2019 ജനുവരി 19, ശനിയാഴ്‌ച

തണൽ മരം

തണൽ മരം
....................
നന്ദിത
...............
പെൺ  കവിതകൾ
.............................

പിഴുതെറിഞ്ഞു കളഞ്ഞെപ്പോഴും
നീയറിയാതെ, വേരൊട്ടി  നിന്നിരുന്നു
ഇത്തിരി നനഞ്ഞ ,ചുവന്ന മണ്ണ്
നനവിനപ്പുറ ,തായ് മണ്ണ്  തിരയുകയാണ്
തളരാതെ ,വേരുകളിപ്പോഴും
തിരഞ്ഞു തിരഞ്ഞു പടർപ്പുകളായി
 തിരഞ്ഞു തിരഞ്ഞു പടലങ്ങളായി ,,

നോക്കൂ
ഞാനറിയാതെ തന്നെ
ഞാനിന്നൊരു പൂമരമാണ്
വെയിലിലെരിയുമ്പോൾ നീയും തിരയുന്ന
വേര് പൂക്കുന്ന തണൽ മരം
........................
.............................
എന്റെ സ്വപ്നമേ 
....................
എന്നെ അറിയാത്ത ,
എന്നെ കാണാത്ത ,
ഉറക്കത്തിൽ ,
എന്നെ പേര് ചൊല്ലി വിളിച്ച ,
എന്റെ സ്വപ്നമേ ,
എന്റെ മുഖത്തു തറച്ച നിന്റെ കണ്ണുകൾ ,.
അവ ആണ്ടിറങ്ങിയത് 
എന്റെ ഹൃദയത്തിലാണ് .
ആഴമേറിയ രണ്ടു ഗർത്തങ്ങൾ സൃഷ്ടിച്ചു 
..............
......................
.......................
കവികൾ വികാര ജീവികളാണ് .സമൂഹത്തിനു മനസിലാവാത്ത ചില വികാരങ്ങളാണ് കവികളെ നയിക്കുന്നത് 
സ്നേഹം, പ്രണയം ,ഏകാന്തത ,വിരഹം,പ്രണയ നിരാസം,.പിണക്കം ,വഞ്ചന ,നിസ്സഹായത ,മനസ് തുറക്കാൻ അറിയായ്ക , 
അങ്ങിനെ അങ്ങിനെ പല പല മൃദുല വികാരങ്ങൾ 
കച്ചവടം എങ്ങിനെ ലാഭകരമാക്കാം  എന്ന് ചിന്തിക്കുന്ന കച്ചവടക്കാരനും,വീട്ടിലിരിക്കുന്ന അരി ഇന്നേക്ക് തികയുമോ എന്ന് ചിന്തിച്ചു വേവലാതി പ്പെടുന്ന വീട്ടമ്മക്കും ,പണത്തിന്റെയും സമ്പത്തിന്റെയും അദൃശ്യമായ കണക്കുകൾ രാപ്പകൽ മനസിലിട്ടുരുട്ടുന്ന ശരാശരി മനുഷ്യനും  അത് കൊണ്ട് തന്നെ കവി മനസ് വെറും ചപലമാണ് എന്നാണ് തോന്നുക പതിവ് 
രമണൻ എന്തിനാണ് മരിച്ചത് 
അവള് പോയെങ്കിൽ പോട്ടെ എന്ന് വച്ച് സ്വജാതിയിലുള്ള ആരെയെങ്കിലും കല്യാണം   കഴിച്ചു സുഖമായി ജീവിച്ചു കൂടായിരുന്നോ എന്ന് ചോദിച്ച ഒരാളെ എനിക്കറിയാം 
നന്ദിതയുടെ കവിതകൾ..നമ്മെ കൊണ്ടെത്തിക്കുന്നത്,കവിയുടെ പ്രണയം ,നിസ്സഹായത,ഏകാന്തത ഇതിലെല്ലാമാണ് .
രാത്രിയിൽ ഒരു ഫോൺ വരും.ഞാൻ എടുത്തു കൊള്ളാം 
എന്ന് പറഞ്ഞു ഉറങ്ങാൻ പോയ നന്ദിതയെ രാത്രിയിൽ വെള്ളം കുടിക്കാൻ ഇറങ്ങി വന്ന 'അമ്മ കാണുന്നത് തൂങ്ങി മരിച്ച നിലയിലാണ് 
ആ യുവ മനസിന്റെ നൊമ്പരങ്ങളും  ആകാംക്ഷകളും എന്തെല്ലാമായിരുന്നു എന്ന് ഇപ്പോഴും ആർക്കും അറിയില്ല. 
മരണ ശേഷം കണ്ടെത്തിയ ഡയറികളിൽ കുറിച്ചിട്ട വരികൾ ആണീ കവിത ശകലങ്ങൾ 
ആദ്യത്തെ കവിത നോക്കൂ 
പിഴുതു കളഞ്ഞു സ്നേഹം.എങ്കിലും വേരിനോട് ഒട്ടി തരി ചുവന്ന മണ്ണ് ബാക്കിയായി 
ആ തരി മണ്ണ് ,പടർന്ന് പന്തലിച്ചു ഒരു പൂമരമാവുകയാണ് അവനു കൂടി ഇഷ്ടമാകുന്ന പൂമരം 
എത്ര ചാരുതയാർന്ന ഇമേജറി ..സങ്കല്പം 
ഡയറിയിൽ കുറിച്ചിട്ട വരികൾ അയാൾ വായിച്ചിരുന്നു എങ്കിൽ എന്ത് മനസിലാകുമായിരുന്നു എന്നത് മറ്റൊരു കാര്യം 
എങ്കിലും അവൾക്ക് പ്രതീക്ഷയുണ്ട് ..തിരികെ അവൻ വരുമെന്ന് 
.........................
...........................
രണ്ടാമത്തെ കവിതയിലേക്ക് വരാം 
................................
ഒരു സ്വപ്നം..അതിലൊരു മുഖം..
സ്വപനം മഴവില്ലു പോലെയാണ്.
ക്ഷണികം..സുന്ദരം 
മിക്കപ്പോഴും നമ്മളത് മറന്നു പോവുകയും ചെയ്യും
 ആ ക്ഷണികതയാണ് ..ആ  ഭ്രമാത്മകതയാണ്മ മാണ്..ആ സങ്കൽപ്പമാണ് ,ഈ കവിതയുടെ കാതൽ 
അവനെന്നെ അറിയില്ല.
എന്റെ ഹൃദയം കണ്ടിട്ടില്ല.
അവൻ  ഒരു സ്വപ്നം മാത്രമാണ് ,യാഥാർഥ്യമല്ല എന്നെനിക്കറിയാം 
എങ്കിലും അവളിൽ തറച്ച അവന്റെ  കണ്ണുകൾ.
അവ ആഴത്തിലുള്ള വികാര വിസ്പോടനങ്ങൾ ആണ് അവളിൽ ഉണർത്തിയത് 
മാമ്പഴ പ്പൂളുകൾ പോലെയുള്ള കവിത ശകലങ്ങൾ 
ആദിയും അന്തവും..കവിതയുടെ നിയത നിയമങ്ങളും കവിയെ അലട്ടുന്നില്ല നെഞ്ചിന്റെ ഒരു കീറ് മുറിച്ചൊരു കൂവളത്തിലയിലാക്കി നമുക്ക് നേദിച്ചിരിക്കുന്നു 
തള്ളാം ..കൊള്ളാം 
ശുഭ ദിനം പ്രിയരേ 




2019 ജനുവരി 18, വെള്ളിയാഴ്‌ച

വാരിസ് ഷാ അങ്ങെവിടെയാണ്

വാരിസ് ഷാ അങ്ങെവിടെയാണ് 
......................................................
അമൃത പ്രീതം
........................
പെൺ കവിതകൾ 
............................
വാരിസ് ഷാ..
അങ്ങു സ്വന്തം    കുഴിമാടത്തിൽ നിന്നും ഉയിർത്തു  എഴുനേൽക്കൂ .പുറത്തു വരൂ  
അങ്ങയുടെ പ്രണയ കാവ്യത്തിൽ ഒരുപുതു താളു കൂടി  എഴുതി ചേർക്കൂ 

..............................................
..................................................................
................................................................

