി
"അമ്മാവന്‍ പറഞ്ഞു ഇതു നന്നാവില്ല എന്ന് "
"അതിന് നീ അത് കിണ്ണു വമ്മാവനെയല്ലേ കാണി ക്കേണ്ടത്
വല്ലിമ്മാവനുണ്ടോ മെക്കാനിസം അറിയൂ
അവന്‍ വരട്ടെ നന്നാക്കിച്ചു വച്ചേക്കാം "
അയാള്‍ അമ്മാവനെ നോക്കിയ നോട്ടം
അമ്മാവന്‍ അത് കണ്ട മട്ടു നടിച്ചില്ല
അകത്തേക്ക് കയറി ഒരു പോക്കാണ്
അത് തല്ലു പേടിച്ചിട്ടാണ് എന്ന് മറ്റുള്ളവര്‍ പിന്നെ പറഞ്ഞു
വീട്ടില്‍ സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദത ആണ്
ആരെങ്കിലും മിണ്ടിയാല്‍ കൂട്ട ചിരി ആവും

2009 ജൂൺ 28, ഞായറാഴ്‌ച

കുളം



കുളം
അത് എന്റെ 
സന്തോഷമാണ്..
പ്രണയമാണ്..
 കളിയാണ്..
ചിരിയാണ് ..
ഒരു വലിയ വലിയ പറമ്പ് .
അതിന്റെ ഒരു മൂലയിൽ   ഒരു പാമ്പും കാവ്..
അതിന്റെ കുളം 
പാമ്പും കാവ് അമ്മ പണ്ടേ തന്നെ പൂജിച്ചു മാറ്റിയിരുന്നു..
ഇംഗ്ലീഷ് അക്ഷരം L ആകൃതി യിൽ  ഒരു ചെറിയ കുളം ..
അതിനോട് ചേർന്നു  ഒരു ചെമ്പകം ഉണ്ട്..
എന്റെ 
 സ്വന്തം ചെമ്പകം..
വൈദ്യർ  വേര് വച്ചു ..പതിപ്പിച്ചു തന്ന തൈ ‌ ആണ്.
ഒത്തിരി നടന്നു പോയി എടുത്തു കൊണ്ട് വന്നു നട്ടുപിടിപ്പിച്ചതാണ്..
അതിലെ പൂക്കൾ  എല്ലാം അത് കൊണ്ട് എന്റെതാണ് ..
എന്റെ പല താവളങ്ങളിൽ   ഒന്നാണ് ചെമ്പക  തണൽ  

കുളം എനിക്ക് എന്നെ തന്നെ ഒളിപ്പിക്കാൻ ഒരു സ്ഥലം കൂടി ആണ്..
ഗൌരവക്കാരും ചിട്ടക്കാരും ആയ വീട്ടുകാർ .
ഏറ്റവും ഇളയ പുത്രി ആയി ജനിച്ച  കഷ്ട്ടപ്പാട് പറഞ്ഞാല നിങ്ങള്ക്ക് മനസിലാകാൻ ഇടയില്ല .
നേരെ മൂത്ത ചേട്ടനും ഞാനും തമ്മില്‍ 7  വയസിനു മൂപ്പ്..
ചേട്ടന്റെ മട്ടു കണ്ടാല്‍ ചേട്ടൻ  ആണ്കാരണവർ  എന്ന്തോന്നും..

പിന്നെ നേരെ മൂത്ത ചേച്ചി 
നേരെത്തെ പറഞ്ഞില്ലേ
കുശുമ്പിന്റെ പര്യായം..
സുന്ദരിക്കുട്ടി തന്നെ 
നീണ്ട മുടി ഭംഗിയായി പിന്നിയിട്ടു
എല്ലാവരുടെയും നല്ല പിള്ളയായി
എല്ലാവരെയും കുറിച്ച് കുറ്റം പറഞ്ഞു..
എല്ലാവരെയും പൊക്കി പറഞ്ഞു..
22 അംഗങ്ങള്‍ ഉള്ള ഒരുകൂട്ട് കുടുംബത്തിലെ
ഏഷണി കുട്ടി ആയി വിലസുന്ന മിടുക്കി ചേച്ചി 

