ഈ കവിതകൾ വായിക്കുന്നത് വരെ ഉപ്പെനിക്കൊരു ലവണം മാത്രമായിരുന്നു ..ബുൾസ് ഐയിൽ കുടഞ്ഞിടാൻ,അതിനു സ്വാദേകാൻ ഉള്ള വെറും വെളുത്ത പരലുകൾ
ഉപ്പിനെ കവിതയിൽ ഞാൻ സ്നേഹിച്ചത് രാജലക്ഷ്മിയുടെ ഒരു ചെറു കവിതയിൽ ആണ്
ഉപ്പു എന്ന് തന്നെയുള്ള പേരിൽ പ്രസിദ്ധീകരിച്ച ആ കവിതയിൽ അവരെഴുതി
""അരുതരുതു ..ആർദ്രതയരുത്
നീരേറ്റാലിനി ഞാനില്ല""
സ്നേഹം ..അതി ന്റെ ഒരു തുള്ളി നനവിൽ തനിയെ അലിഞ്ഞു ആസ്തിത്വം നഷ്ടപ്പെട്ട് ഉരുകി ഒലിച്ചു ഇല്ലാതാവുന്ന ഉപ്പിന്റെ നിസ്സഹായത
ആ ഉപ്പു പരൽ ഞാൻ തന്നെയല്ലേ എന്ന് വായിച്ചു കണ്ണ് നിറഞ്ഞ ഒരു കാലം
പിന്നെ ഓ എൻ വി യുടെ
''പ്ലാവില കോട്ടിയ കുമ്പിളില്‍ തുമ്പതന്‍
പൂവുപോലിത്തിരിഉപ്പു തരിയെടുത്ത്
ആവിപാറുന്ന പൊടിയരികഞ്ഞിയില്‍
തൂവി പതുക്കെ പറയുന്നു മുത്തശ്ശി
ഉപ്പു ചേര്‍ത്താലെ രുചിയുള്ളൂ
കഞ്ഞിയിലുപ്പുതരി വീണലിഞ്ഞ്
മറഞ്ഞുപോം മട്ടിലെന്നുണ്ണി നിന്‍
മുത്തശ്ശിയും നിന്ന നില്‍പ്പില്‍
ഒരുനാള്‍ മറഞ്ഞു പോം എങ്കിലും
നിന്നിലെയുപ്പായിരിയ്ക്കുമീ മുത്തശ്ശിയെന്നും''
എന്ന കവിതയും പിന്നീട് നെഞ്ചിൽ തങ്ങി
ഉപ്പു പിന്നീട് മനസിനെ മഥിക്കുന്ന ഒരു ബിംബ മായ് പലപ്പോഴും വന്നിട്ടുണ്ട്
അതിൽ പ്രധാനം
ഉപ്പിൽ നിന്നും ഉപ്പു രസം മാറ്റിയാൽ പിന്നെന്തുണ്ട് എന്ന പ്രസിദ്ധ ചോദ്യമാണ്
മനുഷ്യനിൽ നിന്നും സ്നേഹം എടുത്തു മാറ്റിയാൽ പിന്നെ ബാക്കി എന്തുണ്ട്
ഉപ്പോളം വരുമോ ഉപ്പിട്ട വട്ടി
എന്നും പഴമക്കാർ പറയാറുണ്ട്
മത്സരത്തിനു കവിതകൾ പ്രതീക്ഷിക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു പിരിമുറുക്കം ഉണ്ടായിരുന്നു
എന്താവും കവികൾ നമുക്കായി കാഴ്ച വയ്ക്കുക
അയച്ചു കിട്ടിയ കവിതകൾ വായിച്ചപ്പോൾ ശ്വാസം നിലച്ചു പോകുന്നത് പോലെ തോന്നി എന്ന് തന്നെ പറയാം
ഉപ്പിനെ കണ്ണീരായും തേങ്ങലായും , തന്നെ, ത്തന്നെയായും കണ്ടവർ
ഉപ്പിനെ പ്രണയം ആയും വിരഹമായും കണ്ടവർ ..