പണ്ട് പഞ്ചാബിലെ ഒരു യുവതി കരഞ്ഞപ്പോൾ അങ്ങ് അവൾക്കായി  ഒരു കാവ്യം തന്നെ രചിച്ചു 
ഇപ്പോൾ ആയിരമായിരം പഞ്ചാബി സ്ത്രീകൾ പൊട്ടിക്കരയുകയാണ് 
അവരുടെ മനസ് നൊന്തുള്ള വിളികൾ അങ്ങ് കേൾക്കുന്നില്ലേ 
വ്യഥിതരുടെ ചങ്ങാതി, 
ഉയർത്തെഴുന്നേറ്റാലും   
പഞ്ചാബിനെ ഒന്ന് കണ്ണ് തുറന്നു നോക്കൂ 
മൈതാനങ്ങളിൽ ശവങ്ങൾ ചിതറി കിടക്കുന്നു 
ചീനാബിലൂടെ ചോര ഒഴുകുകയാണ് 
നമ്മുടെ അഞ്ചു നദികളിലും  വിഷം കലക്കിയിരിക്കുകയാണ് 
ആ വിഷം നമ്മുടെ മണ്ണിൽ കലർന്നിരിക്കുന്നു 
പഞ്ചാബിലെ ഗ്രാമങ്ങളിൽ മുഴങ്ങിയിരുന്ന 
സ്നേഹ ഗാനങ്ങൾ എവിടെ 
നമുക്ക് നഷ്ട്ടപ്പെട്ട ആ ഓടക്കുഴൽ എവിടെ 

റാഞ്ചയുടെ സഹോദരന്മാരെല്ലാം ഓടക്കുഴൽ വിളിക്കാൻ മറന്നിരിക്കുന്നു  
മണ്ണിൽ രക്തം ഒഴുകി വീഴുകയാണ് 
കുഴിമാടങ്ങളിൽ ചോര നിറയുകയാണ് 
ശ്മാശാന ഭൂമിയിൽ രാജ കുമാരിമാർ കരയുന്നത് അങ്ങ് കേ   ൾക്കുന്നില്ലേ 
കാമുകന്മാർ  അവർ പ്രണയം  മറന്നിരിക്കുന്നു   
വാരിസ് 
അങ്ങയെപ്പോലൊരു സ്നേഹ ഗായകനെ നമുക്കിനി  എന്ന് ലഭിക്കും 

വാരിസ് ഷാ..
അങ്ങു സ്വന്തം    കുഴിമാടത്തിൽ നിന്നും ഉയിർത്തു  എഴുനേൽക്കൂ .പുറത്തു വരൂ  
അങ്ങയുടെ പ്രണയ കാവ്യത്തിൽ ഒരുപുതു താളു കൂടി  എഴുതി ചേർക്കൂ 
........................
....................
...................
പഞ്ചാബിൽ നിന്നുള്ള ഒരു സ്നേഹഗായികയാണ് അമൃത പ്രീതം .പഞ്ചാബിലെ ആദ്യ കവയിത്രിയും അവരാണ് .അവരുടെ കവിതകളേക്കാൾ എന്നെ സ്പർശിച്ചത് അവരുടെ പ്രസിദ്ധമായ ആത്മകഥയാണ് 
 വിദേശത്തെ ഒരു ആശുപത്രിയിൽ ഗ്യാസ് പൊട്ടിത്തെറിച്ചു,ഗുരുതരമായി  പൊള്ളലേറ്റ്  മകൾ തണുത്ത മുറിയിൽ തനിയെ കിടക്കുകയാണ് .വാതിലിനപ്പുറം ഇവർ മകളെ നോക്കി ഇരിക്കുന്നുണ്ട് 
അവൾ കുറച്ചു വെള്ളം ചോദിച്ചു.വെള്ളം കൊടുത്ത് കൂടാ എന്നാണ് ആശുപത്രി ചട്ടം.അവൾ ദയനീയമായി പ്ലീസ് 'അമ്മ എന്ന് യാചിച്ചിട്ടും 'അമ്മ വെള്ളം കൊടുത്തില്ല.മകൾ രാത്രിയിൽ തന്നെ മരിക്കുകയാണ്..ഇവരുടെ ദുഃഖം നമ്മളെയും കൊല്ലാതെ കൊന്നു കളയും
..............
നമ്മുടെ കവിതയിലേക്ക് വരാം 
ഒരു കാലത്ത് പഞ്ചാബ് തീവ്രവാദികളുടെ നിയന്ത്രണത്തിൽ ആയിരുന്നു.ഇന്ദിര ഗാന്ധി വധം ഒക്കെ ഓർമ്മയില്ലേ/.സിക്കുകാരുടെ  സുവർണ്ണ ക്ഷേത്രത്തിൽ  ഒളിച്ചിരുന്ന തീവ്രവാദികളെ തുരത്താനായി സൈന്യം നടത്തിയ നടപടിയാണ്.ഒപ്പേറഷൻ ബ്ലൂ സ്റ്റാർ  .സൈന്യവും തീവ്രവാദികളും തമ്മിൽ പിന്നീടും ഏറ്റുമുട്ടലുകൾ നടന്നു  .അതിൽ വളരെ പ്പേർ കൊല്ലപ്പെട്ടു ..അങ്ങിനെ പഞ്ചാബ് ശിഥിലമാവുക തന്നെ ആയിരുന്നു 
അത് കണ്ടു ഹൃദയം നൊന്തു അവർ എഴുതിയ കവിതയാണിത് 
വാരിസ്  ഷാ  നമ്മുടെ ചങ്ങമ്പുഴ പോലെ പഞ്ചാബിലെ ലെജെണ്ടറിയായ ഒരു സ്നേഹ ഗായകനാണ്.സൂഫിയും .അദ്ദേഹത്തിന്റെ ഹീർ രഞ്ച വളരെ പ്രശസ്തമായ ഒരു ദുഃഖ പ്രണയ കാവ്യമാണ് 
നമ്മുടെ രമണൻ പോലെ..റഞ്ചയും ഹീറും ആണിതിലെ നായികയും നായകനും ഹീർ  അതി സുന്ദരിയാണ്  .അവന്റെ അരയിലും ഒരു ഓടക്കുഴൽ ഉണ്ട്.അവൻ തന്റെ സഹോദരന്മാരോട് പിണങ്ങിഹീരയുടെ ഗ്രാമത്തിൽ എത്തി.ഇവന് ആടുകളെ മേയ്ക്കുന്ന ജോലി ലഭിക്കുന്നു.ഇവന്റെ ഓടക്കുഴൽ വിളിയിൽ മുഗ്ധയായ അവൾ അവനുമായി പ്രണയത്തിൽ ആയി.വർഷങ്ങളോളം അവർ ഈ പ്രണയം രഹസ്യമാക്കി വച്ചു .കാര്യങ്ങൾ പുറം ലോകം അറിഞ്ഞപ്പോൾ അവർ അവളെ വേറെ വിവാഹം കഴിപ്പിച്ചു.  രഞ്ച ഭ്രാന്തനെ പ്പോലെ വർഷങ്ങൾ അലഞ്ഞു നടന്നു.പിന്നെ അവൻ ആത്മീയതയിലേക്ക് തിരിഞ്ഞു.വീണ്ടും അലഞ്ഞു തിരിഞ്ഞു ഹീരയുടെ ഗ്രാമത്തിൽ എത്തുന്നു.അവൾ അവിടെ തനിയെ ഉണ്ട്.അവരുടെ വിവാഹം നടത്താൻ തീരുമാനമായി.വിവാഹത്തിന്റെ അന്ന് അവളുടെ അമ്മാവൻ ലഡുവിൽ വിഷം ചേർത്ത് കൊടുത്ത് ഹീരയെ കൊല്ലു ന്നു.ഹൃദയം തകർന്ന രാഞ്ച ആ ലഡുവിന്റെ ബാക്കി കഴിച്ചു മരിക്കുന്നു 
ആ കാവ്യം പഞ്ചാബിന്റെ ഒരു കാവ്യ ഇതിഹാസം പോലെയാണ് കണക്കാക്കപ്പെടുന്നത്.നമ്മൾ രമണൻ ക്വോട്ടു ചെയ്യുന്നത് പോലെ പഞ്ചാബികൾ ഹീര രഞ്ച യിലെ വാക്യങ്ങൾ ക്വോട്ടുചെയ്യുന്നു .പക്ഷെ ആശാൻ കവിതകൾ പോലെ കുറച്ചു കട്ടിയാണ്,സാന്ദ്രമാണ്  ഇതിലെ വാക്യ ഘടന .ഒന്നോ രണ്ടോ സിനിമകൾ  ഈ കാവ്യത്തെ ആസ്‌പദമാക്കി ഇറങ്ങിയിട്ടുണ്ട്  .അനിൽ കപൂറും ശ്രീദേവിയും നായിക നായകന്മാരായി ഈ ചിത്രം 1992 ഇറങ്ങിയിട്ടുണ്ട് 