എന്നും എന്നെ കരയിക്കാൻ  ചേച്ചി എന്തെങ്കിലും കാര്യംഉണ്ടാക്കും.
എന്തെങ്കിലും കുഞ്ഞി കാര്യങ്ങൾ ..
അത് വലുതാക്കി ചേട്ടന്മാരുടെ മുന്നിൽ  പറഞ്ഞു എന്നെവഴക്ക് കേൾപ്പിച്ചാൽ  
പുള്ളിക്കാരിക്ക് വലിയ സന്തോഷമായി ..
എത്ര ചെറിയ കാരണങ്ങൾ ആണെന്നോ എന്നെ വഴക്ക് കേൾപ്പിക്കാൻ ചേച്ചി കണ്ടു പിടിക്കുക  
പ്രധാനമായും ഞാനൊരു പെറ്റിക്കോട്ട്  കൊച്ചു ആണ്   
പെറ്റി കോട്ടിനു   മുകളിൽ  വേറെ എന്തെങ്കിലും ഇടണം എന്ന് എന്നെ കൊണ്ട് തോന്നിപ്പിക്കുക വലിയ വലിയ ബുദ്ധിമുട്ടാണ് .പെട്ടിക്കോട്ടു തന്നെ  എനിക്ക് വലിയ വിഷമം ആണ് 
അതിനു മുകളിൽ   പാവാട അതിനു മുകളിൽ  ബ്ലൌസ് 
അല്ലെങ്കിൽ  ഉടുപ്പ് 
അതിടാൻ  പറയുമ്പോൾ  ഞാന്‍ മുതിർ ന്നവരെ നോക്കുന്ന ഒരു നോട്ടം ഉണ്ട് 
കണ്ണ് തെറ്റിയാൽ എല്ലാം അഴിച്ചു കളഞ്ഞു ഒരു നിക്കറിൽ അവിടെയും ഇവിടെയും നടക്കും .വലിയ ലോ ആൻഡ്‌ ഓർഡർ പ്രശ്നമാണ് അത് ..മെതി നടക്കുന്ന കളത്തിലേക്ക്‌ ഒരു നാല് വയസുകാരി നിക്കാര് മാത്രം ഇട്ടു കയറി ചെന്നാൽ ..അയ്യോകുടുംപത്തിന്റെ മാനം അപ്പോൾ പോകും .ആരെങ്കിലും ഓടി വന്നു എന്നെ വാ തോരാതെ ചീത്ത പറഞ്ഞു അഴിച്ചിട്ട കുപ്പായം തപ്പി ത്തരും..മിക്കവാറും അത് നനഞ്ഞു കാണും അതാവും ഊരി  ക്കളഞ്ഞത്
എന്നാൽ വെള്ളം കുടിച്ചപ്പോൾ നനജത് കൊണ്ടാണ് ഊരി ഇട്ടത് എന്ന് പറഞ്ഞു ഫലിപ്പിക്കാൻ എനിക്കൊട്ടറിയുകയും ഇല്ല    
മർലിൻ മണ്ട്രോ     എന്നാ പേര് എനിക്ക് കിട്ടിയത് ആ സ്വഭാവത്തിൽ നിന്നാണ് 
പിന്നെ വളരെ വലുതായതിനു ശേഷമാണു ആരാണ് ആ സുന്ദരി എന്ന് മനസിലായത് 
എന്നും പെറ്റിക്കോട്ട് വിചാരണ നടക്കും 
അതിടാതെ മിറ്റത്തിറങ്ങി..
പിന്നെയും പിന്നെയും പല കുറ്റങ്ങൾ  
ഇരുട്ടായിട്ടും മലയിൽ  നിന്നും വന്നില്ല
പാടത്ത് പോയി വീണു മുട്ട് പൊട്ടി
പിന്നെ ഉള്ള വലിയ ഒരു ആരോപണവും എന്നെ വലിയ ബുദ്ധിമുട്ടിൽ  ആക്കുന്നതും മരം കയറ്റമാണ് 
എനിക്ക് നിലത്തു ഇരുന്നാൽ ല്‍ വായന വരില്ല 
മലയിലെ കശുമാവിലോ ചെമ്പകത്തിലോ  ഒക്കെ  കയറി ഉയരത്തെ ഒരു കൊമ്പിൽ  ചാരി ഇരുന്നു 
വായിച്ചാലും പഠിച്ചാലുമേ സുഖമുള്ളൂ 
എന്നും വഴക്ക് കേൾക്കാൻ  ഉള്ളത് എന്തെങ്കിലും ഞാൻ  ഉണ്ടാക്കിയിരിക്കും 
വഴക്ക് കിട്ടുകയും ചെയ്യും 
സങ്കടവും ആവും 