ഉപ്പിനെ സ്വാതന്ത്ര സമര ചരിത്രത്തിലെ ധീരമായ ഒരു ചുവടു വൈപ്പായി കണ്ടു പാലാട്ടിയവർ ചിലർ
""അകലെ ആകാശഗംഗയില്‍ തളര്‍ന്നുവിഴുന്നതോ
ധര്‍മ്മത്തിന്‍ പൊരുള്‍തേടിയലഞ്ഞവന്‍ അര്‍ദ്ധനഗ്നന്‍ ...നഗ്നപാദന്‍...ഭാരതപുത്രന്‍""(Manoj Revindran Thazhava)
"ഉപ്പുസത്യാഗ്രഹവും ഉപ്പളങ്ങളും ദണ്ടികടപ്പുറവും
ചരിത്രതാളുകളില്‍ നിറഞ്ഞപ്പോലാണവന്‍ ഉപ്പിന്റെ
നിര്‍മ്മാണരീതിയറിഞ്ഞതില്‍ സന്തോഷചിത്തനായത്"(ജയ കുമാർ )
സ്വാതന്ത്ര ദണ്ഡിയാത്രയിൽ ഗാന്ധിജി
പാരതന്ത്ര്യത്തെ ഭേദിക്കുവാനുമായ്
ഭാരതത്തിന്റെ മോചനത്തിന്നാ,യുപ്പ്
വീരസ്വാതന്ത്ര സമരായുധം തീർത്തു ,( )
അമ്മയുടെ കണ്ണീരും അച്ഛന്റെ വിയർപ്പും ദാരിദ്ര്യവും ,മരുഭൂമിയിലെ ചൂടും വേപുഥയും ഉപ്പാക്കി മാറ്റിയ ചില കവിതകൾ
"പണാധിപത്യത്തോടു പൊരുതി
ഞാൻ നേടിയ ബിരുദത്തിലും
അമ്മയുടെ വിയർപ്പുഗന്ധവു-
മിടയ്ക്കിടെ തേങ്ങലും കലർന്നിരുന്നു"(Prasad C Vijayan
"ഉപ്പിൻ കയ്പ്പറിഞ്ഞ ബാലൃം
വിയർപ്പുരുചി ഗന്ധങ്ങൾ അച്ഛനായിരുന്നു
കണ്ണീർകലത്തിലെ നോവ് അമ്മയും"(sindhu joshi)
"കണ്ണിലേക്കിറ്റിവീഴും വിയര്‍പ്പു
തുള്ളികള്‍ തുടച്ചെറിയവേ വഴുതിയ
കൈയിനാല്‍ മരുഭൂമിയിലെ മണ്ണും
അന്നറിഞ്ഞു ആ ഉപ്പിന്റെ രുചി"(manu morphyus"...
"കാണുന്നു സഖീ നിൻ തേങ്ങലിനപ്പുറം
മക്കളിൻ ഭാവിയും, ജീവിതവും.
വൃണിതമാം എൻമേനി ഭൂമിക്കു ഭാരം
“ ഭൂമിയുടെ ഉപ്പായ് മാറിടേണം"(rajmohan pallichaal)
""കടലിന്റെ ഉയിരാണ്
വറ്റിച്ചെടുത്ത മലരാണ്
അടുക്കള തന്‍ തത്വമാണ്
ഞാന്‍ കണ്ണീരിന്‍ രസമാണ്
നിങ്ങളെനിക്കേകിയ
യോമനപ്പേരാണ്"ഉപ്പ്"(Susmitha Sivadasan)
സമ്മാനം കിട്ടാൻ മിനി പ്രേമിന് സഹായകം ആയ ഒരു ഘടകം ആ കവിതയിലെ മനോഹര കൽപ്പനകൾ ആണ്
"നോക്കൂ ,
മുത്തും പവിഴവും
ഏറെയുള്ള
തറവാട്ടിലേക്ക് വന്നാണ്
നീയെന്നെ സ്വന്തമാക്കിയത്""(Minu Prem) .
അഗാധ സമുദ്രത്തിലെ തിളങ്ങുന്ന മുത്തുകളും പ്രകാശം പരത്തുന്ന പവിഴപ്പുറ്റുകളും ..ഇവിടെ കവിത ഉപ്പിനു പുതിയ മുഖവും സൌന്ദര്യവും പ്രാധാന്യവും നൽകുന്നു.വായനക്കാരെ വിവശരാക്കുന്ന ഒരു മാന്ത്രികത ഈ കവിതക്കുണ്ട്
അടുക്കളയുടെ രോദനവും പ്രതിഷേധവും അപമാനവും കരച്ചിലും തേങ്ങലും ചില കവിതകളിൽ തെളിഞ്ഞു കാണാം
""ചിലപ്പോഴെങ്കിലും ഉപ്പവർക്കായുധമാണ്
അളവേറ്റിയും കുറച്ചും സ്വാദു നഷ്ടപ്പെടുത്തി
അവരതിനെ തങ്ങളുടെ പ്രതിഷേധത്തിന്റെ,
ആഴമറിയിക്കാനുപയോഗപ്പെടുത്തുന്നു""(baiju vilayil)
""പഞ്ചസാരക്കുപ്പി കണ്ണിറുക്കി
കള്ളച്ചിരി ചിരിക്കുമ്പോഴൊക്കെ
ഉപ്പിനു ബുദ്ധച്ചിരി.