പഞ്ചാബിന്റെ നഷ്ട്ടപ്പെട്ട സ്നേഹവും സാഹോദര്യവും..അത് തിരികെ കൊണ്ട് വരാൻ സ്നേഹ ഗായകനായ വാരിസിന് ആവുമെന്ന്  കവി പ്രത്യാശിക്കുന്നു.
അഞ്ചു നദികളിലും വിഷം ചേർത്തു എന്ന് പറയുമ്പോൾ പഞ്ചാബിന്റെ രക്ത്തത്തിൽ തന്നെ തീവ്രവാദം  എന്ന  വിഷം കലർന്നിരിക്കുന്നു  എന്നാണ് കവി പറയുന്നത് 

ശുഭ ദിനം പ്രിയരേ 

2019 ജനുവരി 17, വ്യാഴാഴ്‌ച

പുഴുക്കൾ

ശവത്തിൽ അരിക്കുന്ന പുഴുക്കൾ
...............................................................
കമല സുരയ്യ
...........................
പെൺ കവിതകൾ
.................................
നദിയുടെ തീരത്ത് 
ഒരു സന്ധ്യക്കാണ്‌
കൃഷ്ണൻ  അവസാനമായി അവളെ പ്രണയിച്ചത് 
പിന്നെ എന്നേക്കുമായി യാത്ര പറഞ്ഞു പോയത് 

അന്ന് ഭർത്താവിന്റെ കരവലയത്തിൽ
കിടക്കുമ്പോൾ സ്വയം മൃത ആയ പോലെ രാധയ്ക്കു തോന്നി  .
അയാൾ ചോദിച്ചു 
"എന്ത് പറ്റി "??
ഞാൻ ഉമ്മ വയ്ക്കുന്നത് നിനക്ക്ഇഷ്ടമായില്ലേ  ?
എന്റെ സ്നേഹം നിനക്ക് അതൃപ്തി ആയോ ?
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു
 "ഒരിക്കലുമില്ല "
എന്നാൽ ഹൃദയം പറഞ്ഞത് മറ്റൊന്നാണ് 
ദേഹത്ത് പുഴുവരിച്ചാൽ ശവത്തിനെന്തിന് വിഷമം   ?
...........................................................
................................................
മാധവിക്കുട്ടിയെ സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരത്തിന് പരിഗണക്കാൻ വരെ അർഹയാക്കിയത് എന്താണ് എന്ന് തോന്നിയിട്ടുണ്ടോ ?
അത് അവരുടെ  സത്യസന്ധതത   കൊണ്ടാണ്.എഴുത്തിൽ വിട്ടുവീഴ്ച യില്ലാതെ അവർ സത്യം എഴുതും
ഈ കവിതയിൽ തന്നെ പ്രണയ നിരാസത്തിൽ, രാധ, മനസും ശരീരവും മരിച്ച പോലെ ദുഖിതയാണ് .എന്നാൽ ഭർത്താവിന് വേണ്ടുന്ന സ്നേഹം നൽകാൻ അവൾക്കു ബാധ്യതയുമുണ്ട് .ആ നിസ്സഹായതയാണ് ഈ വരികളിൽ മുഴങ്ങുന്നത്
ഭാരത സ്ത്രീകൾ മിക്കപ്പോഴും നേരിടുന്ന ഒരു വലിയ ദാമ്പത്യ പ്രശ്നമാണ് ഇത്.തന്നെ അധിക്ഷേപിക്കുകയും, കുറ്റപ്പെടുത്തുകയും ,പരിഹസിക്കുകയും,വെറുക്കുകയും, തെമ്മാടിയും, മിക്കപ്പോഴും മദ്യപനും, അധമനും, പരസ്ത്രീയെ പ്രാപിക്കുന്നവനും,തള്ളുകയും റേപ്പ്ചെ യ്യുകയും ഒക്കെ ചെയ്യുന്ന ഭർത്താവുമായി തന്റെ സ്വകാര്യത, ശരീരം പങ്കു വയ്‌ക്കേണ്ടി വരുന്നത്

മറ്റു രാജ്യങ്ങളിൽ സ്ത്രീ കിടപ്പറയിൽ റിജിഡ് ആകുമ്പോൾ പുരുഷനും സ്ത്രീക്കും അറിയാം ഈ ബന്ധം അവസാനിപ്പിക്കാൻ നേരമായി എന്ന്.അവർ കൈ കൊടുത്ത്പിരിഞ്ഞു  വേറെ ബന്ധങ്ങളിലേക്ക് തിരിയും .
എന്നാൽ കേരളത്തിലെ വിദ്യാഭ്യാസം ഉള്ള ആധൂനിക സ്ത്രീകൾക്ക് അതിനു കഴിയാറില്ല.സമൂഹം എന്ത് പറയും.മക്കൾക്ക് ബുദ്ധിമുട്ടാകില്ലേ,ഹൗസിങ്സിം ലോൺ അടക്കേണ്ടേ,അമ്മയും അച്ഛനും നാണക്കേടാകില്ലേ ..അങ്ങിനെ സ്വന്തം ജീവിതം നരക തുല്യമാക്കിക്കൊണ്ട് അവർ വിവാഹിതരായി തുടരുന്നു
അത്തരം ഒരു സ്ത്രീയുടെ ഒരു മനസ്സലിവ് ആണ്  ഇതിലെ കൃഷ്‌ണൻ 

അവൻ വേറെ ഒരു സ്ത്രീയുടെ ഭർത്താവാകും.
,ഭാര്യയുടെ നാഗിങ്.നിരന്തരമുള്ള കുറ്റപ്പെടുത്തൽ.ആക്ഷേപം നിന്ദ വെറുപ്പ് ശകാരം ,ആരോഗ്യത്തിന്റെ പേരിൽ നല്ല ഭക്ഷണം നിരസിക്കാൻ..വീട് ഭംഗിയായും ചിട്ടയായും വയ്ക്കാത്തത് .മക്കളെ വളർത്തുന്നതിൽ ഉള്ള ശ്രദ്ധക്കുറവ്.അയൽ വീട്ടിലെ കാര്യം പറഞ്ഞ താരതമ്യപ്പെടുത്താൽ .വരവറിയാതെ ചെലവ് ചെയ്യൽ..ഒരാവശ്യവും ഇല്ലാത്ത സാധനങ്ങൾ വാങ്ങാൻ ഉള്ള നിരന്തര പ്രേരണ ,കിടപ്പറയിലെ തണുപ്പും നിരാസവും .. ഇതെല്ലാമാണ് അവനെ രാധയുടെ അടുത്ത എത്തിക്കുന്നത്
പ്രണയം, മാധവിക്കുട്ടിയുടെ ഒരു ഇഷ്ട്ട വിഷയം ആണ്.സ്ത്രീയുടെ ആന്തരിക സംഘർഷങ്ങളെ ഇത്ര മനോഹരമായി..ഇംഗ്ലീഷ് കടമെടുത്താൽ..brutal honesty ,മാരകമായ സത്യസന്ധതയോടെ എഴുതിയിട്ടുള്ളത് മാധവിക്കുട്ടി  മാത്രമാണ്

തനിക്ക്  താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന സാഹിത്യ രചനകളെ വായനക്കാർ സ്വീകരിക്കൂ.മാധവിക്കുട്ടിയുടെ വിജയ രഹസ്യവും അത് തന്നെയാണ്
...........................
................................
ശുഭ ദിനം പ്രിയരേ


At sunset, on the river ban, Krishna
Loved her for the last time and left...

