2019, ഫെബ്രുവരി 2, ശനിയാഴ്‌ച

ചില ബജറ്റിയൻ ചിന്തകൾ


 ചില ബജറ്റിയൻ ചിന്തകൾ

ബിജെപിയുടെ ബജറ്റ് കലക്കൻ തന്നെ
ഏഷ്യാനെറ്റും മനോരമയും ഒക്കെ അതിനെ വലിച്ചു  കീറാൻ ശ്രമിക്കുമ്പോഴും..തിരഞ്ഞെടുപ്പ്  ജയിക്കാനായുള്ള ഒരു സർക്കാരിന്റെ രണ്ടും കല്പിച്ചുള്ള ശ്രമങ്ങൾ ആയിട്ട് കണ്ടാൽ മതി എന്നും നമുക്കറിയാം
ഒന്നാം യു പി എ സർക്കാർ അധികാരത്തിൽ വന്നപ്പോൾ എനിക്ക് വലിയ പ്രതീക്ഷ ആയിരുന്നു .മൻമോഹൻ സിങ് ആണ് പ്രധാന മന്ത്രി
അദ്ദേഹത്തിന്റെ ഭാര്യ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരിയാണ് .അന്നും ഇന്നും സ്വന്തം വരുമാനം കൊണ്ട് വളരെ ശ്രദ്ധിച്ചു എളിമയോടെ ജീവിക്കുന്നവരാണ് അവർ ഭാര്യയും ഭർത്താവും .അത് കൊണ്ട് തന്നെ മാസ ശമ്പളക്കാരുടെ കയ്യിൽ നിന്നും കേന്ദ്ര സർക്കാർ ആദായ നികുതി എന്ന പേരിൽ ഈടാക്കുന്ന വലിയ തുക എത്രയാണെന്നും അവർക്കറിയാം.ഫെബ്രുവരി മാസത്തിൽ മിക്കവർക്കും ടാക്സ് കിഴിവ് കഴിഞ്ഞാൽ വീട്ടിൽ കൊണ്ട് പോകാൻ ഒന്നും കാണുകയില്ല എന്നതാണ് വാസ്തവം .ഫെബ്രുവരിയെ ഞങ്ങൾക്കൊക്കെ ഭയമാണ്.അന്നും ഇന്നും.മിക്കപ്പോഴും മാലയോ വളയോ ഒക്കെ പണയം വച്ചാണ് കുടിശിക ആദായ നികുതി അടച്ചു സാലറി വാങ്ങുന്നത്