കണ്ണീരിനോടും കയ്പ്പിനോടും
തന്നെ സമരസപ്പെടുത്തിയതിനും
ഉള്ളുതുറന്നു ചിരിച്ചു."("meera sobhana)
എന്നെ അത്ഭുതപെടുത്തിയ ചില കവിതകൾ ഉണ്ട് .ഭ്രമ കൽപ്പനകളാൽ ഉപ്പിനെ ഉപ്പല്ലാതെയാക്കിയ ആധുനിക കവിതകൾ ..കവികൾ
""അവൻ ഗർഭിണിയാണ്..
ഇന്നലെയാണവൻ ഭോഗിക്കപ്പെട്ടത്..
അവന്റെ ഉപ്പുരുചിയുള്ള
ചിന്താ ബീജങ്ങളെ പ്രാപിച്ചിട്ട-
വളവനെ തിരികെനല്കി".(aji mundakayam)
""കറുത്ത കടല്‍ത്തുണ്ടുകള്‍
കരയേറുന്നു.
വെളുത്ത കവിതയായ്
രുചി രേണുക്കളില്‍
ആരൊക്കെയോ വീണ്ടും ജനിക്കുന്നു.
നാമവരെ ഉപ്പായ് രുചിക്കുന്നു"".(Isabel flora)
"കണികയാണിവെളെങ്കിലും
കടലിന്റെയുയിരാണ്".deepthi joy
"ചാരത്തിൽ മൂടിക്കിടക്കുന്ന കനലായ്
എന്നെന്നു'മുപ്പൊരു ഹൃദയത്തുടിപ്പ് "",devan tharappil
"തീന്മേശകളിൽ പലർക്കൊപ്പം
ഇണചേർന്നുറങ്ങി."(soys bean)
"ഏഴുനിറങ്ങുൾച്ചേർന്ന
ധവളപ്പരൽകല്ലുകൾ.
നീലവാരിധിതന്നിൽ
മഥിക്കുംസൂര്യാംശുവിൽ
നിൻ ജനനം""(.jayachandran sivan)
അങ്ങിനെ കുസൃതിയും ഭാവനയും ഒത്തു ചേർന്ന ചില മനോഹര കവിതകൾ നമുക്ക് കിട്ടി കവിതകൾ
ഉപ്പിനെ ആരും പ്രണയത്തോടോ ദാമ്പത്യത്തോടോ ഉപമിക്കും എന്ന് നമ്മൾ മിക്കവാറും കരുതില്ല..പ്രണയത്തിനും ജീവിതത്തിനും പ്രായേണ രണ്ടു രസങ്ങൾ ആണ് പ്രധാനം ..മധുവരവും ചവര്പ്പും പിന്നെ കയ്പ്പും
ഉപ്പിനു മധുരമില്ല..കയ്പ്പും ചവർപ്പും ഇല്ല. ഉള്ളത് ഇനിപ്പാണ് അതിനു പ്രണയത്തിൽ ദാമ്പത്യത്തിൽ എന്ത് ബന്ധം എന്നല്ലേ ..ഇവയിൽ ചിലത് നോക്കൂ
"പ്രണയത്തിന്റെ ഉന്മാദ രാത്രികള്‍ അകന്നുപോയിട്ടും
എന്‍റെ വിരഹമേറ്റു വാങ്ങുന്ന രാവിന്‍റെ നിശബ്ദയിലും
കാണാത്ത കണ്ണുനീരില്‍ ഉപ്പു കലരുന്നതും ഞാനറിയുന്നു ."(.Alju Sasidharan Madathil")
""ഇന്നു ഞാൻ താപമേൽക്കുന്നൂ
തിരികെ യാത്രയ്ക്കൊരുങ്ങുന്നു..