That night in her husband's arms, Radha felt
So dead that he asked, What is wrong,
Do you mind my kisses, love? And she said,
No, not at all, but thought, What is
It to the corpse if the maggots nip?

[from The Descendants] 

2019 ജനുവരി 16, ബുധനാഴ്‌ച

അഭയാർത്ഥി

അഭയാർത്ഥികൾ 

വാഴ്സൺ ഷേർ 

പെൺ കവിതകൾ 

വീടെന്ന  ആട്ടി ത്തുപ്പി ഇറക്കി വിട്ടു കളഞ്ഞു .
അവിടെ എന്നും കർഫ്യു വും  ബ്ലാക്ക് ഔട്ടും ഒക്കെയാണ് 
ഇളകി ആടുന്ന പല്ലിനെ തട്ടുന്ന നാവു പോലെ 
വീടെന്ന് ചവച്ചു തുപ്പി കളഞ്ഞു 
ദൈവമേ 
സ്വന്തം നാട്ടിലെ  ആ പഴയ ആ ജയിലും സ്‌കൂളും ,ഒരു കമ്പിൽ നാട്ടിയിരിക്കുന്ന കൊടിയും ഒക്കെ കടന്നു 
 ആരോ  മുടിയിൽ പിടിച്ചു വലിച്ചിഴച്ച പുറത്താകേണ്ടി വരുന്ന വേദന 
എന്നെപ്പോലെ വേറെ കുറേപ്പേരെ ഞാൻ കണ്ടു.സ്വന്തം വീട് വിട്ടു പ്രേണ്ടി വന്ന ചിലത്.അവരുടെ മുഖം ശവത്തിന്റേതു പോലെ വിളറി വെളുത്തിരുന്നു 

സ്വന്തം വീട്  ഒരു സ്രാവിന്റെ തുറന്ന വായ പോലെ അപകടകാരി അല്ലെങ്കിൽ  എങ്കിൽ 

ആരാണ് കുടുമ്പവും നാടും  വിട്ട്   പോരാൻ ഇഷ്ടപ്പെടുക 
അഭയാർഥികളുടെ കണ്ണിൽ  ജന്മ നാടിനോടുള്ള  മോഹവും സ്നേഹവും സങ്കടവും എല്ലാം തിങ്ങി നിറയുന്നുണ്ട് 
ഞങ്ങളുടെ പഴയ  ദേശീയ ഗാനം എപ്പോഴും  വായിലിട്ട് ചവച്ചു ചവച്ചു 
കഷ്ട്ടം 
വേറെ ഒരു ഗാനവും കേൾക്കാൻ  ആവാത്ത സ്ഥിതിയാണിപ്പോൾ 
ചെന്ന നാട്ടിലെ എയർ പോർട്ടിൽ നാണക്കേട് കൊണ്ട്  
പാസ് പോർട്ട് കീറി പറിച്ചു കടിച്ചു ചവച്ചു വിഴുങ്ങിയാലോ എന്ന് ചിന്തിച്ചു പോയി 
അഭയാർഥിയുടെ പാസ്പ്പോർട്ട്അ ത്ര മ്ലേച്ചമാണല്ലോ ഭാഷ അറിയാത്തതു കൊണ്ട് എനിക്ക് ശ്വാസം വിലങ്ങിയത് പോലെ ആയിപ്പോയി 
അവർക്കറിയണം എങ്ങിനെയാണ് ഞങ്ങൾ ഇവിടെ എത്തിയത് എന്ന് ഞങ്ങളെ കണ്ടാൽ അവർക്ക് മനസിലാവില്ലേ 
എന്റെ ശരീരം കണ്ടാൽ നിങ്ങക്ക് അറിയില്ലേ 
ലിബിയയിലെ മരുഭൂമിയിലെ കൊടും ചൂട് കൊണ്ട് മുഖം  കനലു പോലെ ചുവന്ന കണ്ടിട്ടും മനസിലായില്ലേ
ബോട്ടിൽ  ഈഡൻ കടലിടുക്കും റോമും ഒരു ജാക്കറ്റ് പോലും ഇടാതെ കടന്നാണ് ഞങ്ങൾ വന്നത് 
മക്കളെല്ലാം കടലിൽ ബോട്ടുകളിൽ ആണ്.
കടലാണ്  കരയേക്കാൾ നല്ലത്.
എന്റെ ഒരേ ഒരു ആശ്വാസവും അതാണ്.
അവർ നാട്ടിൽ അല്ലല്ലോ 
എനിക്കൊന്നു കുളിക്കണം എന്നുണ്ട്. 
പക്ഷെ മുടിക്കൊരു വെടക്കു മണമാണ് .
യുദ്ധത്തിന്റെ മണമാണത് 
പലായനത്തിന് ഗന്ധമാണത് 
എനിക്കൊന്നു കിടക്കാൻ ആഗ്രഹമുണ്ട് 
അതിർത്തി 
യുദ്ധത്തിൽ നിന്ന് ഓടിപ്പോകുന്നവരും മുറിവേറ്റവരും ഒക്കെ ആയി  നിറഞ്ഞു കവിയുകയാണ് 
എന്റെ മുഖം ചൂട് കൊണ്ട് ചുവന്നു കനൽ പോലെ ആയി 
അമ്മയുടെ ശവം അടക്കാൻ കഴിയാതെ ആണ് പോരേണ്ടി വന്നത് 
ഒരു ട്രക്കിന്റെ ഉള്ളിൽ അനേകം ദിവസങ്ങൾ നിലത്തു കമഴ്ന്നു കിടന്നാണ് പോന്നത് 
ഞാൻ ഞാനല്ലാതെ പോലെ ആയി 
എന്റെ ശരീരം വേറെ ആരോ ധരിച്ചിരിക്കുന്നത് പോലെ തോന്നുകയാണ് 
ചില കാര്യങ്ങൾ സത്യമാണ്  .എങ്ങോട്ടാണ് പോകുന്നത് എന്നൊരു പിടിയുമില്ല 
എവിടുന്നാണ് വരുന്നത് എന്നും പിടിയില്ല
ഇവിടെ ആരും എന്നെ സ്വാഗതം ചെയ്യുന്നില്ല 
എന്റെ സൗന്ദര്യം ഇവിടെ മതിക്കപ്പെടുന്നില്ല
എന്തൊരു നാണക്കേടാണിത്
എന്റെ രാജ്യം അപ്രത്യക്ഷമാവുകയാണ്  .
ഓർമ്മയും മറവിയും രണ്ടും പാപങ്ങൾ പോലെയാണ്  
വാർത്തകൾ കാണുമ്പോൾ എന്റെ വായിൽ ചോര  ചുവയ്ക്കും  
ജീവനോടെ ചുട്ടു കരിക്കപ്പെടുന്ന സ്ത്രീയുടെ 
കരിഞ്ഞ മാംസത്തിന്റെ മണം  
ഒരു ട്രക്ക് നിറയെ പുരുഷന്മാർ വന്നു 
എന്റെ  പല്ലുകൾ നഖങ്ങൾ ഒക്കെ   പിഴുതു മാറ്റുന്ന വേദനയേൽക്കാൽ  
പത്തോ പതിനാലോ പുരുഷന്മാരാൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന അവസ്ഥയെക്കാൾ .
തോക്കിനു മുന്നിൽ വെടിയേറ്റ് വീഴുന്നതിനേക്കാൾ 
അവർ പറയുന്ന നുണകളെക്കാൾ..വാഗ്ദാനങ്ങളെക്കാൾ 
അവരുടെ കൂടെ കിടക്കേണ്ടി വരുന്ന ദയനീയതയേക്കാൾ 
ദൈവമേ 
എത്രയോ നിസ്സാരമാണ് 
ഈ നീണ്ട വരികളും  ,പൂരിപ്പിക്കേണ്ട അനേകം അനേകം ഫോറങ്ങളും  എമിഗ്രെഷൻ ഡെസ്കിലിരിക്കുന്നവരുടെ അസഹിഷ്ണുതയും ,പുച്ഛവും  അവരുടെ ഓഫിസർമാരുടെ ഗമയും 
റോഡുകളിൽ നേരിടേണ്ടി വരുന്ന തുറിച്ചു നോട്ടങ്ങളും   
അസ്ഥി പോലും മരവിക്കുന്ന തണുപ്പും 
രാ ത്രിയിലെ ഇംഗ്ലീഷ്  ക്‌ളാസുകളും
ഏല്ലാം വളരെ വളരെ നിസ്സാരമാണ്..ലിബിയയുടെ രക്ത പങ്കിലമായ തെരുവുകളേക്കാൾ ..എത്രയോ എത്രയോ മെച്ചമാണ്
നാട്ടിൽ നിന്നും ആയരിമായിരം അകലെയാണെന്ന സങ്കടവും 
എല്ലാം വളരെ വളരെ നിസ്സാരങ്ങളാണ് 
തിരികെ പ്പോ എന്നവർ പറയുന്നുണ്ട് 
അഭയാർഥികളെ  തെണ്ടികൾ എന്നാണവർ വിളിക്കുന്നത് 
സത്യത്തിൽ അവർ അത്ര മുഷ്‌ക്കന്മാരാണെന്നു വരുമോ   
ഭരണ സ്ഥിരത സത്യത്തിൽ
 പഞ്ചാര വാക്കു പറഞ്ഞു കെട്ടി പുണരുന്ന കാമുകനെ പ്പോലെയാണ് കാര്യം കഴിഞ്ഞു നോക്കുമ്പോൾ തണുത്ത നിലത്തു  അവൻ വലിച്ചെറിഞ്ഞ ഒരു കറൻസി നോട്ടും പോലെയാണ് 
രാജ്യം  നമ്മുടേതാണ് എന്ന് തോന്നും
ഭരണം മാറിയാൽ നമ്മൾ വെറും വെറും മനുഷ്യജന്തുക്കൾ മാത്രമാണ്‌ 
ഒന്നോർക്കൂ 
ഒരിക്കൽ ഞങ്ങളും നിങ്ങളെ പ്പോലെ തന്നെ ആയിരുന്നു  നിങ്ങളുടെ വെറുപ്പും സഹതാപവും ബുദ്ധിമുട്ടിക്കുന്ന ജോലികളും എല്ലാം ഞങ്ങൾ സഹിക്കുകയാണ് .
കാരണമെന്തെന്നോ 
ജന്മ നാട് മനുഷ്യനെ വിഴുങുന്ന ഒരു കൊമ്പൻ സ്രാവിനെ പ്പോലെ വാതുറന്നിരിക്കുകയാണ് 
സ്വന്തം രാജ്യത്തു ഒരു തോക്കിൻ മുനയിൽ നിൽക്കുകയാണ്  എന്റെ ജീവിതം