ഈ ബുദ്ധിമുട്ടൊക്കെ അറിഞ്ഞിട്ടും   മൻമോഹൻ സിങ് ഒരു ചുക്കും ചെയ്തില്ല.അങ്ങേര് സമ്പദ് വ്യവസ്ഥയെ അങ്ങ് ബലപ്പെടുത്തി ബലപ്പെടുത്തി 200 കോടിയുടെ സ്വർണ്ണം വാങ്ങി റിസർവ് ബാങ്കിൽ നിക്ഷേപിച്ചു ..അത്കൊണ്ട്  നമു ക്കെന്ത് പ്രയോജനം ?
ബോംബെ ഹൈ യിൽ പെട്രോളിയം ഖനനത്തിന് യന്ത്ര സാമഗ്രികൾ വാങ്ങിയതിന് .അംബാനിക്ക്ആറായിരം കോടി രൂപ ഇൻകം ടാക്സ് കിഴിവ് കൊടുത്തിട്ടാണ് ,ഞങ്ങളുടെ കഴുത്തിനു ഇവർ കുത്തി പിടിച്ചിരുന്നത്
അത് കൊണ്ട് തന്നെ ഈ സർക്കാർ നികുതി അടയ്‌ക്കേണ്ട പരിധി  ഉയർത്തിയത് വളരെ നന്നായി
അതിനെ സ്വാഗതം ചെയ്യുന്നു.എന്നാലിത് വെറും വാഗ്ദാനമായി മാത്രം തീരുമോ എന്നും സംശയമുണ്ട്.
കർഷകന്റെ ബാങ്കിൽ ആറായിരം രൂപ..ഇട്ടു കൊടുക്കുന്നു.നല്ലത് .ഇന്നലെ ഏഷ്യാനെറ്റിന്റെ ചർച്ചയിൽ പങ്കെടുത്ത ഒരാൾ പറഞ്ഞത് ,തമിഴ് നാട്ടിലെ   ഒരു രാഷ്ട്രീയ കക്ഷി,വീടുകളിൽ തിരഞ്ഞെടുപ്പ് സ്ലിപ് കൊണ്ട് പോയി കൊടുക്കുമ്പോൾ കൂടെ ഒരു അയ്യായിരം രൂപ കൂടി കൊടുക്കുമായിരുന്നു . ഏതാണ്ട് അത് പോലെയാണ് ഈ ആറായിരം എന്ന്അദ്ദേഹം പറഞ്ഞു .
അതിൽ കാര്യമുണ്ട്.
എങ്കിലും എനിക്ക് ലജ്ജയായിപ്പോയി.കേരളത്തിൽ അത് വെറും അഞ്ഞൂറ് രൂപ മാത്രമാണ് .കൂടെ ഒരു പൈന്റും .കേരളത്തിലെ രാഷ്ട്രീയ കക്ഷികൾ ഇത് പ്രത്യേകം നോട്ട്  ചെയ്യണം .
ഉള്ളിക്കു, തക്കാളിക്ക്,  മറ്റു വിളകൾക്കൊക്കെ തുച്ഛമായ വില  മാത്രം കിട്ടുന്ന കര്ഷകന്..ഈ ആറായിരം രൂപകൊണ്ട് കാര്യമില്ല . തങ്ങളുടെ വിളകൾക്ക് താങ്ങു വില ആണ് അവർക്ക് വേണ്ടത് .
പൊതു വിതരണ സമ്പ്രദായം ശക്തി പെട്ടാൽ മാത്രമേ..ഈ വിളകൾ സർക്കാറിന്‌  ,താങ്ങു വില കൊടുത്ത് വാങ്ങി സംഭരിച്ചു ,ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ കഴിയൂ.ബജറ്റിൽ പൊതു വിതരണ സമ്പ്രദായം ശക്തിപ്പെടുത്താൻ ഒന്നും വക ഇരുത്തിയിട്ടില്ല.കേന്ദ്ര സർക്കാർ ,നമ്മുടെ റേഷൻ  കടകൾ ,സിവിൽ സപ്പ്ളൈസ്  കോർപൊറേഷൻ , മാവേലി സ്റ്റോറുകൾ പോലെയുള്ളവ  ധാരാളമായി  സ്ഥാപിക്കാൻ നടപടി എടുത്തിരുന്നു എങ്കിൽ താങ്ങു വില  നൽകുക എന്ന വാഗ്ദാനം സർക്കാരിന് കാര്യ ക്ഷമമായി ചെയ്യാൻ കഴിയുമായിരുന്നു .എന്നാൽ താങ്ങു വില കൊടുത്ത് വാങ്ങുന്ന ചരക്കുകൾ കേടാവാതെ സംഭരിക്കാൻ കേന്ദ്രത്തിനോ സർക്കാരുകൾക്കോ കഴിയുന്നില്ല എന്നതാണ് വാസ്തവം.കേന്ദ്ര സർക്കാരിന് കീഴിലുള്ള എല്ലാ ഗോഡൗണുകളും സ്വകാര്യ വ്യാപാര സ്ഥാപനങ്ങൾക്ക്‌  തങ്ങളുടെ ചരക്കുകൾ സൂക്ഷിക്കാനായി ദീർഘ കാല  കരാറിനു  വാടകക്ക് കൊടുത്തിരിക്കുകയാണ്.കേന്ദ്രത്തിനു മാത്രം ചെയ്യാൻ കഴിയുന്ന ചിലകാര്യങ്ങൾ ഉണ്ട്.ഉള്ളി വിളയുന്ന സംസ്ഥാനങ്ങളും വിളയാത്ത സംസ്ഥാനങ്ങളും ഉണ്ട്.അവയെ തിരിച്ചറിഞ്ഞ വിളവെടുപ്പിനു മുൻപേ ഉള്ളി ആവശ്യമുള്ള സംസ്ഥാന ങ്ങളെ സമീപിച്ചു ഈ ഉള്ളിക്ക് മാർക്കറ്റ് ഉണ്ടാക്കണം.ഈ കാര്യങ്ങൾ എല്ലാം ഒന്നോ രണ്ടോ ഐ എ എസ്‌ കാരും ഒരു ഓഫീസാറും വിചാരിച്ചാൽ  ചെയ്യാവുന്ന കാര്യം മാത്രമാണ്