ദുരഭിമാനം ആണ് എനിക്ക് ..
കരയുന്നത് മറ്റുള്ളവർ  കാണരുത് എന്ന് വലിയ  നിർബന്ധം  ഉണ്ട് 
സങ്കടം വന്നാൽ  ഇങ്ങു പോരും..
ഈ കുളക്കടവിൽ  
അവിടെ ഞാനും എന്റെ കുഞ്ഞി സങ്കടങ്ങളും മാത്രം 

കുളക്കടവിൽ  ഒരു നല്ല മിനുസമുള്ള ഒരു പാറക്കല്ലുണ്ട്   
തുണി അലക്കാൻ  
ഒരു നീർക്കൊലി ഉണ്ട് ..
ഒരു ബ്രാൽ  മത്സ്യവും..
എന്‍റെ കാലടി ശബ്ദം അറിയാം രണ്ടു പേര്‍ക്കും..
അവർ  അടുത്ത് വരും..

മീന്‍ കാലിൻ  ഇക്കിളി കൂട്ടി അങ്ങിനെ നീന്തി നടക്കും..
കൊലാപ്പി..നീർക്കൊലി പക്ഷെ  അടുത്ത് വരില്ല..
ഒരിക്കൽ  അവന്‍ എന്‍റെ കാലിൽ  ചുറ്റിയപ്പോൾ  
ഞാൻ  വല്ലാതെ പേടിച്ചു ഉറക്കെക്കരഞ്ഞു..
അവനും എനിക്കും പിന്നെ അങ്ങോട്ടും ഇങ്ങോട്ടും തൊടാൻ പേടിയാണ് ..
ചെറിയ പരൽ  മീനുകൾ   വന്നു കാലിനു  ചുറ്റും കറങ്ങി ചാടി പുളഞ്ഞുനടക്കും..
കാലിൽ ഇപ്പോഴും രണ്ടോ മൂന്നോ ലൈവ് ചൊറി ഉണ്ടാവും 
എന്ന് വച്ചാൽ ഉണങ്ങാത്തത് 
കൃത്യം അതിൽ തന്നെ  വന്നു കൊത്തും 
അതിന്റെ വന്നു തുടങ്ങിയ പൊറ്റ അവറ്റകൾ കൊത്തി ത്തിന്നും 
മനസിന്റെ വേദനയിൽ ഇതൊന്നും അറിയുകയില്ല.ചിലപ്പോള കാലൊന്നു അ നക്കും.അപ്പോൾ മീനൊക്കെ അങ്ങ് മാറും ..പിന്നെയും വരും 

നീല വെള്ളത്തിൽ  ഒരു ഭാഗം നിറയെ പായൽ  ആണ്..
കുറെ നേരം ഈ തണുത്ത അന്തരീക്ഷത്തിൽ ഇരുന്നാൽ 
മനസ് ഒന്ന് അടങ്ങും 
വരുന്ന ഓരോ കണ്ണ് നീർത്തു ള്ളിയും വെള്ളത്തിൽ  മുഖംകഴുകി കഴുകി അങ്ങനെ കളഞ്ഞു കൊണ്ടിരിക്കാം 
കരയുന്നത് ആര്‍ക്കും അറിയാനോ കാണാനോ പറ്റില്ലല്ലോ ..
കുളം ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ഒരു retreat ആണ് ...
മുഖം ഒളിക്കാൻ  ഒരിടം ...
ഭൂമിയിൽ എനിക്ക്  ഏറ്റവും സമധാനം തന്ന ഇടവും കൂടിയാണ് കുളം 