Warsan Shire

ഈ കവിത എഴുതിയത് വാഴ്സൺ ഷെയർ എന്ന ബ്രിട്ടീഷ് എഴുത്തു കാരിയാണ് .കെനിയയിൽ നിന്നും ബ്രിട്ടനിലേക്ക് കുടിയേറി പാർത്ത  .മുപ്പതു വയസ്സ്മാത്രം  ഉള്ളൂ ഒരു ആഫ്രിക്കൻ ഒറിജിൻ യുവ കവിയാണ്ആഫ്രിക്കൻ രാജ്യമായ ലിബിയ ക്രൂഡ് ഓയിൽ ശേഖരം കൊണ്ട് സമ്പന്നമാണ് .കേണൽ ഗദ്ദാഫി എന്നെ ഭരണാധികാരിയെ താഴെ ഇറക്കി .വേറെ ഒരു സംഘം ആളുകൾ ഭരണം പിടിച്ചെടുത്തു.അവരെ താഴെ ഇറക്കി വേറെ ഒരു ഗ്രൂപ് വന്നു.മുസ്ലിം രാഷ്ട്രമായ ലിബിയയിൽ മഹാ ഭൂരിപക്ഷവും മുസ്ലിമുകൾ ആണ്  മുസ്‌ലി ഗൂപ്പുകൾ തമ്മിൽ അടി നടക്കുകയാണ്  .യാഥാസ്ഥിക മുസ്ലിം തീവ്ര വാദികൾ വലിയ തോതിൽ സാധാരണ ജനങ്ങളെ കൊല്ലുകയും മുസ്ലിം പള്ളികളും മറ്റു പുരാതന മ്യുസിയങ്ങളും  നശിപ്പിച്ചു.കളയുകയും ചെയ്തു..ആഭ്യന്തര യുദ്ധം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾ റോമിലേക്ക് പലായനം ചെയ്തു.ഏതാണ്ട് ഏഴു ലക്ഷം പേർ  ലിബിയ വിട്ടു മറ്റു രാജ്യങ്ങ ളിൽ അഭയം തേടി
അത്തരത്തിൽ ഓടിപ്പോരേണ്ടി വരുന്ന  ഒരു ലിബിയൻ സ്ത്രീക്കു  നേരിടേണ്ടി വന്ന  ബുദ്ധിമുട്ടുകൾ ആ ഈ കവിതയുടെ വിഷയം.എന്നല്ല ലിബിയൻ മണ്ണിൽ ഒരു സ്ത്രീ നേരിടേണ്ടി വരുന്ന യാതനകൾ ,അപമാനങ്ങൾ .തീവ്രവാദികൾ സാധാരണ ജനങ്ങളിൽ വിതച്ച ഭീതിയുടെ വിത്തുകൾ എല്ലാം കവിതയിൽ തെളിഞ്ഞു കാണാം 
അവൾക്ക് എല്ലാം നഷ്ട്ടപ്പെട്ടു.മക്കൾ എവിടെ എന്നറിയില്ല.എന്നാൽ അവർ ബോട്ടിൽ ആണെന്നതാണ് ഇവരുടെ സമാധാനം.കരയിൽ ആണെങ്കിൽ അവർക്കു ജീവനേ  ഉണ്ടാകില്ല.കടലിൽ മരിക്കുക ആണെങ്കിലും അത് വലിയ പീഡനവും വേദനയും അനുഭവിച്ച ആയിരിക്കില്ലല്ലോ
കവിത സന്തോഷകരമാണ് എന്നെനിക്കറിയാം.നമ്മൾ സ്ത്രീകളുടെ ജീവിതം ഒരിടത്തും ഒരിക്കലും യാതനാപൂർണ്ണം അല്ലാതെ ഇരുന്നിട്ടില്ല എന്നതും വാസ്തവമാണ്

ശുഭദിനം പ്രിയരേ 

2019 ജനുവരി 15, ചൊവ്വാഴ്ച

ഗൗരി ലങ്കേഷ്

ഗൗരി ലങ്കേഷ്  നീ മരിക്കുന്നില്ല

കവിത ലങ്കേഷ് 

പെൺ  കവിതകൾ 

എന്നെ തെരുവിലേക്ക് എത്തിച്ചത് നീയാണ് 

എന്നെ പോലീസ് അറസ്റ് ചെയ്യു ചെയ്യാനും കാരണം നീയാണ് 

സ്വർഗ്ഗത്തിലാണെങ്കിലും നരകത്തിൽ ആണെങ്കിലും 

എന്നെ കുറിച്ചോർത്തു ഇനി നിനക്ക് അഭിമാനിക്കാം 

ഇപ്പോഴാണ് നിന്റെ സഹോദരിയാകാൻ എനിക്ക് യോഗ്യത ഉണ്ടായത് 

മൂന്ന് മാസമായി നീ കൊല്ലപ്പെട്ടിട്ട്  
  നിനക്കായി ശബ്ദമുർത്തിയതു കൊണ്ട് തന്നെ 
 ഞങ്ങൾ ഭരണ കൂടത്തിനു ശത്രുക്കളായി 
നീയും അച്ഛനും എന്നും ഭരണകൂടത്തിന് 
എതിരെ പൊരുതിയവർ ആയിരുന്നല്ലോ 