കേരളത്തിലെ സിവിൽ സപ്ലൈസ് വകുപ്പിന് മധ്യപ്രദേശിൽ എന്നാണ് ഗോതമ്പ് വിളവെടുക്കുന്നത് എന്ന് എങ്ങിനെ അറിയാനാണ് .  പൊതു വിതരണ ശൃംഖല ..സ്റ്റേറ്റുകൾക്ക് മാത്രം എന്ന് ചിന്തിക്കാതെ ..ഭാരതത്തിനു എന്ന മുഴുവൻ ചിന്ത ഉണ്ടായാൽ കർഷകരുടെ ആവലാതികൾ ഒരു പരിധി വരെ എങ്കിലും പരിഹരിക്കാൻ കഴിയും
 മൂന്നാമന്മാർക്കും  തരകന്മാർക്കും  പണം സമ്പാദിക്കാൻ അനുവദിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ  നയം ദീർഘ കാലാടിസ്ഥാനത്തിൽ  സാധാരണ കര്ഷകന് ഗുണകരമല്ല തന്നെ .
പൗരൻ നൂറു രൂപ  അടച്ചും  സർക്കാർ  നൂറു രൂപാ കൂടി ഇട്ടുള്ള ക്ഷേമ പദ്ധതി
വളരെ നല്ല ഒരു പ്രൊജക്റ്റാണ് .എന്നാൽ നടപ്പാക്കാൻ അസാധ്യവും .വിദൂരങ്ങളും ഒറ്റപ്പെട്ടതും ആയ ഗ്രാമങ്ങളിൽ ആര് ചെന്ന് ഈ നൂറു രൂപ വാങ്ങും ..അനേകം വർഷങ്ങൾ ഈ തുക എല്ലാ മാസവും അടയ്ക്കണം .അസംഘടിത മേഖല എന്ന് പറഞ്ഞാൽ വയലിലും ചേറിലും ഉഴറുന്ന വിദ്യാഭ്യാസമില്ലാത്ത പട്ടിണി പ്പാവങ്ങൾ ആണെന്നോർക്കണം .
നാലോ അഞ്ചോ മണിക്കൂർ യാത്ര ചെയ്‌താൽ ആവും അവർക്ക് അടുത്തുള്ള  ഒരു ബാങ്കിൽ എത്താൻ ആവുക .
എങ്കിലും പത്തു പേർക്ക് ഗുണം കിട്ടിയാൽ അത്രയും നല്ലത് .
ഇതൊരു ബജറ്റല്ല എന്നതാണ് മറ്റൊരു വസ്തുത.അടുത്ത സർക്കാർ വരുന്നത് വരെയുള്ള.ധന വിനിയോഗ ബില്ലു മാത്രമാണിപ്പോൾ അവതരിപ്പിച്ചത് .
പീയുഷ് ഗോയൽ പറഞ്ഞത്
ഇതിൽ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ആവുമോ എന്ന് പറയാൻ കഴിയില്ല.അത് തീരുമാനിക്കേണ്ടത് ഇനി വരുന്ന സർക്കാർ ആണെന്നാണ് .വരുന്നത് മോഡി സർക്കാർ അല്ലെങ്കിൽ പിന്നെ സ്വപനം കണ്ടിട്ട് ഒരു കാര്യവുമില്ല
എടുത്താൽ പൊങ്ങാത്ത ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച ഈ ബജറ്റ് ,സത്യത്തിൽ ,രാഹുൽ ഗാന്ധിക്ക് കിട്ടിയ ഇരുട്ടടി ആണ് .ഇനി അദ്ദേഹം അധികാരത്തിൽ വന്നാൽ മുൻ സർക്കാരിന്റെ ഇത്ര മഹത്തായ ആനുകൂല്യങ്ങൾ റദ്ദാക്കി മുൻപോട്ടു പോയാൽ മോശക്കാരൻ ആവും .രാഹുൽ മുന്നോട്ടു വച്ച  വാഗ്ദാനങ്ങൾ തന്നെ നടപ്പിലാക്കാൻ പറ്റാത്തതും അസാധ്യവും ആണെന്നിരിക്കെ ..അതിലും അസാധ്യവും അതി ഭയങ്കരമായ ഋണ ബാധ്യത ഉണ്ടാക്കുന്നതും ആണ് മോദിയുടെ വാഗ്ദാനങ്ങൾ
ഈ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ..ഈ രണ്ടു വ്യക്തികൾക്കും ആവുകയില്ല
ആയാൽ ത്തന്നെ അത് നമ്മൾ സാധാരണക്കാരന്റെ നികുതി പണം എടുത്ത് തോന്ന്യവാസം കളിക്കുന്നതാവും എന്നും നമുക്കറിയാം.

എന്തായാലും കേരള ബജറ്റ് അതിന്റെ സൂക്ഷ്മത കൊണ്ടും,വിശദമായ പ്ലാനിങ് കൊണ്ടും  നമ്മെ അമ്പരിപ്പിച്ചു
 കേന്ദ്ര ബജറ്റ് അതിന്റെ ധാരാളിത്തം കൊണ്ടും,നൽകിയ വാഗ്‌ദങ്ങൾക്കുള്ള ധന സ്രോതസ് എവിടെ നിന്നും ഉണ്ടാക്കും എന്ന് കാണിക്കാതെയും  നമ്മെ ആശങ്കയിൽ ആഴ്ത്തി     ,രാഹുലിന്റെ വാഗ്ദാനങ്ങൾ വളരെ അധികപ്പറ്റായി തോന്നി  ..
തിരഞ്ഞെടുപ്പല്ലേ വരുന്നത് .ഇപ്പോൾ എന്തെങ്കിലും കിട്ടിയാൽ കിട്ടി എന്നാണ് സാധാരണക്കാരന്റെ നിലപാട്
അപ്പോൾ ഇനി ഗോദയിൽ കാണാം




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