എന്നിലെ നീരുയിർ വിടുവിച്ചിട്ടു വേണം
നിന്നിലെ രസമുകുളങ്ങൾക്കു ഞാൻ ഉപ്പാകുവാൻ"..(rajesh pillai)
ഈ കവിതയിൽ വാനപ്രസ്ഥം പോലും ഒളിച്ചിരിപ്പുണ്ട് ..സ്വേദ കണങ്ങൾക്ക് ഉപ്പാകാൻ
""തീവ്രവേഗങ്ങളിൽ,അധരത്താലറിഞ്ഞ സ്വേദകണങ്ങളിലൂടേ,
ഉപ്പേ നിന്നോടെനിക്കീന്നീ ദാമ്പത്യത്തിലൊരിത്തിരി പ്രണയമാണ്.
പിണക്കങ്ങളുടെ മഞ്ഞുമലകളെ കണ്ണുനീരുപ്പിനാലലിച്ചും
കോപത്തിന്റെ അഗ്നിപർവ്വതങ്ങളെ സ്നേഹത്തിരകളാൽ തഴുകിയും""(Mini Jose)
""പ്രണയത്തിൻ നീരു
തുടരെത്തുടച്ചൂ ഞാൻ
ക്ഷീണിച്ച ഹ്രദയത്തിൽ
പരിഭവവും സ്നേഹവും
ചാലിച്ചു ചേർത്തതു
പ്രണയാർദ്രമായ് നിൻ മുന്നിൽ
വിളമ്പി വച്ചപ്പ്പോൾ...
നീ അലറി വിളിച്ചു.....ഉപ്പില്ലാ ...""....(.സ്മിതാ രാമൻ)
""മോഹം കിതപ്പാറ്റി മാറിലേക്കമരവേ
സ്നേഹമായ് ചുണ്ടോടുചേർത്തു രുചിക്കാം,
പഴമകൾ മാറാല കെട്ടുമൊരോർമ്മയിൽ
ഓണമൊരുക്കുന്ന പൂക്കളമാകാം.""(ഷീബ എം ജോൺ )
വേദാന്തവും ജീവിതവും വേർപാടും മരണവും ഉപ്പായി ..ഉപ്പോട് ചേർന്നു ചില കവിതകളെ അളക്കുന്നു .ഉദാത്തമായ ഭാവനയുടെ ചിറകടികൾ മാത്രമല്ല ..തെളിഞ്ഞതും ഉന്നതവുമായ കാവ്യ സംസ്കൃതി യുടെ ജീവ ത്തുടിപ്പുകൾ നമുക്കീ കവികളുടെ വരികളിൽ കാണാം
""ആദിമധ്യാന്തത്തിലൂടെയീ ജന്മമാം
ആഴിയിൽ മുങ്ങിനിവർന്നീടവേ
ആറ്റിക്കുറുക്കുമീയുപ്പുപരലുകൾ
ആയത്തിൽ പേറുന്ന സാധുജന്മം""(sreeja varyar)
"",കാലത്തെയളന്ന കടലാഴങ്ങളില്‍
ഇപ്പോഴും അവശേഷിപ്പുണ്ട്
അലിയാതെ ചില കല്ലുപ്പുകള്‍
ഹൃദയത്തിന്‍റെ ചില്ലുപാത്രങ്ങളില്‍
പൊടിഞ്ഞു പൊടിഞ്ഞങ്ങനെ
ഓര്‍മകളുടെ ക്യാന്‍വാസില്‍.""..""Vinay Kambrath""
""ഉപ്പു മുതലെന്നു നാലുപേർ ചൊല്ലുന്നു
സപ്തദശഗുണങ്ങളിൽ
ഭാഗഭാക്കാകുന്നവൻ നീതന്നെയല്ലേ
തിരയിലുറങ്ങുമെൻ പൊന്നുണ്ണി.""(o.p.jayaraj)
""ഉപ്പുത്തിന്നവന്‍ വെള്ളം കുടിക്കുമെന്നും ഉപ്പോളം
വരുമോ ഉപ്പിലിട്ടതെന്നുമുള്ള പഴയചോല്ല് പലവുരു
മുത്തശ്ശി ഉരുവിട്ടപ്പോള്‍ അവനുമത് മന:പാഠമാക്കി""(Jayakumar Nair)
""കോടി ക്കണക്കിന് ജീവികളായ് പിറ-
കൊണ്ടു നിൻ
ജീവരസത്തിന്റെ ആർദ്രത""(sudjith panangad)
ഉജ്ജ്വലമായ ഈ ഭാവനകളെ മനസാ നമിക്കുന്നു
മിക്ക കവിതകളിലും പ്രപഞ്ച നിയന്താവും പോലും ആയ ആദിജലമായ സമുദ്രത്തെ പേർത്തും പേർത്തും സ്മരിക്കുന്നുണ്ട് .