വലിയ വീട്ടിലെ ശ്രേഷ്ട വളർത്തു പട്ടികളേ കണ്ടിട്ടുണ്ടോ 

 തെരുവിൽ അലയുന്ന പട്ടികളെ  അവയ്ക്കു വെറുപ്പാണ് ,പുച്ഛമാണ് 
കാരണം 
അവ പരസ്യമായി കടിപിടി കൂടും, കുരയ്ക്കും ,കടിയ്ക്കും, രമിക്കും 
ചുറ്റുമുള്ളവർക്ക് ഈ പട്ടികളെ കൊണ്ട് പൊറുതിമുട്ടും 
  
 അവറ്റകളെ  എല്ലാം  പിടിച്ചു വണ്ടിയിൽ കയറ്റി 
  വേറെ ഒരിടത്തു ഇറക്കി വിടും  


ഭരണ വർഗത്തിന് ഞങൾ ഈ തെരുവ് നായ്ക്കളെ പ്പോലെ 

ശല്യക്കാരാണ്
സമൂഹത്തിനു സർക്കാരിനും  കണ്ണിലെ  കരടാണ് 

  പോലീസ് ഇന്നലെ 

ഞങ്ങളെ അറസ്റ്റു ചെയ്തു ഒരു ബസിൽ കയറ്റി 
വേറെ ഒരിടത്ത് ഇറക്കി വിട്ടു 
എന്നാലെങ്കിലും ഈ പോരാട്ടം ഞങ്ങൾ 
 അവസാനിപ്പിക്കും എന്നവർ കരുതി 
ഈ പോരാട്ടം ഒരിക്കലും  അവസാനിക്കുന്നില്ല 
അവസാനിക്കുകയുമില്ല 

സഖാക്കൾ
മുഷ്ടി ചുരുട്ടി .ഉറക്കെ മുദ്രാവാക്യം വിളിച്ചു
എന്റെ കണ്ണുകൾ നിറഞ്ഞു പോയി
ശബ്ദം തൊണ്ടയിൽ കുടുങ്ങി
മിണ്ടാനാവാതെ
കയ്യും കാലും മരവിച്ചു പോയി
പക്ഷെ മുദ്രാവാക്യം വിളികൾ വീണ്ടും വീണ്ടും ഉയർന്നു
നിർത്താതെ
അവ അന്തരീക്ഷത്തിൽ മുഴങ്ങിക്കൊണ്ടേ ഇരുന്നു

ഒത്തിരി പോരാട്ടങ്ങളിൽ  പങ്കെടുത്തിട്ടുണ്ട്
ഒന്നിലും ഞാൻ ശബ്ദമുയർത്തേണ്ടി വന്നിട്ടില്ല
പൂവാലന്മാരെ കൈകാര്യം ചെയ്യാനല്ലാതെ
എനിക്ക് കൈ ഉയർത്തേണ്ടി  വന്നിട്ടില്ല

"ഞാൻ ഗൗരിയാണ് "എന്നവർ വിളിച്ചു കൂവുന്നു
അധികാരികളെ 
നാണമില്ലേ .നിങ്ങൾക്ക് .
നോക്കൂ
കൊലപാതകികൾ ഇപ്പോഴും സ്വതന്ത്രരായി നടക്കുന്നു.
 പകരം   നിരപരാധികളായ  ഞങ്ങളെ അറസ്റ്റു ചെയ്യുന്നു


ഞാൻ  അവളോട് പലപ്പോഴും ചോദിക്കാറുണ്ട്
നിനക്കൊരു അസുഖം വന്നാലോ 
നീ ദരിദ്ര ആയാലോ
നീ മരിച്ചാലോ നിശബ്ദ ആയാലോ 
ആരുണ്ട് നിന്നെ നോക്കാൻ
എനിക്ക് നീയും നിനക്ക് ഞാനുമെ കാണൂ
അതോർത്തോളൂ 
എന്ന് വിചാരിച്ച ഞാൻ എത്ര മണ്ടി 
എനിക്ക് ഇപ്പോൾ അഭിമാനമേയുള്ളൂ  

നിന്നോട് താരതമ്യം ചെയ്‌താൽ  ഞാൻ ആരുമേ അല്ല 

വേണ്ടപ്പെട്ടവരും പ്രീയപ്പെട്ടവരും സമൂഹവും 
ആകെത്തന്നെ 
നിന്നെ മതിക്കുന്നു
നിനക്കായി ശബ്ദമുയർത്തുന്ന
അലറി വിളിക്കുന്നു

ഞാൻ ഉറച്ചു വിശ്വസിക്കുന്നു 
നിന്നെയും എന്നേയും ഇവരേയും 
 നിശ്ശബ്ദരാക്കാൻ അവർക്കാവില്ല
ഈ   ശബ്ദം അടപ്പിക്കാൻ അവർക്ക് കഴിയില്ല

കവിത ലങ്കേഷ്ക്കർ ഗൗരി ലങ്കേഷ്ക്കറുടെ അനുജത്തിയാണ് .
അവർ കൊല്ലപ്പെട്ടിട്ട് മൂന്നു മാസം കഴിഞ്ഞിട്ടും കൊലപാതകികളെ പോലീസ് അറസ്റ് ചെയ്തിരുന്നില്ല 
അതിൽ ഹൃദയം നൊന്തു അവർ കുറിച്ച വരികളാണിത് .അവരുടെ പോരാട്ട വീര്യവും ആത്മ നൊമ്പരവും നിങ്ങളിലേക്ക് എത്തിയില്ല എങ്കിൽ, അത് കവിതയുടെ കുഴ്ഗപ്പമല്ല ,പകരം എന്റെ വിവർത്തനത്തിന്റെ പോരായ്മ്മയാണ് 

ഈ കവിതയ്ക്ക് ഒരു അടിക്കുറിപ്പ് ആവശ്യമുണ്ട് എന്ന്  തോന്നുന്നില്ല .
ചില കവിതകൾ തനിയെ നിൽക്കുന്നവയാണ് 
.മരുഭൂമിയെ ഈന്തപ്പനകൾ പോലെ.വെള്ളവും വളവും ആവശ്യമില്ലാതെ തനിയെ വളർന്നു പൊങ്ങുന്ന കരിമ്പനകൾ 
ഈ പോരാട്ടവും  അങ്ങിനെ ഉള്ളതാണ്.

ഒരു നിസ്സഹായയായ സ്ത്രീയുടെ കൊലയ്ക്കു എതിരെ  വീറോടെ പോരാടിയ ഒരു രാഷ്ട്രം 
നമുക്ക് അഭിമാനിക്കാം ഇവരെ കുറിച്ചു 
മറ്റൊരു ഗൗരിയുടെ രക്തം ഭാരത മണ്ണിൽ വീഴരുത് എന്ന പ്രത്യാശയോടെ 
ശുഭ ദിനം പ്രിയരേ 







                     


2019 ജനുവരി 14, തിങ്കളാഴ്‌ച

കൃഷ്ണാ നീയെന്നെ അറിയില്ല.

കൃഷ്ണാ നീയെന്നെ അറിയില്ല... 

പെൺ കവിതകൾ

 സുഗതകുമാരി



ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ
മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല...

ഇവിടെയമ്പാടി തന്‍ ഒരു കോണിലരിയ
മണ്‍കുടിലില്‍ ഞാന്‍ മേവുമൊരു പാവം
കൃഷ്ണാ നീയെന്നെയറിയില്ല...

ശബളമാം പാവാട ഞൊറികള്‍ ചുഴലുന്ന
കാൽത്തളകള്‍ കളശിഞ്ജിതം പെയ്കെ
അരയില്‍ തിളങ്ങുന്ന കുടവുമായ്‌ മിഴികളില്‍
അനുരാഗമഞ്ജനം ചാര്‍ത്തി
ജലമെടുക്കാനെന്ന മട്ടില്‍ ഞാന്‍ തിരുമുന്‍പില്‍
ഒരു നാളുമെത്തിയിട്ടില്ല

കൃഷ്ണാ നീയെന്നെയറിയില്ല...