കുളം കളിക്കാനുമുള്ള സ്ഥലം തന്നെയാണ് ..
വെള്ളത്തിൽ  എന്തെല്ലാം ലീലകൾ ..
ഈ കുഞ്ഞി കുളം എന്റെ അഭ്യാസങ്ങൾക്ക്  പറ്റിയ സ്ഥലമേ അല്ല ..
ഏഴാം ക്ലാസ്സ്‌ വരെ മാപ്പിളമാരുടെ കുളത്തിൽ കുളിക്കാൻ  പോകാൻ ന്‍ അനുവാദം ഉണ്ടായിരുന്നു.
പിന്നെ അമ്മ അത് സമ്മതിക്കില്ല എന്നായി.. .
അവരുടേത് ഒരു വലിയ  കുളമാണ് .ഒരു അഞ്ചു സെന്ററിൽ ഒരു കുളം ..
അവിടെ തേക്കും കുഴിയിൽ  ആഴം കൂടുതൽ  ആണ് ..നല്ല വേനൽക്കും അവിടെ നിലമുണ്ടാകില്ല 

കന്നിനെ കയം കാണിക്കുക എന്നൊരു പ്രയോഗംകേട്ടിട്ടുണ്ടോ ..
ഈ ആഴമുള്ള ഭാഗത്ത് പോത്തുകൾ  നീന്തി എത്തും..
എന്നിട്ട് മൂക്ക് മാത്രം മുകളിൽ  ആക്കി ഒറ്റ കിടപ്പാണ്,,
നമുക്ക് അടിച്ചു കയറ്റാൻ  പറ്റില്ല ..
നിലയില്ലല്ലോ ..കാലുറപ്പിച്ചു നിൽക്കാൻ 
തല്ലാനും പറ്റില്ല..

ചിലപ്പോൾ  ജോണിന്റെ പോത്തുകളും ഉണ്ടാവും..
അവരുടെ മേൽ വീഴാതെ തേക്കും കുഴിയുടെ മുകളിൽ നിന്നും ഒന്ന് രണ്ടു മൂക്ക് കുത്തി ചാട്ടം എല്ലാം നടത്തി
തല കുത്തി മറിഞ്ഞു ..കമന്നു നീന്തി മലന്നു നീന്തി 
രണ്ടു പ്രാവശ്യം എങ്കിലും അങ്ങോട്ടും ഇങ്ങോട്ടും മത്സരിച്ചുനീന്തി..
തളർന്നു  തല കുത്തി ആണ് കരക്ക്‌ കയറുക ..

ഈ കുഞ്ഞി കുളത്തില്‍ അത്രയൊന്നും നടക്കില്ല.
ഒറ്റ ഓട്ടത്തിന് കുളത്തിൽ  എത്തി..
എല്ലാവരും നേരത്തെ എത്തി എന്നെ കാത്തിരിക്കുവാണ് ..
വൈകുന്നേരത്തെ ചടങ്ങുകൾ ക്കൊന്നും നേരമില്ല..
ഇന്നാണെങ്കിൽ 
അമ്മക്ക് ദേഷ്യം കയറി ഇരിക്കുകയാണ് താനും 

സാധാരണ മുടക്ക ദിവസങ്ങളിൽ  കുളി എന്ന് പറഞ്ഞാല്‍ മൂന്നു മണിക്കൂർ  ഒക്കെയാണ് 
വെള്ളത്തില്‍ ഇറങ്ങിയാൽ  പിന്നെ കയറില്ല 
മേലൊക്കെ ഉന്തു വന്നു നിറയും.


ഉന്തുശരീരത്തിലെ നേർത്ത  രോമങ്ങളിൽ  

 വന്നു അടിഞ്ഞു രോമം എഴുന്നു നില്‍ക്കും 

എന്റെ തോർത്ത് ഒരു വിചിത്ര വസ്തുവാണ്  ..