""അനന്തമാം ആഴിയില്‍ അലിഞ്ഞും
വിശുദ്ധമാം ധവളവര്‍ണ്ണത്തില്‍ പൊതിഞ്ഞും
കല്ലുപോല്‍, കണികപോല്‍, ഒളിഞ്ഞും തെളിഞ്ഞും
ഈ ഊഴിയില്‍ നീളെ ലയിപ്പവന്‍ നീ""(sajitha rajan)
""ഖരമായി മാറുന്ന, ജലമായിത്തീരുന്ന
ലവണമീ രുചിയുടെ അമരത്തുകാരന്‍.
സാഗരം നല്കിയോരമൃതാണു മണ്ണിന്നു
ചരിത്രം മറക്കാത്ത ഈ സമരസാക്ഷി """!sivarjan kovilazhikam
""വഴിയോരത്ത് വെയിലിൽ പൊരിയുന്നുണ്ട്
ഉപ്പു വിതറി നിരത്തിയ മത്സ്യങ്ങൾ..
ആരൊക്കെയോ ഉപ്പു തേച്ചുണങ്ങാൻ വച്ച,
സ്വപ്നങ്ങളാണവയെന്നയാൾ സങ്കൽപ്പിച്ചു.
കത്തുന്ന വേനൽ ചൂടിനെ വകവയ്ക്കാതെ
കടൽക്കരയിൽ അയാൾ മലർന്നു കിടന്നു.
നിറഞ്ഞ മിഴികളിൽ നിന്നും ഉപ്പുറഞ്ഞു.
കാറ്റയാളെ മൂടിപ്പുതപ്പിച്ചു..
ഉപ്പുതരികൾ കൊണ്ട്".(.jyothis jyothy)
ജ്യോതിസ് കവിതയിൽ ഉപ്പു മാത്രമല്ല..കടൽത്തീരത്തിന്റെ തേങ്ങലും ദാരിദ്ര്യവും ചൂടും ചൂരും കണ്ണീരും നമുക്ക് നൽകി
ബാല്യത്തിലെ കണ്ണി മാങ്ങയും കാന്താരിയും കല്ലുപ്പും കവിതകളെ ആർദ്രമാക്കി
""കുട്ടിയും കോലും കളിച്ചാർക്കും ബാല്യത്തി-
ലളകത്തിലഴകൊടെ മിന്നിത്തുടിക്കാം,
കൗമാര കൗതുകം കരളേറ്റി നിൽക്കേ
ചെറുമാങ്ങച്ചുനചേർത്ത് സ്നേഹം പകുക്കാം""(sheeba m john)
കവിതകളെ വില ഇരുത്തുമ്പോൾ ഞങ്ങൾ നിസ്സഹായർ ആയി പ്പോയി എന്ന് തുറന്നു പറയട്ടെ ..വന്ന കവിതകൾ മിക്കവയും ഒന്നാംതരം തന്നെ .ഹൃദയ ദ്രവീകരണ സിദ്ധിയുള്ള..ശ്രദ്ധയോടെ ചെയ്തെടുത്ത ..വരച്ചിട്ട കവിത ശിൽപങ്ങൾ എന്നെ അവയെ വിശേഷിപ്പിക്കാൻ ആകൂ .അവ ഓരോന്നും ഒന്നാം സ്ഥാനം അർഹിക്കുന്നവയാണ്
വേറെ ഒരാൾക്കാണ് സമ്മാനം എന്നത്
കവികളെ
നിങ്ങളെ ദുഖിപ്പിക്കരുത്
ഞങ്ങൾ ഹരിശ്രീ ടീം നിങ്ങളെ പൂർണ്ണ മനസോടെ അഭിനന്ദിക്കുന്നു
നന്ദി പറയുന്നു
നിങ്ങൾ ഓരോരുത്തരം ഞങ്ങൾക്ക് തന്നത് ഇവിടെ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച കവിതകളെ പ്പോലെ തന്നെ മനോഹര കാവ്യാനുഭവങ്ങൾ തന്നെ യാണ്
പങ്കെടുത്ത എല്ലാവർക്കും നന്ദി
ജഡ്ജിങ്ങ് കമ്മിറ്റിയിലെ പ്രിയ മിത്രങ്ങൾക്കും നന്ദി
പ്രത്യേക ക്ഷണിതാക്കൾ ആയി വന്നു ഞങ്ങളോട് സഹകരിച്ച ബഹുമാന്യ സുഹൃത്തുക്കൾക്കും നന്ദി
ആശംസകൾ
.