ചപല കാളിന്ദി തന്‍ കുളിരലകളില്‍
പാതി മുഴുകി നാണിച്ചു മിഴി കൂമ്പി
വിറ പൂണ്ട കൈ നീട്ടി നിന്നോട് ഞാനെന്‍റെ ഉടയാട വാങ്ങിയിട്ടില്ല

കൃഷ്ണാ നീയെന്നെയറിയില്ല...

കാടിന്റെ ഹൃത്തില്‍ കടമ്പിന്റെ ചോട്ടില്‍ നീ ഓടക്കുഴല്‍ വിളിക്കുമ്പോള്‍
അണിയല്‍ മുഴുമിക്കാതെ പൊങ്ങിത്തിളച്ചു പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ
വിടുവേല തീര്‍ക്കാതെ ഉടുചേല കിഴിവതും
മുടിയഴിവതും കണ്ടിടാതെ
കരയുന്ന പൈതലേ പുരികം ചുളിക്കുന്ന കണവനെ കണ്ണിലറിയാതെ
എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍
വല്ലവികളൊത്തു നിന്‍ ചാരേ

കൃഷ്ണാ നീയെന്നെയറിയില്ല...

അവരുടെ ചിലമ്പൊച്ചയകലെ മാഞ്ഞീടവേ
മിഴികള്‍ താഴ്ത്തി ഞാന്‍ തിരികെ വന്നു
എന്‍റെ ചെറു കുടിലില്‍ നൂറായിരം പണികളില്‍
എന്‍റെ ജന്മം ഞാന്‍ തളച്ചു

കൃഷ്ണാ നീയെന്നെയറിയില്ല...

നീ നീല ചന്ദ്രനായ്‌ നടുവില്‍ നില്‍ക്കെ
ചുറ്റുമാലോലമാലോലമിളകി
ആടിയുലയും ഗോപസുന്ദരികള്‍ തന്‍ ലാസ്യമോടികളുലാവി ഒഴുകുമ്പോള്‍
കുസൃതി നിറയും നിന്‍റെ കുഴല്‍ വിളിയുടന്‍
മദദ്രുതതാളമാര്‍ന്നു മുറുകുമ്പോള്‍
കിലുകിലെ ചിരി പൊട്ടിയുണരുന്ന കാല്‍ത്തളകള്‍
കലഹമൊടിടഞ്ഞു ചിതറുമ്പോള്‍
തുകില്‍ ഞൊറികള്‍ പൊന്‍മെയ്കള്‍
തരിവളയണിക്കൈകള്‍ മഴവില്ലു ചൂഴെ വീശുമ്പോള്‍
അവിടെ ഞാന്‍ മുടിയഴിഞ്ഞണിമലര്‍ക്കുല പൊഴിഞ്ഞോരുനാളുമാടിയിട്ടില്ല

കൃഷ്ണാ നീയെന്നെയറിയില്ല...

നടനമാടിത്തളര്‍ന്നംഗങ്ങള്‍ തൂവേര്‍പ്പ് പൊടിയവേ
പൂമരം ചാരിയിളകുന്ന മാറിൽ
കിതപ്പോടെ നിന്‍ മുഖം കൊതിയാര്‍ന്നു നോക്കിയിട്ടില്ല

കൃഷ്ണാ നീയെന്നെയറിയില്ല...

നിപുണയാം തോഴിവന്നെൻ പ്രേമദുഃഖങ്ങളവിടുത്തൊടോതിയിട്ടില്ല
തരളവിപിനത്തില്ലതാനികുഞ്ജത്തില്‍ വെണ്മലരുകള്‍ മദിച്ചു വിടരുമ്പോള്‍
അകലെ നിന്‍ കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ചകിതയായ്‌ വാണിട്ടുമില്ല
കൃഷ്ണാ നീയെന്നെയറിയില്ല...

ഒരു നൂറുനൂറു വനകുസുമങ്ങള്‍ തന്‍ ധവള
ലഹരിയൊഴുകും കുളിര്‍നിലാവില്‍
ഒരു നാളുമാ നീല വിരിമാറില്‍ ഞാനെന്‍റെ തല ചായ്ച്ചു നിന്നിട്ടുമില്ലാ
കൃഷ്ണാ നീയെന്നെയറിയില്ല...

പോരു വസന്തമായ്‌ പോരു വസന്തമായ്‌
നിന്‍റെ കുഴല്‍ പോരു വസന്തമായ്‌ എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ
ഞാനെന്‍റെ പാഴ്ക്കുടിലടച്ചു തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു
ആരോരുമറിയാതെ നിന്നെയെന്നുള്ളില്‍വച്ചാത്മാവ് കൂടിയര്‍ചിച്ചു
കൃഷ്ണാ നീയെന്നെയറിയില്ല...

കരയുന്നു ഗോകുലം മുഴുവനും
കരയുന്നു ഗോകുലം മുഴുവനും
കൃഷ്ണ നീ മഥുരയ്ക്കു പോകുന്നുവത്രെ
പുല്‍ത്തേരുമായ്‌ നിന്നെയാനയിക്കാന്‍ ക്രൂരനക്രൂരനെത്തിയിങ്ങത്രേ
ഒന്നുമേ മിണ്ടാതനങ്ങാതെ ഞാന്‍ എന്‍റെ ഉമ്മറത്തിണ്ണയിലിരിക്കെ
രഥചക്രഘോഷം കുളമ്പൊച്ച
രഥചക്രഘോഷം കുളമ്പൊച്ച ഞാനെന്‍റെ മിഴി പൊക്കി നോക്കിടും നേരം
നൃപചിഹ്നമാര്‍ന്ന കൊടിയാടുന്ന തേരില്‍ നീ നിറതിങ്കള്‍ പോല്‍ വിളങ്ങുന്നു
കരയുന്നു കൈ നീട്ടി ഗോപിമാർ
കേണു നിന്‍ പിറകെ കുതിക്കുന്നു പൈക്കള്‍
തിരുമിഴികള്‍ രണ്ടും കലങ്ങി ചുവന്നു നീ
അവരെ തിരിഞ്ഞു നോക്കുന്നു

ഒരു ശിലാബിംബമായ്‌ മാറി ഞാന്‍
മിണ്ടാതെ കരയാതനങ്ങാതിരിക്കെ
അറിയില്ല എന്നെ നീ എങ്കിലും കൃഷ്ണ
നിന്‍ രഥമെന്റെ കുടിലിനു മുന്നില്‍
ഒരു മാത്ര നില്‍ക്കുന്നു
കണ്ണീര്‍ നിറഞ്ഞൊരാ മിഴികളെന്‍ നേര്‍ക്കു ചായുന്നു
കരുണയാലാകെ തളര്‍ന്നൊരാ ദിവ്യമാം സ്മിതമെനിക്കായി നല്‍കുന്നു

കൃഷ്ണാ നീയറിയുമോ എന്നെ...
കൃഷ്ണാ നീയറിയുമോ എന്നെ...
നീയറിയുമോ എന്നെ...


ക ഴിഞ്ഞ മൂന്നു  ദിവസവും നിങ്ങളെ  സങ്കടപ്പെടുത്തിയ കവിതകൾ തന്നതിന്റെ  പ്രായശ്ചിത്തമായി ഇന്നൊരു പ്രണയ കവിത തരാം എന്ന് കരുതി .