അത് അലക്കുന്നതെല്ലാം കണക്കാണ് 

വെള്ളത്തില്‍ ഇട്ടു ഒരു വലി..
കല്ലിലിട്ടു 
പടെ പടെ 
രണ്ടു അലക്ക് 
കഴിഞ്ഞു പരിപാടി ..
തോർത്തിന് വേണമെങ്കിൽ  വെളുത്തോളണം 
പാവം തോർത്തു   ഉണങ്ങി കഴിഞ്ഞാൽ  കാണാൻ  നല്ല രസമാണ് 
പപ്പടം കാച്ചുമ്പോള്‍ ചില പപ്പടം പൊള്ളില്ലല്ലോ   
അത് പോലെ വടി പോലെ ഇരിക്കും
ചെളി വെള്ളത്തിൽ  കുളിച്ചു കുളിച്ചു 
തൊലിയൊക്കെ ചുളിയും 

അവസാനം അമ്മ വന്നു കയറ്റി വിടുന്നത് വരെ ആണ് കുളിയുടെ കണക്കു 



അമ്മ ആദ്യം ചെറിയ പിള്ളേരെ വിട്ടു കയറി ചെല്ലാൻ  പറയും..


ഇപ്പോ വരാം എന്ന് പറയും 
പിന്നെ ചേച്ചിമാർ  ആരെങ്കിലും വരും 
അപ്പോഴും ചെല്ലാം എന്ന് പറയും 
അവസാനമാണ് അമ്മയുടെ വരവ്.
വഴിയിൽ  ഉണക്കാന്‍ ഇട്ടിരിക്കുന്ന മടൽ  കഷണവുമായി ആണ് വരുന്നത് 
അപ്പോൾ  കയറി ഇല്ലെങ്കിൽ  ബുദ്ധിമുട്ടാകും 

ഇന്ന് ആകെ പല കാര്യങ്ങളാല്‍ മോശപെട്ടു സ്ഥിതിയാണ് 

ഇനി കുളത്തിൽ  നിന്നും കയറാൻ  വിളിക്കാൻ  ആൾ  വന്നാൽ ആകെ വിഷയം ആകും

 ..

അത് കൊണ്ട് 
കാണാൻ നില്‍ക്കുന്ന കൂട്ടുകാർക്കായി  വേഗം 

ഒന്ന് രണ്ടു കസര്‍ത്ത് കാണിച്ചു  കയറി പോന്നു
കസർത്ത് എന്ന് വച്ചാൽ  വെള്ളത്തിൽ  അനങ്ങാതെ  ചത്ത പോലെ പൊങ്ങി കിടക്കുക..
വെള്ളത്തിൽ  തല കുത്തി മറിയുക ..കൈകൊണ്ടു മാത്രം നീന്തുക..കാലു കൊണ്ട് മാത്രം നീന്തുക ...
അങ്ങിനെ അങ്ങിനെ 

എന്റെ കൂടെ കുളിക്കാൻ ചില വന്യ ജീവികൾ സ്ഥിരം ഉണ്ടാവും 
എന്ന് വച്ചാൽ  കൊച്ചു പിള്ളേർ 
അവരുടെ  ഇടയിൽ  ആണല്ലോ അഭ്യാസം മുഴുവൻ  
അവർ  കരയിൽ  അങ്ങിനെ നോക്കി ഇരിക്കും..
ചേച്ചി എന്ത് മഹാ വ്യക്തി  ആണെന്ന മട്ടിൽ  
അവരോടു ആണ് ലോക കാര്യം മുഴുവന്‍ പറയുക 
വായിച്ച നോവലിന്റെ ,
കണ്ട സിനിമയുടെ 
ഒക്കെ കഥ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു കൊടുക്കും 
ഇന്ന് അതിനൊന്നും നില്‍ക്കാതെ 

മുടി സോപിട്ടു കഴുകി..

തല ഒന്ന് തോർത്തി..
മേലു  കഴുകി എന്ന് വരുത്തി..
വേഗം കയറി പോന്നു 
ഇരുട്ടിലേക്ക് 

പൂക്കളൊക്കെ തരം തിരിച്ചു വൈക്കണം 
നാളേക്ക് വരക്കാനുള്ള പൂക്കളം ഡിസൈന്‍ ഉണ്ടാക്കണം 
നാമം ജപിക്കണം 

അത്താഴം ഉണ്ണണം..


വീട്ടിലെ ഓണം 
അതിനെ ക്കുറിച്ച്  എഴുതാം