ഈ  കവിതയുടെ പ്രമേയം പ്രഥമ ദൃഷ്ട്യാകൃഷ്ണ ഭക്തി ആണെന്ന് തോന്നുമെങ്കിൽ  കൂടി 
അതുമാത്രമല്ല ഇതിനെ  പ്രസക്തമാക്കുന്നത് 
സ്ത്രീയുടെ ഏറ്റവും ശക്തവും അന്തർലീനവുമായ ഒരു വികാരമാണ് പ്രണയം .
പ്രണയം ഭക്തി ഇവ രണ്ടും മിക്കപ്പോഴും ഒന്നു  തന്നെയാണ് താനും.
പതി ഭക്തി എന്ന് പറയുമ്പോൾ..ഭക്തിയോളം ശക്തമാണ് പ്രണയം എന്നാണ് നമ്മൾ മനസിലാക്കേണ്ടത്.
പ്രിയതമാനോട്  നമ്മളിൽ പലർക്കും ആ വികാരമാണുള്ളത് താനും.അവൻ ദേവനെ പ്പോലെ മനോഹരൻ ,എന്റെ ആഗ്രഹങ്ങൾ   എല്ലാം സാധിപ്പിച്ചു തരുന്നവൻ . ..എന്നെ വളരെ സ്നേഹിക്കുന്നവൻ  .ദൈവവും ഇതെല്ലാമാണല്ലോ ചെയ്യുന്നത്.അങ്ങിനെ  ആണവൻ ദേവ തുല്യനാകുന്നത് .പ്രണയം ഭക്തി പോലെ സാന്ദ്രവും അന്ധവും തീക്ഷ്ണവും ആകുന്നത് സ്ത്രീയുടെ സഹജമായ ഒരു ഭാവമാണ് .എന്നാൽ പ്രിയൻ വെറും മനുഷ്യൻ ആണെന്നും അവനു ദേവനാകാൻ സാധിക്കുകയില്ല എന്നും അവൾ പിന്നീട് തിരിച്ചറിയുന്നുമുണ്ട് .അവളുടെ അനാവശ്യമായ ഭക്തി അവനു അസ്വസ്ഥതയാണ് ഉണ്ടാക്കുന്നത്എന്നാണു ആധൂനിക ലോകം നമുക്ക് കാണിച്ചു തരുന്നത്.പ്രണയം തന്റെ കാലിൽ  ഇട്ട ഇരുമ്പു ചങ്ങല ആണെന്ന് പുരുഷൻ തിരിച്ചറിയുന്നു 
 അവളുടെ തീവ്ര പ്രണയത്തിൽ അവൻ വല്ലാതെ അസ്വസ്ഥനാകുന്നു  

ഈ കവിതയിലേക്ക് വരാം 
സഫലീകരിക്കപ്പെടാത്ത പ്രണയം 
അതാണ് ഈ കവിതയുടെ അന്തർലീനമായ ഭാവം 
ഗീതാ ഗോവിന്ദം സഫലീകരിക്കപ്പെട്ട പ്രണയം ആണ്.
കൃഷ്ണൻ രാധയിൽ   അനുരക്തയാണ് 

എന്നാലിവിടെ  അവളുടെ സാന്നിധ്യം പോലും കൃഷ്ണൻ അറിയുന്നില്ല .
അവളെ ശ്രദ്ധിക്കുന്നുമില്ല .
അവന്റെ ദൈവീകമായ ഓടക്കുഴൽ നാദം കേൾക്കുമ്പോൾ 
തുറന്ന ,മറച്ചു വയ്ക്കപ്പെടാത്ത പ്രണയ ഭാവത്തോടെ ഗോപികമാർ കൃഷണ സന്നിധിയിലേക്ക് അവന്റെപ്രീതിക്കായി, ഓടിച്ചെല്ലുന്നു 
അപ്പോഴും സ്ത്രീ സഹജമായ ലജ്ജ അവളെ പിറകോട്ട് പിടിച്ചു വലിക്കുന്നു .
അവന്റെ മുന്നിൽ ചെല്ലാൻ അവൾക്ക് സങ്കോചമാണ് .

"അണിയല്‍ മുഴുമിക്കാതെ ,പൊങ്ങിത്തിളച്ചു പാല്‍ ഒഴുകി മറിയുന്നതോര്‍ക്കാതെ
വിടുവേല തീര്‍ക്കാതെ, ഉടുചേല കിഴിവതും
മുടിയഴിവതും ,കണ്ടിടാതെ
കരയുന്ന പൈതലേ ,പുരികം ചുളിക്കുന്ന 
കണവനെ കണ്ണിലറിയാതെ

എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍"

അതാണണവളുടെ  നിസ്സഹായതയും 
സങ്കടവും  .എന്നാലവൾക്കു ചലിക്കാൻ കഴിയുന്നുമില്ല 

 ഈ വരികൾ അതാണ് പറയുന്നത് 
ഈ വരികൾ നോക്കൂ


"നിൻ കുഴല്‍ 
പോരു വസന്തമായ്‌ 
എന്നെന്റെയന്തരംഗത്തിലല ചേര്‍ക്കേ
ഞാനെന്‍റെ പാഴ്ക്കുടിലടച്ചു തഴുതിട്ടിരുന്നാനന്ദബാഷ്പം പൊഴിച്ചു"

അവന്റെ ഓടക്കുഴൽ നാദം കേട്ട് ,അതിൽ ലയിച്ച അവൾ സ്വന്തം കുടിലിനകത്ത്
സ്വപ്നത്തിൽ    മുഴുകുന്നു.അവനെ ആരാധിക്കുന്നു .അവളതിൽ  സംതൃപ്പയാണ് താനും .രാധയുടെ കൃഷ്ണ ഭക്തിയും ഇത് പോലെ ഉദാത്തമായിരുന്നു .തിരിച്ചിങ്ങോട്ടു ഒന്നും പ്രതീക്ഷിക്കാതെയുള്ള ആരാധന ..ഭക്തിയും പ്രണയവും തമ്മിലുള്ള നേർത്ത രേഖകൾ അപ്രസക്തമാവുകയാണിവിടെ 



അവസാനം..കൃഷ്ണൻ 
പോകുന്ന വഴി ഇവളുടെ കുടിലിനു മുന്നിൽ രഥം നിർത്തുന്നു 
സ്നേഹത്തോടെ അവൻ അവളെ ഒന്ന് നോക്കുന്നു.ഒന്ന്അ പുഞ്ചിരിക്കുന്നു ത് മതി ഈ ഗോപികയ്ക്കു .അവളുടെ ജീവിതം ധന്യമായി 
അതാണ് ഭക്തി..അതാണ് പ്രണയം 

നമ്മൾ ആധൂനിക സ്ത്രീകൾക്കു ഈ  പ്രണയ ഭാവം മനസിലാകില്ല.
അത് പ്രായോഗികവുമല്ല 
സുഗതകുമാരിയെപ്പോലെ പ്രസിദ്ധയായ ഒരു ആക്ടിവിസ്റ്റും ഫെമിനിസ്റ്റും..ഈത്തരത്തിൽ കുമ്പിടുന്നകൃഷ്ണ  ഭക്തിയോടെ 
ഒരു കവിത എഴുതിയതും എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട് 
ഈ കവിത തരുന്ന അനുഭൂതി അത് മാത്രം നമ്മൾ അറിഞ്ഞാൽ മതി 
ഈ കാതരമായ പ്രണയ ഭാവം അവരുടെ മറ്റു ചില കവിതകളിലും കണ്ടിട്ടുണ്ട് .അത് മറക്കുന്നില്ല.


വാക്കുകളുടെ ലയം ,സൗന്ദര്യം.വിഷയത്തിനോടുള്ള സത്യസന്ധത .
ഗോപികയുടെ നിസ്സഹായമായ പ്രണയം..അതിന്റെ തീവ്രത..
ലജ്ജയില്ലാതെ കൃഷ്ണസാന്നിധ്യത്തിലെക്കോടിയെത്തുന്ന   ഗോപികമാർരുടെ കൂസലില്ലായ്മ്മ
എഴുത്തിന്റെ ചാരുത ..ജീവനുള്ള വരികൾ ,കവി നമ്മിലേക്കെത്തിക്കുവാൻ സാധിച്ച വികാരം നമ്മിലെത്തിക്കുവാൻ അവർക്കു കഴിഞ്ഞു എന്ന സത്യം 
എല്ലാം കൂടി ഈ കവിത നമുക്ക് തരുന്നത് അതി തീവ്രമായ ഒരു വായനാനുഭവമാണ് .
സുഗതകുമാരിയുടെ മറ്റു കവിതകളിലൊന്നും ഈ തരളത ദർശിക്കാനായിട്ടിട്ടുമില്ല 

നാളെ മറ്റൊരു കവിതയുമായി വരാം 

ശുഭ ദിനം .